< ലേവ്യപുസ്തകം 27 >
1 ൧ യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
2 ൨ “യിസ്രായേൽ മക്കളോടു നീ പറയേണ്ടത്: ‘ഒരുവൻ യഹോവയ്ക്ക് ഒരു നേർച്ച നിവർത്തിക്കുമ്പോൾ ആൾ നിന്റെ മതിപ്പുപോലെ യഹോവയ്ക്കുള്ളവൻ ആകണം.
3 ൩ ഇരുപതു വയസ്സുമുതൽ അറുപതു വയസ്സുവരെയുള്ള ആണിന് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നിന്റെ മതിപ്പ് അമ്പത് ശേക്കെൽ വെള്ളി ആയിരിക്കണം.
4 ൪ പെണ്ണായിരുന്നാൽ നിന്റെ മതിപ്പു മുപ്പതു ശേക്കെൽ ആയിരിക്കണം.
5 ൫ അഞ്ച് വയസ്സുമുതൽ ഇരുപതു വയസ്സുവരെ എങ്കിൽ നിന്റെ മതിപ്പ് ആണിന് ഇരുപതു ശേക്കെലും പെണ്ണിന് പത്തു ശേക്കെലും ആയിരിക്കണം.
6 ൬ ഒരു മാസംമുതൽ അഞ്ച് വയസ്സുവരെയുള്ളതായാൽ നിന്റെ മതിപ്പ് ആണിന് അഞ്ച് ശേക്കെൽ വെള്ളിയും പെണ്ണിന് മൂന്നു ശേക്കെൽ വെള്ളിയും ആയിരിക്കണം.
7 ൭ അറുപതു വയസ്സുമുതൽ മേലോട്ടെങ്കിൽ നിന്റെ മതിപ്പ് ആണിന് പതിനഞ്ചു ശേക്കെലും പെണ്ണിന് പത്തു ശേക്കെലും ആയിരിക്കണം.
8 ൮ നിന്റെ മതിപ്പുപോലെ കൊടുക്കുവാൻ കഴിയാതെ ഒരുവൻ ദരിദ്രനായിരുന്നാൽ അവനെ പുരോഹിതന്റെ മുമ്പാകെ കൊണ്ടുവന്നു നിർത്തണം; പുരോഹിതൻ അവന്റെ വിലമതിക്കണം; നേർന്നവന്റെ പ്രാപ്തിക്കൊത്തവണ്ണം പുരോഹിതൻ അവനെ വിലമതിക്കണം.
9 ൯ “‘അത് യഹോവയ്ക്കു വഴിപാട് കഴിക്കുവാൻ തക്ക മൃഗം ആകുന്നു എങ്കിൽ ആ വകയിൽനിന്ന് യഹോവയ്ക്കു കൊടുക്കുന്നതൊക്കെയും വിശുദ്ധമായിരിക്കണം.
10 ൧൦ മോശമായതിനു പകരം നല്ലത്, നല്ലതിനു പകരം മോശമായത് ഇങ്ങനെ മാറ്റുകയോ വ്യത്യാസം വരുത്തുകയോ ചെയ്യരുത്; മൃഗത്തിനു മൃഗത്തെ വച്ചുമാറുന്നു എങ്കിൽ അതും വച്ചുമാറിയതും വിശുദ്ധമായിരിക്കണം.
11 ൧൧ അത് യഹോവയ്ക്കു വഴിപാട് കഴിക്കുവാൻ പാടില്ലാത്ത അശുദ്ധമൃഗമാകുന്നു എങ്കിൽ ആ മൃഗത്തെ പുരോഹിതന്റെ മുമ്പാകെ നിർത്തണം.
12 ൧൨ അത് നല്ലതോ മോശമായതോ ആയിരിക്കുന്നതിന് ഒത്തവണ്ണം പുരോഹിതൻ അതിനെ മതിക്കണം; പുരോഹിതനായ നീ അതിനെ മതിക്കുന്നതുപോലെ തന്നെ ആയിരിക്കണം.
13 ൧൩ അതിനെ വീണ്ടെടുക്കുന്നു എങ്കിൽ നീ മതിച്ച തുകയോട് അഞ്ചിലൊന്നു കൂട്ടണം.
14 ൧൪ “‘ഒരുവൻ തന്റെ വീട് യഹോവയ്ക്കു വിശുദ്ധമായിരിക്കേണ്ടതിനു വിശുദ്ധീകരിച്ചാൽ അത് നല്ലതെങ്കിലും മോശമായതെങ്കിലും പുരോഹിതൻ അത് മതിക്കണം; പുരോഹിതൻ മതിക്കുന്നതുപോലെ തന്നെ അത് ആയിരിക്കണം.
15 ൧൫ തന്റെ വീടു വിശുദ്ധീകരിച്ചാൽ അത് വീണ്ടെടുക്കുന്നെങ്കിൽ അവൻ നിന്റെ മതിപ്പുവിലയുടെ അഞ്ചിലൊന്ന് അതിനോട് കൂട്ടണം; എന്നാൽ അത് അവനുള്ളതാകും.
16 ൧൬ “‘ഒരുവൻ തന്റെ അവകാശനിലത്തിൽ ഏതാനും യഹോവയ്ക്കു വിശുദ്ധീകരിച്ചാൽ നിന്റെ മതിപ്പ് അതിന് വിതയ്ക്കുവാന് വേണ്ട വിത്തിന്റെ അളവിനു ഒത്തവണ്ണം ആയിരിക്കണം; ഒരു ഹോമെർ യവം വിതയ്ക്കുന്ന നിലത്തിന് അമ്പത് ശേക്കെൽ വെള്ളി മതിക്കണം.
17 ൧൭ യോബേൽവർഷംമുതൽ അവൻ തന്റെ നിലം വിശുദ്ധീകരിച്ചാൽ അത് നിന്റെ മതിപ്പുപോലെ ആയിരിക്കണം.
18 ൧൮ യോബേൽവർഷത്തിന്റെ ശേഷം അവൻ അതിനെ വിശുദ്ധീകരിക്കുന്നു എങ്കിൽ യോബേൽ വർഷംവരെ ശേഷിക്കുന്ന വർഷങ്ങൾക്ക് ഒത്തവണ്ണം പുരോഹിതൻ അതിന്റെ വില കണക്കാക്കണം; അത് നിന്റെ മതിപ്പിൽനിന്നു കുറയ്ക്കണം.
19 ൧൯ നിലം വിശുദ്ധീകരിച്ചവൻ അത് വീണ്ടെടുക്കുന്നെങ്കിൽ അവൻ നിന്റെ മതിപ്പുവിലയുടെ അഞ്ചിലൊന്ന് അതിനോട് കൂട്ടണം; എന്നാൽ അത് അവനു സ്ഥിരമായിരിക്കും.
20 ൨൦ അവൻ നിലം വീണ്ടെടുക്കാതെ മറ്റൊരുത്തനു വിറ്റു എങ്കിൽ പിന്നെ അത് വീണ്ടെടുത്തുകൂടാ.
21 ൨൧ ആ നിലം യൊബേൽവർഷത്തിൽ ഒഴിഞ്ഞുകൊടുക്കുമ്പോൾ സമർപ്പിതഭൂമിപോലെ യഹോവയ്ക്കു വിശുദ്ധമായിരിക്കണം; അതിന്റെ അനുഭവം പുരോഹിതന് ഇരിക്കണം.
22 ൨൨ തന്റെ അവകാശനിലങ്ങളിൽ ഉൾപ്പെടാതെ സ്വയം വാങ്ങിയ ഒരു നിലം ഒരുവൻ യഹോവയ്ക്കു ശുദ്ധീകരിച്ചാൽ
23 ൨൩ പുരോഹിതൻ യോബേൽ വർഷംവരെ മതിപ്പുവില കണക്കാക്കണം; നിന്റെ മതിപ്പുവില അവൻ അന്നുതന്നെ യഹോവയ്ക്കു വിശുദ്ധമായി കൊടുക്കണം.
24 ൨൪ ആ നിലം മുന്നുടമസ്ഥനു യോബേൽ വർഷത്തിൽ തിരികെ ചേരേണം.
25 ൨൫ നിന്റെ മതിപ്പൊക്കെയും ശേക്കെലിന് ഇരുപതു ഗേരാവച്ച് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആയിരിക്കണം.
26 ൨൬ “‘കടിഞ്ഞൂൽപിറവിയാൽ യഹോവയ്ക്കു ഉള്ളതായ മൃഗത്തെ മാത്രം ആരും വിശുദ്ധീകരിക്കരുത്; മാടായാലും ആടായാലും അത് യഹോവയ്ക്കുള്ളത് ആകുന്നു.
27 ൨൭ അത് അശുദ്ധമൃഗമാകുന്നു എങ്കിൽ മതിപ്പുവിലയും അതിന്റെ അഞ്ചിലൊന്നും കൂടി കൊടുത്ത് അതിനെ വീണ്ടെടുക്കണം; വീണ്ടെടുക്കുന്നില്ലെങ്കിൽ നിന്റെ മതിപ്പുവിലയ്ക്ക് അതിനെ വില്ക്കണം.
28 ൨൮ “‘എന്നാൽ ഒരുവൻ തനിക്കുള്ള ആൾ, മൃഗം, അവകാശനിലം മുതലായി യഹോവയ്ക്കു കൊടുക്കുന്ന യാതൊരു സമർപ്പിതവസ്തുവും വില്ക്കുകയോ വീണ്ടെടുക്കുകയോ ചെയ്തുകൂടാ; സമർപ്പിതവസ്തു ഏല്ലാം യഹോവയ്ക്ക് അതിവിശുദ്ധം ആകുന്നു.
29 ൨൯ മനുഷ്യവർഗ്ഗത്തിൽനിന്നു സമർപ്പിതവസ്തുവായി കൊടുക്കുന്ന ആരെയും വീണ്ടെടുക്കാതെ കൊന്നുകളയണം.
30 ൩൦ “‘നിലത്തിലെ വിത്തിലും വൃക്ഷത്തിന്റെ ഫലത്തിലും ദേശത്തിലെ ദശാംശം സകലവും യഹോവയ്ക്കുള്ളത് ആകുന്നു; അത് യഹോവയ്ക്കു വിശുദ്ധം.
31 ൩൧ ഒരുവൻ തന്റെ ദശാംശത്തിൽ ഏതാനും വീണ്ടെടുക്കുന്നു എങ്കിൽ അതിനോട് അഞ്ചിലൊന്നുകൂടി ചേർത്തുകൊടുക്കണം.
32 ൩൨ മാടാകട്ടെ ആടാകട്ടെ കോലിൻ കീഴെ കടന്നുപോകുന്ന എല്ലാറ്റിലും പത്തിലൊന്ന് യഹോവയ്ക്കു വിശുദ്ധമായിരിക്കണം.
33 ൩൩ അത് നല്ലതോ മോശമായതോ എന്നു ശോധനചെയ്യരുത്; വച്ചുമാറുകയും അരുത്; വച്ചുമാറുന്നു എങ്കിൽ അതും വച്ചുമാറിയതും വിശുദ്ധമായിരിക്കണം. അവയെ വീണ്ടെടുത്തുകൂടാ’”.
34 ൩൪ യിസ്രായേൽമക്കൾക്കുവേണ്ടി യഹോവ സീനായിപർവ്വതത്തിൽവച്ചു മോശെയോടു കല്പിച്ച കല്പനകൾ ഇവ ആകുന്നു.