< മർക്കൊസ് 16 >
1 ൧ ശബ്ബത്തുനാൾ കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്ന് യേശുവിന്റെ ശരീരം അഭിഷേകം ചെയ്യേണ്ടതിന് സുഗന്ധവർഗ്ഗം വാങ്ങി.
2 ൨ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ അതികാലത്ത് സൂര്യൻ ഉദിച്ചപ്പോൾ തന്നേ അവർ കല്ലറയ്ക്കൽ ചെന്ന്:
3 ൩ കല്ലറയുടെ വാതിൽക്കൽ നിന്നു നമുക്കുവേണ്ടി ആർ കല്ല് ഉരുട്ടിക്കളയും എന്നു തമ്മിൽ പറഞ്ഞു.
4 ൪ അവർ നോക്കിയപ്പോൾ കല്ല് ഉരുട്ടിമാറ്റിയിരിക്കുന്നതായി കണ്ട്; അത് ഏറ്റവും വലുതായിരുന്നു.
5 ൫ അവർ കല്ലറയ്ക്കകത്ത് കടന്നപ്പോൾ വെള്ളനിലയങ്കി ധരിച്ച ഒരു ബാല്യക്കാരൻ വലത്തുഭാഗത്ത് ഇരിക്കുന്നത് കണ്ട് ഭ്രമിച്ചു.
6 ൬ അവൻ അവരോട്: “ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു; അവൻ ഉയിർത്തെഴുന്നേറ്റു; അവൻ ഇവിടെ ഇല്ല, നോക്കൂ അവനെ വെച്ച സ്ഥലം ഇതാ.
7 ൭ എന്നാൽ നിങ്ങൾ പോയി അവന്റെ ശിഷ്യന്മാരോടും പത്രൊസിനോടും: അവൻ നിങ്ങൾക്ക് മുമ്പെ ഗലീലയ്ക്കു് പോകുന്നു; അവൻ നിങ്ങളോടു പറഞ്ഞതുപോലെ അവിടെവച്ച് നിങ്ങൾ അവനെ കാണും എന്നു പറവിൻ” എന്നു പറഞ്ഞു.
8 ൮ അവർക്ക് വിറയലും ഭ്രമവും പിടിച്ച് അവർ കല്ലറ വിട്ടു ഓടിപ്പോയി; അവർ വളരെ ഭയപ്പെട്ടിരുന്നതുകൊണ്ട് ആരോടും ഒന്നും പറഞ്ഞില്ല.
9 ൯ (note: The most reliable and earliest manuscripts do not include Mark 16:9-20.) അവൻ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റതിനുശേഷം താൻ ഏഴ് ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗ്ദലക്കാരത്തി മറിയയ്ക്ക് ആദ്യം പ്രത്യക്ഷനായി.
10 ൧൦ അവൾ ചെന്ന് അവനോടുകൂടെ ഇരുന്നവരായി ദുഃഖിച്ചും കരഞ്ഞുംകൊണ്ടിരുന്നവരോട് അറിയിച്ചു.
11 ൧൧ അവൻ ജീവനോടിരിക്കുന്നു എന്നും അവൾ അവനെ കണ്ട് എന്നും അവർ കേട്ടപ്പോൾ വിശ്വസിച്ചില്ല.
12 ൧൨ പിന്നെ അവരിൽ രണ്ടുപേർ നാട്ടിലേക്ക് പോകുമ്പോൾ അവൻ മറ്റൊരു രൂപത്തിൽ അവർക്ക് പ്രത്യക്ഷനായി.
13 ൧൩ അവർ പോയി ശേഷമുള്ള ശിഷ്യന്മാരോട് അറിയിച്ചു; അവരുടെ വാക്കും അവർ വിശ്വസിച്ചില്ല.
14 ൧൪ പിന്നീട് ആ പതിനൊന്നുപേർ ഭക്ഷണത്തിനിരിക്കുമ്പോൾ യേശു അവർക്ക് പ്രത്യക്ഷനായി, ഉയിർത്തെഴുന്നേറ്റതിനുശേഷം തന്നെ കണ്ടവരുടെ വാക്ക് വിശ്വസിക്കായ്കയാൽ അവരുടെ അവിശ്വാസത്തെയും ഹൃദയകാഠിന്യത്തെയും ശാസിച്ചു.
15 ൧൫ പിന്നെ അവൻ അവരോട്: “നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.
16 ൧൬ വിശ്വസിക്കയും സ്നാനം ഏല്ക്കുകയും ചെയ്യുന്നവൻ രക്ഷിയ്ക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.
17 ൧൭ വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും, അവർ പുതുഭാഷകളിൽ സംസാരിക്കും,
18 ൧൮ അവരുടെ കൈകളാൽ അവർ സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവർക്ക് ഹാനി വരികയില്ല; അവർ രോഗികളുടെമേൽ കൈവച്ചാൽ അവർക്ക് സൗഖ്യം വരും” എന്നു പറഞ്ഞു.
19 ൧൯ ഇങ്ങനെ കർത്താവായ യേശു അവരോട് അരുളിച്ചെയ്തശേഷം സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു, ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരുന്നു.
20 ൨൦ അവർ പുറപ്പെട്ടു എല്ലായിടത്തും പ്രസംഗിച്ചു; കർത്താവ് അവരോടുകൂടെ പ്രവർത്തിച്ചും അവരാൽ നടന്ന അത്ഭുതകരമായ അടയാളങ്ങളാൽ വചനത്തെ ഉറപ്പിച്ചും പോന്നു.