< യോശുവ 4 >
1 ൧ യിസ്രായേൽ ജനമെല്ലാം യോർദ്ദാൻ കടന്നുതീർന്നശേഷം യഹോവ യോശുവയോട് കല്പിച്ചത്:
2 ൨ നീ ഓരോ ഗോത്രത്തിൽനിന്നും ഓരോ ആൾ വീതം ജനത്തിൽനിന്ന് പന്ത്രണ്ടുപേരെ കൂട്ടി അവരോട് ഇപ്രകാരം പറയേണം:
3 ൩ യോർദ്ദാന്റെ നടുവിൽ പുരോഹിതന്മാരുടെ കാൽ ഉറച്ചുനിന്ന സ്ഥലത്തുനിന്ന് പന്ത്രണ്ട് കല്ലുകൾ ചുമന്നു കൊണ്ടുവന്ന് ഈ രാത്രി നിങ്ങൾ പാർക്കുന്ന സ്ഥലത്ത് വെക്കണം.
4 ൪ അങ്ങനെ യോശുവ യിസ്രായേൽ മക്കളുടെ ഓരോ ഗോത്രത്തിൽനിന്ന് നിയമിച്ചിരുന്ന പന്ത്രണ്ടുപേരെ വിളിച്ചു.
5 ൫ അവരോട് പറഞ്ഞത്: “യോർദ്ദാന്റെ നടുവിൽ നിങ്ങളുടെ ദൈവമായ യഹോവയുടെ പെട്ടകത്തിന് മുമ്പിൽ ചെന്ന് യിസ്രായേൽ മക്കളുടെ ഗോത്രസംഖ്യക്ക് ഒത്തവണ്ണം നിങ്ങളിൽ ഓരോരുത്തൻ ഓരോ കല്ല് ചുമലിൽ എടുക്കണം.
6 ൬ ഇത് നിങ്ങളുടെ ഇടയിൽ ഒരു അടയാളമായിരിക്കേണം; ‘ഈ കല്ല്’ എന്ത് എന്ന് നിങ്ങളുടെ മക്കൾ വരുംകാലത്ത് ചോദിക്കുമ്പോൾ:
7 ൭ യോർദ്ദാനിലെ വെള്ളം യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പിൽ രണ്ടായി പിരിഞ്ഞതുനിമിത്തം തന്നേ എന്ന് അവരോട് പറയേണം. ഈ കല്ലുകൾ യിസ്രായേൽ മക്കൾക്ക് എന്നേക്കും അടയാളമായിരിക്കേണം”.
8 ൮ യോശുവ കല്പിച്ചതുപോലെ യിസ്രായേൽ മക്കൾ ചെയ്തു; യിസ്രായേൽ മക്കളുടെ ഗോത്രസംഖ്യക്ക് ഒത്തവണ്ണം പന്ത്രണ്ട് കല്ലുകൾ യോർദ്ദാന്റെ നടുവിൽനിന്ന് എടുത്ത് തങ്ങൾ പാർത്ത സ്ഥലത്ത് കൊണ്ടുപോയി വെച്ചു.
9 ൯ യോർദ്ദാന്റെ നടുവിൽ നിയമപെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാൽ നിന്ന സ്ഥലത്ത് യോശുവ പന്ത്രണ്ട് കല്ലുകൾ നാട്ടി; അവ ഇന്നുവരെ അവിടെ ഉണ്ട്.
10 ൧൦ മോശെ യോശുവയോട് കല്പിച്ചത് ഒക്കെയും ജനത്തോട് പറഞ്ഞു. യഹോവ കല്പിച്ചതൊക്കെയും ചെയ്തുതീരുവോളം പെട്ടകം ചുമന്ന പുരോഹിതന്മാർ യോർദ്ദാന്റെ നടുവിൽനിന്നു; ജനം വേഗത്തിൽ മറുകര കടന്നു.
11 ൧൧ ജനമൊക്കെയും കടന്നു തീർന്നപ്പോൾ അവർ കാൺകെ യഹോവയുടെ പെട്ടകവും പുരോഹിതന്മാരും മറുകര കടന്നു.
12 ൧൨ മോശെ കല്പിച്ചിരുന്നതുപോലെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേൽ മക്കൾക്ക് മുമ്പായി യുദ്ധസന്നദ്ധരായി കടന്നു.
13 ൧൩ ഏകദേശം നാല്പതിനായിരംപേർ യുദ്ധസന്നദ്ധരായി യഹോവയുടെ മുമ്പാകെ യെരിഹോസമഭൂമിയിൽ കടന്നു.
14 ൧൪ അന്ന് യഹോവ യോശുവയെ എല്ലാ യിസ്രായേലിന്റെയും മുമ്പാകെ വലിയവനാക്കി;
15 ൧൫ അവർ മോശെയെ ബഹുമാനിച്ചതുപോലെ അവനെയും ആയുഷ്കാലമൊക്കെയും ബഹുമാനിച്ചു.
16 ൧൬ യഹോവ യോശുവയോട്: “സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാരോട് യോർദ്ദാനിൽനിന്ന് കയറുവാൻ കല്പിക്ക” എന്ന് അരുളിച്ചെയ്തു.
17 ൧൭ യോശുവ പുരോഹിതന്മാരോട് യോർദ്ദാനിൽനിന്ന് കയറുവാൻ കല്പിച്ചു.
18 ൧൮ യഹോവയുടെ സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ യോർദ്ദാന്റെ നടുവിൽനിന്ന് കയറി; അവരുടെ ഉള്ളങ്കാൽ കരെക്ക് വെച്ച ഉടനെ യോർദ്ദാനിലെ വെള്ളം വീണ്ടും മടങ്ങിവന്ന് മുമ്പിലത്തെപ്പോലെ തീരം കവിഞ്ഞ് ഒഴുകി.
19 ൧൯ ഒന്നാം മാസം പത്താം തിയ്യതി ജനം യോർദ്ദാനിൽനിന്ന് കയറി യെരിഹോവിന്റെ കിഴക്കെ അതിരിലുള്ള ഗില്ഗാലിൽ പാളയം ഇറങ്ങി.
20 ൨൦ യോർദ്ദാനിൽനിന്ന് എടുത്ത പന്ത്രണ്ട് കല്ലുകൾ യോശുവ ഗില്ഗാലിൽ നാട്ടി,
21 ൨൧ യിസ്രായേൽ മക്കളോട് പറഞ്ഞത് എന്തെന്നാൽ: “ഈ കല്ലുകൾ” എന്ത് എന്ന് വരുംകാലത്ത് നിങ്ങളുടെ മക്കൾ പിതാക്കന്മാരോട് ചോദിച്ചാൽ:
22 ൨൨ ‘യിസ്രായേൽ ഉണങ്ങിയ നിലത്തുകൂടി യോർദ്ദാനിക്കരെ കടന്നു എന്ന് നിങ്ങളുടെ മക്കളോട് പറയേണം.
23 ൨൩ ഭൂമിയിലെ സകലജാതികളും യഹോവയുടെ കൈ ശക്തിയുള്ളതെന്ന് അറിഞ്ഞ് നിങ്ങളുടെ ദൈവമായ യഹോവയെ എന്നേക്കും ഭയപ്പെടേണ്ടതിന്
24 ൨൪ നിങ്ങളുടെ ദൈവമായ യഹോവ മുമ്പ് ചെങ്കടൽ വറ്റിച്ചുകളഞ്ഞതുപോലെ നിങ്ങൾ ഇക്കരെ കടക്കുവാൻ തക്കവണ്ണം നിങ്ങളുടെ മുമ്പിൽ യോർദ്ദാനിലെ വെള്ളവും വറ്റിച്ചുകളഞ്ഞു.