< മർക്കൊസ് 13 >
1 ൧ യേശു ദൈവാലയത്തെ വിട്ടു പോകുമ്പോൾ ശിഷ്യന്മാരിൽ ഒരുവൻ: “ഗുരോ, നോക്കൂ, എത്ര വിസ്മയകരമായ കല്ലുകളും പണികളും!” എന്നു അവനോട് പറഞ്ഞു.
2 ൨ യേശു അവനോട്: “നീ ഈ വലിയ പണി കാണുന്നുവോ? ഇതെല്ലാം കല്ലിന്മേൽ കല്ല് ശേഷിക്കാതവണ്ണം തകർക്കപ്പെടും” എന്നു പറഞ്ഞു.
3 ൩ പിന്നെ അവൻ ഒലിവുമലയിൽ ദൈവാലയത്തിന് നേരെ ഇരിക്കുമ്പോൾ പത്രൊസും യാക്കോബും യോഹന്നാനും അന്ത്രെയാസും സ്വകാര്യമായി അവനോട്:
4 ൪ “അത് എപ്പോൾ സംഭവിക്കും? ഇതെല്ലാം സംഭവിപ്പാൻ പോകുന്നതിനുള്ള ലക്ഷണം എന്ത് എന്നു ഞങ്ങളോടു പറഞ്ഞാലും” എന്നു ചോദിച്ചു.
5 ൫ യേശു അവരോട് പറഞ്ഞു തുടങ്ങിയത്: “ആരും നിങ്ങളെ വഴി തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ.
6 ൬ ഞാൻ ആകുന്നു എന്നു പറഞ്ഞുകൊണ്ട് അനേകർ എന്റെ പേരെടുത്തു വന്നു പലരെയും വഴിതെറ്റിക്കും.
7 ൭ നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ച് കേൾക്കുമ്പോൾ ഭ്രമിച്ചുപോകരുതു. അത് സംഭവിക്കേണ്ടത് തന്നേ; എന്നാൽ അപ്പോഴും അവസാനമായിട്ടില്ല.
8 ൮ ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; പലയിടങ്ങളിലും ഭൂകമ്പവും ക്ഷാമവും ഉണ്ടാകും; ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭമത്രേ.
9 ൯ എന്നാൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊള്ളുവിൻ; അവർ നിങ്ങളെ ന്യായാധിപസംഘങ്ങളിൽ ഏല്പിക്കുകയും പള്ളികളിൽവെച്ച് തല്ലുകയും എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പാകെ അവർക്ക് സാക്ഷ്യത്തിനായി നിർത്തുകയും ചെയ്യും.
10 ൧൦ എന്നാൽ സുവിശേഷം മുമ്പെ സകലജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു.
11 ൧൧ അവർ നിങ്ങളെ പിടിച്ചുകൊണ്ടുപോയി ഏല്പിക്കുമ്പോൾ എന്ത് പറയേണ്ടു എന്നു മുൻകൂട്ടി വിചാരപ്പെടരുത്. ആ നാഴികയിൽ നിങ്ങൾക്ക് ലഭിക്കുന്നതു തന്നേ പറവിൻ; പറയുന്നത് നിങ്ങൾ അല്ല, പരിശുദ്ധാത്മാവത്രേ.
12 ൧൨ സഹോദരൻ സഹോദരനെയും അപ്പൻ മകനെയും മരണത്തിന് ഏല്പിക്കും; മക്കളും അവരുടെ മാതാപിതാക്കളുടെ നേരെ എഴുന്നേറ്റ് അവരെ കൊല്ലിക്കും.
13 ൧൩ എന്റെ നാമംനിമിത്തം എല്ലാവരും നിങ്ങളെ വെറുക്കും; എന്നാൽ അവസാനത്തോളം സഹിച്ചു നില്ക്കുന്നവൻ രക്ഷിയ്ക്കപ്പെടും.
14 ൧൪ എന്നാൽ ശൂന്യമാക്കുന്ന മ്ലേച്ഛത നില്ക്കരുതാത്ത സ്ഥലത്ത് നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ, -- വായിക്കുന്നവൻ ചിന്തിച്ചുകൊള്ളട്ടെ -- അന്ന് യെഹൂദ്യദേശത്ത് ഉള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ.
15 ൧൫ പുരമുകളിൽ ഇരിക്കുന്നവൻ അകത്തേക്ക് ഇറങ്ങിപ്പോകയോ വീട്ടിൽനിന്നു വല്ലതും എടുക്കുവാൻ കടക്കുകയോ അരുത്.
16 ൧൬ വയലിൽ ഇരിക്കുന്നവൻ തന്റെ വസ്ത്രം എടുക്കുവാൻ മടങ്ങിപ്പോകരുത്.
17 ൧൭ ആ കാലത്ത് ഗർഭിണികൾക്കും മുല കുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം!
18 ൧൮ എന്നാൽ അത് ശീതകാലത്ത് സംഭവിക്കാതിരിപ്പാൻ പ്രാർത്ഥിക്കുവിൻ.
19 ൧൯ ആ നാളുകൾ ദൈവം സൃഷ്ടിച്ച സൃഷ്ടിയുടെ ആരംഭംമുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ മഹാ കഷ്ടകാലം ആകും.
20 ൨൦ കർത്താവ് ആ നാളുകളെ ചുരുക്കീട്ടില്ല എങ്കിൽ ഒരു ജഡവും രക്ഷിയ്ക്കപ്പെടുകയില്ല. താൻ തിരഞ്ഞെടുത്ത വൃതന്മാർനിമിത്തമോ അവൻ ആ നാളുകളെ ചുരുക്കിയിരിക്കുന്നു.
21 ൨൧ അന്ന് ആരെങ്കിലും നിങ്ങളോടു: ഇതാ ക്രിസ്തു ഇവിടെ എന്നോ അതാ അവിടെ എന്നോ പറഞ്ഞാൽ വിശ്വസിക്കരുത്.
22 ൨൨ കള്ള ക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റ്, കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി അടയാളങ്ങളും അത്ഭുതങ്ങളും കാണിയ്ക്കും.
23 ൨൩ നിങ്ങളോ സൂക്ഷിച്ചുകൊള്ളുവിൻ; ഞാൻ എല്ലാം നിങ്ങളോടു മുൻകൂട്ടി പറഞ്ഞുവല്ലോ.
24 ൨൪ എങ്കിലോ ആ കാലത്തെ കഷ്ടം കഴിഞ്ഞശേഷം സൂര്യൻ ഇരുണ്ടുപോകുകയും ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കുകയും
25 ൨൫ ആകാശത്തുനിന്ന് നക്ഷത്രങ്ങൾ വീഴുകയും ആകാശത്തിലെ ശക്തികൾ ഇളകിപ്പോകുകയും ചെയ്യും.
26 ൨൬ അപ്പോൾ മനുഷ്യപുത്രൻ വലിയ ശക്തിയോടും തേജസ്സോടുംകൂടെ മേഘങ്ങളിൽ വരുന്നത് അവർ കാണും.
27 ൨൭ അന്ന് അവൻ തന്റെ ദൂതന്മാരെ അയച്ച്, തന്റെ വൃതന്മാരെ ഭൂമിയുടെ അറുതിമുതൽ ആകാശത്തിന്റെ അറുതിവരെയും നാല് ദിക്കിൽനിന്നും കൂട്ടിച്ചേർക്കും.
28 ൨൮ അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പ് ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ.
29 ൨൯ അങ്ങനെ നിങ്ങളും ഇതു സംഭവിക്കുന്നത് കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.
30 ൩൦ ഇതു ഒക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
31 ൩൧ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒരിക്കലും ഒഴിഞ്ഞുപോകയില്ല.
32 ൩൨ ആ നാളും നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വർഗ്ഗത്തിലെ ദൂതന്മാരും, പുത്രനും കൂടെ അറിയുന്നില്ല.
33 ൩൩ ആ സമയം എപ്പോഴാണെന്ന് നിങ്ങൾ അറിയായ്കകൊണ്ട് ജാഗ്രതയോടെ ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിക്കുവിൻ.
34 ൩൪ ഇതു ഒരു മനുഷ്യൻ വീടുവിട്ട് പരദേശത്തുപോകുമ്പോൾ തന്റെ ദാസന്മാർക്ക് ആ വീടിന്റെ ചുമതലയും അവനവന് അതത് വേലയും കൊടുത്തിട്ട് വാതിൽ കാവൽക്കാരനോട് ഉണർന്നിരിപ്പാൻ കല്പിച്ചതുപോലെ തന്നേ.
35 ൩൫ യജമാനൻ സന്ധ്യയ്ക്കോ അർദ്ധരാത്രിക്കോ കോഴികൂകുന്ന നേരത്തോ രാവിലെയോ എപ്പോൾ വരും എന്നു നിങ്ങൾ അറിയായ്കകൊണ്ട്,
36 ൩൬ അവൻ പെട്ടെന്ന് വന്നു നിങ്ങളെ ഉറങ്ങുന്നവരായി കണ്ടെത്താതിരിക്കേണ്ടതിന് ഉണർന്നിരിപ്പിൻ.
37 ൩൭ ഞാൻ നിങ്ങളോടു പറയുന്നത് എല്ലാവരോടും പറയുന്നു: ഉണർന്നിരിപ്പിൻ.