< വെളിപാട് 14 >
1 ൧ ഞാൻ നോക്കിയപ്പോൾ സീയോൻമലയിൽ കുഞ്ഞാട് നില്ക്കുന്നതു കണ്ട്. അവന്റെ നാമവും അവന്റെ പിതാവിന്റെ നാമവും നെറ്റിയിൽ എഴുതിയിരിക്കുന്നവരായ 1,44,000 പേർ അവനോടുകൂടെ ഉണ്ടായിരുന്നു.
2 ൨ പെരുവെള്ളത്തിന്റെ ഇരച്ചിൽപോലെയും വലിയൊരു ഇടിമുഴക്കംപോലെയും സ്വർഗ്ഗത്തിൽനിന്ന് ഒരു ഘോഷം ഞാൻ കേട്ട്; ഞാൻ കേട്ട ഘോഷം വീണ വായനക്കാർ അവരുടെ വീണകൾ മീട്ടുന്നതുപോലെയും ആയിരുന്നു.
3 ൩ അവർ സിംഹാസനത്തിനും നാല് ജീവികൾക്കും മൂപ്പന്മാർക്കും മുമ്പാകെ ഒരു പുതിയ പാട്ടുപാടി; ഭൂമിയിൽനിന്നു വീണ്ടെടുക്കപ്പെട്ടവരായ 1,44,000 പേർക്കല്ലാതെ ആർക്കും ആ പാട്ടു പഠിപ്പാൻ കഴിഞ്ഞില്ല.
4 ൪ അവർ സ്ത്രീകളാൽ മാലിന്യപ്പെടാത്തവർ; ശുദ്ധിയുള്ളവരായി സൂക്ഷിച്ചവർ തന്നെ. കുഞ്ഞാട് പോകുന്നേടത്തൊക്കെയും അവർ അവനെ അനുഗമിക്കുന്നു; ദൈവത്തിനും കുഞ്ഞാടിനും ആദ്യഫലമായി മനുഷ്യരുടെ ഇടയിൽനിന്ന് വീണ്ടെടുക്കപ്പെട്ടവർ ആയിരുന്നു ഇവർ.
5 ൫ കള്ളം അവരുടെ വായിൽ ഉണ്ടായിരുന്നില്ല; ദൈവസിംഹാസനത്തിന്മുമ്പിൽ അവർ കുറ്റമില്ലാത്തവർ തന്നേ.
6 ൬ വേറൊരു ദൂതൻ ആകാശമധ്യേ പറക്കുന്നത് ഞാൻ കണ്ട്; ഭൂമിയിൽ വസിക്കുന്ന സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോട് അറിയിക്കുവാൻ അവന്റെ പക്കൽ നിത്യസുവിശേഷം ഉണ്ടായിരുന്നു. (aiōnios )
7 ൭ ദൈവത്തെ ഭയപ്പെട്ടു അവന് മഹത്വം കൊടുക്കുവിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു. ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനെ ആരാധിപ്പിൻ എന്നു അവൻ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു.
8 ൮ വേറൊരു ദൂതൻ പിൻചെന്നു: വീണുപോയി! തന്റെ ദുർന്നടപ്പിന്റെ ക്രോധമദ്യം സകലജാതികളെയും കുടിപ്പിച്ചതുകൊണ്ട് മഹാനഗരമായ ബാബിലോൺ വീണുപോയി എന്നു പറഞ്ഞുകൊണ്ടിരുന്നു.
9 ൯ മൂന്നാമതു വേറൊരു ദൂതൻ അവരുടെ പിന്നാലെ ചെന്ന് അത്യുച്ചത്തിൽ പറഞ്ഞത്: മൃഗത്തെയോ അതിന്റെ പ്രതിമയേയോ ആരാധിക്കുകയും തന്റെ നെറ്റിയിലോ കൈമേലോ അവന്റെ മുദ്ര സ്വീകരിക്കുകയും ചെയ്യുന്നവൻ ആരായിരുന്നാലും
10 ൧൦ അവൻ ദൈവകോപത്തിന്റെ പാനപാത്രത്തിൽ കലർപ്പില്ലാതെ പകർന്നിരിക്കുന്ന ദൈവത്തിന്റെ ക്രോധമദ്യം കുടിക്കേണ്ടിവരും; അവൻ വിശുദ്ധദൂതന്മാരുടേയും കുഞ്ഞാടിന്റെയും മുമ്പാകെ തീയിലും ഗന്ധകത്തിലും ദണ്ഡിപ്പിക്കപ്പെടുകയും ചെയ്യും.
11 ൧൧ അവരുടെ ദണ്ഡനത്തിന്റെ പുക എന്നെന്നേക്കും പൊങ്ങിക്കൊണ്ടിരിക്കും; മൃഗത്തെയും അതിന്റെ പ്രതിമയേയും ആരാധിക്കുന്നവർക്കും അതിന്റെ പേരിന്റെ മുദ്ര സ്വീകരിക്കുന്ന ഏവർക്കും രാവും പകലും ഒരു സ്വസ്ഥതയും ഉണ്ടാകയില്ല. (aiōn )
12 ൧൨ ദൈവകല്പന അനുസരിക്കുന്നവരും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്നവരുമായ വിശുദ്ധന്മാരുടെ സഹനം കൊണ്ട് ഇവിടെ ആവശ്യം.
13 ൧൩ സ്വർഗ്ഗത്തിൽനിന്ന് ഒരു ശബ്ദം എന്നോട് പറയുന്നത് ഞാൻ കേട്ട്; “ഇതു എഴുതുക: ഇന്ന് മുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ; അതെ, അവരുടെ അദ്ധ്വാനങ്ങളിൽ നിന്നു അവർ വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തികൾ അവരെ പിന്തുടരും എന്നു ആത്മാവ് പറയുന്നു”.
14 ൧൪ പിന്നെ ഞാൻ നോക്കിയപ്പോൾ, ഇതാ ഒരു വെളുത്ത മേഘം, മേഘത്തിന്മേൽ മനുഷ്യപുത്രനെപ്പോലെ ഒരുവൻ ഇരിക്കുന്നത് ഞാൻ കണ്ട്. അവന്റെ തലയിൽ ഒരു സ്വർണ്ണകിരീടവും കയ്യിൽ മൂർച്ചയുള്ളൊരു അരിവാളും ഉണ്ടായിരുന്നു.
15 ൧൫ പിന്നെ മറ്റൊരു ദൂതൻ ദൈവാലത്തിൽ നിന്നു പുറത്തു വന്നു, മേഘത്തിന്മേൽ ഇരിക്കുന്നവനോട്: നിന്റെ അരിവാൾ എടുത്തു കൊയ്യുവാൻ തുടങ്ങുക; ഭൂമിയിലെ വിളവ് വിളഞ്ഞിരിക്കുന്നതിനാൽ കൊയ്ത്തിന് സമയം ആയിരിക്കുന്നു എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.
16 ൧൬ അപ്പോൾ മേഘത്തിന്മേൽ ഇരിക്കുന്നവൻ അവന്റെ അരിവാൾ ഭൂമിക്കുമീതെ വീശി, ഭൂമിയിലെ വിളവെടുക്കപ്പെടുകയും ചെയ്തു.
17 ൧൭ മറ്റൊരു ദൂതൻ സ്വർഗ്ഗത്തിലെ ആലയത്തിൽനിന്ന് പുറത്തു വന്നു; മൂർച്ചയുള്ളൊരു അരിവാൾ അവനും ഉണ്ടായിരുന്നു.
18 ൧൮ പിന്നീട് തീയുടെമേൽ അധികാരമുള്ള വേറൊരു ദൂതൻ യാഗപീഠത്തിങ്കൽ നിന്നു പുറത്തു വന്നു, അവൻ മൂർച്ചയുള്ള അരിവാൾ പിടിച്ചിരുന്നവനോട്: മുന്തിരിങ്ങ നന്നായി പഴുത്തിരിക്കയാൽ നിന്റെ മൂർച്ചയുള്ള അരിവാൾ എടുത്തു ഭൂമിയിലെ മുന്തിരിക്കുലകളെ അറുത്തെടുക്കുക ഉറക്കെ വിളിച്ചു പറഞ്ഞു.
19 ൧൯ ദൂതൻ തന്റെ അരിവാൾ ഭൂമിയിലേക്കു വീശി, ഭൂമിയിലെ മുന്തിരിക്കുലകൾ ശേഖരിച്ച്, ദൈവകോപത്തിന്റെ വലിയ മുന്തിരിച്ചക്കിൽ ഇട്ട്.
20 ൨൦ മുന്തിരിച്ചക്ക് നഗരത്തിന് പുറത്തുവച്ച് ചവിട്ടി; ചക്കിൽനിന്ന് രക്തം രണ്ടു മീറ്റര് ഉയരത്തില് മുന്നൂറ് കിലോമീറ്ററോളം ദൂരത്തോളം ഒഴുകി.