< രൂത്ത് 4 >

1 അനന്തരം ബോവസ് പട്ടണവാതില്‍ക്കൽ ചെന്നു അവിടെ ഇരുന്നു. ബോവസ് പറഞ്ഞിരുന്ന ബന്ധുവായ വീണ്ടെടുപ്പുകാരൻ കടന്നുപോകുന്നത് കണ്ടു: “സ്നേഹിതാ, വന്ന് ഇവിടെ ഇരിക്ക” എന്നു അവനോട് പറഞ്ഞു. അവൻ ചെന്നു അവിടെ ഇരുന്നു. 2 പിന്നെ അവൻ പട്ടണത്തിലെ മൂപ്പന്മാരിൽ പത്തുപേരെ വരുത്തി; ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു; അവരും ഇരുന്നു. 3 അപ്പോൾ അവൻ ആ ബന്ധുവായ വീണ്ടെടുപ്പുകാരനോട് പറഞ്ഞത്: “മോവാബ് ദേശത്തു നിന്നു മടങ്ങിവന്നിരിക്കുന്ന നൊവൊമി നമ്മുടെ സഹോദരനായ എലീമേലെക്കിന്‍റെ വയൽ വില്ക്കുന്നു. ആകയാൽ നിന്നോട് അത് അറിയിക്കുവാൻ ഞാൻ വിചാരിച്ചു; ഇവിടെ ഇരിക്കുന്നവരുടെയും ജനത്തിന്‍റെ മൂപ്പന്മാരുടെയും മുമ്പാകെ നീ അത് വിലയ്ക്കു വാങ്ങുക. 4 നിനക്ക് വീണ്ടെടുപ്പാൻ മനസ്സുണ്ടെങ്കിൽ വീണ്ടെടുക്കുക; ഇല്ലെങ്കിൽ ഞാൻ അറിയേണ്ടതിന്ന് എന്നോട് പറയുക; നീയും നീ കഴിഞ്ഞാൽ ഞാനും അല്ലാതെ വീണ്ടെടുപ്പാൻ മറ്റാരുമില്ല.” 5 അതിന് അവൻ: “ഞാൻ വീണ്ടെടുക്കാം” എന്ന് പറഞ്ഞു. അപ്പോൾ ബോവസ്: “നീ നൊവൊമിയോടു വയൽ വാങ്ങുമ്പോൾ തന്നെ, മരിച്ചവന്‍റെ പേർ അവന്‍റെ അവകാശത്തിന്മേൽ നിലനിർത്തേണ്ടതിന് അവന്‍റെ ഭാര്യ മോവാബ്യസ്ത്രീയായ രൂത്തിനെയും വാങ്ങേണം” എന്നു പറഞ്ഞു. 6 അതിന് ആ അടുത്ത വീണ്ടെടുപ്പുകാരൻ: “എനിക്ക് അത് വീണ്ടെടുപ്പാൻ കഴിയുകയില്ല; അല്ലെങ്കിൽ എന്‍റെ സ്വന്ത അവകാശം നഷ്ടപ്പെടുത്തേണ്ടിവരും; ആകയാൽ ഞാൻ വീണ്ടെടുക്കേണ്ടത് നീ വീണ്ടെടുത്തുകൊള്ളുക; എന്തെന്നാൽ എനിക്ക് വീണ്ടെടുക്കുവാൻ കഴിയുകയില്ല” എന്നു പറഞ്ഞു. 7 എന്നാൽ വീണ്ടെടുപ്പും കൈമാറ്റവും സംബന്ധിച്ചുള്ള കാര്യത്തിന്‍റെ ഉറപ്പിനായി ഒരുവൻ തന്‍റെ കാലിലെ ചെരിപ്പൂരി മറ്റേയാൾക്ക് കൊടുക്കുന്നത് യിസ്രായേലിലെ പഴയ ആചാരം ആയിരുന്നു. ഇത് ഉറപ്പിനു വേണ്ടി യിസ്രായേലിൽ ചെയ്തിരുന്നു. 8 അങ്ങനെ ആ വീണ്ടെടുപ്പുകാരൻ ബോവസിനോട്: “നീ അത് വാങ്ങിക്കൊള്ളുക” എന്നു പറഞ്ഞ് തന്‍റെ ചെരിപ്പൂരിക്കൊടുത്തു. 9 അപ്പോൾ ബോവസ് മൂപ്പന്മാരോടും സകലജനത്തോടും പറഞ്ഞത്: “എലീമേലെക്കിനും കില്യോന്നും മഹ്ലോനും ഉള്ളതൊക്കെയും ഞാൻ നൊവൊമിയോടു വാങ്ങിയിരിക്കുന്നു എന്നതിന് നിങ്ങൾ ഇന്ന് സാക്ഷികൾ ആകുന്നു. 10 ൧൦ അത്രയുമല്ല, മരിച്ചവന്‍റെ അവകാശം നിലനിർത്തുന്നതിനും അവന്‍റെ പേർ സഹോദരന്മാരുടെ ഇടയിൽനിന്നും അവന്‍റെ സ്ഥാനം പട്ടണവാതില്ക്കൽനിന്നും മാറ്റപ്പെടാതിരിക്കേണ്ടതിനും മരിച്ചുപോയ മഹ്ലോന്‍റെ ഭാര്യ മോവാബ്യസ്ത്രീയായ രൂത്തിനെയും ഞാൻ ഭാര്യയായി എടുത്തിരിക്കുന്നു എന്നതിന്നും നിങ്ങൾ ഇന്ന് സാക്ഷികൾ ആകുന്നു.” 11 ൧൧ അതിന് പട്ടണവാതില്‍ക്കൽ ഇരുന്ന സകലജനവും മൂപ്പന്മാരും പറഞ്ഞത്: “ഞങ്ങൾ സാക്ഷികൾ തന്നെ; നിന്‍റെ ഭവനത്തിൽ വന്നിരിക്കുന്ന സ്ത്രീയെ യഹോവ യാക്കോബിന് അനവധി മക്കളെ കൊടുക്കുവാന്‍ ഇടയാക്കിയതും യിസ്രയേൽ ഗൃഹം പണിയുവാന്‍ മുഖാന്തിരമാക്കിയതുമായ റാഹേലിനെപ്പോലെയും ലേയയെപ്പോലെയും ആക്കിതീര്‍ക്കട്ടെ; നീ ബേത്ലേഹേമിൽ, പ്രസിദ്ധനാകയും, എഫ്രാത്തയിൽ അഭിവൃദ്ധിപ്പെടുകയും ചെയ്യട്ടെ 12 ൧൨ ഈ യുവതിയിൽനിന്നു യഹോവ നിനക്ക് നല്കുന്ന സന്തതിയാൽ നിന്‍റെ ഗൃഹം താമാർ യെഹൂദായ്ക്കു പ്രസവിച്ച ഫേരെസിന്‍റെ ഗൃഹം പോലെ ആയിത്തീരട്ടെ.” 13 ൧൩ ഇങ്ങനെ ബോവസ് രൂത്തിനെ ഭാര്യയായി സ്വീകരിച്ചു; അവൻ അവളുടെ അടുക്കൽ ചെന്നപ്പോൾ യഹോവ അവൾക്കു ഗർഭം നല്കി; അവൾ ഒരു മകനെ പ്രസവിച്ചു. 14 ൧൪ അതിന് സ്ത്രീകൾ നൊവൊമിയോട്: “ഇന്ന് നിന്നെ ഉപേക്ഷിക്കാതെ നിനക്ക് ഒരു വീണ്ടെടുപ്പുകാരനെ നൽകിയ യഹോവ വാഴ്ത്തപ്പെട്ടവൻ; അവന്‍റെ പേർ യിസ്രായേലിൽ പ്രസിദ്ധമാകട്ടെ. 15 ൧൫ അവൻ നിനക്ക് ആശ്വാസപ്രദനും നിന്‍റെ വാർദ്ധക്യത്തിൽ നിന്നെ പോഷിപ്പിക്കുന്നവനും ആകട്ടെ. നിന്നെ സ്നേഹിക്കുന്നവളും ഏഴു പുത്രന്മാരെക്കാൾ നിനക്ക് നല്ലവളുമായ നിന്‍റെ മരുമകളല്ലോ അവനെ പ്രസവിച്ചത്” എന്നു പറഞ്ഞു. 16 ൧൬ അങ്ങനെ നൊവൊമി കുഞ്ഞിനെ എടുത്ത് മടിയിൽ കിടത്തി അവന് ശുശ്രൂഷകയായിത്തീർന്നു. 17 ൧൭ അവളുടെ അയല്‍ക്കാരത്തികൾ: “നൊവൊമിക്കു ഒരു മകൻ ജനിച്ചു” എന്നു പറഞ്ഞു അവന് ഓബേദ് എന്നു പേർവിളിച്ചു. ദാവീദിന്‍റെ അപ്പനായ യിശ്ശായിയുടെ അപ്പൻ ഇവൻ തന്നെ. 18 ൧൮ ഫേരെസിന്‍റെ വംശപാരമ്പര്യം ഇപ്രകാരമാണ്: ഫേരെസ് ഹെസ്രോനെ ജനിപ്പിച്ചു. ഹെസ്രോൻ രാമിനെ ജനിപ്പിച്ചു. 19 ൧൯ രാം അമ്മീനാദാബിനെ ജനിപ്പിച്ചു. 20 ൨൦ അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോൻ സല്‍മോനെ ജനിപ്പിച്ചു. 21 ൨൧ സല്‍മോൻ ബോവസിനെ ജനിപ്പിച്ചു; ബോവസ് ഓബേദിനെ ജനിപ്പിച്ചു. 22 ൨൨ ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു; യിശ്ശായി ദാവീദിനെ ജനിപ്പിച്ചു.

< രൂത്ത് 4 >