< സദൃശവാക്യങ്ങൾ 1 >
1 ൧ യിസ്രായേൽ രാജാവായിരുന്ന ദാവീദിന്റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങൾ.
2 ൨ ജ്ഞാനവും പ്രബോധനവും പ്രാപിക്കുവാനും വിവേകവചനങ്ങളെ ഗ്രഹിക്കുവാനും
3 ൩ പരിജ്ഞാനം, നീതി, ന്യായം, സത്യം എന്നിവയ്ക്കായി പ്രബോധനം ലഭിക്കുവാനും
4 ൪ അല്പബുദ്ധികൾക്ക് സൂക്ഷ്മബുദ്ധിയും ബാലന് പരിജ്ഞാനവും വകതിരിവും നല്കുവാനും
5 ൫ ജ്ഞാനി കേട്ടിട്ട് വിദ്യാഭിവൃദ്ധി പ്രാപിക്കുവാനും, ബുദ്ധിമാൻ സദുപദേശം സമ്പാദിക്കുവാനും
6 ൬ സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും ഗ്രഹിക്കുവാനും അവ ഉപകരിക്കുന്നു.
7 ൭ യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാർ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.
8 ൮ മകനേ, അപ്പന്റെ പ്രബോധനം കേൾക്കുക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കുകയും അരുത്;
9 ൯ അവ നിന്റെ ശിരസ്സിന് അലങ്കാരമാലയും നിന്റെ കഴുത്തിന് ആഭരണവും ആയിരിക്കും.
10 ൧൦ മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ അവർക്ക് വഴങ്ങരുത്.
11 ൧൧ “ഞങ്ങളോടുകൂടി വരുക; നാം രക്തത്തിനായി പതിയിരിക്കുക; നിർദ്ദോഷിയെ കാരണംകൂടാതെ പിടിക്കുവാൻ ഒളിച്ചിരിക്കുക.
12 ൧൨ പാതാളംപോലെ അവരെ ജീവനോടെയും കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ അവരെ സർവ്വാംഗമായും വിഴുങ്ങിക്കളയുക. (Sheol )
13 ൧൩ നമുക്ക് വിലയേറിയ സമ്പത്തൊക്കെയും കിട്ടും; നമ്മുടെ വീടുകളെ കൊള്ളകൊണ്ട് നിറയ്ക്കാം.
14 ൧൪ നിനക്ക് ഞങ്ങളോടൊപ്പം തുല്യഓഹരി കിട്ടും; നമുക്ക് എല്ലാവർക്കും സഞ്ചി ഒന്നായിരിക്കും” എന്നിങ്ങനെ അവർ പറഞ്ഞാൽ,
15 ൧൫ മകനേ, നീ അവരുടെ വഴിക്ക് പോകരുത്; നിന്റെ കാൽ അവരുടെ പാതയിൽ വയ്ക്കുകയും അരുത്.
16 ൧൬ അവരുടെ കാൽ ദോഷം ചെയ്യുവാൻ ഓടുന്നു; രക്തം ചൊരിയിക്കുവാൻ അവർ ബദ്ധപ്പെടുന്നു.
17 ൧൭ പക്ഷി കാൺകെ വലവിരിക്കുന്നത് വ്യർത്ഥമല്ലയോ.
18 ൧൮ അവർ സ്വന്ത രക്തത്തിനായി പതിയിരിക്കുന്നു; സ്വന്തപ്രാണഹാനിക്കായി ഒളിച്ചിരിക്കുന്നു.
19 ൧൯ ദുരാഗ്രഹികളായ എല്ലാരുടെയും വഴികൾ അങ്ങനെ തന്നെ; അത് അവരുടെ ജീവനെ എടുത്തുകളയുന്നു.
20 ൨൦ ജ്ഞാനം വീഥിയിൽ ഘോഷിക്കുന്നു; അവൾ വിശാലസ്ഥലത്ത് സ്വരം കേൾപ്പിക്കുന്നു.
21 ൨൧ അവൾ ആരവമുള്ള തെരുക്കളുടെ തലയ്ക്കൽനിന്ന് വിളിക്കുന്നു; നഗരകവാടങ്ങളിലും നഗരത്തിനകത്തും പ്രസ്താവിക്കുന്നത്:
22 ൨൨ “ബുദ്ധിഹീനരേ, നിങ്ങൾ ബുദ്ധീഹിനതയിൽ രസിക്കുകയും പരിഹാസികളേ, നിങ്ങൾ പരിഹാസത്തിൽ സന്തോഷിക്കുകയും ഭോഷന്മാരേ, നിങ്ങൾ പരിജ്ഞാനത്തെ വെറുക്കുകയും ചെയ്യുന്നത് എത്രത്തോളം?
23 ൨൩ എന്റെ ശാസനയ്ക്ക് തിരിഞ്ഞുകൊള്ളുവിൻ; ഞാൻ എന്റെ മനസ്സ് നിങ്ങൾക്ക് പകർന്നുതരും; എന്റെ വചനങ്ങൾ നിങ്ങളെ അറിയിക്കും.
24 ൨൪ ഞാൻ വിളിച്ചിട്ട് നിങ്ങൾ ശ്രദ്ധിക്കാതെയും ഞാൻ കൈ നീട്ടിയിട്ട് ആരും കൂട്ടാക്കാതെയും
25 ൨൫ നിങ്ങൾ എന്റെ ആലോചന എല്ലാം ത്യജിച്ചുകളയുകയും എന്റെ ശാസനയെ ഒട്ടും അനുസരിക്കാതിരിക്കുകയും ചെയ്തതുകൊണ്ട്
26 ൨൬ ഞാനും നിങ്ങളുടെ അനർത്ഥദിവസത്തിൽ ചിരിക്കും; നിങ്ങൾ ഭയപ്പെടുന്നത് നിങ്ങൾക്ക് ഭവിക്കുമ്പോൾ പരിഹസിക്കും.
27 ൨൭ നിങ്ങൾ ഭയപ്പെടുന്നത് നിങ്ങൾക്ക് കൊടുങ്കാറ്റുപോലെയും നിങ്ങളുടെ ആപത്ത് ചുഴലിക്കാറ്റുപോലെയും വരുമ്പോൾ, കഷ്ടവും സങ്കടവും നിങ്ങൾക്ക് വരുമ്പോൾ തന്നേ.
28 ൨൮ അപ്പോൾ അവർ എന്നെ വിളിക്കും; ഞാൻ ഉത്തരം പറയുകയില്ല. എന്നെ ജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല.
29 ൨൯ അവർ പരിജ്ഞാനത്തെ വെറുത്തുവല്ലോ; യഹോവാഭക്തിയെ തിരഞ്ഞെടുത്തതുമില്ല.
30 ൩൦ അവർ എന്റെ ആലോചന അനുസരിക്കാതെ എന്റെ ശാസന എല്ലാം നിരസിച്ച് കളഞ്ഞതുകൊണ്ട്
31 ൩൧ അവർ സ്വന്തവഴിയുടെ ഫലം അനുഭവിക്കുകയും അവരുടെ ആലോചനകളാൽ തൃപ്തി പ്രാപിക്കുകയും ചെയ്യും.
32 ൩൨ ബുദ്ധിഹീനരുടെ പിന്മാറ്റം അവരെ കൊല്ലും; ഭോഷന്മാരുടെ അലസത അവരെ നശിപ്പിക്കും.
33 ൩൩ എന്റെ വാക്ക് കേൾക്കുന്നവനോ നിർഭയം വസിക്കുകയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കുകയും ചെയ്യും”.