< സദൃശവാക്യങ്ങൾ 9 >
1 ൧ ജ്ഞാനമായവൾ തനിക്ക് ഒരു വീട് പണിതു; അതിന് ഏഴ് തൂണുകൾ തീർത്തു.
ജ്ഞാനമായവൾ തനിക്കു ഒരു വീടുപണിതു; അതിന്നു ഏഴു തൂൺ തീർത്തു.
2 ൨ അവൾ മൃഗങ്ങളെ അറുത്ത്, വീഞ്ഞ് കലക്കി, തന്റെ മേശ ഒരുക്കിയിരിക്കുന്നു.
അവൾ മൃഗങ്ങളെ അറുത്തു, വീഞ്ഞു കലക്കി, തന്റെ മേശ ചമയിച്ചുമിരിക്കുന്നു.
3 ൩ അവൾ തന്റെ ദാസികളെ അയച്ച് പട്ടണത്തിലെ ഉന്നതസ്ഥലങ്ങളിൽ നിന്ന് വിളിച്ച് പറയിക്കുന്നത്:
അവൾ തന്റെ ദാസികളെ അയച്ചു പട്ടണത്തിലെ മേടകളിൽനിന്നു വിളിച്ചു പറയിക്കുന്നതു:
4 ൪ “അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ;” ബുദ്ധിഹീനനോട് അവൾ പറയിക്കുന്നത്;
അല്പബുദ്ധിയായവൻ ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവൾ പറയിക്കുന്നതു;
5 ൫ “വരുവിൻ, എന്റെ അപ്പം തിന്നുകയും ഞാൻ കലക്കിയ വീഞ്ഞ് കുടിക്കുകയും ചെയ്യുവിൻ!
വരുവിൻ, എന്റെ അപ്പം തിന്നുകയും ഞാൻ കലക്കിയ വീഞ്ഞു കുടിക്കയും ചെയ്‌വിൻ!
6 ൬ ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ട് ജീവിക്കുവിൻ! വിവേകത്തിന്റെ മാർഗ്ഗത്തിൽ നടന്നുകൊള്ളുവിൻ”.
ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ടു ജീവിപ്പിൻ! വിവേകത്തിന്റെ മാർഗ്ഗത്തിൽ നടന്നുകൊൾവിൻ.
7 ൭ പരിഹാസിയെ ശാസിക്കുന്നവൻ ലജ്ജ സമ്പാദിക്കുന്നു; ദുഷ്ടനെ ഭർത്സിക്കുന്നവന് ഉപദ്രവം ഉണ്ടാകുന്നു.
പരിഹാസിയെ ശാസിക്കുന്നവൻ ലജ്ജ സമ്പാദിക്കുന്നു; ദുഷ്ടനെ ഭർത്സിക്കുന്നവന്നു കറ പറ്റുന്നു.
8 ൮ പരിഹാസി നിന്നെ പകക്കാതിരിക്കേണ്ടതിന് അവനെ ശാസിക്കരുത്; ജ്ഞാനിയെ ശാസിക്കുക; അവൻ നിന്നെ സ്നേഹിക്കും.
പരിഹാസി നിന്നെ പകെക്കാതിരിക്കേണ്ടതിന്നു അവനെ ശാസിക്കരുതു; ജ്ഞാനിയെ ശാസിക്ക; അവൻ നിന്നെ സ്നേഹിക്കും.
9 ൯ ജ്ഞാനിയെ പ്രബോധിപ്പിക്കുക, അവന്റെ ജ്ഞാനം വർദ്ധിക്കും; നീതിമാനെ ഉപദേശിക്കുക, അവൻ വിദ്യാഭിവൃദ്ധി പ്രാപിക്കും.
ജ്ഞാനിയെ പ്രബോധിപ്പിക്ക, അവന്റെ ജ്ഞാനം വർദ്ധിക്കും; നീതിമാനെ ഉപദേശിക്ക അവൻ വിദ്യാഭിവൃദ്ധി പ്രാപിക്കും.
10 ൧൦ യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും പരിശുദ്ധ ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു.
യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു.
11 ൧൧ ഞാൻ മുഖാന്തരം നിന്റെ ആയുസിന്റെ നാളുകൾ പെരുകും; നിനക്ക് ദീർഘായുസ്സ് ഉണ്ടാകും.
ഞാൻ മുഖാന്തരം നിന്റെ നാളുകൾ പെരുകും; നിനക്കു ദീർഘായുസ്സു ഉണ്ടാകും.
12 ൧൨ നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നെ ജ്ഞാനിയായിരിക്കും; പരിഹസിക്കുന്നു എങ്കിലോ, നീ തന്നെ സഹിക്കേണ്ടിവരും”.
നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നേ ജ്ഞാനിയായിരിക്കും; പരിഹസിക്കുന്നു എങ്കിലോ, നീ തന്നേ സഹിക്കേണ്ടിവരും.
13 ൧൩ ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു; അവൾ ബുദ്ധിഹീന തന്നെ, ഒന്നും അറിയുന്നതുമില്ല.
ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു; അവൾ ബുദ്ധിഹീന തന്നേ, ഒന്നും അറിയുന്നതുമില്ല.
14 ൧൪ തങ്ങളുടെ പാതയിൽ നേരെ നടക്കുന്നവരായി, കടന്നുപോകുന്നവരെ വിളിക്കേണ്ടതിന്
തങ്ങളുടെ പാതയിൽ നേരെ നടക്കുന്നവരായി കടന്നുപോകുന്നവരെ വിളിക്കേണ്ടതിന്നു
15 ൧൫ അവൾ പട്ടണത്തിലെ ഉന്നതസ്ഥാനങ്ങളിൽ തന്റെ വീട്ടുവാതില്ക്കൽ ഒരു പീഠത്തിന്മേൽ ഇരിക്കുന്നു.
അവൾ പട്ടണത്തിലെ മേടകളിൽ തന്റെ വീട്ടുവാതില്ക്കൽ ഒരു പീഠത്തിന്മേൽ ഇരിക്കുന്നു.
16 ൧൬ “അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ;” ബുദ്ധിഹീനനോട് അവൾ പറയുന്നത്;
അല്പബുദ്ധിയായവൻ ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവൾ പറയുന്നതു;
17 ൧൭ “മോഷ്ടിച്ച വെള്ളം മധുരവും ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു”.
മോഷ്ടിച്ച വെള്ളം മധുരവും ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു.
18 ൧൮ എങ്കിലും മൃതന്മാർ അവിടെ ഉണ്ടെന്നും അവളുടെ വിരുന്നുകാർ പാതാളത്തിന്റെ ആഴത്തിൽ ഇരിക്കുന്നു എന്നും അവൻ അറിയുന്നില്ല. (Sheol )
എങ്കിലും മൃതന്മാർ അവിടെ ഉണ്ടെന്നും അവളുടെ വിരുന്നുകാർ പാതാളത്തിന്റെ ആഴത്തിൽ ഇരിക്കുന്നു എന്നും അവൻ അറിയുന്നില്ല. (Sheol )