< ഗലാത്യർ 4 >
1 ഞാൻ പറഞ്ഞുവരുന്നത്, അവകാശി ശൈശവഘട്ടത്തിൽ ആയിരിക്കുന്നതുവരെ, സകലത്തിന്റെയും യഥാർഥ ഉടമസ്ഥനെങ്കിലും, പിതൃസ്വത്തിന്മേൽ യാതൊരവകാശവും ഉന്നയിക്കാൻ കഴിയാത്ത ഒരു ദാസനു തുല്യനാണ്.
൧അവകാശി മുഴുവൻ സ്വത്തിനും ഉടമയെങ്കിലും ശിശുവായിരിക്കുന്നിടത്തോളം അടിമയേക്കാൾ ഒട്ടും വിശേഷതയുള്ളവനല്ല,
2 തന്റെ പിതാവു നിശ്ചയിച്ചിരിക്കുന്ന ദിവസംവരെ അയാൾ സംരക്ഷകരുടെയും കാര്യസ്ഥരുടെയും അധീനതയിലായിരിക്കും.
൨എന്നാൽ പിതാവ് നിശ്ചയിച്ച സമയത്തോളം സംരക്ഷകന്മാർക്കും ഗൃഹവിചാരകന്മാർക്കും കീഴ്പെട്ടവനത്രേ എന്നു ഞാൻ പറയുന്നു.
3 അതുപോലെതന്നെ, നാമും ആത്മികശൈശവഘട്ടത്തിൽ ലോകത്തിന്റെ പ്രാഥമികശക്തികൾക്ക് അടിമകളായിരുന്നു.
൩അതുപോലെ നാമും ശിശുക്കൾ ആയിരുന്നപ്പോൾ പ്രപഞ്ചത്തിന്റെ ആദി പാഠങ്ങളിൽ അടിമപ്പെട്ടിരുന്നു.
4 എന്നാൽ ദൈവം, സ്ത്രീയുടെ സന്തതിയായി ജനിച്ച് ന്യായപ്രമാണത്തിന്ന് കീഴിൽ ജീവിക്കാനായി, നിയോഗിക്കപ്പെട്ടിരുന്ന സമയത്തുതന്നെ അവിടത്തെ പുത്രനെ അയച്ചു.
൪എന്നാൽ തക്ക കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനായ യേശുവിനെ സ്ത്രീയിൽനിന്ന് ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴിൽ ജനിച്ചവനായി അയച്ചത്
5 ഇത് ന്യായപ്രമാണത്തിൻ കീഴിലുള്ളവരെയെല്ലാം വിലയ്ക്കു വാങ്ങുന്നതിനും നമുക്ക് പുത്രത്വം ലഭ്യമാക്കേണ്ടതിനും ആയിരുന്നു.
൫അവൻ ന്യായപ്രമാണത്തിൻ കീഴിലുള്ളവരെ വീണ്ടെടുത്തിട്ട് നാം ദത്തുപുത്രത്വം പ്രാപിക്കേണ്ടതിനു തന്നെ.
6 ദൈവം അവിടത്തെ പുത്രന്റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിലേക്ക് അയച്ചതോ, മക്കളായ നാം ദൈവത്തെ “അബ്ബാ, പിതാവേ” എന്നു വിളിക്കേണ്ടതിനാണ്.
൬നിങ്ങൾ മക്കൾ ആകകൊണ്ട് അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു.
7 നിങ്ങൾ ഇനിമേൽ ദാസരല്ല, മക്കളാണ്; മക്കൾ ആയതിലൂടെ ദൈവം നിങ്ങളെ അവിടത്തെ അവകാശികളും ആക്കിയിരിക്കുന്നു.
൭അതുകൊണ്ട് നീ ഇനി അടിമയല്ല പുത്രനത്രെ: നീ പുത്രനെങ്കിലോ ദൈവത്താൽ അവകാശിയും ആകുന്നു.
8 മുമ്പേ, നിങ്ങൾ ദൈവത്തെക്കുറിച്ച് അറിവില്ലാത്തവർ ആയിരുന്നതിനാൽ; ദൈവങ്ങൾ അല്ലാത്ത എന്തിനൊക്കെയോ അടിമപ്പെട്ട് അവയെ സേവിച്ചുവരികയായിരുന്നു.
൮മുമ്പ് നിങ്ങൾ ദൈവത്തെ അറിയാതിരുന്നപ്പോൾ സ്വഭാവത്താൽ ദൈവങ്ങളല്ലാത്തവർക്ക് അടിമപ്പെട്ടിരുന്നു.
9 എന്നാൽ, ഇപ്പോഴോ ദൈവത്തെ അറിഞ്ഞ നിങ്ങൾ—ദൈവം നിങ്ങളെയും അറിഞ്ഞിരിക്കെ—നിഷ്‌പ്രയോജനവും മൂല്യഹീനവുമായ ചില പ്രാഥമികശക്തികളിലേക്ക് പിന്നെയും തിരിയുന്നതെങ്ങനെ? അവയ്ക്ക് വീണ്ടും അടിമപ്പെടാനാണോ നിങ്ങളുടെ ആഗ്രഹം?
൯എന്നാൽ ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാൽ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങൾ പിന്നെയും ബലഹീനവും വിലയില്ലാത്തതുമായ ആദിപാഠങ്ങളിലേക്ക് തിരിയുന്നത് എന്തിന്? നിങ്ങൾ അവയ്ക്ക് പിന്നെയും അടിമപ്പെടുവാൻ ഇച്ഛിക്കുന്നുവോ?
10 നിങ്ങൾ സവിശേഷദിവസങ്ങളും മാസങ്ങളും കാലങ്ങളും വർഷങ്ങളും ആചരിക്കുന്നു!
൧൦നിങ്ങൾ വിശേഷദിവസങ്ങളും മാസങ്ങളും കാലങ്ങളും വർഷങ്ങളും നിഷ്ഠയായി അനുഷ്ഠിക്കുന്നു.
11 നിങ്ങൾക്കുവേണ്ടി അധ്വാനിച്ച എന്റെ പ്രയത്നമെല്ലാം വെറുതേയായിപ്പോയോ എന്നു ഞാൻ ഭയപ്പെടുന്നു!
൧൧ഞാൻ നിങ്ങൾക്കുവേണ്ടി അദ്ധ്വാനിച്ചത് വെറുതെയായി എന്നു ഞാൻ ഭയപ്പെടുന്നു.
12 സഹോദരങ്ങളേ, ഞാൻ നിങ്ങളെപ്പോലെ ആയതുപോലെ നിങ്ങളും എന്നെപ്പോലെ ആകാൻ ഞാൻ നിങ്ങളോട് വിനീതമായി അപേക്ഷിക്കുന്നു. നിങ്ങൾ എനിക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ല.
൧൨സഹോദരന്മാരേ, ഞാൻ നിങ്ങളെപ്പോലെ ആകയാൽ നിങ്ങളും എന്നെപ്പോലെ ആകുവാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു. നിങ്ങൾ എന്നോട് ഒരു അന്യായവും ചെയ്തിട്ടില്ല.
13 ഞാൻ ആദ്യം നിങ്ങളോടു സുവിശേഷം പ്രസംഗിക്കാൻ സംഗതിയായത് എന്റെ ശരീരത്തിലെ ബലഹീനത നിമിത്തമായിരുന്നു എന്നു നിങ്ങൾക്കറിയാമല്ലോ.
൧൩എന്നാൽ ഞാൻ ശരീരത്തിലെ ബലഹീനതനിമിത്തം ഒന്നാമത് നിങ്ങളോടു സുവിശേഷം അറിയിക്കുവാന്‍ അവസരം ലഭിച്ചു എന്നു നിങ്ങൾ അറിയുന്നുവല്ലോ.
14 എന്റെ ശരീരത്തിന്റെ അവസ്ഥ നിങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു എങ്കിലും നിങ്ങൾ എന്നെ അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തില്ല; മറിച്ച് ഒരു ദൈവദൂതനെപ്പോലെ, ക്രിസ്തുയേശുവിനെപ്പോലെതന്നെ, എന്നെ സ്വീകരിച്ചല്ലോ.
൧൪എന്റെ ശരീരസംബന്ധമായി നിങ്ങൾക്കുണ്ടായ പരീക്ഷനിമിത്തം നിങ്ങൾ നിന്ദിക്കുകയോ വെറുക്കുകയോ ചെയ്യാതെ, ദൈവദൂതനെപ്പോലെ, ക്രിസ്തുയേശുവിനെപ്പോലെ എന്നെ സ്വീകരിച്ചു.
15 അന്നത്തെ നിങ്ങളുടെ ആനന്ദം ഇപ്പോൾ എവിടെ? അന്ന് നിങ്ങൾ നിങ്ങളുടെ കണ്ണുകൾതന്നെയും ചൂഴ്‌ന്നെടുത്ത് എനിക്കു തരുമായിരുന്നു എന്ന് എനിക്കുറപ്പുണ്ട്.
൧൫ഇപ്പോൾ നിങ്ങളുടെ സന്തോഷം എവിടെ? കഴിയും എങ്കിൽ നിങ്ങളുടെ കണ്ണ് ചൂഴ്ന്നെടുത്ത് എനിക്ക് തരുമായിരുന്നു എന്നത് ഞാൻ നിങ്ങളോടു സാക്ഷികരിക്കുന്നു.
16 എന്നാൽ, സത്യം സംസാരിക്കുന്നതു നിമിത്തം ഞാൻ ഇന്ന് നിങ്ങളുടെ ശത്രുവായിത്തീർന്നോ?
൧൬അങ്ങനെയിരിക്കെ നിങ്ങളോടു സത്യം പറകകൊണ്ട് ഞാൻ നിങ്ങൾക്ക് ശത്രുവായിപ്പോയോ?
17 യെഹൂദാമതാനുസാരികൾ സദുദ്ദേശ്യത്തോടുകൂടിയല്ല നിങ്ങളോട് അമിതതാത്പര്യം കാട്ടുന്നത്; നിങ്ങളെ എന്നിൽനിന്ന് അകറ്റി അവരുടെ ഉപദേശത്തിലേക്കു നിങ്ങളെ ആകർഷിക്കുക എന്നതുമാത്രമാണ് അവരുടെ ലക്ഷ്യം.
൧൭അവർ നിങ്ങളെക്കുറിച്ച് എരിവ് കാണിക്കുന്നത് ഗുണത്തിനായിട്ടല്ല; നിങ്ങൾ അവരെ അനുഗമിക്കേണ്ടതിന് നിങ്ങളെ എന്നിൽ നിന്നും അകറ്റിക്കളയുവാൻ ഇച്ഛിക്കയത്രെ ചെയ്യുന്നത്.
18 സദുദ്ദേശ്യത്തോടെ ചെയ്യുന്ന കാര്യങ്ങളിലുള്ള വ്യഗ്രത നല്ലതുതന്നെ, അതു ഞാൻ നിങ്ങളോടുകൂടെ ഉള്ളപ്പോൾമാത്രമല്ല, എപ്പോഴും അങ്ങനെയാകണമെന്നുമാത്രം.
൧൮ഞാൻ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ മാത്രമല്ല എല്ലായ്പോഴും നല്ല കാര്യത്തിൽ എരിവ് കാണിക്കുന്നത് നല്ലത്.
19 എന്റെ കുഞ്ഞുങ്ങളേ! നിങ്ങൾ ക്രിസ്തുവിന്റെ യഥാർഥ അനുയായികൾ ആകുന്നതുവരെ, പ്രസവവേദനയനുഭവിക്കുന്ന ഒരു അമ്മയെപ്പോലെ അതികഠിനമായി ഞാൻ പിന്നെയും ക്ലേശം സഹിക്കുന്നു.
൧൯എന്റെ കുഞ്ഞുങ്ങളെ, ക്രിസ്തു നിങ്ങളിൽ ഉരുവാകുവോളം ഞാൻ നിങ്ങൾക്കായി പിന്നെയും പ്രസവവേദനപ്പെടുന്നു.
20 ഞാൻ ഇപ്പോൾ നിങ്ങളുടെ അരികെ ആയിരുന്നെങ്കിൽ എന്നു ഞാൻ എത്ര ആശിച്ചുപോകുന്നു! അങ്ങനെയെങ്കിൽ ഒരുപക്ഷേ നിങ്ങളോടുള്ള സംഭാഷണത്തിന്റെ സ്വരം മാറിയേനെ. കാരണം, നിങ്ങളെ ഓർത്ത് ഞാൻ വളരെ അസ്വസ്ഥനാണ്.
൨൦ഞാൻ നിങ്ങളെക്കുറിച്ച് വിഷമിക്കുന്നതുകൊണ്ട് ഇപ്പോൾ നിങ്ങളുടെ അടുക്കൽ ഇരിക്കുവാനും എന്റെ സ്വരം മാറ്റുവാനും കഴിഞ്ഞിരുന്നു എങ്കിൽ കൊള്ളാമായിരുന്നു.
21 നിങ്ങൾ എന്നോടു പറയുക, ന്യായപ്രമാണത്തിനു കീഴ്പ്പെട്ടിരിക്കാൻ ആഗ്രഹിക്കുന്ന നിങ്ങൾ ന്യായപ്രമാണം എന്തുപറയുന്നു എന്നു വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ടോ?
൨൧ന്യായപ്രമാണത്തിൻ കീഴിരിക്കുവാൻ ഇച്ഛിക്കുന്നവരേ, ന്യായപ്രമാണം പറയുന്നത് എന്ത് എന്ന് നിങ്ങൾ കേൾക്കുന്നില്ലയോ? എന്നോട് പറവിൻ.
22 ന്യായപ്രമാണത്തിൽ ഇപ്രകാരമാണ് രേഖപ്പെടുത്തുന്നത്: അബ്രാഹാമിന് ദാസിയിൽനിന്നു ജനിച്ച ഒരുവനും സ്വതന്ത്രയിൽനിന്നു ജനിച്ച ഒരുവനുമായി രണ്ട് പുത്രന്മാർ ഉണ്ടായിരുന്നു.
൨൨അബ്രാഹാമിന് രണ്ട് പുത്രന്മാർ ഉണ്ടായിരുന്നു; ഒരുവൻ ദാസിയാൽ, ഒരുവൻ സ്വതന്ത്രയാൽ എന്ന് എഴുതിയിരിക്കുന്നുവല്ലോ.
23 ദാസിയിൽനിന്നു ജനിച്ച മകൻ മനുഷ്യതാത്പര്യത്താൽമാത്രം ജനിച്ചതും സ്വതന്ത്രയിൽനിന്നു ജനിച്ച മകൻ ദൈവികവാഗ്ദാനനിവൃത്തിയുമാകുന്നു.
൨൩ദാസിയാലുള്ളവൻ ജഡപ്രകാരവും എന്നാൽ സ്വതന്ത്രയാലുള്ളവനോ ദൈവ വാഗ്ദത്തത്താലും ജനിച്ചിരുന്നു.
24 ഈ രണ്ട് സ്ത്രീകൾ രണ്ട് ദൈവികഉടമ്പടികളുടെ പ്രതീകങ്ങളാണ്. ഒന്നാമത്തെ സ്ത്രീ ഹാഗർ, അടിമകളായ മക്കളെ പ്രസവിക്കുന്ന, സീനായിമലയുടെ പ്രതീകമാണ്.
൨൪ഇത് സാദൃശ്യമാകുന്നു. ഈ സ്ത്രീകൾ രണ്ടു ഉടമ്പടികൾ അത്രേ; ഒന്ന് സീനായ് മലയിൽനിന്ന് ഉണ്ടായി അടിമകളെ പ്രസവിക്കുന്നു; അത് ഹാഗർ.
25 ഹാഗർ എന്നത് അറേബ്യയിലെ സീനായി പർവതമാണ് സൂചിപ്പിക്കുന്നത്. അത് ഇപ്പോഴത്തെ ജെറുശലേമിനെ കുറിക്കുന്നു. കാരണം, അവർ അവളുടെ മക്കളോടുകൂടെ ഇപ്പോൾ അടിമത്തത്തിലാണു കഴിയുന്നത്.
൨൫ഇപ്പോൾ ഹാഗർ എന്നത് അരാബിദേശത്ത് സീനായ് മലയെക്കുറിക്കുന്നു. അത് ഇപ്പോഴത്തെ യെരൂശലേമിനോട് ഒക്കുന്നു; അത് തന്റെ മക്കളോടുകൂടെ അടിമത്തത്തിൽ അല്ലോ ഇരിക്കുന്നത്.
26 സാറയോ, സ്വർഗീയജെറുശലേമിന്റെ പ്രതീകമാണ്. സ്വതന്ത്രയായ അവളാണ് നമ്മുടെ മാതാവ്.
൨൬എന്നാൽ മീതെയുള്ള യെരൂശലേമോ സ്വതന്ത്രയാകുന്നു. അവൾ തന്നേ നമ്മുടെ അമ്മ.
27 കാരണം, തിരുവെഴുത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “വന്ധ്യയായവളേ ആനന്ദിക്കുക; ഒരു കുഞ്ഞിനും ജന്മം നൽകിയിട്ടില്ലാത്തവളേ, പ്രസവവേദന എന്തെന്ന് അറിയാത്തവളേ, ആനന്ദത്താൽ ആർത്തുഘോഷിക്കുക! കാരണം, പരിത്യക്തയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികം.”
൨൭“പ്രസവിക്കാത്ത മച്ചിയേ, ആനന്ദിക്ക; നോവുകിട്ടാത്തവളേ, പൊട്ടി ആർക്കുക; ഏകാകിനിയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളേക്കാൾ അധികം” എന്ന് തിരുവെഴുത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
28 എന്നാൽ സഹോദരങ്ങളേ, നാമോ യിസ്ഹാക്കിനെപ്പോലെ വാഗ്ദാനസന്തതികളാണ്.
൨൮സഹോദരന്മാരേ, ഇപ്പോൾ നിങ്ങളും, യിസ്ഹാക്കിനേപ്പോലെ വാഗ്ദത്തത്തിന്റെ മക്കൾ ആകുന്നു.
29 മനുഷ്യതാത്പര്യത്താൽ ജനിച്ചവൻ അന്ന്, വാഗ്ദാനനിവൃത്തിയായി ജനിച്ചവനെ ഉപദ്രവിച്ചതുപോലെയാണ് ഇപ്പോഴും സംഭവിക്കുന്നത്.
൨൯എന്നാൽ അന്ന് ജഡപ്രകാരം ജനിച്ചവൻ ആത്മപ്രകാരം ജനിച്ചവനെ ഉപദ്രവിച്ചതുപോലെ ഇന്നും അങ്ങനെ തന്നെ.
30 എന്നാൽ, തിരുവെഴുത്ത് എന്തുപറയുന്നു? “ദാസിയുടെ മകൻ സ്വതന്ത്രയുടെ മകനുമായി ഒരിക്കലും ഓഹരി പങ്കിടാതിരിക്കേണ്ടതിന് ആ ദാസിയെയും അവളുടെ മകനെയും പുറത്താക്കിക്കളയണം” എന്നാണല്ലോ.
൩൦തിരുവെഴുത്തോ എന്ത് പറയുന്നു? ദാസിയെയും മകനെയും പുറത്താക്കിക്കളക; ദാസിയുടെ മകൻ സ്വതന്ത്രയുടെ മകനോടുകൂടെ അവകാശി ആകയില്ല.
31 ആകയാൽ സഹോദരങ്ങളേ, നാം ദാസിയുടെയല്ല; സ്വതന്ത്രയുടെ മക്കളാണ്.
൩൧അങ്ങനെ സഹോദരന്മാരേ, നാം ദാസിയുടെ മക്കളല്ല എന്നാൽ സ്വതന്ത്രയുടെ മക്കളത്രേ.