< സങ്കീർത്തനങ്ങൾ 36 >
1 ൧ സംഗീതപ്രമാണിക്ക്; യഹോവയുടെ ദാസനായ ദാവീദിന്റെ ഒരു സങ്കീർത്തനം. ദുഷ്ടന്റെ ഹൃദയത്തിൽ പാപ ഉദ്ദേശ്യമുണ്ട്; അവന്റെ ദൃഷ്ടിയിൽ ദൈവഭയമില്ല.
സംഗീതസംവിധായകന്. യഹോവയുടെ ദാസനായ ദാവീദിന്റെ ഒരു സങ്കീർത്തനം. പാപം ദുഷ്ടരുടെ ഹൃദയാന്തർഭാഗത്തു മന്ത്രിക്കുന്നു അവരുടെ ദൃഷ്ടിയിൽ ദൈവഭയം ഇല്ലാതായിരിക്കുന്നു.
2 ൨ “എന്റെ കുറ്റം തെളിയുകയും വെറുക്കപ്പെടുകയും ചെയ്യുകയില്ല” എന്നിങ്ങനെ അവൻ തന്നോട് തന്നെ മധുരവാക്ക് പറയുന്നു.
തങ്ങളുടെ അകൃത്യം കണ്ടുപിടിക്കപ്പെടുകയോ പാപം വെറുക്കപ്പെടുകയോ ചെയ്യാതവണ്ണം അവർ ആത്മപ്രശംസചെയ്യുന്നു.
3 ൩ അവന്റെ വായിലെ വാക്കുകളിൽ വേണ്ടാതനവും വഞ്ചനയും ഉണ്ട്; ജ്ഞാനിയായിരിക്കുന്നതും നന്മചെയ്യുന്നതും അവൻ വിട്ടുകളഞ്ഞിരിക്കുന്നു.
അവരുടെ വായിൽനിന്നുള്ള വാക്കുകൾ ദുഷ്ടതയും വഞ്ചനയും ഉള്ളതാകുന്നു; വിവേകത്തോടെ നന്മപ്രവർത്തിക്കുന്നതിൽനിന്നും അവർ പിൻവാങ്ങുന്നു.
4 ൪ അവൻ തന്റെ കിടക്കമേൽ അകൃത്യം ചിന്തിക്കുന്നു; തിന്മയുടെ വഴിയിൽ അവൻ നില്ക്കുന്നു; ദോഷം വെറുക്കുന്നതുമില്ല.
അവരുടെ കിടക്കയിൽവെച്ചുപോലും അവർ ദുഷ്ടത നെയ്തുകൂട്ടുന്നു; പാപവഴികളിലേക്ക് അവർ അവരെത്തന്നെ സമർപ്പിക്കുന്നു തിന്മയിൽനിന്നു പിന്തിരിയാൻ ഒരു പരിശ്രമവും നടത്തുന്നില്ല.
5 ൫ യഹോവേ, അങ്ങയുടെ ദയ ആകാശത്തോളവും അവിടുത്തെ വിശ്വസ്തത മേഘങ്ങളോളവും എത്തുന്നു.
യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം ആകാശത്തോളം എത്തുന്നു, അവിടത്തെ വിശ്വസ്തത മേഘങ്ങളോളം വ്യാപിച്ചിരിക്കുന്നു.
6 ൬ അങ്ങയുടെ നീതി മഹാപർവ്വതങ്ങളെപ്പോലെയും അവിടുത്തെ ന്യായവിധികൾ ആഴികളെപ്പോലെയും ആകുന്നു; യഹോവേ, അവിടുന്ന് മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കുന്നു.
അവിടത്തെ നീതി അത്യുന്നത പർവതങ്ങൾപോലെയും അവിടത്തെ ന്യായം അഗാധസമുദ്രംപോലെയും ആകുന്നു. യഹോവേ, അങ്ങ് മനുഷ്യരെയും മൃഗങ്ങളെയും സംരക്ഷിക്കുന്നു.
7 ൭ ദൈവമേ, അങ്ങയുടെ ദയ എത്ര വിലയേറിയത്! മനുഷ്യപുത്രന്മാർ അങ്ങയുടെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു.
ദൈവമേ, അവിടത്തെ അചഞ്ചലസ്നേഹം എത്ര അമൂല്യമാകുന്നു! സകലമനുഷ്യരും അവിടത്തെ ചിറകിൻകീഴിൽ അഭയംതേടുന്നു.
8 ൮ അങ്ങയുടെ ആലയത്തിലെ സമൃദ്ധി അനുഭവിച്ച് അവർ തൃപ്തി പ്രാപിക്കുന്നു; അവിടുത്തെ ആനന്ദനദി അവിടുന്ന് അവരെ കുടിപ്പിക്കുന്നു.
അവിടത്തെ ഭവനത്തിന്റെ സമൃദ്ധിയിൽ അവർ വിരുന്നുണ്ട്, തൃപ്തിയടയുന്നു; അവിടത്തെ ആനന്ദപ്രവാഹത്തിൽനിന്ന്, അവർക്കു കുടിക്കാൻനൽകുന്നു.
9 ൯ അവിടുത്തെ പക്കൽ ജീവന്റെ ഉറവുണ്ടല്ലോ; അവിടുത്തെ പ്രകാശത്തിൽ ഞങ്ങൾ പ്രകാശം കാണുന്നു.
കാരണം അവിടത്തെ സന്നിധാനത്തിൽ ജീവജലധാരയുണ്ട്; അവിടത്തെ പ്രഭയിൽ ഞങ്ങൾ പ്രകാശം ദർശിക്കുന്നു.
10 ൧൦ അവിടുത്തെ അറിയുന്നവർക്ക് അങ്ങയുടെ ദയയും പരമാർത്ഥഹൃദയമുള്ളവർക്ക് അങ്ങയുടെ നീതിയും നിലനിർത്തേണമേ.
അങ്ങയെ അറിയുന്നവർക്ക് അവിടത്തെ സ്നേഹവും ഹൃദയപരമാർഥികൾക്ക് അവിടത്തെ നീതിയും തുടർന്നും നൽകണമേ.
11 ൧൧ നിഗളികളുടെ കാൽ എന്റെ നേരെ വരരുതേ; ദുഷ്ടന്മാരുടെ കൈ എന്നെ ഓടിച്ചുകളയരുതേ.
അഹന്തനിറഞ്ഞവരുടെ പാദം എനിക്കെതിരേ നീങ്ങരുതേ, ദുഷ്ടരുടെ കൈ എന്നെ ആട്ടിപ്പായിക്കാതെയും ഇരിക്കട്ടെ.
12 ൧൨ ദുഷ്പ്രവൃത്തിക്കാർ അവിടെത്തന്നെ വീഴുന്നു: അവർ മറിഞ്ഞു വീഴുന്നു; എഴുന്നേല്ക്കുവാൻ കഴിയുന്നതുമില്ല.
ഇതാ! അധർമം പ്രവർത്തിക്കുന്നവർ എപ്രകാരം വീണടിഞ്ഞിരിക്കുന്നു— തള്ളിവീഴ്ത്തപ്പെട്ടിരിക്കുന്നു, എഴുന്നേൽക്കാൻ കഴിയുന്നതുമില്ല!