< യോശുവ 13 >
1 ൧ യോശുവ വൃദ്ധനായപ്പോൾ യഹോവ അവനോട് അരുളിച്ചെയ്തു: “നീ വൃദ്ധനായിരിക്കുന്നു; ഇനി വളരെ ദേശം കൈവശമാക്കുവാനുണ്ട്.
2 ൨ ഇനിയും കൈവശമാക്കാനുള്ള ദേശങ്ങൾ: ഈജിപ്റ്റിന്റെ കിഴക്കുള്ള സീഹോർമുതൽ വടക്കോട്ട് കനാന്യർക്കുള്ളതെന്ന് എണ്ണിവരുന്ന എക്രോന്റെ അതിർവരെയുള്ള ഫെലിസ്ത്യദേശവും ഗെശൂര്യരുടെ ദേശവും;
3 ൩ ഫെലിസ്ത്യ പ്രഭുക്കന്മാർ ഭരിച്ചിരുന്ന ഗസ്സ, അസ്തോദ്, അസ്കലോൻ, ഗത്ത്, എക്രോൻ എന്നീ അഞ്ച് ദേശങ്ങളും;
4 ൪ തെക്ക് അവ്യരുടെ ദേശവും അമോര്യരുടെ അതിരിലുള്ള അഫേക്ക് ദേശവും കനാന്യരുടെ ദേശവും
5 ൫ സീദോന്യരുടെ മെയാരയും ഗെബാല്യയരുടെ ദേശവും കിഴക്ക് ഹെർമ്മോൻ പർവ്വതത്തിന്റെ അടിവാരത്തിലെ ബാൽ-ഗാദ് മുതൽ ഹമാത്തിലേക്കു തിരിയുന്ന സ്ഥലംവരെയുള്ള ലെബാനോൻ പ്രദേശവും;
6 ൬ ലെബാനോൻ മുതൽ മിസ്രെഫോത്ത്മയീം വരെയുള്ള പർവ്വത പ്രദേശങ്ങളും സീദോന്യരുടെ ദേശവും തന്നേ; ഇവരെ ഞാൻ യിസ്രായേൽ മക്കളുടെ മുമ്പിൽനിന്നു നീക്കിക്കളയും; ഞാൻ നിന്നോട് കല്പിച്ചതുപോലെ നീ യിസ്രായേലിന് അത് അവകാശമായി വിഭാഗിച്ചാൽ മതി.
7 ൭ ആകയാൽ ഈ ദേശം ഒമ്പത് ഗോത്രങ്ങൾക്കും മനശ്ശെയുടെ പാതിഗോത്രത്തിനും അവകാശമായി വിഭാഗിക്ക.
8 ൮ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും മോശെ അവർക്ക് യോർദ്ദാനക്കരെ കിഴക്ക് കൊടുത്തിട്ടുള്ള അവകാശം പ്രാപിച്ചിരിക്കുന്നുവല്ലോ.
9 ൯ അർന്നോൻതാഴ്വരയുടെ അറ്റത്തുള്ള അരോവേരും, താഴ്വരയുടെ നടുവിലുള്ള പട്ടണം മുതൽ ദീബോൻവരെയുള്ള മെദേബാ സമഭൂമിയും;
10 ൧൦ അമ്മോന്യരുടെ അതിർവരെ ഹെശ്ബോനിൽനിന്ന് ഭരിച്ചിരുന്ന അമോര്യ രാജാവായ സീഹോന്റെ എല്ലാ പട്ടണങ്ങളും;
11 ൧൧ ഗിലെയാദും ഗെശൂര്യരുടെയും മയഖാത്യരുടെയും ദേശവും ഹെർമ്മോൻപർവ്വത പ്രദേശവും സൽക്കാവരെയുള്ള ബാശാൻ ദേശവും
12 ൧൨ അസ്തരോത്തിലും എദ്രെയിലും വാണവനും മല്ലന്മാരിൽ ശേഷിച്ചവനുമായ ബാശാനിലെ ഓഗിന്റെ രാജ്യവും”. ഈ പ്രദേശങ്ങളിലുള്ള ജനത്തെ മോശെ തോല്പിച്ച് നീക്കിക്കളഞ്ഞിരുന്നു.
13 ൧൩ എന്നാൽ യിസ്രായേൽ മക്കൾ ഗെശൂര്യരെയും മയഖാത്യരെയും നീക്കിക്കളഞ്ഞില്ല; അവർ ഇന്നുവരെയും യിസ്രായേല്യരുടെ ഇടയിൽ പാർത്തു വരുന്നു.
14 ൧൪ ലേവിഗോത്രത്തിന് അവൻ ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ദഹനയാഗങ്ങൾ താൻ മോശയോട് കല്പിച്ചതുപോലെ അവരുടെ അവകാശം ആകുന്നു.
15 ൧൫ എന്നാൽ മോശെ രൂബേൻഗോത്രത്തിന് കുടുംബംകുടുംബമായി അവകാശം കൊടുത്തു.
16 ൧൬ അവരുടെ ദേശം അർന്നോൻതാഴ്വരയുടെ അറ്റത്തെ അരോവേരും താഴ്വരയുടെ നടുവിലെ പട്ടണം മുതൽ മെദേബയോട് ചേർന്ന സമഭൂമി മുഴുവനും ഹെശ്ബോനും സമഭൂമിയിലുള്ള
17 ൧൭ അതിന്റെ എല്ലാ പട്ടണങ്ങളും ദീബോനും ബാമോത്ത്-ബാലും ബേത്ത്-ബാൽ-മേയോനും
18 ൧൮ യഹ്സയും കെദേമോത്തും മേഫാത്തും കിര്യത്തയീമും
19 ൧൯ സിബ്മയും സമഭൂമിയിലെ മലയിലുള്ള സേരെത്ത്-ശഹരും
20 ൨൦ ബേത്ത്-പെയോരും പിസ്ഗച്ചരിവുകളും ബേത്ത്-യെശീമോത്തും
21 ൨൧ സമഭൂമിയിലെ എല്ലാ പട്ടണങ്ങളും ഹെശ്ബോനിൽ വാണിരുന്ന അമോര്യ രാജാവായ സീഹോന്റെ രാജ്യവും തന്നെ; അവനെയും ദേശത്ത് പാർത്തിരുന്ന ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ മിദ്യാന്യപ്രഭുക്കന്മാരെയും മോശെ സംഹരിച്ചു.
22 ൨൨ യിസ്രായേൽ മക്കൾ കൊന്നവരുടെ കൂട്ടത്തിൽ ബെയോരിന്റെ മകനായ ബിലെയാം എന്ന പ്രശ്നക്കാരനെയും വാൾകൊണ്ട് കൊന്നു.
23 ൨൩ രൂബേന്യരുടെ അതിർ യോർദ്ദാൻ നദി ആയിരുന്നു; ഈ പട്ടണങ്ങൾ അവയുടെ ഗ്രാമങ്ങളുൾപ്പെടെ രൂബേന്യർക്ക് കുടുംബംകുടുംബമായി കിട്ടിയ അവകാശം ആകുന്നു.
24 ൨൪ പിന്നെ മോശെ ഗാദ്ഗോത്രത്തിനും, കുടുംബംകുടുംബമായി അവകാശം കൊടുത്തു.
25 ൨൫ അവരുടെ ദേശം യസേരും ഗിലെയാദിലെ എല്ലാ പട്ടണങ്ങളും രബ്ബയുടെ കിഴക്കുള്ള അരോവേർവരെ അമ്മോന്യരുടെ ദേശത്തിന്റെ പകുതിയും ആകുന്നു;
26 ൨൬ ഹെശ്ബോൻ മുതൽ രാമത്ത്-മിസ്പെയും ബെതോനീമും വരെയും മഹനയീം മുതൽ ദെബീരിന്റെ അതിർവരെയും;
27 ൨൭ താഴ്വരയിൽ ഹെശ്ബോൻ രാജാവായ സീഹോന്റെ രാജ്യത്തിൽ ശേഷിപ്പുള്ള ബേത്ത്-ഹാരാം, ബേത്ത്-നിമ്രാം, സുക്കോത്ത്, സാഫോൻ എന്നിവയും യോർദ്ദാന് കിഴക്ക് കിന്നേരെത്ത് തടാകത്തിന്റെ അറുതിവരെയും അവരുടെ അതിരായിരുന്നു.
28 ൨൮ ഈ പട്ടണങ്ങൾ അവയുടെ ഗ്രാമങ്ങളുൾപ്പെടെ കുടുംബംകുടുംബമായി ഗാദ്യർക്ക് അവകാശമായി ലഭിച്ചു.
29 ൨൯ മോശെ മനശ്ശെയുടെ പാതിഗോത്രത്തിന് കുടുംബംകുടുംബമായി അവകാശമായി കൊടുത്ത ദേശങ്ങൾ:
30 ൩൦ മഹനയീം മുതൽ ബാശാൻവരെയും ബാശാൻരാജാവായ ഓഗിന്റെ രാജ്യവും ബാശാനിൽ യായീരിന്റെ ഊരുകൾ എല്ലാംകൂടെ അറുപതു പട്ടണങ്ങളും
31 ൩൧ ഗിലെയാദിന്റെ പകുതിയും ബാശാനിലെ ഓഗിന്റെ രാജ്യത്തിലെ പട്ടണങ്ങളായ അസ്തരോത്ത്, എദ്രെയി എന്നിവയും തന്നേ; ഇവ മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കളിൽ പാതിപ്പേർക്ക്, കുടുംബംകുടുംബമായി കിട്ടി.
32 ൩൨ മോവാബ് സമതലത്തിൽ വച്ച് യോർദാനക്കരെ യെരിഹോവിനു കിഴക്കുവശത്തുള്ള ദേശം മോശെ ഭാഗിച്ചുകൊടുത്തത് ഇപ്രകാരം ആകുന്നു.
33 ൩൩ ലേവിഗോത്രത്തിന് മോശെ ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്റെ ദൈവമായ യഹോവ അവരോട് കല്പിച്ചതുപോലെ താൻ തന്നേ അവരുടെ അവകാശം ആകുന്നു.