< ലേവ്യപുസ്തകം 10 >
1 ൧ അനന്തരം അഹരോന്റെ പുത്രന്മാരായ നാദാബും അബീഹൂവും ഓരോ ധൂപകലശം എടുത്ത് അതിൽ തീ ഇട്ട് അതിന്മേൽ ധൂപവർഗ്ഗവും ഇട്ടു, അങ്ങനെ യഹോവ തങ്ങളോട് കല്പിച്ചതല്ലാത്ത അന്യാഗ്നി യഹോവയുടെ സന്നിധിയിൽ അർപ്പിച്ചു.
2 ൨ ഉടനെ യഹോവയുടെ സന്നിധിയിൽനിന്ന് തീ പുറപ്പെട്ട് അവരെ ദഹിപ്പിച്ചുകളഞ്ഞു; അവർ യഹോവയുടെ സന്നിധിയിൽ മരിച്ചുപോയി.
3 ൩ അപ്പോൾ മോശെ അഹരോനോട്: “യഹോവ അരുളിച്ചെയ്തത് ഇതുതന്നെ: എന്നോട് അടുക്കുന്നവരിൽ ഞാൻ ശുദ്ധീകരിക്കപ്പെടും; സർവ്വജനത്തിന്റെയും മുമ്പാകെ ഞാൻ മഹത്വപ്പെടും” എന്ന് പറഞ്ഞു. അഹരോനോ മിണ്ടാതിരുന്നു.
4 ൪ പിന്നെ മോശെ അഹരോന്റെ ഇളയപ്പൻ ഉസ്സീയേലിന്റെ പുത്രന്മാരായ മീശായേലിനെയും എൽസാഫാനെയും വിളിച്ച് അവരോട്: “നിങ്ങൾ അടുത്തുചെന്നു നിങ്ങളുടെ സഹോദരന്മാരെ വിശുദ്ധമന്ദിരത്തിന്റെ മുമ്പിൽനിന്നു പാളയത്തിനു പുറത്ത് കൊണ്ടുപോകുവിൻ” എന്നു പറഞ്ഞു.
5 ൫ മോശെ പറഞ്ഞതുപോലെ അവർ അടുത്തുചെന്ന് അവരെ അവരുടെ അങ്കികളോടുകൂടി പാളയത്തിനു പുറത്തു കൊണ്ടുപോയി.
6 ൬ പിന്നെ മോശെ അഹരോനോടും അവന്റെ പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും “നിങ്ങൾ മരിക്കാതെയും സർവ്വസഭയുടെയും മേൽ കോപം വരാതെയും ഇരിക്കുവാൻ നിങ്ങളുടെ തലമുടി പിച്ചിപ്പറിക്കരുത്; നിങ്ങളുടെ വസ്ത്രം കീറുകയും അരുത്; നിങ്ങളുടെ സഹോദരന്മാരായ യിസ്രായേൽഗൃഹം ഒക്കെയും യഹോവ ദഹിപ്പിച്ച ദഹനംനിമിത്തം കരയട്ടെ.
7 ൭ നിങ്ങളോ മരിച്ചു പോകാതിരിക്കേണ്ടതിനു സമാഗമനകൂടാരത്തിന്റെ വാതിൽ വിട്ടു പുറത്തു പോകരുത്; യഹോവയുടെ അഭിഷേകതൈലം നിങ്ങളുടെമേൽ ഇരിക്കുന്നുവല്ലോ” എന്നു പറഞ്ഞു. അവർ മോശെയുടെ വചനംപോലെ തന്നെ ചെയ്തു.
8 ൮ യഹോവ അഹരോനോട് അരുളിച്ചെയ്തത്:
9 ൯ “നീയും നിന്റെ പുത്രന്മാരും മരിച്ചു പോകാതിരിക്കേണ്ടതിനു സമാഗമനകൂടാരത്തിൽ കടക്കുമ്പോൾ വീഞ്ഞും മദ്യവും കുടിക്കരുത്. ഇതു നിങ്ങൾക്ക് തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കണം.
10 ൧൦ ശുദ്ധവും അശുദ്ധവും മലിനവും നിർമ്മലവും തമ്മിൽ നിങ്ങൾ വേർതിരിക്കേണ്ടതിനും
11 ൧൧ യഹോവ മോശെമുഖാന്തരം യിസ്രായേൽ മക്കളോടു കല്പിച്ച സകലപ്രമാണങ്ങളും അവരെ ഉപദേശിക്കേണ്ടതിനും തന്നെ”.
12 ൧൨ അഹരോനോടും അവന്റെ ശേഷിച്ച പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും മോശെ പറഞ്ഞതെന്തെന്നാൽ: “യഹോവയുടെ ദഹനയാഗങ്ങളിൽ ശേഷിച്ച ഭോജനയാഗം നിങ്ങൾ എടുത്തു യാഗപീഠത്തിന്റെ അടുക്കൽവച്ചു പുളിപ്പില്ലാത്തതായി ഭക്ഷിക്കുവിൻ; അത് അതിവിശുദ്ധം.
13 ൧൩ അത് ഒരു വിശുദ്ധസ്ഥലത്തു വച്ചു ഭക്ഷിക്കണം; യഹോവയുടെ ദഹനയാഗങ്ങളിൽ അത് നിനക്കുള്ള അവകാശവും നിന്റെ പുത്രന്മാർക്കുള്ള അവകാശവും ആകുന്നു; ഇങ്ങനെ എന്നോട് കല്പിച്ചിരിക്കുന്നു.
14 ൧൪ നീരാജനത്തിന്റെ നെഞ്ചും ഉദർച്ചയുടെ കൈക്കുറകും നീയും നിന്റെ പുത്രന്മാരും പുത്രിമാരും ശുദ്ധിയുള്ള ഒരു സ്ഥലത്തുവച്ചു തിന്നണം; യിസ്രായേൽ മക്കളുടെ സമാധാനയാഗങ്ങളിൽ അവ നിനക്കുള്ള അവകാശവും നിന്റെ മക്കൾക്കുള്ള അവകാശവുമായി നല്കിയിരിക്കുന്നു.
15 ൧൫ മേദസ്സിന്റെ ദഹനയാഗങ്ങളോടുകൂടെ അവർ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണ്ടതിന് ഉദർച്ചയുടെ കൈക്കുറകും നീരാജനത്തിന്റെ നെഞ്ചും കൊണ്ടുവരണം; അത് യഹോവ കല്പിച്ചതുപോലെ ശാശ്വതാവകാശമായി നിനക്കും നിന്റെ മക്കൾക്കും ഉള്ളതായിരിക്കണം”.
16 ൧൬ പിന്നെ പാപയാഗമായ കോലാടിനെക്കുറിച്ചു മോശെ താത്പര്യമായി അന്വേഷിച്ചു; എന്നാൽ അത് ചുട്ടുകളഞ്ഞിരുന്നു; അപ്പോൾ അവൻ അഹരോന്റെ ശേഷിച്ച പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും കോപിച്ചു:
17 ൧൭ “പാപയാഗം അതിവിശുദ്ധവും സഭയുടെ അകൃത്യം നീക്കിക്കളയുവാനും അവർക്കുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കുവാനും നിങ്ങൾക്ക് തന്നതും ആയിരിക്കെ നിങ്ങൾ അത് ഒരു വിശുദ്ധസ്ഥലത്തു വച്ചു ഭക്ഷിക്കാഞ്ഞത് എന്ത്?
18 ൧൮ അതിന്റെ രക്തം വിശുദ്ധമന്ദിരത്തിനകത്തു കൊണ്ടുവന്നില്ലല്ലോ; ഞാൻ ആജ്ഞാപിച്ചതുപോലെ നിങ്ങൾ അത് ഒരു വിശുദ്ധസ്ഥലത്തുവച്ചു ഭക്ഷിക്കേണ്ടതായിരുന്നു” എന്നു പറഞ്ഞു.
19 ൧൯ അപ്പോൾ അഹരോൻ മോശെയോട്: “ഇന്ന് അവർ അവരുടെ പാപയാഗവും ഹോമയാഗവും യഹോവയുടെ സന്നിധിയിൽ അർപ്പിച്ചു; എനിക്ക് ഇങ്ങനെ ഭവിച്ചുവല്ലോ. ഇന്ന് ഞാൻ പാപയാഗം ഭക്ഷിച്ചു എങ്കിൽ അത് യഹോവയ്ക്കു പ്രസാദമായിരിക്കുമോ?” എന്നു പറഞ്ഞു.
20 ൨൦ ഇതു കേട്ടപ്പോൾ മോശെ സംതൃപ്തനായി.