< സങ്കീർത്തനങ്ങൾ 73 >

1 ദൈവം യിസ്രായേലിന്നു, നിൎമ്മലഹൃദയമുള്ളവർക്കു തന്നേ, നല്ലവൻ ആകുന്നു നിശ്ചയം.
ആസാഫിന്റെ ഒരു സങ്കീർത്തനം. ദൈവം ഇസ്രായേലിന് നല്ലവൻ ആകുന്നു, ഹൃദയനൈർമല്യമുള്ളവർക്കുതന്നെ.
2 എന്നാൽ എന്റെ കാലുകൾ ഏകദേശം ഇടറി; എന്റെ കാലടികൾ ഏറക്കുറെ വഴുതിപ്പോയി.
എന്നാൽ എന്റെ പാദങ്ങൾ ഏറെക്കുറെ ഇടറി; എന്റെ കാൽച്ചുവടുകൾ ഏതാണ്ട് വഴുതിമാറി.
3 ദുഷ്ടന്മാരുടെ സൌഖ്യം കണ്ടിട്ടു എനിക്കു അഹങ്കാരികളോടു അസൂയ തോന്നി.
ദുഷ്ടരുടെ അഭിവൃദ്ധി കണ്ടപ്പോൾ അഹങ്കാരികളോട് ഞാൻ അസൂയപ്പെട്ടു.
4 അവൎക്കു വേദന ഒട്ടുമില്ലല്ലോ; അവരുടെ ദേഹം തടിച്ചുരുണ്ടിരിക്കുന്നു.
അവർക്കു യാതൊരുവിധ ബദ്ധപ്പാടുകളുമില്ല; അവരുടെ ശരീരം ആരോഗ്യവും ശക്തിയുമുള്ളത്.
5 അവർ മൎത്യരെപ്പോലെ കഷ്ടത്തിൽ ആകുന്നില്ല; മറ്റു മനുഷ്യരെപ്പോലെ ബാധിക്കപ്പെടുന്നതുമില്ല.
അവർ സാധാരണ ജനങ്ങളെപ്പോലെ ജീവിതഭാരം അനുഭവിക്കുന്നില്ല; ഇതര മനുഷ്യരെപ്പോലെ രോഗാതുരർ ആകുന്നില്ല.
6 ആകയാൽ ഡംഭം അവൎക്കു മാലയായിരിക്കുന്നു; ബലാല്ക്കാരം വസ്ത്രംപോലെ അവരെ ചുറ്റിയിരിക്കുന്നു.
അതുകൊണ്ട് അഹങ്കാരംകൊണ്ടവർ ഹാരമണിയുന്നു; അക്രമംകൊണ്ടവർ അങ്കി ധരിക്കുന്നു
7 അവരുടെ കണ്ണുകൾ പുഷ്ടികൊണ്ടു ഉന്തിനില്ക്കുന്നു; അവരുടെ ഹൃദയത്തിലെ നിരൂപണങ്ങൾ കവിഞ്ഞൊഴുകുന്നു.
അവരുടെ കഠോരഹൃദയങ്ങളിൽനിന്ന് അകൃത്യം കവിഞ്ഞൊഴുകുന്നു; അവരുടെ ദുഷ്ടസങ്കൽപ്പങ്ങൾക്ക് അതിരുകളില്ല.
8 അവർ പരിഹസിച്ചു ദുഷ്ടതയോടെ ഭീഷണി പറയുന്നു; ഉന്നതഭാവത്തോടെ സംസാരിക്കുന്നു.
അവർ പരിഹസിച്ച് വിദ്വേഷത്തോടെ സംസാരിക്കുന്നു; ധിക്കാരപൂർവമവർ പീഡനഭീഷണി മുഴക്കുന്നു.
9 അവർ വായ് ആകാശത്തോളം ഉയൎത്തുന്നു; അവരുടെ നാവു ഭൂമിയിൽ സഞ്ചരിക്കുന്നു.
അവരുടെ വായ് ആകാശത്തിനുമേൽ അധികാരമുറപ്പിക്കുന്നു, അവരുടെ നാവ് ഭൂമിയെ അധീനതയിലാക്കുന്നു.
10 അതുകൊണ്ടു അവൻതന്റെ ജനത്തെ ഇതിലേക്കു തിരിക്കുന്നു; അവർ ധാരാളം വെള്ളം വലിച്ചുകുടിക്കുന്നു.
അതുകൊണ്ട് അവരുടെ ജനം അവരിലേക്കു തിരിയുന്നു അവർ ധാരാളം വെള്ളം കുടിച്ചുതീർക്കുന്നു.
11 ദൈവം എങ്ങനെ അറിയുന്നു? അത്യുന്നതന്നു അറിവുണ്ടോ? എന്നു അവർ പറയുന്നു.
“ദൈവം എങ്ങനെ അറിയും? അത്യുന്നതന് അറിവുണ്ടോ?” എന്നിങ്ങനെ അവർ ചോദിക്കുന്നു.
12 ഇങ്ങനെ ആകുന്നു ദുഷ്ടന്മാർ; അവർ നിത്യം സ്വസ്ഥത അനുഭവിച്ചു സമ്പത്തു വൎദ്ധിപ്പിക്കുന്നു.
ദുഷ്ടർ ഇപ്രകാരമാണ്— അവർ എപ്പോഴും സ്വസ്ഥരായിരുന്ന് സമ്പത്തു വർധിപ്പിക്കുന്നു.
13 എന്നാൽ ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും എന്റെ കൈകളെ കുറ്റമില്ലായ്മയിൽ കഴുകിയതും വ്യൎത്ഥമത്രേ.
ഞാൻ എന്റെ ഹൃദയം സംശുദ്ധമാക്കിയതും എന്റെ കൈകളെ നിഷ്കളങ്കതയിൽ കഴുകിയതും വൃഥാവിലായി, നിശ്ചയം.
14 ഞാൻ ഇടവിടാതെ ബാധിതനായിരുന്നു; ഉഷസ്സുതോറും ദണ്ഡിക്കപ്പെട്ടും ഇരുന്നു.
ഞാൻ ദിവസംമുഴുവനും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, ഓരോ പ്രഭാതത്തിലും ഞാൻ ശിക്ഷ അനുഭവിക്കുന്നു.
15 ഞാൻ ഇങ്ങനെ സംസാരിപ്പാൻ വിചാരിച്ചെങ്കിൽ ഇതാ, ഞാൻ നിന്റെ മക്കളുടെ തലമുറയോടു ദ്രോഹം ചെയ്യുമായിരുന്നു.
ഞാൻ ഈ വിധം സംസാരിക്കണമെന്ന് നിരൂപിച്ചിരുന്നെങ്കിൽ, അങ്ങയുടെ മക്കളുടെ തലമുറയെ ഞാൻ വഞ്ചിക്കുമായിരുന്നു.
16 ഞാൻ ഇതു ഗ്രഹിപ്പാൻ നിരൂപിച്ചപ്പോൾ എനിക്കു പ്രയാസമായി തോന്നി;
ഇതെല്ലാം മനസ്സിലാക്കാൻ ഞാൻ പരിശ്രമിച്ചു എന്നാൽ എനിക്കത് ക്ലേശകരമായിരുന്നു.
17 ഒടുവിൽ ഞാൻ ദൈവത്തിന്റെ വിശുദ്ധ മന്ദിരത്തിൽ ചെന്നു അവരുടെ അന്തം എന്താകും എന്നു ചിന്തിച്ചു.
അങ്ങനെ ഞാൻ ദൈവത്തിന്റെ തിരുനിവാസത്തിൽ പ്രവേശിച്ചു; അപ്പോൾ അവരുടെ അന്തിമവിധിയെപ്പറ്റിയുള്ള അവബോധം എനിക്കു ലഭിച്ചു.
18 നിശ്ചയമായി നീ അവരെ വഴുവഴുപ്പിൽ നിൎത്തുന്നു; നീ അവരെ നാശത്തിൽ തള്ളിയിടുന്നു.
അങ്ങ് അവരെ വഴുവഴുപ്പുള്ള പ്രതലത്തിൽ നിർത്തിയിരിക്കുന്നു, നിശ്ചയം; അവിടന്ന് അവരെ നാശത്തിലേക്കു തള്ളിയിടുന്നു.
19 എത്ര ക്ഷണത്തിൽ അവർ ശൂന്യമായ്പോയി! അവർ മെരുൾചകളാൽ അശേഷം മുടിഞ്ഞുപോയിരിക്കുന്നു.
അവർ എത്രയും പെട്ടെന്ന് നശിപ്പിക്കപ്പെടുന്നു, കൊടുംഭീകരതകളാൽ അവർ നിശ്ശേഷം തുടച്ചുനീക്കപ്പെടുന്നു!
20 ഉണരുമ്പോൾ ഒരു സ്വപ്നത്തെപ്പോലെ കൎത്താവേ, നീ ഉണരുമ്പോൾ അവരുടെ രൂപത്തെ തുച്ഛീകരിക്കും.
കർത്താവേ, അവിടന്ന് എഴുന്നേൽക്കുമ്പോൾ, ദുഃസ്വപ്നത്തിൽനിന്ന് ഞെട്ടിയുണർന്ന ഒരാളെപ്പോലെ അവിടന്ന് അവരെ വെറുക്കുമല്ലോ; ഒരു മായക്കാഴ്ചപോലെ അവരെ നിന്ദിച്ചുതള്ളുമല്ലോ.
21 ഇങ്ങനെ എന്റെ ഹൃദയം വ്യസനിക്കയും എന്റെ അന്തരംഗത്തിൽ കുത്തുകൊള്ളുകയും ചെയ്തപ്പോൾ
എന്റെ ഹൃദയത്തിൽ കയ്‌പു നിറയുകയും എന്റെ അന്തരംഗം തകർന്നടിയുകയും ചെയ്തപ്പോൾ,
22 ഞാൻ പൊട്ടനും ഒന്നും അറിയാത്തവനും ആയിരുന്നു; നിന്റെ മുമ്പിൽ മൃഗംപോലെ ആയിരുന്നു.
തിരുമുമ്പിൽ ഞാൻ ഒരു ഭോഷനും അജ്ഞനും വിവേകമില്ലാത്ത ഒരു മൃഗത്തെപ്പോലെയുള്ളവനും ആയിരുന്നു.
23 എന്നിട്ടും ഞാൻ എപ്പോഴും നിന്റെ അടുക്കൽ ഇരിക്കുന്നു; നീ എന്നെ വലങ്കൈക്കു പിടിച്ചിരിക്കുന്നു.
എങ്കിലും ഞാൻ എപ്പോഴും അങ്ങയോടൊപ്പം ആയിരിക്കുന്നു; അവിടന്ന് എന്റെ വലങ്കൈയിൽ പിടിച്ചിരിക്കുന്നു.
24 നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നെത്തേതിൽ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും.
അവിടന്ന് എനിക്ക് ആലോചന നൽകി നടത്തുന്നു, അതിനുശേഷം അവിടത്തെ മഹത്ത്വത്തിലേക്ക് എന്നെ ആനയിക്കുന്നു.
25 സ്വൎഗ്ഗത്തിൽ എനിക്കു ആരുള്ളു? ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല.
സ്വർഗത്തിൽ അങ്ങല്ലാതെ മറ്റാരാണ് എനിക്കുള്ളത്? ഭൂമിയിലും അങ്ങയെ അല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല.
26 എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ പാറയും എന്റെ ഓഹരിയും ആകുന്നു.
എന്റെ ശരീരവും ഹൃദയവും ദുർബലമായേക്കാം, എന്നാൽ ദൈവം എന്റെ ഹൃദയത്തിന്റെ ശക്തിയും എന്നേക്കുമുള്ള എന്റെ ഓഹരിയും ആകുന്നു.
27 ഇതാ, നിന്നോടു അകന്നിരിക്കുന്നവർ നശിച്ചുപോകും; നിന്നെ വിട്ടു പരസംഗം ചെയ്യുന്ന എല്ലാവരെയും നീ സംഹരിക്കും.
അങ്ങയിൽനിന്ന് അകലം പാലിക്കുന്നവരെല്ലാം നശിച്ചുപോകും; അങ്ങയോട് അവിശ്വസ്തത പുലർത്തുന്ന എല്ലാവരെയും അവിടന്ന് നശിപ്പിക്കും.
28 എന്നാൽ ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലതു; നിന്റെ സകലപ്രവൃത്തികളെയും വൎണ്ണിക്കേണ്ടതിന്നു ഞാൻ യഹോവയായ കൎത്താവിനെ എന്റെ സങ്കേതമാക്കിയിരിക്കുന്നു.
എന്നാൽ ദൈവത്തോട് അടുത്തിരിക്കുന്നതാണ് എനിക്ക് ഏറെ നല്ലത്. കർത്താവായ യഹോവയെ ഞാൻ എന്റെ സങ്കേതമാക്കിയിരിക്കുന്നു; അവിടത്തെ പ്രവൃത്തികളെയെല്ലാം ഞാൻ വർണിക്കും.

< സങ്കീർത്തനങ്ങൾ 73 >