< സദൃശവാക്യങ്ങൾ 30 >

1 യാക്കേയുടെ പുത്രനായ ആഗൂരിന്റെ സൂക്തങ്ങൾ—ഒരു അരുളപ്പാട്. ഈ മനുഷ്യൻ ഇഥീയേലിനോടു പ്രസ്താവിച്ചു: “ഈഥിയേലിനോടും ഉകാലിനോടുംതന്നെ.
യാക്കേയുടെ മകനായ ആഗൂരിന്റെ വചനങ്ങൾ; ഒരു അരുളപ്പാട്; ആ പുരുഷൻ പ്രസ്താവിച്ചത്: “ദൈവമേ, ഞാൻ അദ്ധ്വാനിച്ചു, ദൈവമേ, ഞാൻ അദ്ധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു.
2 ഞാൻ ഒരു മനുഷ്യനല്ല; നിശ്ചയമായും ഒരു അപരിഷ്കൃതൻതന്നെ സാമാന്യബോധം എനിക്കില്ല.
ഞാൻ സകലമനുഷ്യരിലും ബുദ്ധിഹീനനാകുന്നു; മാനുഷീകബുദ്ധി എനിക്കില്ല;
3 ഞാൻ ജ്ഞാനം അഭ്യസിച്ചിട്ടില്ല, പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം നേടിയിട്ടുമില്ല.
ഞാൻ ജ്ഞാനം അഭ്യസിച്ചിട്ടില്ല; പരിശുദ്ധനായവന്റെ പരിജ്ഞാനം എനിക്കില്ല.
4 സ്വർഗത്തിലേക്കു കയറിപ്പോകുകയും ഇറങ്ങിവരികയും ചെയ്തിട്ടുള്ളത് ആരാണ്? കാറ്റിനെ തന്റെ മുഷ്ടിക്കുള്ളിൽ പിടിച്ചുനിർത്തുന്നത് ആരാണ്? ആഴിയെ തന്റെ പുറങ്കുപ്പായത്തിൽ പൊതിഞ്ഞെടുത്തിട്ടുള്ളത് ആരാണ്? അഖിലാണ്ഡത്തിന്റെ അതിർത്തികളെല്ലാം ഉറപ്പിച്ചത് ആരാണ്? അവിടത്തെ നാമമെന്ത്? അവിടത്തെ പുത്രന്റെ നാമമെന്ത്? പറയൂ, നിനക്കറിയുമെങ്കിൽ!
സ്വർഗ്ഗത്തിൽ കയറുകയും ഇറങ്ങിവരുകയും ചെയ്തവൻ ആര്? കാറ്റിനെ തന്റെ മുഷ്ടിയിൽ പിടിച്ചടക്കിയവൻ ആര്? വെള്ളത്തെ വസ്ത്രത്തിൽ കെട്ടിയവൻ ആര്? ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവൻ ആര്? അവന്റെ പേരെന്ത്? അവന്റെ മകന്റെ പേരെന്ത്? നിനക്കറിയാമോ?
5 “ദൈവത്തിന്റെ സകലവചനവും കുറ്റമറ്റത്; തന്നിൽ അഭയം തേടുന്നവർക്ക് അവിടന്ന് ഒരു പരിച.
ദൈവത്തിന്റെ സകലവചനവും ശുദ്ധിചെയ്തതാകുന്നു; തന്നിൽ ആശ്രയിക്കുന്നവർക്ക് അവിടുന്ന് പരിച തന്നെ.
6 അവിടത്തെ വചനത്തോടു യാതൊന്നും കൂട്ടിച്ചേർക്കരുത്, അങ്ങനെയായാൽ അവിടന്ന് നിന്നെ ശാസിക്കുകയും നീ ഒരു നുണയനാണെന്നു തെളിയുകയും ചെയ്യും.
അവിടുത്തെ വചനങ്ങളോട് നീ ഒന്നും കൂട്ടരുത്; അവിടുന്ന് നിന്നെ വിസ്തരിച്ചിട്ട് നീ കള്ളനാകുവാൻ ഇടവരരുത്.
7 “യഹോവേ, രണ്ടു കാര്യം ഞാൻ അങ്ങയോടപേക്ഷിക്കുന്നു; എന്റെ മരണത്തിനുമുമ്പേ അവ എനിക്കു ലഭ്യമാക്കണമേ.
രണ്ട് കാര്യം ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു; ജീവപര്യന്തം അവ എനിക്ക് നിഷേധിക്കരുതേ;
8 കാപട്യവും വ്യാജവും എന്നിൽനിന്നു ബഹുദൂരം അകറ്റണമേ; എനിക്കു ദാരിദ്ര്യമോ സമ്പത്തോ നൽകരുതേ! എന്നാൽ അനുദിനാഹാരംമാത്രം നൽകണമേ.
വ്യാജവും ഭോഷ്ക്കും എന്നോട് അകറ്റണമേ; ദാരിദ്ര്യവും സമ്പത്തും എനിക്ക് തരാതെ നിത്യവൃത്തി തന്ന് എന്നെ പോഷിപ്പിക്കണമേ.
9 അല്ലെങ്കിൽ, സമ്പത്തിന്റെ ആധിക്യംമൂലം ഞാൻ അങ്ങയെ തിരസ്കരിച്ച്, ‘യഹോവ ആരാണ്?’ എന്നു ചോദിക്കുകയോ അല്ല, ദാരിദ്ര്യംമൂലം മോഷണംനടത്തി, ദൈവനാമത്തിന് അപമാനം വരുത്തിവെക്കുകയോചെയ്യും.
ഞാൻ തൃപ്തനായിത്തീർന്നിട്ട്: ‘യഹോവ ആര്’ എന്ന് അങ്ങയെ നിഷേധിക്കുവാനും ദരിദ്രനായിത്തീർന്നിട്ട് മോഷ്ടിച്ച് എന്റെ ദൈവത്തിന്റെ നാമത്തെ ദുഷിക്കുവാനും സംഗതി വരരുതേ.
10 “തൊഴിലാളിയെക്കുറിച്ച് അവരുടെ തൊഴിലുടമയോട് പരദൂഷണം പറയരുത്, അങ്ങനെചെയ്താൽ അയാൾ നിങ്ങളെ ശപിക്കുകയും നിങ്ങൾ കുറ്റക്കാരായി പരിഗണിക്കപ്പെടുകയും ചെയ്യും.
൧൦ദാസനെക്കുറിച്ച് യജമാനനോട് ഏഷണി പറയരുത്; അവൻ നിന്നെ ശപിക്കുവാനും നീ കുറ്റക്കാരനായിത്തീരുവാനും ഇടവരരുത്.
11 “സ്വന്തം പിതാവിനെ ശപിക്കുകയും മാതാവിനെ ആദരിക്കാതിരിക്കുകയും ചെയ്യുന്നവരുണ്ട്.
൧൧അപ്പനെ ശപിക്കുകയും അമ്മയെ അനുഗ്രഹിക്കാതിരിക്കുകയും ചെയ്യുന്നോരു തലമുറ!
12 സ്വന്തം വീക്ഷണത്തിൽ തങ്ങൾ നിർമലരെന്നു കരുതുന്നവരുണ്ട് അവർ തങ്ങളുടെ മാലിന്യം ശുദ്ധീകരിക്കാത്തവരാണ്;
൧൨തങ്ങൾക്ക് തന്നെ നിർമ്മലരായിത്തോന്നുന്നവരും അശുദ്ധി കഴുകിക്കളയാത്തവരുമായോരു തലമുറ!
13 ആ തലമുറയുടെ കണ്ണുകൾ ഗൗരവഭാവംകാട്ടുന്നു, അവരുടെ കൺപോളകൾ ഗർവംകൊണ്ട് ഉയർന്നിരിക്കുന്നു;
൧൩അയ്യോ ഈ തലമുറയുടെ കണ്ണുകൾ എത്ര ഉയർന്നിരിക്കുന്നു - അവരുടെ കൺപോളകൾ എത്ര പൊങ്ങിയിരിക്കുന്നു -
14 ആ തലമുറയുടെ പല്ലുകൾ വാളുകളും അണപ്പല്ലുകൾ കത്തികളുമാണ്, ഇത് ഭൂമിയിൽനിന്നു ദരിദ്രരെയും മനുഷ്യകുലത്തിൽനിന്നു സഹായാർഹരെയും വിഴുങ്ങുന്നതിനാണ്.
൧൪എളിയവരെ ഭൂമിയിൽനിന്നും ദരിദ്രരെ മനുഷ്യരുടെ ഇടയിൽനിന്നും തിന്നുകളയുവാൻ തക്കവണ്ണം മുമ്പല്ലുകൾ വാളായും അണപ്പല്ലുകൾ കത്തിയായും ഇരിക്കുന്ന ഒരു തലമുറ!
15 “കണ്ണട്ടയ്ക്കു രണ്ടു പുത്രിമാരുണ്ട്. ‘തരിക! തരിക!’ അവർ കരയുന്നു. “ഒരിക്കലും തൃപ്തിവരാത്ത മൂന്നു കാര്യങ്ങളുണ്ട്, ‘മതി!’ എന്നു പറയാത്ത നാലുകാര്യങ്ങളുണ്ട്:
൧൫കന്നട്ടയ്ക്കു: ‘തരുക, തരുക’ എന്ന രണ്ടു പുത്രിമാർ ഉണ്ട്; ഒരിക്കലും തൃപ്തിവരാത്തത് മൂന്നുണ്ട്; ‘മതി’ എന്നു പറയാത്തത് നാലുണ്ട്:
16 പാതാളം, വന്ധ്യയായ ഗർഭപാത്രം, വെള്ളംകുടിച്ച് ഒരിക്കലും തൃപ്തിവരാത്ത ഭൂമി, ‘മതി!’ എന്ന് ഒരിക്കലും പറയാത്ത അഗ്നിയുംതന്നെ. (Sheol h7585)
൧൬പാതാളവും വന്ധ്യയുടെ ഗർഭപാത്രവും വെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമിയും ‘മതി’ എന്നു പറയാത്ത തീയും തന്നെ. (Sheol h7585)
17 “പിതാവിനെ പരിഹസിക്കുകയും മാതാവിനെ അനുസരിക്കാതെ പുച്ഛിക്കുകയും ചെയ്യുന്ന കണ്ണ്, താഴ്വരയിലെ കാക്കകൾ കൊത്തിപ്പറിക്കുകയും കഴുകന്മാർ ഭക്ഷിക്കുകയും ചെയ്യും.
൧൭അപ്പനെ പരിഹസിക്കുകയും അമ്മയെ അനുസരിക്കാതിരിക്കുകയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കുകയും കഴുകന്‍ കുഞ്ഞുങ്ങൾ തിന്നുകയും ചെയ്യും.
18 “എന്നെ അത്യധികം വിസ്മയിപ്പിക്കുന്ന മൂന്നു കാര്യങ്ങളുണ്ട്, എനിക്കു മനസ്സിലാകാത്ത നാലുകാര്യങ്ങളുണ്ട്:
൧൮എനിക്ക് അതിവിസ്മയമായി തോന്നുന്നത് മൂന്നുണ്ട്; എനിക്ക് അറിഞ്ഞുകൂടാത്തത് നാലുണ്ട്:
19 ആകാശത്ത് കഴുകന്റെ വഴി, പാറയിൽക്കൂടെയുള്ള സർപ്പത്തിന്റെ വഴി, ആഴക്കടലിലൂടെയുള്ള കപ്പലിന്റെ സഞ്ചാരപഥം, ഒരു പുരുഷൻ ഒരു യുവതിയോട് അടുക്കുന്നവിധം എന്നിവതന്നെ.
൧൯ആകാശത്ത് കഴുകന്റെ വഴിയും പാറമേൽ സർപ്പത്തിന്റെ വഴിയും സമുദ്രമദ്ധ്യത്തിൽ കപ്പലിന്റെ വഴിയും കന്യകയോടുകൂടി പുരുഷന്റെ വഴിയും തന്നെ.
20 “ഒരു വ്യഭിചാരിണിയുടെ വഴി ഇപ്രകാരമാണ്: അവൾ തിന്നുകയും വായ് കഴുകുകയും ചെയ്തിട്ട്, ‘ഞാൻ ഒരുതെറ്റും ചെയ്തിട്ടില്ല’ എന്നു പറയുന്നു.
൨൦വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നെ: അവൾ തിന്നു വായ് തുടച്ചിട്ട്, ‘ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല’ എന്നു പറയുന്നു.
21 “മൂന്നു കാര്യങ്ങളാൽ ഭൂമി വിറയ്ക്കുന്നു, അതിനു സഹിച്ചുകൂടാത്ത നാലുകാര്യങ്ങളുണ്ട്:
൨൧മൂന്നിന്റെ നിമിത്തം ഭൂമി വിറയ്ക്കുന്നു; നാലിന്റെ നിമിത്തം അതിന് സഹിച്ചുകൂടാ:
22 സേവകരിലൊരാൾ രാജാവാകുക, സമൃദ്ധമായി ഭക്ഷണം ലഭിക്കുന്ന ഭോഷർ,
൨൨ദാസൻ രാജാവായാൽ അവന്റെ നിമിത്തവും ഭോഷൻ തിന്ന് തൃപ്തനായാൽ അവന്റെ നിമിത്തവും
23 നികൃഷ്ടയായ സ്ത്രീ വിവാഹിതയാകുന്നത്, യജമാനത്തിയെ സ്ഥാനഭ്രഷ്ടയാക്കുന്ന ദാസി എന്നിവതന്നെ.
൨൩വെറുക്കപ്പെട്ട സ്ത്രീയ്ക്കു വിവാഹം കഴിഞ്ഞാൽ അവളുടെ നിമിത്തവും ദാസി യജമാനത്തിയുടെ സ്ഥാനം പ്രാപിച്ചാൽ അവളുടെ നിമിത്തവും തന്നെ.
24 “ഭൂമിയിലുള്ള നാലു കാര്യങ്ങൾ ചെറുതാണ്, എന്നിട്ടും അവയ്ക്ക് അസാമാന്യ ബുദ്ധിയുണ്ട്:
൨൪ഭൂമിയിൽ എത്രയും ചെറിയവയെങ്കിലും അത്യന്തം ജ്ഞാനമുള്ളതു നാലുണ്ട്:
25 ശക്തിയൊട്ടും ഇല്ലാത്ത ജീവികളാണ് ഉറുമ്പുകൾ, എന്നിരുന്നാലും അവ വേനൽക്കാലത്ത് തങ്ങൾക്കുള്ള ആഹാരം സംഭരിക്കുന്നു;
൨൫ഉറുമ്പ് ബലഹീനജാതി എങ്കിലും അത് വേനല്ക്കാലത്ത് ആഹാരം സമ്പാദിച്ചു വയ്ക്കുന്നു.
26 അശക്തരായ ജീവികളാണ് കുഴിമുയൽ, എന്നാലും കിഴുക്കാംതൂക്കായ പാറയിൽ അവ മാളമൊരുക്കുന്നു;
൨൬കുഴിമുയൽ ശക്തിയില്ലാത്ത ജാതി എങ്കിലും അത് പാറയിൽ പാർപ്പിടം ഉണ്ടാക്കുന്നു.
27 വെട്ടുക്കിളികൾക്കു രാജാവില്ല, എന്നിട്ടും അവ അണിയണിയായി മുന്നേറുന്നു;
൨൭വെട്ടുക്കിളിക്ക് രാജാവില്ല എങ്കിലും അതൊക്കെയും അണിയണിയായി പുറപ്പെടുന്നു.
28 ഒരു പല്ലിയെ കൈകൊണ്ടു പിടിക്കാം, എങ്കിലും അവ രാജകൊട്ടാരങ്ങളിൽ കാണപ്പെടുന്നു.
൨൮പല്ലിയെ കൈകൊണ്ട് പിടിക്കാം എങ്കിലും അവ രാജാക്കന്മാരുടെ അരമനകളിൽ പാർക്കുന്നു.
29 “നടപ്പിൽ പ്രൗഢിയുള്ള മൂന്നു കൂട്ടരുണ്ട്, നാലു കൂട്ടർ ഗാംഭീര്യത്തോടെ മുന്നേറുന്നു:
൨൯ചന്തമായി നടകൊള്ളുന്നത് മൂന്നുണ്ട്; ചന്തമായി നടക്കുന്നത് നാലുണ്ട്:
30 യാതൊന്നിൽനിന്നും പിന്നാക്കംപോകാത്തവനായ വന്യമൃഗങ്ങളിൽ ശക്തനായ സിംഹം,
൩൦മൃഗങ്ങളിൽ ശക്തിയേറിയതും ഒന്നിനും വഴിമാറാത്തതുമായ സിംഹവും
31 അഹന്തയോടെ നടക്കുന്ന പൂങ്കോഴി, കോലാട്ടുകൊറ്റൻ, സൈന്യശക്തിയിൽ സുരക്ഷിതനായ രാജാവ് എന്നിവർതന്നെ.
൩൧ഗര്‍വ്വോട് നടക്കുന്ന പൂവന്‍കോഴിയും കോലാട്ടുകൊറ്റനും സൈന്യസമേതനായ രാജാവും തന്നെ.
32 “നിങ്ങൾ സ്വയം പുകഴ്ത്തി മടയത്തരം കാട്ടുകയോ ദുരാലോചന പദ്ധതിയിടുകയോ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ വായ് പൊത്തിക്കൊൾക!
൩൨നീ നിഗളിച്ച് ഭോഷത്തം പ്രവർത്തിക്കുകയോ ദോഷം നിരൂപിക്കുകയോ ചെയ്തുപോയെങ്കിൽ കൈകൊണ്ട് വായ് പൊത്തിക്കൊള്ളുക.
33 പാൽ കടഞ്ഞാൽ വെണ്ണയുണ്ടാകുന്നു, മൂക്ക് പിടിച്ചുതിരിച്ചാൽ ചോരയൊഴുകുന്നു, അതുപോലെ കോപം ഇളക്കിയാൽ സംഘട്ടനം ഉണ്ടാകുന്നു.”
൩൩പാല് കടഞ്ഞാൽ വെണ്ണയുണ്ടാകും; മൂക്കു ഞെക്കിയാൽ ചോര വരും; കോപം ഇളക്കിയാൽ വഴക്കുണ്ടാകും.

< സദൃശവാക്യങ്ങൾ 30 >