< ന്യായാധിപന്മാർ 1 >
1 ൧ യോശുവയുടെ മരണത്തെ തുടർന്ന് “കനാന്യരോട് യുദ്ധം ചെയ്‌വാൻ ഞങ്ങളിൽ ആദ്യം പുറപ്പെടേണ്ടത് ആരാകുന്നു” എന്ന് യിസ്രായേൽ മക്കൾ യഹോവയോട് ചോദിച്ചു.
യോശുവയുടെ മരണശേഷം യിസ്രായേൽമക്കൾ: ഞങ്ങളിൽ ആരാകുന്നു കനാന്യരോടു യുദ്ധംചെയ്‌വാൻ ആദ്യം പുറപ്പെടേണ്ടതു എന്നു യഹോവയോടു ചോദിച്ചു.
2 ൨ അതിന് യഹോവ അരുളിച്ചെയ്തത് “യെഹൂദാ പുറപ്പെടട്ടെ; തീർച്ചയായും ഞാൻ ആ ദേശം അവന് കൊടുത്തിരിക്കുന്നു
യെഹൂദാ പുറപ്പെടട്ടെ; ഞാൻ ദേശം അവന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു യഹോവ കല്പിച്ചു.
3 ൩ യെഹൂദാ തന്റെ സഹോദരനായ ശിമെയോനോട് എനിക്ക് നൽകിയിരിക്കുന്ന അവകാശ ദേശത്തേക്ക് കനാന്യരോട് യുദ്ധം ചെയ്‌വാൻ നീ എന്നോടുകൂടെ പോരേണം; അതുപോലെ തന്നെ ഞാനും നിന്നോട് കൂടെ നിന്റെ അവകാശദേശത്തേക്ക് വരാം “എന്ന് പറഞ്ഞു അങ്ങനെ ശിമെയോൻ അവനോടുകൂടെ പോയി.
യെഹൂദാ തന്റെ സഹോദരനായ ശിമെയോനോടു: എന്റെ അവകാശദേശത്തു കനാന്യരോടു യുദ്ധംചെയ്‌വാൻ നീ എന്നോടുകൂടെ പോരേണം; നിന്റെ അവകാശദേശത്തു നിന്നോടുകൂടെ ഞാനും വരാം എന്നു പറഞ്ഞു ശിമെയോൻ അവനോടുകൂടെ പോയി.
4 ൪ അങ്ങനെ യെഹൂദാ പുറപ്പെട്ടു; യഹോവ കനാന്യരെയും പെരിസ്യരെയും അവർക്ക് ഏല്പിച്ചുകൊടുത്തു; അവർ ബേസെക്കിൽവെച്ച് അവരിൽ പതിനായിരംപേരെ കൊന്നു.
അങ്ങനെ യെഹൂദാ പുറപ്പെട്ടു; യഹോവ കനാന്യരെയും പെരിസ്യരെയും അവരുടെ കയ്യിൽ ഏല്പിച്ചു; അവർ ബേസെക്കിൽവെച്ചു അവരിൽ പതിനായിരംപേരെ സംഹരിച്ചു.
5 ൫ ബേസെക്കിൽവെച്ച് അവർ അദോനി-ബേസെക്കിനെ കണ്ടു, അവനോട് യുദ്ധംചെയ്തു; അങ്ങനെ അവർ കനാന്യരെയും പെരിസ്യരെയും പരാജയപ്പെടുത്തി.
ബേസെക്കിൽവെച്ചു അവർ അദോനി-ബേസെക്കിനെ കണ്ടു, അവനോടു യുദ്ധംചെയ്തു കനാന്യരെയും പെരിസ്യരെയും സംഹരിച്ചു.
6 ൬ അപ്പോൾ അദോനി-ബേസെക്ക് ഓടിപ്പോയി; അവർ അവനെ പിന്തുടർന്നു പിടിച്ചു അവന്റെ കൈകാലുകളുടെ പെരുവിരൽ മുറിച്ചുകളഞ്ഞു.
എന്നാൽ അദോനീബേസെക്ക് ഓടിപ്പോയി; അവർ അവനെ പിന്തുടൎന്നു പിടിച്ചു അവന്റെ കൈകാലുകളുടെ പെരുവിരൽ മുറിച്ചുകളഞ്ഞു.
7 ൭ കൈകാലുകളുടെ പെരുവിരൽ മുറിച്ച എഴുപത് രാജാക്കന്മാർ എന്റെ മേശയിൻകീഴിൽനിന്ന് ഭക്ഷണം പെറുക്കിത്തിന്നിരുന്നു; ഞാൻ ചെയ്തതുപോലെ തന്നേ ദൈവം എനിക്ക് പകരം ചെയ്തിരിക്കുന്നു എന്ന് അദോനി-ബേസെക്ക് പറഞ്ഞു. അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി; അവിടെവെച്ച് അവൻ മരിച്ചു.
കൈകാലുകളുടെ പെരുവിരൽ മുറിച്ച എഴുപതു രാജാക്കന്മാർ എന്റെ മേശയിൻകീഴിൽനിന്നു പെറുക്കിത്തിന്നിരുന്നു; ഞാൻ ചെയ്തതുപോലെ തന്നേ ദൈവം എനിക്കു പകരം ചെയ്തിരിക്കുന്നു എന്നു അദോനീ--ബേസെക്ക് പറഞ്ഞു. അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി അവിടെവെച്ചു അവൻ മരിച്ചു.
8 ൮ യെഹൂദാമക്കൾ യെരൂശലേമിന്റെ നേരെ യുദ്ധംചെയ്തു അവർ അതിനെ കൈവശമാക്കി; വാൾകൊണ്ട് വെട്ടി, നഗരം തീയിട്ട് ചുട്ടുകളഞ്ഞു.
യെഹൂദാമക്കൾ യെരൂശലേമിന്റെ നേരെ യുദ്ധംചെയ്തു അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാൽ വെട്ടി നഗരം തീയിട്ടു ചുട്ടുകളഞ്ഞു.
9 ൯ അതിന്‍റെശേഷം യെഹൂദാമക്കൾ മലകളിലും തെക്കുഭാഗത്തും താഴ്വരകളിലും പാർത്തിരുന്ന കനാന്യരോടു യുദ്ധം ചെയ്‌വാൻ പോയി.
അതിന്റെ ശേഷം യെഹൂദാമക്കൾ മലനാട്ടിലും തെക്കെ ദേശത്തിലും താഴ്വീതിയിലും പാൎത്തിരുന്ന കനാന്യരോടു യുദ്ധം ചെയ്‌വാൻ പോയി.
10 ൧൦ അനന്തരം യെഹൂദാ ഹെബ്രോനിൽ പാർത്തിരുന്ന കനാന്യർക്കു നേരെ ചെന്നു; ഹെബ്രോന്റെ പഴയ പേര് കിര്യത്ത്-അർബ്ബാ എന്നായിരുന്നു. അവർ ശേശായി, അഹിമാൻ, തൽമായി എന്നിവരെ കൊന്നു.
യെഹൂദാ ഹെബ്രോനിൽ പാൎത്തിരുന്ന കനാന്യരുടെ നേരെയും ചെന്നു; ഹെബ്രോന്നു പണ്ടു കിൎയ്യത്ത്-അൎബ്ബാ എന്നു പേർ. അവർ ശേശായി, അഹിമാൻ, തൽമായി എന്നവരെ സംഹരിച്ചു.
11 ൧൧ അവിടെനിന്നു അവർ ദെബീർ നിവാസികളുടെ നേരെ ചെന്നു; ദെബീരിന്റെ പഴയ പേര് കിര്യത്ത്-സേഫെർ എന്നായിരുന്നു.
അവിടെനിന്നു അവർ ദെബീർ നിവാസികളുടെ നേരെ ചെന്നു; ദെബീരിന്നു പണ്ടു കിൎയ്യത്ത്--സേഫെർ എന്നു പേർ.
12 ൧൨ അപ്പോൾ കാലേബ്: യുദ്ധംചെയ്തു കിര്യത്ത്-സേഫെർ കീഴടക്കുന്നവന് ഞാൻ എന്റെ മകൾ അക്സയെ ഭാര്യയായി കൊടുക്കും എന്ന് പറഞ്ഞു.
അപ്പോൾ കാലേബ്: കിൎയ്യത്ത്--സേഫെർ ജയിച്ചടക്കുന്നവന്നു ഞാൻ എന്റെ മകൾ അക്സയെ ഭാൎയ്യയായി കൊടുക്കും എന്നു പറഞ്ഞു.
13 ൧൩ കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നീയേൽ അത് പിടിച്ചു; അവൻ തന്റെ മകൾ അക്സയെ അവന് ഭാര്യയായി കൊടുത്തു.
കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നീയേൽ അതു പിടിച്ചു; അവൻ തന്റെ മകൾ അക്സയെ അവന്നു ഭാൎയ്യയായി കൊടുത്തു.
14 ൧൪ അവൾ അവന്റെ അടുക്കൽ എത്തിയപ്പോൾ അവളുടെ അപ്പനോട് ഒരു വയൽ കൂടി ആവശ്യപ്പെടാൻ അവനെ ഉത്സാഹിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോൾ കാലേബ് അവളോട് നിന്റെ ആഗ്രഹം എന്ത് എന്ന് ചോദിച്ചു.
അവൾ വന്നപ്പോൾ തന്റെ അപ്പനോടു ഒരു വയൽ ചോദിപ്പാൻ അവനെ ഉത്സാഹിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്നു ഇറങ്ങിയപ്പോൾ കാലേബ് അവളോടു: നിനക്കു എന്തുവേണം എന്നു ചോദിച്ചു.
15 ൧൫ അവൾ അവനോട്: ഒരു അനുഗ്രഹം എനിക്ക് തരേണമേ; നീ എനിക്ക് തന്ന ഭൂമി തെക്കെ ദേശത്തായതുകൊണ്ട്, നീരുറവുകളും കൂടെ എനിക്ക് തരേണമേ എന്ന് പറഞ്ഞു; കാലേബ് അവൾക്ക് മലയിലും താഴ്വരയിലും നീരുറവുകൾ കൊടുത്തു.
അവൾ അവനോടു ഒരു അനുഗ്രഹം എനിക്കു തരേണമേ; നീ എന്നെ തെക്കൻ നാട്ടിലേക്കല്ലോ കൊടുത്തതു; നീരുറവുകളും എനിക്കു തരേണമേ എന്നു പറഞ്ഞു; കാലേബ് അവൾക്കു മലയിലും താഴ്വരയിലും നീരുറവുകൾ കൊടുത്തു.
16 ൧൬ മോശെയുടെ ഭാര്യാപിതാവായ കേന്യന്റെ മക്കൾ യെഹൂദാമക്കളോടുകൂടെ ഈന്തപ്പന നഗരത്തിൽനിന്ന് അരാദിന്നു തെക്കുള്ള യെഹൂദാമരുഭൂമിയിലേക്ക് ചെന്ന്, ജനത്തോടുകൂടെ അവിടെ പാർത്തു.
മോശെയുടെ അളിയനായ കേന്യന്റെ മക്കൾ യെഹൂദാമക്കളോടുകൂടെ ഈന്തപ്പട്ടണത്തിൽനിന്നു അരാദിന്നു തെക്കുള്ള യെഹൂദാമരുഭൂമിയിലേക്കു പോയി; അവർ ചെന്നു ജനത്തോടുകൂടെ പാൎത്തു.
17 ൧൭ പിന്നെ യെഹൂദാ തന്റെ സഹോദരനായ ശിമെയോനോടുകൂടെ പോയി, അവർ സെഫാത്തിൽ പാർത്തിരുന്ന കനാന്യരെ വെട്ടി അതിനെ പൂർണ്ണമായും നശിപ്പിച്ചു; അങ്ങനെ ആ പട്ടണത്തിന് ഹോർമ്മ എന്ന് പേരിട്ടു.
പിന്നെ യെഹൂദാ തന്റെ സഹോദരനായ ശിമെയോനോടുകൂടെ പോയി, അവർ സെഫാത്തിൽ പാൎത്തിരുന്ന കനാന്യരെ വെട്ടി അതിനെ നിൎമ്മൂലമാക്കി; ആ പട്ടണത്തിന്നു ഹോൎമ്മ എന്നു പേർ ഇട്ടു.
18 ൧൮ ഗസ്സയും അസ്കലോനും, എക്രോനും ഇവയോടു ചേർന്നുള്ള ഭൂപ്രദേശങ്ങളും യെഹൂദാ പിടിച്ചു.
യെഹൂദാ ഗസ്സയും അതിന്റെ അതിർനാടും അസ്കലോനും അതിന്റെ അതിർനാടും എക്രോനും അതിന്റെ അതിർനാടും പിടിച്ചു.
19 ൧൯ യഹോവ യെഹൂദയോടുകൂടെ ഉണ്ടായിരുന്നു; അവൻ മലനാട്ടിലെ നിവാസികളെ ഓടിച്ചുകളഞ്ഞു; എന്നാൽ താഴ്വരയിലെ നിവാസികൾക്ക് ഇരിമ്പുരഥങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് അവരെ നീക്കിക്കളവാൻ കഴിഞ്ഞില്ല.
യഹോവ യെഹൂദയോടുകൂടെ ഉണ്ടായിരുന്നു; അവൻ മലനാടു കൈവശമാക്കി; എന്നാൽ താഴ്വരയിലെ നിവാസികൾക്കു ഇരിമ്പുരഥങ്ങൾ ഉണ്ടായിരുന്നതുകൊണ്ടു അവരെ നീക്കിക്കളവാൻ കഴിഞ്ഞില്ല.
20 ൨൦ മോശെ കല്പിച്ചതുപോലെ അവർ കാലേബിന് ഹെബ്രോൻ കൊടുത്തു; അവൻ അവിടെനിന്ന് അനാക്കിന്റെ മൂന്നു പുത്രന്മാരെയും നീക്കിക്കളഞ്ഞു.
മോശെ കല്പിച്ചതുപോലെ അവർ കാലേബിന്നു ഹെബ്രോൻ കൊടുത്തു; അവൻ അവിടെനിന്നു അനാക്കിന്റെ മൂന്നു പുത്രന്മാരെയും നീക്കിക്കളഞ്ഞു.
21 ൨൧ യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെ ബെന്യാമീൻ മക്കൾ നീക്കിക്കളയാതിരുന്നതുകൊണ്ട് അവർ ഇന്നുവരെ ബെന്യാമീൻ മക്കളോടുകൂടെ യെരൂശലേമിൽ പാർത്തു വരുന്നു.
ബെന്യാമീൻമക്കൾ യെരൂശലേമിൽ പാൎത്തിരുന്ന യെബൂസ്യരെ നീക്കിക്കളഞ്ഞില്ല; യെബൂസ്യർ ഇന്നുവരെ ബെന്യാമീൻമക്കളോടു കൂടെ യെരൂശലേമിൽ പാൎത്തുവരുന്നു.
22 ൨൨ യോസേഫിന്റെ ഗൃഹം ബേഥേലിലേക്ക് കയറിച്ചെന്നു; യഹോവയും അവരോടുകൂടെ ഉണ്ടായിരുന്നു.
യോസേഫിന്റെ ഗൃഹം ബേഥേലിലേക്കു കയറിച്ചെന്നു; യഹോവ അവരോടുകൂടെ ഉണ്ടായിരുന്നു.
23 ൨൩ യോസേഫിന്റെ ഗൃഹം ബേഥേലിലേക്ക് ഒറ്റുകാരെ അയച്ചു; ആ പട്ടണത്തിന് മുമ്പെ ലൂസ് എന്ന് പേരായിരുന്നു.
യോസേഫിന്റെ ഗൃഹം ബേഥേൽ ഒറ്റുനോക്കുവാൻ ആളയച്ചു; ആ പട്ടണത്തിന്നു മുമ്പെ ലൂസ് എന്നു പേരായിരുന്നു.
24 ൨൪ ഒറ്റുകാർ പട്ടണത്തിൽനിന്നു പുറത്തേക്ക് വന്ന ഒരുവനോട് “പട്ടണത്തിനകത്ത് പ്രവേശിക്കുവാനുള്ള വാതിൽ കാണിച്ചുതന്നാൽ ഞങ്ങൾ നിന്നോട് കരുണ കാണിക്കും” എന്ന് പറഞ്ഞു.
പട്ടണത്തിൽനിന്നു ഇറങ്ങിവരുന്ന ഒരുത്തനെ ഒറ്റുകാർ കണ്ടു അവനോടു: പട്ടണത്തിൽ കടപ്പാൻ ഒരു വഴി കാണിച്ചുതരേണം; എന്നാൽ ഞങ്ങൾ നിന്നോടു ദയചെയ്യും എന്നു പറഞ്ഞു.
25 ൨൫ അവൻ പട്ടണത്തിൽ കടപ്പാനുള്ള വഴി അവർക്ക് കാണിച്ചുകൊടുത്തു; അവർ പട്ടണത്തെ വാളാൽ വെട്ടി നശിപ്പിച്ചു എന്നാൽ ആ മനുഷ്യനെയും അവന്റെ സകല കുടുംബത്തെയും അവർ വിട്ടയച്ചു.
അവൻ പട്ടണത്തിൽ കടപ്പാനുള്ള വഴി അവൎക്കു കാണിച്ചുകൊടുത്തു; അവർ പട്ടണത്തെ വാളിന്റെ വായ്ത്തലയാൽ വെട്ടിക്കളഞ്ഞു, ആ മനുഷ്യനെയും അവന്റെ സകല കുടുംബത്തെയും വിട്ടയച്ചു.
26 ൨൬ അവൻ ഹിത്യരുടെ ദേശത്ത് ചെന്ന് ഒരു പട്ടണം പണിതു; അതിന് ലൂസ് എന്ന് പേരിട്ടു; അത് ഇന്നുവരെ അങ്ങനെ അറിയപ്പെടുന്നു.
അവൻ ഹിത്യരുടെ ദേശത്തു ചെന്നു ഒരു പട്ടണം പണിതു അതിന്നു ലൂസ് എന്നു പേരിട്ടു; അതിന്നു ഇന്നുവരെ അതു തന്നേ പേർ.
27 ൨൭ മനശ്ശെ ബേത്ത്-ശെയാൻ, താനാക്ക്, ദോർ യിബ്ളെയാം, മെഗിദ്ദോ എന്നിവിടങ്ങളിലും അവയുടെ ഗ്രാമങ്ങളിലും പാർത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല; അതിനാൽ, കനാന്യർ ആ ദേശത്ത് തന്നേ പാർപ്പാനുള്ള താല്പര്യം സാധിച്ചു.
മനശ്ശെ ബേത്ത്--ശെയാനിലും അതിന്റെ ഗ്രാമങ്ങളിലും താനാക്കിലും അതിന്റെ ഗ്രാമങ്ങളിലും ദോരിലും അതിന്റെ ഗ്രാമങ്ങളിലും യിബ്ളെയാമിലും അതിന്റെ ഗ്രാമങ്ങളിലും മെഗിദ്ദോവിലും അതിന്റെ ഗ്രാമങ്ങളിലും പാൎത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല. കനാന്യൎക്കു ആ ദേശത്തു തന്നേ പാൎപ്പാനുള്ള താല്പൎയ്യം സാധിച്ചു.
28 ൨൮ എന്നാൽ യിസ്രായേൽ ശക്തരായപ്പോൾ അവർ കനാന്യരെ മുഴുവനും നീക്കിക്കളയാതെ അവരെ കൊണ്ട് കഠിനവേല ചെയ്യിച്ചു.
എന്നാൽ യിസ്രായേലിന്നു ബലം കൂടിയപ്പോൾ അവർ കന്യാന്യരെ മുഴുവനും നീക്കിക്കളയാതെ അവരെക്കൊണ്ടു ഊഴിയവേല ചെയ്യിച്ചു.
29 ൨൯ ഗേസെരിൽ പാർത്തിരുന്ന കനാന്യരെ എഫ്രയീമും നീക്കിക്കളഞ്ഞില്ല; കനാന്യർ ഗേസെരിൽ അവരുടെ ഇടയിൽ പാർത്തു.
എഫ്രയീം ഗേസെരിൽ പാൎത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യർ ഗേസെരിൽ അവരുടെ ഇടയിൽ പാൎത്തു.
30 ൩൦ കിത്രോനിലും നഹലോലിലും പാർത്തിരുന്നവരെ സെബൂലൂനും നീക്കിക്കളഞ്ഞില്ല; അങ്ങനെ കനാന്യർ കഠിനവേല ചെയ്ത് അവരുടെ ഇടയിൽ പാർത്തു.
സെബൂലൂൻ കിത്രോനിലും നഹലോലിലും പാൎത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല; കനാന്യർ ഊഴിയവേലക്കാരായിത്തീൎന്നു അവരുടെ ഇടയിൽ പാൎത്തു.
31 ൩൧ അക്കോ സീദോൻ, അഹ്ലാബ്, അക്സീബ് ഹെൽബ, അഫീക്, രഹോബ് എന്നിവിടങ്ങളിൽ പാർത്തിരുന്നവരെ ആശേരും നീക്കിക്കളഞ്ഞില്ല.
ആശേർ അക്കോവിലും സീദോനിലും അഹ്ലാബിലും അക്സീബിലും ഹെൽബയിലും അഫീക്കിലും രെഹോബിലും പാൎത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല.
32 ൩൨ അപ്രകാരം, അവരെ നീക്കിക്കളയാതെ, ആശേർ ഗോത്രക്കാർ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാർത്തു.
അവരെ നീക്കിക്കളയാതെ ആശേര്യർ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാൎത്തു.
33 ൩൩ ബേത്ത്-ശേമെശിലും ബേത്ത്-അനാത്തിലും പാർത്തിരുന്നവരെ നഫ്താലിയും നീക്കിക്കളഞ്ഞില്ല; അങ്ങനെ അവർ കനാന്യരായ ദേശനിവാസികളുടെ ഇടയിൽ പാർത്തു; എന്നിരുന്നാലും ബേത്ത്-ശേമെശിലെയും ബേത്ത്-അനാത്തിലെയും നിവാസികളെകൊണ്ട് അവർ കഠിനവേല ചെയ്യിച്ചു.
നഫ്താലി ബേത്ത്--ശേമെശിലും ബേത്ത്--അനാത്തിലും പാൎത്തിരുന്നവരെ നീക്കിക്കളയാതെ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാൎത്തു; എന്നാൽ ബേത്ത്--ശേമെശിലെയും ബേത്ത്--അനാത്തിലെയും നിവാസികൾ അവൎക്കു ഊഴിയവേലക്കാരായിത്തീൎന്നു.
34 ൩൪ അമോര്യർ ദാൻമക്കളെ ബലപ്രയോഗത്താൽ പർവതങ്ങളിലേക്ക് ഓടിച്ചു കയറ്റി; താഴ്വരയിലേക്ക് ഇറങ്ങുവാൻ അവരെ സമ്മതിച്ചതുമില്ല.
അമോൎയ്യർ ദാൻമക്കളെ തിക്കിത്തള്ളി മലനാട്ടിൽ കയറ്റി; താഴ്വരയിലേക്കു ഇറങ്ങുവാൻ അവരെ സമ്മതിച്ചതുമില്ല.
35 ൩൫ അങ്ങനെ അമോര്യർ ഹർഹേരെസിലും അയ്യാലോനിലും ശാൽബീമിലും പാർക്കുവാൻ നിശ്ചയിച്ചുറച്ചു. എന്നാൽ യോസേഫ് ഗൃഹം ശക്തി പ്രാപിച്ചപ്പോൾ അവരെ കഠിനവേലയ്ക്കാക്കി.
അങ്ങനെ അമോൎയ്യൎക്കു ഹർഹേരെസിലും അയ്യാലോനിലും ശാൽബീമിലും പാൎപ്പാനുള്ള താല്പൎയ്യം സാധിച്ചു. എന്നാൽ യോസേഫിന്റെ ഗൃഹത്തിന്നു ബലംകൂടിയപ്പോൾ അവരെ ഊഴിയ വേലക്കാരാക്കിത്തീൎത്തു.
36 ൩൬ അമോര്യരുടെ അതിർ അക്രബ്ബിം കയറ്റത്തിൽ സേല മുതൽ മുകളിലേക്കായിരുന്നു.
അമോൎയ്യരുടെ അതിർ അക്രബ്ബിംകയറ്റവും സേലയും മുതൽ പിന്നെയും മേലോട്ടുണ്ടായിരുന്നു.