< സങ്കീർത്തനങ്ങൾ 2 >
1 ൧ ജനതകൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായത് നിരൂപിക്കുന്നതും എന്ത്?
ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യൎത്ഥമായതു നിരൂപിക്കുന്നതും എന്തു?
2 ൨ യഹോവയ്ക്കും അവിടുത്തെ അഭിഷിക്തനും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും അധിപതികൾ തമ്മിൽ ആലോചിക്കുകയും ചെയ്യുന്നത്:
യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു:
3 ൩ “നാം അവരുടെ കെട്ടുകൾ പൊട്ടിച്ച് അവരുടെ കയറുകൾ എറിഞ്ഞുകളയുക”.
നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു അവരുടെ കയറുകളെ എറിഞ്ഞുകളക.
4 ൪ സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കർത്താവ് അവരെ പരിഹസിക്കുന്നു.
സ്വൎഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കൎത്താവു അവരെ പരിഹസിക്കുന്നു.
5 ൫ അന്ന് അവിടുന്ന് കോപത്തോടെ അവരോട് അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.
അന്നു അവൻ കോപത്തോടെ അവരോടു അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.
6 ൬ “എന്റെ വിശുദ്ധ പർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു”.
എന്റെ വിശുദ്ധപൎവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.
7 ൭ ഞാൻ ഒരു തീർപ്പ് കല്പിക്കുന്നു; യഹോവ എന്നോട് അരുളിച്ചെയ്തത്: “നീ എന്റെ പുത്രൻ; ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.
ഞാൻ ഒരു നിൎണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.
8 ൮ എന്നോട് ചോദിച്ചുകൊള്ളുക; ഞാൻ നിനക്ക് ജനതകളെ അവകാശമായും ഭൂമിയുടെ അറുതികളെ കൈവശമായും തരും;
എന്നോടു ചോദിച്ചുകൊൾക; ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും;
9 ൯ ഇരിമ്പുകോൽകൊണ്ട് നീ അവരെ തകർക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടയ്ക്കും”.
ഇരിമ്പുകോൽകൊണ്ടു നീ അവരെ തകൎക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും.
10 ൧൦ ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിക്കുവിൻ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊള്ളുവിൻ.
ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിൻ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊൾവിൻ.
11 ൧൧ ഭയത്തോടെ യഹോവയെ സേവിക്കുവിൻ; വിറയലോടെ ഘോഷിച്ചുല്ലസിക്കുവിൻ.
ഭയത്തോടെ യഹോവയെ സേവിപ്പിൻ; വിറയലോടെ ഘോഷിച്ചുല്ലസിപ്പിൻ.
12 ൧൨ ദൈവം കോപിച്ചിട്ട് നിങ്ങൾ വഴിയിൽവച്ചു നശിക്കാതിരിക്കുവാൻ ദൈവപുത്രനെ ചുംബിക്കുവിൻ. ദൈവത്തിന്റെ കോപം ക്ഷണനേരത്തേക്കേ ഉള്ളൂ. ദൈവത്തെ ശരണം പ്രാപിക്കുന്ന എല്ലാവരും ഭാഗ്യവാന്മാർ.
അവൻ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ. അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ.