< 1 കൊരിന്ത്യർ 6 >
1 നിങ്ങളിൽ ഒരാൾക്കു മറ്റൊരാളോടു തർക്കം ഉണ്ടെങ്കിൽ അതിന്റെ തീർപ്പിനായി, ദൈവജനത്തിന്റെയടുത്ത് പോകുന്നതിനു പകരം, അഭക്തരുടെമുമ്പിൽ പോകുന്നതിനോ നിങ്ങൾ ചങ്കൂറ്റം കാണിക്കുന്നത്?
൧നിങ്ങളിൽ ഒരാൾക്ക് മറ്റൊരാളോട് ഒരു അന്യായം ഉണ്ടെങ്കിൽ വിശുദ്ധന്മാരുടെ മുമ്പാകെ പരിഹാരത്തിന് പോകാതെ അഭക്തന്മാരുടെ മുൻപിൽ പോകുവാൻ തുനിയുന്നുവോ?
2 ദൈവജനമാണ് ലോകത്തെ ന്യായംവിധിക്കാനിരിക്കുന്നത് എന്നു നിങ്ങൾ അറിയുന്നില്ലേ? നിങ്ങൾ ലോകത്തെ വിധിക്കാനുള്ളവരെങ്കിൽ നിസ്സാരമായ തർക്കങ്ങൾ തീരുമാനിക്കാൻ നിങ്ങൾ അസമർഥരോ?
൨വിശുദ്ധന്മാർ ലോകത്തെ വിധിക്കും എന്ന് നിങ്ങൾ അറിയുന്നില്ലയോ? ലോകത്തെ നിങ്ങൾ വിധിക്കുമെങ്കിൽ ഏറ്റവും ചെറിയ സംഗതികളെയും വിധിക്കുവാൻ നിങ്ങൾക്ക് സാധിക്കുകയില്ലയോ?
3 നാം ദൂതന്മാരെയും ന്യായംവിധിക്കും എന്നറിയുന്നില്ലേ? അങ്ങനെയുള്ള നാം ലൗകികകാര്യങ്ങളെ എത്രയധികം!
൩നാം ദൂതന്മാരെ വിധിക്കും എന്ന് നിങ്ങൾ അറിയുന്നില്ലയോ? എന്നാൽ ഈ ജീവിതത്തെ സംബന്ധിക്കുന്നവയെ എത്ര അധികം?
4 അതുകൊണ്ട് അങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി തർക്കമുണ്ടെങ്കിൽ സഭയ്ക്കു യാതൊരു മതിപ്പുമില്ലാത്തവരെ നിങ്ങൾ വിധികർത്താക്കളായി നിയമിക്കുമോ?
൪അതുകൊണ്ട് നിങ്ങൾക്ക് ഈ ജീവിതത്തെ സംബന്ധിച്ച കാര്യങ്ങളിൽ അന്യായം ഉണ്ടെങ്കിൽ വിധിക്കുവാൻ സഭ ഗണ്യമാക്കാത്തവരെ നിയമിക്കുന്നുവോ?
5 ഞാൻ ഇതു നിങ്ങളുടെ ലജ്ജയ്ക്കായി പറയുന്നു. വിശ്വാസികൾക്കു പരസ്പരമുള്ള തർക്കം തീർക്കാൻ തക്ക ജ്ഞാനമുള്ള ഒരാൾപോലും നിങ്ങളുടെ കൂട്ടത്തിൽ ഇല്ലാതെയായോ?
൫നിങ്ങളുടെ ലജ്ജയ്ക്കായി ഞാൻ ഇത് പറയുന്നു. സഹോദരന്മാർക്കു മദ്ധ്യേ കാര്യം തീർപ്പാക്കുവാൻ പ്രാപ്തിയുള്ളൊരു ജ്ഞാനിയും നിങ്ങളുടെ ഇടയിൽ ഇല്ലയോ?
6 എന്നാൽ അതിനുപകരം, ഒരു സഹോദരൻ മറ്റൊരു സഹോദരനോടു വ്യവഹാരം നടത്താൻ പോകുന്നു; അതും അവിശ്വാസികളുടെമുമ്പിൽ!
൬എന്നാൽ, ഒരു വിശ്വാസി മറ്റൊരു വിശ്വാസിയോടു വ്യവഹരിക്കുന്നു; അതും അവിശ്വാസികളുടെ മുമ്പിൽ തന്നെ.
7 നിങ്ങളുടെ മധ്യേ വ്യവഹാരം ഉണ്ടാകുന്നു എന്നതിനാൽത്തന്നെ നിങ്ങൾ പരാജയമടഞ്ഞിരിക്കുന്നു. നിങ്ങൾ അന്യായം സഹിക്കുന്നതല്ലേ ഇതിലും ഭേദം? ചതിക്കപ്പെടുന്നതല്ലേ കൂടുതൽ ഉത്തമം?
൭നിങ്ങളുടെ ഇടയിൽ അന്യായം ഉണ്ടാകുന്നത് തന്നെ കേവലം പോരായ്മയാകുന്നു; അതിന് പകരം നിങ്ങൾ അന്യായം സഹിച്ചുകൊള്ളാത്തത് എന്ത്? നഷ്ടം ഏറ്റുകൊള്ളാത്തത് എന്ത്?
8 അല്ല, അതിനുപകരം നിങ്ങൾതന്നെ ചതിക്കുകയും ദ്രോഹിക്കുകയുംചെയ്യുന്നു! അതും നിങ്ങളുടെ സഹോദരങ്ങളെ!
൮പക്ഷേ, നിങ്ങൾതന്നെ സഹോദരന്മാർക്കു അന്യായം ചെയ്യുകയും, നഷ്ടം വരുത്തുകയും ചെയ്യുന്നു;
9 അധർമികൾ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങൾ അറിയുന്നില്ലേ? വഞ്ചിക്കപ്പെടരുത്: ദുർനടപ്പുകാർ, വിഗ്രഹാരാധകർ, വ്യഭിചാരികൾ, സ്വവർഗാനുരാഗികളായ പുരുഷന്മാരും സ്ത്രീകളും,
൯അനീതി ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്ന് അറിയുന്നില്ലയോ? നിങ്ങളെത്തന്നെ വഞ്ചിക്കാതിരിക്കുവിൻ; ദുർന്നടപ്പുകാരോ, വിഗ്രഹാരാധികളോ, വ്യഭിചാരികളോ, സ്വയഭോഗികളോ, പുരുഷകാമികളോ,
10 മോഷ്ടാക്കൾ, അത്യാഗ്രഹികൾ, മദ്യപർ, അപവാദം പരത്തുന്നവർ, അന്യരുടെ പണം അപഹരിക്കുന്നവർ ഇങ്ങനെയുള്ളവർ ദൈവരാജ്യം അവകാശമാക്കുകയില്ല.
൧൦കള്ളന്മാരോ, അത്യാഗ്രഹികളോ, മദ്യപന്മാരോ, അസഭ്യം പറയുന്നവരോ, വഞ്ചകന്മാരോ ദൈവരാജ്യം അവകാശമാക്കുകയില്ല.
11 നിങ്ങളിൽ ചിലർ ഇങ്ങനെയുള്ളവരായിരുന്നു. എന്നാൽ ഇപ്പോൾ നിങ്ങൾ കഴുകപ്പെട്ടവരും വിശുദ്ധീകരിക്കപ്പെട്ടവരും കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നീതീകരിക്കപ്പെട്ടവരും ആയിത്തീർന്നു.
൧൧നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ കഴുകപ്പെട്ടിരിക്കുന്നു, നിങ്ങൾ ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു; കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങൾ നീതീകരണവും പ്രാപിച്ചിരിക്കുന്നു.
12 “എനിക്കെല്ലാം അനുവദനീയമാണ്,” ചിലർ പറഞ്ഞേക്കാം. എന്നാൽ എല്ലാം പ്രയോജനമുള്ളവയല്ല. “എനിക്കെല്ലാം അനുവദനീയമാണ്”—എന്നാൽ ഞാൻ ഒന്നിനും അധീനനാകുകയില്ല.
൧൨എല്ലാം എനിക്ക് നിയമാനുസൃതമാണ് എങ്കിലും സകലവും പ്രയോജനമുള്ളതല്ല; എല്ലാം എനിക്ക് നിയമാനുസൃതമാണ് എങ്കിലും ഞാൻ യാതൊന്നിനും അടിമപ്പെടുകയില്ല.
13 “ആഹാരം ഉദരത്തിന്, ഉദരം ആഹാരത്തിന് എന്നാൽ ദൈവം ഇവ രണ്ടും ഇല്ലാതാക്കും,” ചിലർ പറഞ്ഞേക്കാം. ശരീരം ലൈംഗികാധർമത്തിനുള്ളതല്ല; ശരീരം കർത്താവിനും കർത്താവ് ശരീരത്തിനും അത്രേ.
൧൩ആഹാരം വയറിനും വയറ് ആഹാരങ്ങൾക്കും ഉള്ളത്; എന്നാൽ ദൈവം ഇതിനെയും അതിനെയും ഇല്ലാതെയാക്കും. ശരീരമോ ദുർന്നടപ്പിനല്ല, കർത്താവിനത്രേ; കർത്താവ് ശരീരത്തിനും.
14 ദൈവം തന്റെ ശക്തിയാൽ കർത്താവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. അവിടന്നു നമ്മെയും ഉയിർപ്പിക്കും.
൧൪എന്നാൽ ദൈവം കർത്താവിനെ ഉയിർപ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാൽ ഉയിർപ്പിക്കും.
15 നിങ്ങളുടെ ശരീരങ്ങൾ ക്രിസ്തുവിന്റെ അവയവങ്ങളാകുന്നു എന്നറിയുന്നില്ലേ? അങ്ങനെയെങ്കിൽ, ആരെങ്കിലും ക്രിസ്തുവിന്റെ അവയവങ്ങൾ എടുത്തു വേശ്യയുടെ അവയവങ്ങളാക്കാമോ? ഒരുനാളും അരുത്.
൧൫നിങ്ങളുടെ ശരീരങ്ങൾ ക്രിസ്തുവിന്റെ അവയവങ്ങൾ ആകുന്നു എന്ന് അറിയുന്നില്ലയോ? ക്രിസ്തുവിന്റെ അവയവങ്ങളെ ഞാൻ എടുത്ത് വേശ്യയുടെ അവയവങ്ങൾ ആക്കുമോ? ഒരുനാളും അരുത്.
16 വേശ്യയുമായി സംയോജിക്കുന്നവൻ അവളുമായി ഏകശരീരം ആകുന്നെന്ന് അറിയുന്നില്ലേ? “അവരിരുവരും ഒരു ശരീരമായിത്തീരും” എന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലോ.
൧൬വേശ്യയോട് പറ്റിച്ചേരുന്നവൻ അവളുമായി ഏകശരീരമാകുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ? ഇരുവരും ഒരു ദേഹമായിത്തീരും എന്നുണ്ടല്ലോ.
17 എന്നാൽ കർത്താവിനോട് എകീഭവിക്കുന്നവൻ ആത്മാവിൽ കർത്താവിനോട് ഒന്നായിത്തീരുന്നു.
൧൭എന്നാൽ കർത്താവിനോട് പറ്റിച്ചേരുന്നവനോ അവനുമായി ഏകാത്മാവ് ആകുന്നു.
18 ലൈംഗികാധർമംവിട്ട് ഓടിക്കോളൂ. ഒരാൾ ചെയ്യുന്ന മറ്റ് ഏതു പാപവും തന്റെ ശരീരത്തിനു പുറത്താകുന്നു; എന്നാൽ ലൈംഗികമായ പാപംചെയ്യുന്നവൻ സ്വന്തം ദേഹത്തിനെതിരേ പാപംചെയ്യുന്നു.
൧൮ദുർന്നടപ്പ് വിട്ട് ഓടുവിൻ. മനുഷ്യൻ ചെയ്യുന്ന ഏത് പാപവും ശരീരത്തിന് പുറത്താകുന്നു. ദുർന്നടപ്പുകാരനോ സ്വന്തശരീരത്തിന് വിരോധമായി പാപം ചെയ്യുന്നു.
19 ദൈവത്തിൽനിന്ന് നിങ്ങൾക്കു ലഭിച്ചതും നിങ്ങളിൽ വസിക്കുന്നതുമായ പരിശുദ്ധാത്മാവിന്റെ ആലയമാകുന്നു നിങ്ങളുടെ ശരീരം എന്ന് അറിയുന്നില്ലേ? നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല;
൧൯ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കുകയാൽ നിങ്ങൾ ഇനി നിങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?
20 വിലയ്ക്കു വാങ്ങപ്പെട്ടവരാണ് നിങ്ങൾ. അതുകൊണ്ട് നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്ത്വപ്പെടുത്തുക.
൨൦ആകയാൽ നിങ്ങളുടെ ശരീരംകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുവിൻ.