< വെളിപാട് 9 >
1 ൧ പിന്നെ അഞ്ചാമത്തെ ദൂതൻ കാഹളം ഊതി; അപ്പോൾ ഒരു നക്ഷത്രം ആകാശത്തുനിന്ന് ഭൂമിയിൽ വീഴുന്നത് ഞാൻ കണ്ട്; അഗാധഗർത്തത്തിന്റെ താക്കോൽ അവന് കൊടുത്തു. (Abyssos )
2 ൨ അവൻ അഗാധഗർത്തം തുറന്നു; ഒരു വലിയ ചൂളയിൽ നിന്നുള്ള പുകപോലെ ഗർത്തത്തിൽനിന്ന് പുകപൊങ്ങി; ഗർത്തത്തിൽ നിന്നും ഉയർന്ന പുകയാൽ സൂര്യനും അന്തരീക്ഷവും ഇരുണ്ടുപോയി. (Abyssos )
3 ൩ പുകയിൽനിന്ന് വെട്ടുക്കിളികൾ ഭൂമിമേൽ വന്നു, അവയ്ക്ക് ഭൂമിയിലെ തേളുകൾക്കുള്ളതുപോലെയുള്ള ശക്തി കൊടുക്കപ്പെടുകയും ചെയ്തു.
4 ൪ നെറ്റിയിൽ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യർക്കല്ലാതെ ഭൂമിയിലുള്ള പുല്ലിനും, യാതൊരു പച്ചയായ സസ്യത്തിനും, വൃക്ഷത്തിനും കേടുവരുത്തരുത് എന്നു അതിന് കല്പന ലഭിച്ചു.
5 ൫ അവരെ കൊല്ലുവാനല്ല, എന്നാൽ അഞ്ചുമാസക്കാലം അവരെ ഉപദ്രവിക്കുവാനത്രേ അവയ്ക്ക് അനുവാദം നൽകിയത്; അവരുടെ വേദന, തേൾ മനുഷ്യനെ കുത്തുമ്പോൾ ഉണ്ടാകുന്ന വേദനപോലെ തന്നെ.
6 ൬ ആ കാലത്ത് മനുഷ്യർ മരണം അന്വേഷിക്കും; പക്ഷേ അത് കണ്ടെത്തുകയില്ല; അവർ മരിക്കുവാൻ ആശിക്കും; എന്നാൽ മരണം അവരിൽ നിന്നു പറന്നുപോകും.
7 ൭ വെട്ടുക്കിളികളുടെ രൂപം യുദ്ധത്തിന് ഒരുക്കിയ കുതിരകളെപ്പോലെ; അവയുടെ തലകളിൽ സ്വർണ്ണകിരീടങ്ങൾ പോലെ എന്തോ ഉണ്ടായിരുന്നു; അവയുടെ മുഖങ്ങൾ മനുഷ്യരുടെ മുഖങ്ങൾ പോലെയും ആയിരുന്നു.
8 ൮ സ്ത്രീകളുടെ മുടിപോലെ അവയ്ക്ക് മുടി ഉണ്ടായിരുന്നു; അവയുടെ പല്ലുകൾ സിംഹത്തിന്റെ പല്ലുകൾ പോലെ ആയിരുന്നു.
9 ൯ ഇരുമ്പുകവചംപോലെ അവയ്ക്ക് കവചങ്ങൾ ഉണ്ട്; അവയുടെ ചിറകുകളുടെ ശബ്ദം യുദ്ധത്തിനു ഓടുന്ന അനേകം രഥങ്ങളും കുതിരകളും ഉണ്ടാക്കുന്ന ശബ്ദംപോലെയും ആയിരുന്നു.
10 ൧൦ അവയ്ക്ക് തേളുകളെപ്പോലെ വാലുകൾ ഉണ്ട്; അവയിൽ വിഷമുള്ളുകളും ഉണ്ടായിരുന്നു; മനുഷ്യരെ അഞ്ചുമാസക്കാലം ഉപദ്രവിക്കുവാനുള്ള ശക്തി അവയ്ക്ക് ഉണ്ടായിരുന്നു.
11 ൧൧ അഗാധഗർത്തത്തിന്റെ ദൂതൻ അവയുടെമേൽ രാജാവായി ഉണ്ടായിരുന്നു; അവന്റെ പേര് എബ്രായ ഭാഷയിൽ അബദ്ദോൻ എന്നാകുന്നു, എന്നാൽ ഗ്രീക്ക് ഭാഷയിൽ അത് അപ്പൊല്ലുവോൻ എന്നും ആകുന്നു. (Abyssos )
12 ൧൨ ആദ്യത്തെ കഷ്ടം കഴിഞ്ഞുപോയി. ജാഗ്രതയായിരിക്ക! ഇനിയും രണ്ട് കഷ്ടങ്ങൾ കൂടെ വരുവാനുണ്ട്.
13 ൧൩ ആറാമത്തെ ദൂതൻ കാഹളം ഊതി; അപ്പോൾ ദൈവസന്നിധിയിലുള്ള സ്വർണ്ണയാഗപീഠത്തിലെ നാല് കൊമ്പുകളിൽനിന്ന് ഒരു ശബ്ദം വരുന്നത് ഞാൻ കേട്ട്.
14 ൧൪ ആ ശബ്ദം കാഹളം കയ്യിലുള്ള ആറാം ദൂതനോട് പറഞ്ഞത്, “യൂഫ്രട്ടീസ് എന്ന മഹാനദിക്കരികെ ബന്ധിച്ചിരിക്കുന്ന നാല് ദൂതന്മാരെ അഴിച്ചുവിടുക”.
15 ൧൫ മനുഷ്യരിൽ മൂന്നിലൊന്നിനെ കൊല്ലുവാനായി, ഒരു മണിക്കൂറിനും ഒരു ദിവസത്തിനും ഒരു മാസത്തിനും ഒരു വർഷത്തിനും ഒരുക്കിയിരുന്ന നാല് ദൂതന്മാരെ അഴിച്ചുവിട്ടു.
16 ൧൬ കുതിരപ്പടയുടെ സംഖ്യ ആയിരം മടങ്ങ് രണ്ടുലക്ഷം എന്നു ഞാൻ കേട്ട്.
17 ൧൭ ഞാൻ കുതിരകളെയും കുതിരപ്പുറത്ത് ഇരിക്കുന്നവരെയും എന്റെ ദർശനത്തിൽ കണ്ടത് എങ്ങനെ എന്നാൽ: അവരുടെ മാർകവചങ്ങൾ തീകൊണ്ടുള്ളതും, ചുവന്ന സ്ഫടികവും ഗന്ധകവും പോലെ ഉള്ളതും ആയിരുന്നു; കുതിരകളുടെ തല സിംഹങ്ങളുടെ തലപോലെ ആയിരുന്നു; അവയുടെ വായിൽനിന്നും തീയും പുകയും ഗന്ധകവും വമിച്ചു.
18 ൧൮ അവയുടെ വായിൽനിന്നു പുറപ്പെട്ട തീ, പുക, ഗന്ധകം എന്നിവയാൽ മനുഷ്യരിൽ മൂന്നിലൊന്നു കൊല്ലപ്പെട്ടു.
19 ൧൯ അവയുടെ ശക്തി വായിലും വാലിലും ആയിരുന്നു; അവയുടെ വാലുകൾ സർപ്പങ്ങളെപ്പോലെ ആയിരുന്നു; മനുഷ്യനെ ദണ്ഡിപ്പിക്കുന്നതിന് അവയ്ക്ക് തലകളും ഉണ്ടായിരുന്നു.
20 ൨൦ ഈ ബാധകളാൽ കൊല്ലപ്പെടാത്ത ബാക്കി മനുഷ്യരോ അവർ ചെയ്തിരുന്ന പ്രവൃത്തി വിട്ടു മാനസാന്തരപ്പെട്ടില്ല, ദുർഭൂതങ്ങളെയും, കാണുവാനും കേൾക്കുവാനും നടക്കുവാനും കഴിയാത്ത പൊന്നു, വെള്ളി, ചെമ്പു, കല്ല്, മരം എന്നിവകൊണ്ടുള്ള ബിംബങ്ങളെയും ആരാധിക്കുന്നതും അവർ നിർത്തിയില്ല.
21 ൨൧ അവരുടെ കൊലപാതകം, മന്ത്രവാദം, ദുർന്നടപ്പ്, മോഷണം എന്നീ പ്രവർത്തികൾ വിട്ടു മാനസാന്തരപ്പെട്ടതുമില്ല.