< മീഖാ 1 >

1 യോഥാം, ആഹാസ്, യെഹിസ്കീയാവ് എന്നീ യെഹൂദാ രാജാക്കന്മാരുടെ കാലത്ത് മോരസ്ത്യനായ മീഖക്കു ഉണ്ടായതും അവൻ ശമര്യയെയും യെരൂശലേമിനെയും കുറിച്ച് ദർശിച്ചതുമായ യഹോവയുടെ അരുളപ്പാട്.
യഹോവയുടെ വചനം മോരേശേത്ത്യനായ മീഖായ്ക്കു ലഭിച്ചു: യെഹൂദാരാജാക്കന്മാരായ യോഥാം, ആഹാസ്, ഹിസ്കിയാവ് എന്നിവരുടെ ഭരണകാലത്ത്, ശമര്യയെക്കുറിച്ചും ജെറുശലേമിനെക്കുറിച്ചും അദ്ദേഹം കണ്ട ദർശനം.
2 സകലജാതികളുമായുള്ളവരേ, കേൾക്കുവിൻ; ഭൂമിയും അതിലുള്ള സകല നിവാസികളുമായുള്ളവരേ, ചെവിക്കൊള്ളുവിൻ; യഹോവയായ കർത്താവ്, തന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് കർത്താവ് തന്നെ, നിങ്ങൾക്ക് വിരോധമായി സാക്ഷിയായിരിക്കട്ടെ.
സകലജനങ്ങളുമേ, കേൾക്കുക, ഭൂമിയും അതിലെ സകലനിവാസികളും ഇതു ശ്രദ്ധിക്കുക, തന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് കർത്താവ്, യഹോവയായ കർത്താവുതന്നെ, നിങ്ങൾക്കു വിരോധമായി സാക്ഷിക്കുന്നു.
3 യഹോവ തന്റെ സ്ഥലത്തുനിന്ന് പുറപ്പെട്ട് ഇറങ്ങി ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുന്നു.
നോക്കൂ, യഹോവ തന്റെ വാസസ്ഥലത്തുനിന്നു വരുന്നു; അവിടന്ന് പുറപ്പെട്ട് ഭൂമിയുടെ ഉന്നതങ്ങളിൽ കാലടികൾ ഉറപ്പിക്കുന്നു.
4 തീയുടെ മുമ്പിൽ മെഴുകുപോലെയും മലഞ്ചരുവിൽ ചാടുന്ന വെള്ളംപോലെയും പർവ്വതങ്ങൾ അവന്റെ കീഴിൽ ഉരുകുകയും താഴ്വരകൾ പിളർന്നുപോകുകയും ചെയ്യുന്നു.
തീയിൽ മെഴുകുപോലെയും മലഞ്ചെരിവിൽ വെള്ളം പാഞ്ഞൊഴുകുന്നതുപോലെയും അവിടത്തെ ചവിട്ടടിയിൽ പർവതങ്ങൾ ഉരുകിപ്പോകുകയും താഴ്വരകൾ പിളർന്നുപോകുകയും ചെയ്യുന്നു.
5 ഇതൊക്കെയും യാക്കോബിന്റെ അതിക്രമംനിമിത്തവും യിസ്രായേൽ ഗൃഹത്തിന്റെ പാപങ്ങൾനിമിത്തവുമാകുന്നു. യാക്കോബിന്റെ അതിക്രമം എന്ത്? ശമര്യയല്ലയോ? യെഹൂദയുടെ പൂജാഗിരികൾ ഏവ?
യാക്കോബിന്റെ അതിക്രമങ്ങൾ നിമിത്തവും ഇസ്രായേൽജനത്തിന്റെ പാപങ്ങൾനിമിത്തവും ഇതെല്ലാം സംഭവിച്ചു. യാക്കോബിന്റെ അതിക്രമം എന്ത്? ശമര്യ അല്ലയോ അതിന്റെ തലസ്ഥാനം? യെഹൂദയുടെ ക്ഷേത്രങ്ങൾ എവിടെ? ജെറുശലേം അല്ലയോ അതിന്റെ കേന്ദ്രം?
6 യെരൂശലേം അല്ലയോ? അതുകൊണ്ട് ഞാൻ ശമര്യയെ വയലിലെ കല്ക്കുന്നു പോലെയും, മുന്തിരിത്തോട്ടത്തിലെ നടുതലപോലെയും ആക്കും; ഞാൻ അതിന്റെ കല്ല് താഴ്വരയിലേക്ക് തള്ളിയിടുകയും അതിന്റെ അടിസ്ഥാനങ്ങളെ തുറക്കുമാറാക്കുകയും ചെയ്യും.
“അതുകൊണ്ട് ഞാൻ ശമര്യയെ വയലിലെ കൽക്കൂമ്പാരംപോലെയും മുന്തിരി നടുന്ന നിലംപോലെയും ആക്കും. ഞാൻ അവളുടെ കല്ലുകളെ താഴ്വരയിലേക്ക് എറിയും അവളുടെ അടിസ്ഥാനങ്ങൾ ശൂന്യമാക്കും.
7 അതിലെ സകലവിഗ്രഹങ്ങളും തകർന്നുപോകും; അതിന്റെ സകലവേശ്യാസമ്മാനങ്ങളും തീ പിടിച്ചുവെന്തുപോകും; അതിലെ സകലബിംബങ്ങളെയും ഞാൻ ശൂന്യമാക്കും; വേശ്യാസമ്മാനംകൊണ്ടല്ലയോ അവൾ അത് സ്വരൂപിച്ചത്; അവ വീണ്ടും വേശ്യാസമ്മാനമായിത്തീരും.
അവളുടെ എല്ലാ വിഗ്രഹങ്ങളും തകർക്കപ്പെടും; അവളുടെ സമ്മാനങ്ങളെല്ലാം അഗ്നിയിൽ ദഹിപ്പിക്കപ്പെടും; ഞാൻ അവളുടെ എല്ലാ വിഗ്രഹങ്ങളെയും നശിപ്പിക്കും. വേശ്യകളുടെ കൂലിയിൽനിന്ന് അവൾ തന്റെ സമ്മാനങ്ങൾ ശേഖരിച്ചതുകൊണ്ട്, വേശ്യകളുടെ കൂലിയായിത്തന്നെ അതു വീണ്ടും ചെലവഴിക്കപ്പെടും.”
8 അതുകൊണ്ട് ഞാൻ വിലപിച്ചു മുറയിടും; ഞാൻ ചെരുപ്പില്ലാത്തവനും നഗ്നനുമായി നടക്കും; ഞാൻ കുറുനരികളെപ്പോലെ വിലപിച്ച്, ഒട്ടകപ്പക്ഷികളെപ്പോലെ കരയും.
ഇതുനിമിത്തം ഞാൻ കരഞ്ഞു വിലപിക്കും; ഞാൻ നഗ്നപാദനായും വിവസ്ത്രനായും നടക്കും. ഞാൻ കുറുക്കനെപ്പോലെ ഓരിയിടും ഒട്ടകപ്പക്ഷിയെപ്പോലെ വിലപിക്കും.
9 അവളുടെ മുറിവ് സുഖപ്പെടാത്തതല്ലയോ; അത് യെഹൂദയോളം വന്ന്, എന്റെ ജനത്തിന്റെ ഗോപുരമായ യെരൂശലേമിനോളം എത്തിയിരിക്കുന്നു.
ശമര്യയുടെ മുറിവ് സൗഖ്യമാക്കാൻ കഴിയുകയില്ല; അത് യെഹൂദയ്ക്കു വന്നിരിക്കുന്നു. അത് എന്റെ ജനത്തിന്റെ കവാടത്തിൽ എത്തിയിരിക്കുന്നു, ജെറുശലേമിൽത്തന്നെ എത്തിയിരിക്കുന്നു.
10 ൧൦ അത് ഗത്തിൽ പ്രസ്താവിക്കരുത്; ഒട്ടും കരയരുത്; ബേത്ത്-അഫ്രയിൽ (പൊടിവീട്) ഞാൻ പൊടിയിൽ ഉരുണ്ടിരിക്കുന്നു.
അത് ഗത്തിൽ അറിയിക്കരുത്; കരയുകയേ അരുത്. ബേത്ത്-അഫ്രായിൽ പൊടിയിൽ ഉരുളുന്നു.
11 ൧൧ ശാഫീർ (അലങ്കാര) നഗരനിവാസികളേ, ലജ്ജയും നഗ്നതയും പൂണ്ട് കടന്നുപോകുവിൻ; സയനാൻ (പുറപ്പാട്) നിവാസികൾ പുറപ്പെടുവാൻ തുനിയുന്നില്ല; ബേത്ത്-ഏസെലിന്റെ വിലാപം നിങ്ങൾക്ക് അവിടെ താമസിക്കുവാൻ മുടക്കമാകും.
ശാഫീർ നഗരനിവാസികളേ, നഗ്നരും ലജ്ജിതരുമായി പുറപ്പെട്ടുപോകുക, സയനാനിൽ പാർക്കുന്നവർ പുറത്തുവരികയില്ല. ബേത്ത്-ഏസെൽ വിലപിക്കുന്നു; അത് ഒരിക്കലും നിനക്ക് സംരക്ഷണം നൽകുകയില്ല.
12 ൧൨ യഹോവയുടെ പക്കൽനിന്ന് യെരൂശലേംഗോപുരത്തിങ്കൽ തിന്മ ഇറങ്ങിയിരിക്കുകയാൽ മാരോത്ത് (കയ്പ്) നിവാസികൾ നന്മയ്ക്കായി കാത്ത് വിങ്ങിപ്പൊട്ടുന്നു.
യഹോവയിൽനിന്ന് മഹാനാശം ജെറുശലേമിന്റെ കവാടംവരെ വന്നതുകൊണ്ട്, മാരോത്തുനിവാസികൾ ആശ്വാസത്തിനായി കാത്തുകൊണ്ട് വിങ്ങിപ്പൊട്ടുന്നു.
13 ൧൩ ലാക്കീശ് (ത്വരിത) നഗരനിവാസികളേ, കുതിരകളെ രഥത്തിനു കെട്ടുവിൻ; അവർ സീയോൻപുത്രിക്ക് പാപകാരണമായ്ത്തീർന്നു; യിസ്രായേലിന്റെ അതിക്രമങ്ങൾ നിന്നിൽ കണ്ടിരിക്കുന്നു.
ലാഖീശുനിവാസികളേ, കുതിരകളെ രഥങ്ങളിൽ സജ്ജമാക്കുക! സീയോൻപുത്രിയുടെ പാപത്തിന്റെ ആരംഭം നിങ്ങളായിരുന്നല്ലോ, ഇസ്രായേലിന്റെ അതിക്രമങ്ങൾ നിങ്ങളിൽ കാണപ്പെട്ടു.
14 ൧൪ അതുകൊണ്ട് നീ മോരേശെത്ത്-ഗത്തിന് ഉപേക്ഷണസമ്മാനം കൊടുക്കേണ്ടിവരും; ബേത്ത്-അക്സീബിലെ (വ്യാജഗൃഹം) വീടുകൾ യിസ്രായേൽരാജാക്കന്മാരെ നിരാശരാക്കും.
അതുകൊണ്ട് നിങ്ങൾ മോരേശത്ത്-ഗത്തിന് വിടചൊല്ലൽ സമ്മാനങ്ങൾ നൽകേണ്ടിവരും. ബേത്ത്-അക്സീബുനഗരം ഇസ്രായേൽ രാജാക്കന്മാരെ വഞ്ചിച്ചിരിക്കുന്നു.
15 ൧൫ മാരേശാ (കൈവശം) നിവാസികളേ, കൈവശമാക്കുന്ന ഒരുവനെ ഞാൻ നിങ്ങളുടെനേരെ വരുത്തും; യിസ്രായേലിന്റെ നായകന്മാര്‍ അദുല്ലാം വരെ പോകേണ്ടിവരും.
മാരേശാനിവാസികളേ, ഞാൻ നിങ്ങൾക്കു വിരോധമായി ഒരു വീരനെ എഴുന്നേൽപ്പിക്കും. ഇസ്രായേൽ പ്രഭുക്കന്മാർ അദുല്ലാമിലേക്ക് ഓടിപ്പോകും.
16 ൧൬ നിന്റെ ഓമനക്കുഞ്ഞുങ്ങൾനിമിത്തം നിന്നെത്തന്നെ ക്ഷൗരം ചെയ്ത് മൊട്ടയാക്കുക; കഴുകനെപ്പോലെ നിന്റെ കഷണ്ടിയെ വിസ്താരമാക്കുക; അവർ നിന്നെ വിട്ട് പ്രവാസത്തിലേക്ക് പോയല്ലോ.
നിങ്ങൾ സന്തോഷിക്കുന്ന നിങ്ങളുടെ കുഞ്ഞുങ്ങളെ ഓർത്ത് വിലപിച്ചുകൊണ്ട് നിങ്ങളുടെ തല ക്ഷൗരംചെയ്യുക; അവർ നിങ്ങളെ വിട്ട് പ്രവാസത്തിലേക്കു പോകുന്നതിനാൽ നിങ്ങൾ നിങ്ങളുടെ കഷണ്ടിയെ കഴുകന്റേതുപോലെ വിശാലമാക്കുക.

< മീഖാ 1 >