< ആമോസ് 1 >

1 തെക്കോവയിലെ ഇടയന്മാരിൽ ഒരുവനായ ആമോസിന്റെ വചനങ്ങൾ. ഭൂകമ്പത്തിനു രണ്ടുവർഷംമുമ്പ്, ഇസ്രായേലിനെക്കുറിച്ച് അദ്ദേഹത്തിനു ലഭിച്ച ദർശനം. അക്കാലത്ത് ഉസ്സീയാവ് യെഹൂദയുടെയും യോവാശിന്റെ മകൻ യൊരോബെയാം ഇസ്രായേലിന്റെയും രാജാക്കന്മാരായിരുന്നു.
തെക്കോവയിലെ ഇടയന്മാരിൽ ഒരുത്തനായ ആമോസ് യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തും യിസ്രായേൽരാജാവായ യോവാശിന്റെ മകനായ യൊരോബെയാമിന്റെ കാലത്തും ഭൂകമ്പത്തിന്നു രണ്ടു സംവത്സരം മുമ്പെ യിസ്രായേലിനെക്കുറിച്ചു ദർശിച്ച വചനങ്ങൾ.
2 അദ്ദേഹം പറഞ്ഞു: “യഹോവ സീയോനിൽനിന്ന് ഗർജിക്കുന്നു, ജെറുശലേമിൽനിന്ന് ഇടിമുഴക്കുന്നു; ഇടയന്മാരുടെ മേച്ചിൽപ്പുറങ്ങൾ ഉണങ്ങുന്നു, കർമേൽമലയുടെ മുകൾഭാഗം വാടിപ്പോകുന്നു.”
അവൻ പറഞ്ഞതോ: യഹോവ സീയോനിൽനിന്നു ഗർജ്ജിച്ചു, യെരൂശലേമിൽനിന്നു തന്റെ നാദം കേൾപ്പിക്കും. അപ്പോൾ ഇടയന്മാരുടെ മേച്ചല്പുറങ്ങൾ ദുഃഖിക്കും; കർമ്മേലിന്റെ കൊടുമുടി വാടിപ്പോകും.
3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ദമസ്കോസിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, ഇരുമ്പുമെതിവണ്ടികൊണ്ട് അവർ ഗിലെയാദിനെ മെതിച്ചുകളഞ്ഞിരിക്കുന്നു.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദമ്മേശെക്കിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ ഗിലെയാദിനെ ഇരിമ്പുമെതിവണ്ടികൊണ്ടു മെതിച്ചിരിക്കയാൽ തന്നേ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.
4 ഞാൻ ഹസായേൽഗൃഹത്തിന്മേൽ അഗ്നി അയയ്ക്കും അതു ബെൻ-ഹദദിന്റെ കോട്ടകളെ ദഹിപ്പിക്കും.
ഞാൻ ഹസായേൽഗൃഹത്തിൽ ഒരു തീ അയക്കും; അതു ബെൻഹദദിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.
5 ഞാൻ ദമസ്കോസിന്റെ കവാടങ്ങൾ തകർത്തുകളയും; ആവെൻ താഴ്വരയിലെ രാജാവിനെയും ബെത്ത്-ഏദെനിൽ ചെങ്കോൽ വഹിക്കുന്നവനെയും ഞാൻ നശിപ്പിക്കും. അരാമിലെ ജനം പ്രവാസികളായി കീറിലേക്കു പോകും,” എന്ന് യഹോവയുടെ അരുളപ്പാട്.
ഞാൻ ദമ്മേശെക്കിന്റെ ഓടാമ്പൽ തകർത്തു, ആവെൻതാഴ്‌വരയിൽനിന്നു നിവാസിയെയും ഏദെൻഗൃഹത്തിൽനിന്നു ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും; അരാമ്യർ ബദ്ധന്മാരായി കീറിലേക്കു പോകേണ്ടിവരും എന്നു യഹോവ അരുളിച്ചെയ്യുന്നു.
6 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഗസ്സയുടെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, ജനങ്ങളെ മുഴുവനും ബന്ദികളാക്കി അവർ ഏദോമിനു വിറ്റിരിക്കുന്നു.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഗസ്സയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ എദോമിന്നു ഏല്പിക്കേണ്ടതിന്നു ബദ്ധന്മാരെ ആസകലം കൊണ്ടുപോയിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.
7 ഞാൻ ഗസ്സയുടെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും അത് അവരുടെ കോട്ടകളെ ദഹിപ്പിക്കും.
ഞാൻ ഗസ്സയുടെ മതിലിന്നകത്തു ഒരു തീ അയക്കും; അതു അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.
8 ഞാൻ, അശ്ദോദിലെ നിവാസികളെയും, അസ്കലോനിൽ ചെങ്കോൽ വഹിക്കുന്നവനെയും നശിപ്പിക്കും. ഫെലിസ്ത്യരിൽ അവസാനം ശേഷിക്കുന്നവനും മരിക്കുന്നതുവരെ, ഞാൻ എക്രോനെതിരേയും എന്റെ കൈ തിരിക്കും,” എന്നു കർത്താവായ യഹോവ അരുളിച്ചെയ്യുന്നു.
ഞാൻ അസ്തോദിൽനിന്നു നിവാസിയെയും അസ്കെലോനിൽനിന്നു ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും; എന്റെ കൈ എക്രോന്റെ നേരെ തിരിക്കും; ഫെലിസ്ത്യരിൽ ശേഷിപ്പുള്ളവർ നശിച്ചുപോകും എന്നു യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു.
9 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “സോരിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, സഹോദരസഖ്യം അവഗണിച്ചുകൊണ്ട് ജനങ്ങളെ മുഴുവനും അവർ ഏദോമിനു വിറ്റിരിക്കുന്നു.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ സഹോദരസഖ്യത ഓർക്കാതെ ബദ്ധന്മാരെ ആസകലം എദോമിന്നു ഏല്പിച്ചുകളഞ്ഞിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.
10 ഞാൻ സോരിന്റെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും, അത് അവരുടെ കോട്ടകളെ ദഹിപ്പിക്കും.”
ഞാൻ സോരിന്റെ മതിലിന്നകത്തു ഒരു തീ അയക്കും; അതു അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.
11 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഏദോമിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, വാളുമായി അവൻ തന്റെ സഹോദരനെ പിൻതുടർന്നു, യാതൊരനുകമ്പയും കാട്ടിയില്ല. അവന്റെ കോപം തുടരെ ജ്വലിച്ചു; അവന്റെ ക്രോധം കത്തിജ്വലിച്ചു.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എദോമിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവൻ തന്റെ സഹോദരനെ വാളോടുകൂടെ പിന്തുടർന്നു, തന്റെ കോപം സദാകാലം കടിച്ചുകീറുവാൻ തക്കവണ്ണം സഹതാപം വിട്ടുകളകയും ദ്വേഷ്യം സദാകാലം വെച്ചുകൊൾകയും ചെയ്തിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.
12 ഞാൻ തേമാനിൽ അഗ്നി അയയ്ക്കും അതു ബൊസ്രായുടെ കോട്ടകളെ ദഹിപ്പിക്കും.”
ഞാൻ തേമാനിൽ ഒരു തീ അയക്കും; അതു ബൊസ്രയിലെ അരമനകളെ ദഹിപ്പിച്ചുകളയും.
13 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അമ്മോന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, തന്റെ അതിരുകൾ വിശാലമാക്കേണ്ടതിന് അവൻ ഗിലെയാദിലെ ഗർഭിണികളെ പിളർന്നുകളഞ്ഞു:
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അമ്മോന്യരുടെ മൂന്നോ നാലോ അതിക്രമം നിമിത്തം, അവർ തങ്ങളുടെ അതിർ വിസ്താരമാക്കേണ്ടതിന്നു ഗിലെയാദിലെ ഗർഭിണികളെ പിളർന്നുകളഞ്ഞിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.
14 ഞാൻ രബ്ബയുടെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും അത് അവളുടെ കോട്ടകളെ ദഹിപ്പിക്കും യുദ്ധദിവസത്തിൽ പടയ്ക്കായുള്ള ആർപ്പുവിളികളുടെ മധ്യത്തിലും കാറ്റുള്ള ദിവസത്തിലെ ചുഴലിക്കാറ്റിന്റെ മധ്യത്തിലുംതന്നെ.
ഞാൻ രബ്ബയുടെ മതിലിന്നകത്തു ഒരു തീ കത്തിക്കും; അതു യുദ്ധദിവസത്തിലെ ആർപ്പോടും പിശറുള്ള നാളിലെ കൊടുങ്കാറ്റോടുംകൂടെ അതിലെ അരമനകളെ ദഹിപ്പിച്ചുകളയും.
15 അവരുടെ രാജാവ് പ്രവാസത്തിലേക്കു പോകും; അവനും അവന്റെ ഉദ്യോഗസ്ഥപ്രമുഖരും ഒരുമിച്ചുതന്നെ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
അവരുടെ രാജാവു പ്രവാസത്തിലേക്കു പോകേണ്ടിവരും; അവനും അവന്റെ പ്രഭുക്കന്മാരും ഒരുപോലെ തന്നേ എന്നു യഹോവ അരുളിച്ചെയ്യുന്നു.

< ആമോസ് 1 >