< സങ്കീർത്തനങ്ങൾ 74 >

1 ദൈവമേ, നീ ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞതു എന്തു? നിന്റെ മേച്ചല്പുറത്തെ ആടുകളുടെ നേരെ നിന്റെ കോപം പുകയുന്നതു എന്തു?
ആസാഫിന്റെ ഒരു ധ്യാനസങ്കീർത്തനം. ദൈവമേ, അവിടന്ന് ഞങ്ങളെ എന്നേക്കുമായി ഉപേക്ഷിച്ചിരിക്കുന്നതെന്തിന്? അങ്ങയുടെ കോപം അങ്ങയുടെ മേച്ചിൽപ്പുറത്തെ ആടുകൾക്കെതിരേ പുകയുന്നതും എന്തിന്?
2 നീ പണ്ടുപണ്ടേ സമ്പാദിച്ച നിന്റെ സഭയെയും നീ വീണ്ടെടുത്ത നിന്റെ അവകാശഗോത്രത്തെയും നീ വസിച്ചുപോന്ന സീയോൻ പൎവ്വതത്തെയും ഓൎക്കേണമേ.
അങ്ങ് പുരാതനകാലത്ത് സമ്പാദിച്ച രാഷ്ട്രത്തെ, അവിടന്ന് വീണ്ടെടുത്ത് അവിടത്തെ അനന്തരാവകാശികളാക്കിത്തീർത്ത ജനത്തെയും അവിടത്തെ നിവാസസ്ഥാനമായ സീയോൻ പർവതത്തെയും ഓർക്കണമേ.
3 നിത്യശൂന്യങ്ങളിലേക്കു നിന്റെ കാലടി വെക്കേണമേ; ശത്രു വിശുദ്ധമന്ദിരത്തിൽ സകലവും നശിപ്പിച്ചിരിക്കുന്നു.
അങ്ങയുടെ തൃപ്പാദങ്ങൾ അനന്തമായ ഈ അവശിഷ്ടങ്ങളിലേക്കു തിരിയണമേ, ശത്രു നശിപ്പിച്ച തിരുനിവാസത്തിലെ സകലവസ്തുക്കളിലേക്കുംതന്നെ.
4 നിന്റെ വൈരികൾ നിന്റെ സമാഗമന സ്ഥലത്തിന്റെ നടുവിൽ അലറുന്നു; തങ്ങളുടെ കൊടികളെ അവർ അടയാളങ്ങളായി നാട്ടിയിരിക്കുന്നു.
അവിടന്ന് ഞങ്ങളെ സന്ദർശിച്ച സ്ഥലത്ത് അങ്ങയുടെ ശത്രുക്കൾ അട്ടഹാസം മുഴക്കി; അവർ തങ്ങളുടെ കൊടി ഒരു ചിഹ്നമായി ഉയർത്തിയിരിക്കുന്നു.
5 അവർ മരക്കൂട്ടത്തിന്മേൽ കോടാലി ഓങ്ങുന്നതുപോലെ തോന്നി.
കുറ്റിക്കാട് വെട്ടിനിരത്തുന്നവരെപ്പോലെ അവർ അവരുടെ മഴുവീശി.
6 ഇതാ, അവർ മഴുകൊണ്ടും ചുറ്റിക കൊണ്ടും അതിന്റെ ചിത്രപ്പണികളെ ആകപ്പാടെ തകൎത്തുകളയുന്നു.
അവിടെ ഉണ്ടായിരുന്ന കൊത്തുപണികളെല്ലാം മഴുകൊണ്ടും കൈക്കോടാലികൊണ്ടും വെട്ടിനശിപ്പിച്ചിരിക്കുന്നു.
7 അവർ നിന്റെ വിശുദ്ധമന്ദിരത്തിന്നു തീവെച്ചു; തിരുനാമത്തിന്റെ നിവാസത്തെ അവർ ഇടിച്ചുനിരത്തി അശുദ്ധമാക്കി.
അങ്ങയുടെ വിശുദ്ധമന്ദിരം അവർ അഗ്നിക്കിരയാക്കി, നിലംപൊത്തിച്ചിരിക്കുന്നു; തിരുനാമത്തിന്റെ വാസസ്ഥാനം അവർ അശുദ്ധമാക്കിയിരിക്കുന്നു.
8 നാം അവരെ നശിപ്പിച്ചുകളക എന്നു അവർ ഉള്ളംകൊണ്ടു പറഞ്ഞു, ദേശത്തിൽ ദൈവത്തിന്റെ എല്ലാപള്ളികളെയും ചുട്ടുകളഞ്ഞു.
“ഞങ്ങൾ അവരെ ഉന്മൂലനംചെയ്യും!” എന്ന് അവർ അവരുടെ ഹൃദയത്തിൽ പറഞ്ഞു. ദേശത്ത് ദൈവത്തെ ആരാധിച്ചിരുന്ന സകലസ്ഥലങ്ങളും അവർ അഗ്നിക്കിരയാക്കി.
9 ഞങ്ങൾ ഞങ്ങളുടെ അടയാളങ്ങളെ കാണുന്നില്ല; യാതൊരു പ്രവാചകനും ശേഷിച്ചിട്ടില്ല; ഇതു എത്രത്തോളം എന്നറിയുന്നവൻ ആരും ഞങ്ങളുടെ ഇടയിൽ ഇല്ല.
ഞങ്ങൾക്ക് യാതൊരു അത്ഭുതചിഹ്നവും ലഭിച്ചിരുന്നില്ല; ഒരു പ്രവാചകനും ശേഷിക്കുന്നില്ല, ഈ സ്ഥിതി എത്രകാലത്തേക്ക് എന്നറിയാവുന്നവർ ഞങ്ങളിൽ ആരുമില്ല.
10 ദൈവമേ, വൈരി എത്രത്തോളം നിന്ദിക്കും? ശത്രു നിന്റെ നാമത്തെ എന്നേക്കും ദുഷിക്കുമോ?
ദൈവമേ, ശത്രു എത്രനാൾ അങ്ങയെ പരിഹസിക്കും? എതിരാളികൾ അവിടത്തെ നാമത്തെ എന്നേക്കും അധിക്ഷേപിക്കുമോ?
11 നിന്റെ കൈ, നിന്റെ വലങ്കൈ നീ വലിച്ചുകളയുന്നതു എന്തു? നിന്റെ മടിയിൽനിന്നു അതു എടുത്തു അവരെ മുടിക്കേണമേ.
അങ്ങയുടെ കരം, അങ്ങയുടെ വലങ്കൈ എന്തിന് പിൻവലിക്കുന്നു? തിരുക്കരംനീട്ടി അവരെ നശിപ്പിക്കണമേ!
12 ദൈവം പുരാതനമേ എന്റെ രാജാവാകുന്നു; ഭൂമിയുടെ മദ്ധ്യേ അവൻ രക്ഷ പ്രവൎത്തിക്കുന്നു.
ദൈവമേ, അവിടന്ന് ആകുന്നു പുരാതനകാലംമുതൽ എന്റെ രാജാവ്; അവിടന്ന് ഭൂമിയിൽ രക്ഷ കൊണ്ടുവരുന്നു.
13 നിന്റെ ശക്തികൊണ്ടു നീ സമുദ്രത്തെ വിഭാഗിച്ചു; വെള്ളത്തിലുള്ള തിമിംഗലങ്ങളുടെ തലകളെ ഉടെച്ചുകളഞ്ഞു.
അവിടത്തെ ശക്തിയാൽ അവിടന്ന് സമുദ്രത്തെ വിഭജിച്ചു; സമുദ്രത്തിലെ ഭീകരസത്വങ്ങളുടെ തല അവിടന്ന് തകർത്തു.
14 ലിവ്യാഥാന്റെ തലകളെ നീ തകൎത്തു; മരുവാസികളായ ജനത്തിന്നു അതിനെ ആഹാരമായി കൊടുത്തു.
ലിവ്യാഥാന്റെ തലകൾ അവിടന്ന് തകർക്കുകയും അങ്ങ് അതിനെ മരുഭൂമിയിലെ ജന്തുക്കൾക്ക് ആഹാരമായി നൽകുകയും ചെയ്തു.
15 നീ ഉറവും ഒഴുക്കും തുറന്നുവിട്ടു, മഹാനദികളെ നീ വറ്റിച്ചുകളഞ്ഞു.
ഉറവുകളും നീർച്ചാലുകളും തുറന്നത് അവിടന്ന് ആകുന്നു; ഒരിക്കലും വറ്റാത്ത നദികളെ അവിടന്നു വറ്റിച്ചുകളഞ്ഞു.
16 പകൽ നിനക്കുള്ളതു; രാവും നിനക്കുള്ളതു; വെളിച്ചത്തെയും സൂൎയ്യനെയും നീ ചമെച്ചിരിക്കുന്നു.
പകൽ അങ്ങയുടേതാകുന്നു, രാത്രിയും അങ്ങേക്കുള്ളതുതന്നെ; അവിടന്ന് സൂര്യചന്ദ്രന്മാരെ സ്ഥാപിച്ചു.
17 ഭൂസീമകളെ ഒക്കെയും നീ സ്ഥാപിച്ചു; നീ ഉഷ്ണകാലവും ശീതകാലവും നിയമിച്ചു.
ഭൂമിയുടെ എല്ലാ അതിർത്തികളും നിർണയിച്ചത് അവിടന്നാണ്; ഉഷ്ണകാലവും ശൈത്യകാലവും അവിടന്ന് ഉണ്ടാക്കി.
18 യഹോവേ, ശത്രു നിന്ദിച്ചിരിക്കുന്നതും മൂഢജാതി തിരുനാമത്തെ ദുഷിച്ചിരിക്കുന്നതും ഓൎക്കേണമേ.
യഹോവേ, ശത്രു അങ്ങയെ പരിഹസിച്ചത് എങ്ങനെയെന്നും ഭോഷർ തിരുനാമത്തെ അധിക്ഷേപിക്കുന്നത് എങ്ങനെയെന്നും ഓർക്കണമേ.
19 നിന്റെ കുറുപ്രാവിനെ ദുഷ്ടമൃഗത്തിന്നു ഏല്പിക്കരുതേ; നിന്റെ എളിയവരുടെ ജീവനെ എന്നേക്കും മറക്കരുതേ.
അങ്ങയുടെ പ്രാവിന്റെ ജീവൻ, ദുഷ്ടമൃഗങ്ങൾക്ക് ഏൽപ്പിച്ചുകൊടുക്കരുതേ; അങ്ങയുടെ അഗതികളുടെ ജീവനെ എന്നേക്കും മറക്കരുതേ.
20 നിന്റെ നിയമത്തെ കടാക്ഷിക്കേണമേ; ഭൂമിയിലെ അന്ധകാരസ്ഥലങ്ങൾ സാഹസനിവാസങ്ങൾകൊണ്ടു നിറഞ്ഞിരിക്കുന്നു.
അവിടത്തെ ഉടമ്പടി ഓർക്കണമേ, ഭൂമിയുടെ അന്ധകാരസ്ഥലങ്ങളിൽ അതിക്രമങ്ങൾ അധികരിച്ചിരിക്കുന്നല്ലോ.
21 പീഡിതൻ ലജ്ജിച്ചു പിന്തിരിയരുതേ; എളിയവനും ദരിദ്രനും നിന്റെ നാമത്തെ സ്തുതിക്കട്ടെ.
പീഡിതർ അപമാനിതരായി പിന്തിരിയാൻ അനുവദിക്കരുതേ; ദരിദ്രരും അഗതികളും അവിടത്തെ നാമത്തെ വാഴ്ത്തട്ടെ.
22 ദൈവമേ, എഴുന്നേറ്റു നിന്റെ വ്യവഹാരം നടത്തേണമേ; മൂഢൻ ഇടവിടാതെ നിന്നെ നിന്ദിക്കുന്നതു ഓൎക്കേണമേ.
ദൈവമേ, എഴുന്നേൽക്കണമേ, അങ്ങയുടെ ഭാഗം പ്രതിരോധിക്കണമേ; ദിവസംമുഴുവനും ഭോഷർ അങ്ങയെ അപഹസിക്കുന്നത് ഓർക്കണമേ.
23 നിന്റെ വൈരികളുടെ ആരവം മറക്കരുതേ; നിന്റെ എതിരാളികളുടെ കലഹം എപ്പോഴും പൊങ്ങിക്കൊണ്ടിരിക്കുന്നു.
അങ്ങയുടെ എതിരാളികളുടെ ആരവം അവഗണിക്കരുതേ, അങ്ങയുടെ ശത്രുക്കളുടെ നിരന്തരമായി ഉയരുന്ന അട്ടഹാസങ്ങൾ മറക്കരുതേ.

< സങ്കീർത്തനങ്ങൾ 74 >