< തീത്തൊസ് 1 >
1 ൧ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ കല്പനപ്രകാരം എന്നെ ഭരമേല്പിച്ച പ്രസംഗത്താൽ തക്കസമയത്ത് തന്റെ വചനം വെളിപ്പെടുത്തിയ,
2 ൨ ഭോഷ്ക് പറയാത്ത ദൈവം സകലകാലത്തിനും മുമ്പെ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശയിൽ (aiōnios )
3 ൩ താൻ തിരഞ്ഞെടുത്തവരുടെ വിശ്വാസത്തിനും ഭക്തിക്കനുസാരമായ സത്യത്തിന്റെ പരിജ്ഞാനത്തിനുമായി, ദൈവത്തിന്റെ ദാസനും യേശുക്രിസ്തുവിന്റെ അപ്പൊസ്തലനുമായ പൗലൊസ്,
4 ൪ നമ്മുടെ പൊതുവിശ്വാസത്തിൽ യഥാർത്ഥപുത്രനായ തീത്തൊസിന് എഴുതുന്നത്: പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിങ്കൽനിന്നും നിനക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.
5 ൫ ഞാൻ ക്രേത്തയിൽ നിന്നെ വിട്ടിട്ടുപോന്നത്: ശേഷിച്ച കാര്യങ്ങളെ ക്രമത്തിലാക്കേണ്ടതിനും ഞാൻ നിന്നോട് ആജ്ഞാപിച്ചതുപോലെ എല്ലാ പട്ടണത്തിലും മൂപ്പന്മാരെ നിയമിക്കേണ്ടതിനും തന്നെ.
6 ൬ മൂപ്പൻ കുറ്റമില്ലാത്തവനും ഏകഭാര്യയുള്ളവനും ദുർന്നടപ്പിന്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കണം.
7 ൭ അദ്ധ്യക്ഷൻ ദൈവത്തിന്റെ ഗൃഹവിചാരകനാകയാൽ കുറ്റമില്ലാത്തവനായിരിക്കേണം; തന്നിഷ്ടക്കാരനും മുൻകോപിയും മദ്യപ്രിയനും കലഹക്കാരനും ദുർല്ലാഭമോഹിയും അരുത്.
8 ൮ എന്നാൽ അതിഥിപ്രിയനും സൽഗുണപ്രിയനും സുബോധശീലനും നീതിമാനും നിർമ്മലനും ഇന്ദ്രിയജയമുള്ളവനും
9 ൯ ആരോഗ്യകരമായ ഉപദേശത്താൽ പ്രബോധിപ്പിക്കുവാനും വിരോധികൾക്കു ബോധം വരുത്തുവാനും ശക്തനാകേണ്ടതിന്, ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവനും ആയിരിക്കണം.
10 ൧൦ വൃഥാവാചാലന്മാരും, ജനങ്ങളെ വഞ്ചിക്കുന്നവരുമായ കീഴടങ്ങാത്ത പലരും ഉണ്ട്; വിശേഷാൽ പരിച്ഛേദനക്കാർ തന്നെ.
11 ൧൧ അവരുടെ വായ് അടയ്ക്കേണ്ടതാകുന്നു. അവർ ദുരാദായത്തിനു വേണ്ടി, ഉപദേശിക്കരുതാത്തത് ഉപദേശിച്ചുകൊണ്ട് കുടുംബങ്ങളെ മുഴുവനും മറിച്ചുകളയുന്നു.
12 ൧൨ “ക്രേത്തർ സദാ നുണയന്മാരും, ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ” എന്ന് അവരിൽ ഒരുവൻ, അവരുടെ ഒരു പ്രവാചകൻ തന്നെ, പറഞ്ഞിരിക്കുന്നു.
13 ൧൩ ഈ സാക്ഷ്യം സത്യം തന്നെ; അതുകൊണ്ട് അവർ വിശ്വാസത്തിൽ ആരോഗ്യമുള്ളവരായിത്തീരേണ്ടതിനും
14 ൧൪ യെഹൂദകെട്ടുകഥകളെയും സത്യം വിട്ടകലുന്ന മനുഷ്യരുടെ കല്പനകളെയും ശ്രദ്ധിക്കാതിരിക്കേണ്ടതിനും അവരെ കഠിനമായി ശാസിക്കുക.
15 ൧൫ ശുദ്ധിയുള്ളവർക്കു് എല്ലാം ശുദ്ധം തന്നെ; എന്നാൽ മലിനന്മാർക്കും അവിശ്വാസികൾക്കും ഒന്നും ശുദ്ധമല്ല; അവരുടെ ഹൃദയവും മനസ്സാക്ഷിയും മലിനമായിത്തീർന്നിരിക്കുന്നു.
16 ൧൬ അവർ ദൈവത്തെ അറിയുവാൻ പ്രഖ്യാപിക്കുന്നുവെങ്കിലും പ്രവൃത്തികളാൽ അവനെ നിഷേധിക്കുന്നു. അവർ അറപ്പുളവാക്കുന്നവരും അനുസരണംകെട്ടവരും യാതൊരു നല്ലകാര്യത്തിനും കൊള്ളരുതാത്തവരുമാകുന്നു.