< സദൃശവാക്യങ്ങൾ 22 >

1 സൽപ്പേര് അനവധി സമ്പത്തിനെക്കാൾ അഭികാമ്യം; ആദരണീയരാകുന്നത് വെള്ളിയെക്കാളും സ്വർണത്തെക്കാളും ശ്രേഷ്ഠം.
അനവധി സമ്പത്തിനെക്കാൾ സൽക്കീർത്തിയും വെള്ളിയേക്കാളും പൊന്നിനെക്കാളും കൃപയും ഏറെ നല്ലത്.
2 സമ്പന്നർക്കും ദരിദ്രർക്കും പൊതുവായി ഇതൊന്നുമാത്രം: അവർ ഇരുവരെയും യഹോവ സൃഷ്ടിച്ചു.
ധനവാനും ദരിദ്രനും തമ്മിൽ കാണുന്നു; അവരുടെ സ്രഷ്ടാവ് യഹോവ തന്നെ.
3 ഒരു വിവേകി ആപത്തിനെ മുൻകണ്ട് അഭയസ്ഥാനം തേടുന്നു; എന്നാൽ ലളിതമാനസർ മുമ്പോട്ടുതന്നെപോയി ദുരന്തം വരിക്കുന്നു.
വിവേകമുള്ളവൻ അനർത്ഥം കണ്ട് ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികൾ നേരെ ചെന്ന് അനർത്ഥത്തിൽ അകപ്പെടുന്നു.
4 വിനയമാണ് യഹോവാഭക്തി, അതിന്റെ അനന്തരഫലമോ ധനം, ബഹുമതി, ദീർഘായുസ്സ് എന്നിവയും.
താഴ്മയ്ക്കും യഹോവാഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു.
5 ദുഷ്ടരുടെ പാതയിൽ മുള്ളുകളും കെണിയുമുണ്ട്, എന്നാൽ സ്വന്തം ജീവനു വിലകൽപ്പിക്കുന്നവർ അവയിൽനിന്നെല്ലാം അകന്നുനിൽക്കുന്നു.
വക്രന്റെ വഴിയിൽ മുള്ളും കെണിയും ഉണ്ട്; തന്റെ പ്രാണനെ സൂക്ഷിക്കുന്നവൻ അവയോട് അകന്നിരിക്കട്ടെ.
6 കുട്ടികളെ അവർ നടക്കേണ്ടതായ വഴി പരിശീലിപ്പിക്കുക, വൃദ്ധരായാലും അവർ അതിൽനിന്നു വ്യതിചലിക്കുകയില്ല.
ബാലൻ നടക്കേണ്ട വഴിയിൽ അവനെ അഭ്യസിപ്പിക്കുക; അവൻ വൃദ്ധനായാലും അത് വിട്ടുമാറുകയില്ല.
7 ധനികർ ദരിദ്രർക്കുമേൽ ആധിപത്യംനടത്തുന്നു, വായ്പവാങ്ങുന്നവർ വായ്പകൊടുക്കുന്നവരുടെ ദാസരുമാണ്.
ധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു; കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവന് ദാസൻ.
8 ദുഷ്ടത വിതയ്ക്കുന്നവർ നാശം കൊയ്യും, അവരുടെ ഭീകരവാഴ്ച അവസാനിക്കും.
നീതികേട് വിതയ്ക്കുന്നവൻ ആപത്ത് കൊയ്യും; അവന്റെ കോപത്തിന്റെ വടി വിഫലമാകും.
9 ഉദാരമനസ്കരായവർ അനുഗൃഹീതർ, കാരണം അവർ തങ്ങളുടെ ഭക്ഷണം ദരിദ്രരുമായി പങ്കിടുന്നു.
ദയാകടാക്ഷമുള്ളവൻ അനുഗ്രഹിക്കപ്പെടും; കാരണം അവൻ തന്റെ ആഹാരത്തിൽനിന്ന് അഗതിക്ക് കൊടുക്കുന്നുവല്ലോ.
10 പരിഹാസിയെ ആട്ടിയോടിക്കുക, അതോടുകൂടി ശണ്ഠ ഒഴിഞ്ഞുപോകും; കലഹവും അധിക്ഷേപവും അവസാനിക്കും.
൧൦പരിഹാസിയെ നീക്കിക്കളയുക; അപ്പോൾ പിണക്കം ഒഴിഞ്ഞുപോകും; കലഹവും നിന്ദയും നിന്നുപോകും.
11 ഹൃദയശുദ്ധി ഇഷ്ടപ്പെടുകയും മാന്യമായി സംസാരിക്കുകയും ചെയ്യുന്നവർക്ക് രാജാവ് സ്നേഹിതനായിത്തീരും.
൧൧ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന് അധരലാവണ്യം ഉണ്ട്; രാജാവ് അവന്റെ സ്നേഹിതൻ.
12 പരിജ്ഞാനത്തിനുമേൽ യഹോവയുടെ ദൃഷ്ടി കാവലിനുണ്ട്, വഞ്ചകരുടെ വാക്കുകൾ അവിടന്നു തകിടംമറിക്കുന്നു.
൧൨യഹോവയുടെ കണ്ണുകൾ പരിജ്ഞാനമുള്ളവനെ കാക്കുന്നു; ദ്രോഹികളുടെ വാക്ക് അവിടുന്ന് മറിച്ചുകളയുന്നു.
13 അലസർ ഇപ്രകാരം പറയുന്നു, “വെളിയിൽ ഒരു സിംഹമുണ്ട്! ചത്വരങ്ങളിൽവെച്ച് ഞാൻ വധിക്കപ്പെടും!”
൧൩“വെളിയിൽ സിംഹം ഉണ്ട്, വീഥിയിൽ എനിക്ക് ജീവഹാനി വരും” എന്ന് മടിയൻ പറയുന്നു.
14 വ്യഭിചാരിണിയുടെ വായ് അപകടംനിറഞ്ഞ കെണിയാണ്; യഹോവയുടെ കോപത്തിനിരയായവർ അതിൽ വീഴുന്നു.
൧൪പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു; യഹോവയാൽ ത്യജിക്കപ്പെട്ടവൻ അതിൽ വീഴും.
15 മടയത്തരം യുവാക്കളുടെ ഹൃദയത്തിൽ കെട്ടുപിണഞ്ഞുകിടക്കുന്നു, എന്നാൽ ശിക്ഷണത്തിന്റെ വടി അതിനെ ആട്ടിപ്പായിക്കുന്നു.
൧൫ബാലന്റെ ഹൃദയത്തോട് ഭോഷത്തം പറ്റിയിരിക്കുന്നു; ശിക്ഷയ്ക്കുള്ള വടി അതിനെ അവനിൽനിന്ന് അകറ്റിക്കളയും.
16 സ്വന്തം സമ്പത്തു വർധിപ്പിക്കുന്നതിന് ദരിദ്രരെ പീഡിപ്പിക്കുന്നവരും ധനികർക്കു ദാനംചെയ്യുന്നവരും ഒരുപോലെ ദരിദ്രരായിത്തീരും.
൧൬ആദായം ഉണ്ടാക്കേണ്ടതിന് എളിയവനെ പീഡിപ്പിക്കുന്നവനും ധനവാനു കൊടുക്കുന്നവനും ദരിദ്രനായിത്തീരും.
17 ജ്ഞാനിയുടെ സൂക്തങ്ങൾ സശ്രദ്ധം കേൾക്കുക; ഞാൻ ഉപദേശിക്കുന്നതിന് ഹൃദയം നൽകുക,
൧൭ജ്ഞാനികളുടെ വചനങ്ങൾ ചെവിചായിച്ച് കേൾക്കുക; എന്റെ പരിജ്ഞാനത്തിന് മനസ്സുവയ്ക്കുക.
18 കാരണം അവ നിന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്നതും അധരങ്ങളിൽ ഒരുക്കിനിർത്തുന്നതും ആനന്ദകരം.
൧൮അവയെ നിന്റെ ഉള്ളിൽ സൂക്ഷിക്കുന്നതും നിന്റെ അധരങ്ങളിൽ അവ ഉറച്ചിരിക്കുന്നതും മനോഹരം.
19 നിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന്, ഞാൻ ഇന്നു നിന്നോട്, നിന്നോടുതന്നെ ഉപദേശിക്കുന്നു.
൧൯നിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന് ഞാൻ ഇന്ന് നിന്നോട്, നിന്നോട് തന്നെ, ഉപദേശിച്ചിരിക്കുന്നു.
20 ഞാൻ നിനക്കായി മുപ്പതു സൂക്തങ്ങൾ എഴുതിയിട്ടുണ്ട്, ഉപദേശത്തിന്റെയും പരിജ്ഞാനത്തിന്റെയും സൂക്തങ്ങൾതന്നെ,
൨൦നിന്നെ അയച്ചവർക്ക് നീ നേരുള്ള മറുപടി നൽകുവാൻ തക്കവണ്ണം നിനക്ക് നേരുള്ള മറുപടിയുടെ നിശ്ചയം അറിയിച്ചുതരുവാൻ
21 നീ സത്യസന്ധനായി, സത്യംമാത്രം സംസാരിക്കുന്നവൻ ആയിത്തീർന്ന് നീ സേവിക്കുന്നവർക്ക് സത്യസന്ധമായ മറുപടിനൽകേണ്ടതിനാണ് ഞാൻ ഈ സൂക്തങ്ങൾ നിനക്ക് എഴുതിയിട്ടുള്ളത്.
൨൧ആലോചനയും പരിജ്ഞാനവും അടങ്ങിയ ഉത്തമവാക്യങ്ങൾ ഞാൻ നിനക്ക് എഴുതിയിട്ടുണ്ടല്ലോ.
22 ദരിദ്രർ നിസ്സഹായരായതിനാൽ അവരെ ചൂഷണംചെയ്യരുത് നിർധനരെ കോടതികയറ്റി തകർത്തുകളയരുത്,
൨൨എളിയവനോട് അവൻ എളിയവനാകുകകൊണ്ട് കവർച്ച ചെയ്യരുത്; അരിഷ്ടനെ പടിവാതില്ക്കൽവച്ചു പീഡിപ്പിക്കുകയും അരുത്.
23 കാരണം അവരുടെ വ്യവഹാരം യഹോവ ഏറ്റെടുക്കുകയും അവരെ നശിപ്പിക്കുന്നവരെ നശിപ്പിക്കുകയുംതന്നെചെയ്യും.
൨൩യഹോവ അവരുടെ വ്യവഹാരം നടത്തും; അവരെ കൊള്ളയിട്ടവരുടെ ജീവനെ കൊള്ളയിടും.
24 ക്ഷിപ്രകോപിയായ ഒരാളോട് സഖിത്വം അരുത്, പെട്ടെന്നു പ്രകോപിതരാകുന്നവരോട് അടുത്ത സൗഹൃദം സ്ഥാപിക്കുകയുമരുത്.
൨൪കോപശീലനോടു സഖിത്വമരുത്; ക്രോധമുള്ള മനുഷ്യനോടുകൂടി നടക്കുകയും അരുത്.
25 അല്ലെങ്കിൽ നിങ്ങൾ അവരുടെ രീതികൾ അനുശീലിക്കുകയും നിങ്ങളെത്തന്നെ കെണിയിൽ വീഴ്ത്തുകയും ചെയ്യും.
൨൫നീ അവന്റെ വഴികളെ പഠിക്കുവാനും നിന്റെ പ്രാണൻ കെണിയിൽ അകപ്പെടുവാനും സംഗതിവരരുത്.
26 മറ്റൊരാൾക്കുവേണ്ടി ജാമ്യം നിൽക്കുകയോ അന്യർക്കുവേണ്ടി കൈയൊപ്പുചാർത്തുകയോ ചെയ്യരുത്;
൨൬നീ കൈയടിച്ച് ഉറപ്പിക്കുന്നവരുടെ കൂട്ടത്തിലും കടത്തിന് ജാമ്യം നില്‍ക്കുന്നവരുടെ കൂട്ടത്തിലും ആയിപ്പോകരുത്.
27 അത് അടച്ചുതീർക്കാൻ കഴിയാതെവന്നിട്ട്, നിങ്ങളുടെ കിടക്കപോലും നിങ്ങൾക്കടിയിൽനിന്നു വലിച്ചുമാറ്റപ്പെടും.
൨൭വീട്ടുവാൻ നിനക്ക് വകയില്ലാതെ വന്നിട്ട് നിന്റെ കീഴിൽനിന്ന് നിന്റെ മെത്ത എടുത്തുകളയുവാൻ ഇടവരുത്തുന്നത് എന്തിന്?
28 നിങ്ങളുടെ പൂർവികർ സ്ഥാപിച്ചിരിക്കുന്ന പുരാതനമായ അതിർത്തിക്കല്ലു മാറ്റരുത്.
൨൮നിന്റെ പിതാക്കന്മാർ ഇട്ടിരിക്കുന്ന പണ്ടത്തെ അതിര് നീ മാറ്റരുത്.
29 തന്റെ തൊഴിലിൽ വൈദഗ്ദ്ധ്യമുള്ള ഒരാളിനെ നിങ്ങൾ കാണുന്നില്ലേ? അവർ രാജാക്കന്മാരെ സേവിക്കും കീഴുദ്യോഗസ്ഥന്മാർക്കുവേണ്ടി അവർ സേവനം അനുഷ്ഠിക്കുകയില്ലാതാനും.
൨൯പ്രവൃത്തിയിൽ സാമർത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? അവൻ രാജാക്കന്മാരുടെ മുമ്പിൽ നില്ക്കും; നീചന്മാരുടെ മുമ്പിൽ അവൻ നില്‍ക്കുകയില്ല.

< സദൃശവാക്യങ്ങൾ 22 >