< യോവേൽ 2 >
1 സീയോനിൽ കാഹളം ഊതുക; എന്റെ വിശുദ്ധപർവതത്തിൽ യുദ്ധാരവം കേൾപ്പിക്കുക. ദേശത്തിൽ വസിക്കുന്ന സകലരും വിറയ്ക്കട്ടെ, കാരണം യഹോവയുടെ ദിവസം വരുന്നു. അതു സമീപമായിരിക്കുന്നു—
സീയോനിൽ കാഹളം ഊതുവിൻ; എന്റെ വിശുദ്ധപർവ്വതത്തിൽ അയ്യംവിളിപ്പിൻ; യഹോവയുടെ ദിവസം വരുന്നതുകൊണ്ടും അതു അടുത്തിരിക്കുന്നതുകൊണ്ടും ദേശത്തിലെ സകലനിവാസികളും നടുങ്ങിപ്പോകട്ടെ.
2 അന്ധകാരവും ഇരുട്ടുമുള്ള ഒരു ദിവസം, മേഘങ്ങളും കൂരിരുട്ടുമുള്ള ഒരു ദിവസംതന്നെ. പർവതങ്ങളിൽ പ്രഭാതം പടരുന്നതുപോലെ വലുപ്പമുള്ളതും ശക്തിയേറിയതുമായ ഒരു സൈന്യം വരുന്നു. പണ്ട് അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല വരാനിരിക്കുന്ന കാലങ്ങളിൽ അങ്ങനെയൊന്ന് ഉണ്ടാകുകയുമില്ല.
ഇരുട്ടും അന്ധകാരവുമുള്ളോരു ദിവസം; മേഘവും കൂരിരുട്ടുമുള്ളോരു ദിവസം തന്നേ. പർവ്വതങ്ങളിൽ പരന്നിരിക്കുന്ന പ്രഭാതംപോലെ പെരുപ്പവും ബലവുമുള്ളോരു ജാതി; അങ്ങനെയുള്ളതു പണ്ടു ഉണ്ടായിട്ടില്ല; ഇനിമേലാൽ തലമുറതലമുറയായുള്ള ആണ്ടുകളോളം ഉണ്ടാകയുമില്ല.
3 അവരുടെമുമ്പിൽ അഗ്നി കത്തുന്നു, അവരുടെ പിന്നിൽ ജ്വാല മിന്നുന്നു. അവരുടെമുമ്പിൽ ദേശം ഏദെൻതോട്ടംപോലെ, അവരുടെ പിന്നിൽ ശൂന്യമരുഭൂമി— അവരിൽനിന്ന് ഒന്നും ഒഴിഞ്ഞുപോകുന്നില്ല.
അവരുടെ മുമ്പിൽ തീ കത്തുന്നു; അവരുടെ പിമ്പിൽ ജ്വാല ദഹിപ്പിക്കുന്നു; അവരുടെ മുമ്പിൽ ദേശം ഏദെൻതോട്ടം പോലെയാകുന്നു; അവരുടെ പിറകിലോ ശൂന്യമായുള്ള മരുഭൂമി; അവരുടെ കയ്യിൽ നിന്നു യാതൊന്നും ഒഴിഞ്ഞുപോകയില്ല.
4 അവർക്കു കുതിരകളോടു സാമ്യമുണ്ട്; അവർ കുതിരപ്പടയോടൊപ്പം ചാടുന്നു.
അവരുടെ രൂപം കുതിരകളുടെ രൂപംപോലെ; അവർ കുതിരച്ചേവകരെപ്പോലെ ഓടുന്നു.
5 രഥങ്ങളുടെ ആരവത്തോടെ അവർ പർവതമേടുകളിൽ ചാടുന്നു അവർ വൈക്കോൽക്കുറ്റികളെ ദഹിപ്പിക്കുന്ന തീപോലെയും യുദ്ധസന്നദ്ധരായ ശക്തരായ ഒരു സൈന്യംപോലെയുമാകുന്നു.
അവർ പർവ്വതശിഖരങ്ങളിൽ രഥങ്ങളുടെ മുഴക്കംപോലെ കുതിച്ചുചാടുന്നു; അഗ്നിജ്വാല താളടിയെ ദഹിപ്പിക്കുന്ന ശബ്ദംപോലെയും പടെക്കു നിരന്നുനില്ക്കുന്ന ശക്തിയുള്ള പടജ്ജനം പോലെയും തന്നേ.
6 അവരെ കാണുന്ന ജനങ്ങൾ പരിഭ്രാന്തരാകുന്നു; എല്ലാ മുഖങ്ങളും വിളറുന്നു.
അവരുടെ മുമ്പിൽ ജാതികൾ നടുങ്ങുന്നു; സകലമുഖങ്ങളും വിളറിപ്പോകുന്നു;
7 അവർ യുദ്ധവീരന്മാരെപ്പോലെ നീങ്ങുന്നു; പടയാളികളെപ്പോലെ മതിൽ കയറുന്നു. അവർ അണിതെറ്റാതെ നിരയായി നീങ്ങുന്നു.
അവർ വീരന്മാരെപ്പോലെ ഓടുന്നു; യോദ്ധാക്കളെപ്പോലെ മതിൽ കയറുന്നു; അവർ പാത വിട്ടുമാറാതെ താന്താന്റെ വഴിയിൽ നടക്കുന്നു.
8 അവർ തിങ്ങിഞെരുങ്ങുന്നില്ല; ഓരോരുത്തരായി നേരേ മുമ്പോട്ടു നീങ്ങുന്നു. അവർ മുറിവേൽക്കാതെ വാളുകൾക്കിടയിലൂടെ ചാടുന്നു.
അവർ തമ്മിൽ തിക്കാതെ താന്താന്റെ പാതയിൽ നേരെ നടക്കുന്നു; അവർ മുറിവേല്ക്കാതെ ആയുധങ്ങളുടെ ഇടയിൽകൂടി ചാടുന്നു.
9 അവർ പട്ടണങ്ങളിലേക്കു ബദ്ധപ്പെട്ടു ചെല്ലുന്നു; അവർ മതിലിന്മീതേ ഓടുന്നു. അവർ വീടുകളിൽ കടക്കുന്നു; മോഷ്ടാക്കളെപ്പോലെ അവർ ജനാലകളിൽക്കൂടെ പ്രവേശിക്കുന്നു.
അവർ പട്ടണത്തിൽ ചാടിക്കടക്കുന്നു; മതിലിന്മേൽ ഓടുന്നു; വീടുകളിന്മേൽ കയറുന്നു; കള്ളനെപ്പോലെ കിളിവാതിലുകളിൽകൂടി കടക്കുന്നു.
10 അവരുടെമുമ്പിൽ ഭൂമി കുലുങ്ങുന്നു, ആകാശം വിറയ്ക്കുന്നു, സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു, നക്ഷത്രങ്ങൾ പ്രകാശിക്കുന്നതുമില്ല.
അവരുടെ മുമ്പിൽ ഭൂമി കുലുങ്ങുന്നു; ആകാശം നടങ്ങുന്നു; സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു; നക്ഷത്രങ്ങൾ പ്രകാശം നല്കാതിരിക്കുന്നു.
11 യഹോവ തന്റെ സൈന്യത്തിന്റെ മുൻനിരയിൽ ഇടിമുഴക്കുന്നു; അവിടത്തെ സൈന്യം അസംഖ്യമാണ്, അവിടത്തെ കൽപ്പന അനുസരിക്കുന്നവർ ശക്തരാണ്. യഹോവയുടെ ദിവസം മഹത്തരം; അതു ഭയങ്കരം. അത് അതിജീവിക്കാൻ ആർക്കു കഴിയും?
യഹോവ തന്റെ സൈന്യത്തിൻ മുമ്പിൽ മേഘനാദം കേൾപ്പിക്കുന്നു; അവന്റെ പാളയം അത്യന്തം വലുതും അവന്റെ വചനം അനുഷ്ഠിക്കുന്നവൻ ശക്തിയുള്ളവനും തന്നേ; യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; അതു സഹിക്കാകുന്നവൻ ആർ?
12 “ഇപ്പോഴെങ്കിലും, പൂർണഹൃദയത്തോടും ഉപവാസത്തോടും കണ്ണുനീരോടും കരച്ചിലോടുംകൂടെ എന്റെ അടുക്കലേക്കു മടങ്ങിവരിക,” എന്ന് യഹോവ കൽപ്പിക്കുന്നു.
എന്നാൽ ഇപ്പോഴെങ്കിലും നിങ്ങൾ പൂർണ്ണഹൃദയത്തോടും ഉപവാസത്തോടും കരച്ചലോടും വിലാപത്തോടുംകൂടെ എങ്കലേക്കു തിരിവിൻ എന്നു യഹോവയുടെ അരുളപ്പാടു.
13 നിങ്ങളുടെ വസ്ത്രങ്ങളെയല്ല, ഹൃദയത്തെത്തന്നെ കീറുവിൻ; നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിവരിക, അവിടന്ന് കൃപയും മനസ്സലിവും ഉള്ളവൻ; എളുപ്പം കോപിക്കാത്തവനും സ്നേഹത്തിൽ സമ്പന്നനും ആകുന്നു, അവിടന്ന് അനർഥം അയയ്ക്കുന്നതിൽ അനുതപിക്കുന്നു.
വസ്ത്രങ്ങളെയല്ല ഹൃദയങ്ങളെ തന്നേ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിവിൻ; അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ; അവൻ അനർത്ഥത്തെക്കുറിച്ചു അനുതപിക്കും.
14 അവിടന്ന് തിരിഞ്ഞു കരുണകാണിക്കും, ഒരു അനുഗ്രഹം ശേഷിപ്പിക്കും, ആർക്കറിയാം? നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കാൻ കഴിയുമായിരിക്കും.
നിങ്ങളുടെ ദൈവമായ യഹോവ വീണ്ടും അനുതപിച്ചു തനിക്കു ഭോജനയാഗവും പാനീയയാഗവുമായുള്ളോരു അനുഗ്രഹം വെച്ചേക്കയില്ലയോ? ആർക്കറിയാം?
15 സീയോനിൽ കാഹളം ഊതുക, വിശുദ്ധ ഉപവാസം വിളംബരംചെയ്യുക, വിശുദ്ധസഭായോഗം വിളിച്ചുകൂട്ടുക.
സീയോനിൽ കാഹളം ഊതുവിൻ; ഒരു ഉപവാസം നിയമിപ്പിൻ; സഭായോഗം വിളിപ്പിൻ!
16 ജനത്തെ ഒരുമിച്ചുകൂട്ടുവിൻ, സഭയെ വിശുദ്ധീകരിക്കുക; ഗോത്രത്തലവന്മാരെ കൂട്ടിവരുത്തുവിൻ, കുഞ്ഞുങ്ങളെയും മുലകുടിക്കുന്നവരെയും ഒരുമിച്ചുകൂട്ടുവിൻ. മണവാളൻ തന്റെ മുറിയിൽനിന്ന് അതേ, മണവാട്ടി തന്റെ മണിയറയിൽനിന്ന് പുറത്തുവരട്ടെ.
ജനത്തെ കൂട്ടിവരുത്തുവിൻ; സഭയെ വിശുദ്ധീകരിപ്പിൻ; മൂപ്പന്മാരെ കൂട്ടിവരുത്തുവിൻ; പൈതങ്ങളെയും മുലകുടിക്കുന്നവരെയും ഒരുമിച്ചുകൂട്ടുവിൻ; മണവാളൻ മണവറയും മണവാട്ടി ഉള്ളറയും വിട്ടു പുറത്തു വരട്ടെ.
17 യഹോവയുടെമുമ്പിൽ ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാർ ആലയത്തിന്റെ പൂമുഖത്തിനും യാഗപീഠത്തിനും മധ്യേ കണ്ണുനീരൊഴുക്കട്ടെ. അവർ ഇങ്ങനെ പറയട്ടെ; “യഹോവേ, അങ്ങയുടെ ജനത്തോട് ദയകാണിക്കണമേ. അവിടത്തെ അവകാശത്തെ നിന്ദാവിഷയമാക്കരുതേ, ജനതകൾക്കിടയിൽ ഒരു പരിഹാസമാക്കരുതേ. ‘അവരുടെ ദൈവം എവിടെ? എന്ന് അവർ പറയുന്നതെന്തിന്?’”
യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർ പൂമുഖത്തിന്റെയും യാഗപീഠത്തിന്റെയും മദ്ധ്യേ കരഞ്ഞുംകൊണ്ടു: യഹോവേ, നിന്റെ ജനത്തോടു ക്ഷമിക്കേണമേ; ജാതികൾ അവരുടെ മേൽ വാഴുവാൻ തക്കവണ്ണം നിന്റെ അവകാശത്തെ നിന്ദെക്കു ഏല്പിക്കരുതേ; അവരുടെ ദൈവം എവിടെയെന്നു ജാതികളുടെ ഇടയിൽ പറയുന്നതെന്തിന്നു? എന്നിങ്ങനെ പറയട്ടെ.
18 അപ്പോൾ യഹോവ തന്റെ ദേശത്തെക്കുറിച്ചു തീക്ഷ്ണത കാണിക്കും തന്റെ ജനത്തോടു ദയകാണിക്കും.
അങ്ങനെ യഹോവ തന്റെ ദേശത്തിന്നു വേണ്ടി തീക്ഷ്ണത കാണിച്ചു തന്റെ ജനത്തെ ആദരിച്ചു.
19 യഹോവ അവരോട് ഇപ്രകാരം മറുപടി പറയും: “ഞാൻ നിങ്ങൾക്കു ധാന്യവും പുതുവീഞ്ഞും എണ്ണയും മതിയാവോളം തരും; ഇനിയൊരിക്കലും ഞാൻ നിങ്ങളെ ജനതകൾക്കിടയിൽ ഒരു പരിഹാസവിഷയമാക്കുകയില്ല.
യഹോവ തന്റെ ജനത്തിന്നു ഉത്തരം അരുളിയതു: ഞാൻ നിങ്ങൾക്കു ധാന്യവും വീഞ്ഞും എണ്ണയും നല്കും; നിങ്ങൾ അതിനാൽ തൃപ്തി പ്രാപിക്കും; ഞാൻ ഇനി നിങ്ങളെ ജാതികളുടെ ഇടയിൽ നിന്ദയാക്കുകയുമില്ല.
20 “ഞാൻ വടക്കേ സൈന്യത്തെ നിങ്ങളിൽനിന്ന്, വരണ്ടതും തരിശുമായ ദേശത്തേക്ക് ഓടിച്ചുകളയും; അവരുടെ മുൻനിര കിഴക്ക് ഉപ്പുകടലിൽ മുങ്ങിത്താഴും പിൻനിര പടിഞ്ഞാറ് മെഡിറ്ററേനിയൻ സമുദ്രത്തിലേക്കും പോകും. അതിന്റെ നാറ്റം ഉയരും; ദുർഗന്ധം വമിച്ചുകൊണ്ടിരിക്കും.” അവൻ വമ്പുകാട്ടിയിരിക്കുന്നു, നിശ്ചയം!
വടക്കുനിന്നുള്ള ശത്രുവിനെ ഞാൻ നിങ്ങളുടെ ഇടയിൽനിന്നു ദൂരത്താക്കി വരണ്ടതും ശൂന്യവുമായോരു ദേശത്തേക്കു നീക്കി, അവന്റെ മുൻപടയെ കിഴക്കെ കടലിലും അവന്റെ പിൻപടയെ പടിഞ്ഞാറെ കടലിലും ഇട്ടുകളയും; അവൻ വമ്പു കാട്ടിയിരിക്കകൊണ്ടു അവന്റെ ദുർഗ്ഗന്ധം പൊങ്ങുകയും നാറ്റം കയറുകയും ചെയ്യും.
21 ദേശമേ, ഭയപ്പെടേണ്ട, സന്തോഷിച്ച് ഉല്ലസിക്കുക. നിശ്ചയമായും യഹോവ മഹത്തായ കാര്യങ്ങൾ ചെയ്തിരിക്കുന്നു!
ദേശമേ, ഭയപ്പെടേണ്ടാ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക; യഹോവ വൻകാര്യങ്ങളെ ചെയ്തിരിക്കുന്നു.
22 വയലിലെ മൃഗങ്ങളേ, ഭയപ്പെടേണ്ട, തരിശുനിലത്തെ മേച്ചിൽപ്പുറങ്ങൾ പച്ചയായിത്തീരുന്നു. വൃക്ഷങ്ങൾ ഫലം കായ്ക്കുന്നു; അത്തിയും മുന്തിരിയും ആദായം തരുന്നു.
വയലിലേ മൃഗങ്ങളേ, ഭയപ്പെടേണ്ടാ; മരുഭൂമിയിലെ പുല്പുറങ്ങൾ പച്ചവെക്കുന്നു; വൃക്ഷം ഫലം കായ്ക്കുന്നു; അത്തിവൃക്ഷവും മുന്തിരിവള്ളിയും അനുഭവപുഷ്ടി നല്കുന്നു.
23 സന്തോഷിക്കുക, സീയോനിലെ ജനമേ, നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിക്കുക. അവിടന്ന് വിശ്വസ്തനാകുകയാൽ നിങ്ങൾക്കു മുന്മഴ തരുന്നു; അവിടന്ന് ശിശിരത്തിലും വസന്തത്തിലും സമൃദ്ധമായ മഴ തരുന്നു.
സീയോൻ മക്കളേ, ഘോഷിച്ചുല്ലസിച്ചു നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിപ്പിൻ! അവൻ തക്ക അളവായി നിങ്ങൾക്കു മുൻമഴ തരുന്നു; അവൻ മുമ്പേപ്പോലെ നിങ്ങൾക്കു മുൻമഴയും പിൻമഴയുമായ വർഷം പെയ്യിച്ചുതരുന്നു.
24 മെതിക്കളങ്ങൾ ധാന്യങ്ങൾകൊണ്ടു നിറയും; ചക്കുകളിൽ പുതുവീഞ്ഞും എണ്ണയും കവിഞ്ഞൊഴുകും.
അങ്ങനെ കളപ്പുരകൾ ധാന്യംകൊണ്ടു നിറയും; ചക്കുകൾ വീഞ്ഞും എണ്ണയും കൊണ്ടു കവിയും.
25 “വെട്ടുക്കിളികൾ തിന്നുപോയ വർഷങ്ങൾക്കു തക്കവണ്ണം ഞാൻ നിങ്ങൾക്കു പകരംനൽകും— ചെറുതും വലുതുമായ വെട്ടുക്കിളികളും തുള്ളനും പച്ചപ്പുഴുവും ഉൾപ്പെടെ എന്റെ ഒരു മഹാസൈന്യത്തെ ഞാൻ അയച്ചല്ലോ.
ഞാൻ നിങ്ങളുടെ ഇടയിൽ അയച്ചിരിക്കുന്ന എന്റെ മഹാസൈന്യമായ വെട്ടുക്കിളിയും വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ സംവത്സരങ്ങൾക്കു വേണ്ടി ഞാൻ നിങ്ങൾക്കു പകരം നല്കും.
26 നിങ്ങൾക്കു നിറയുവോളം, സമൃദ്ധമായി ഭക്ഷിക്കാൻ ഉണ്ടാകും, അപ്പോൾ നിങ്ങൾക്കുവേണ്ടി അന്നു തങ്ങൾ പ്രവർത്തിച്ച നിങ്ങളുടെ ദൈവമായ യഹോവയുടെ നാമം നിങ്ങൾ സ്തുതിക്കും. ഇനിയൊരിക്കലും എന്റെ ജനം ലജ്ജിച്ചുപോകുകയില്ല.
നിങ്ങൾ വേണ്ടുവോളം തിന്നു തൃപ്തരായി, നിങ്ങളോടു അത്ഭുതമായി പ്രവർത്തിച്ചിരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ സ്തുതിക്കും; എന്റെ ജനം ഒരുനാളും ലജ്ജിച്ചുപോകയുമില്ല.
27 ഞാൻ ഇസ്രായേലിലുണ്ടെന്നും ഞാൻ നിന്റെ ദൈവമായ യഹോവയാകുന്നു എന്നും ഞാനല്ലാതെ മറ്റാരും ഇല്ലെന്നും അപ്പോൾ നിങ്ങൾ അറിയും; ഇനിയൊരിക്കലും എന്റെ ജനം ലജ്ജിച്ചുപോകുകയില്ല.
ഞാൻ യിസ്രായേലിന്റെ നടുവിൽ ഉണ്ടു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല എന്നു നിങ്ങൾ അറിയും; എന്റെ ജനം ഒരു നാളും ലജ്ജിച്ചുപോകയുമില്ല.
28 “പിന്നീട്, ഞാൻ എന്റെ ആത്മാവിനെ സകലമനുഷ്യരുടെമേലും പകരും. നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും നിങ്ങളുടെ യുവാക്കൾക്കു ദർശനങ്ങളുണ്ടാകും.
അതിന്റെ ശേഷമോ, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങളെ ദർശിക്കും.
29 എന്റെ ദാസന്മാരുടെയും ദാസിമാരുടെയുംമേലും ആ നാളുകളിൽ ഞാൻ എന്റെ ആത്മാവിനെ പകരും.
ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും.
30 ഞാൻ ആകാശങ്ങളിലും ഭൂമിയിലും അത്ഭുതങ്ങൾ കാണിക്കും, രക്തവും തീയും പുകച്ചുരുളുംതന്നെ.
ഞാൻ ആകാശത്തിലും ഭൂമിയിലും അത്ഭുതങ്ങളെ കാണിക്കും: രക്തവും തീയും പുകത്തൂണും തന്നേ.
31 യഹോവയുടെ ശ്രേഷ്ഠവും ഭയങ്കരവുമായ ദിവസം വരുന്നതിനുമുമ്പേ സൂര്യൻ ഇരുളായി മാറുകയും ചന്ദ്രൻ രക്തമായിത്തീരുകയും ചെയ്യും.
യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരുംമുമ്പെ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും.
32 യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏതൊരുവനും രക്ഷിക്കപ്പെടും; യഹോവ അരുളിച്ചെയ്തതുപോലെ സീയോൻപർവതത്തിലും ജെറുശലേമിലും രക്ഷപ്പെട്ടവർ ഉണ്ടാകും, അവശേഷിക്കുന്നവർക്കിടയിൽപോലും യഹോവയാൽ വിളിക്കപ്പെടുന്നവർക്കു വിടുതലുണ്ടാകും.
എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും; യഹോവ അരുളിച്ചെയ്തതുപോലെ സിയോൻപർവ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും.