< യിരെമ്യാവു 39 >
1 ൧ യെഹൂദാ രാജാവായ സിദെക്കീയാവിന്റെ ഒമ്പതാം ആണ്ടിൽ പത്താം മാസത്തിൽ ബാബേൽരാജാവായ നെബൂഖദ്നേസരും അവന്റെ സകലസൈന്യവും യെരൂശലേമിന്റെ നേരെ വന്ന് അതിനെ നിരോധിച്ചു.
2 ൨ സിദെക്കീയാവിന്റെ പതിനൊന്നാം ആണ്ടിൽ നാലാംമാസം ഒമ്പതാം തീയതി നഗരത്തിന്റെ മതിൽ ഒരു ഭാഗം ഇടിച്ചു തുറന്നു.
3 ൩ ബാബേൽരാജാവിന്റെ എല്ലാ പ്രഭുക്കന്മാരും അകത്ത് കടന്ന് നടുവിലത്തെ വാതില്ക്കൽ ഇരുന്നു; നേർഗ്ഗൽ-ശരേസരും സംഗർ-നെബോവും സർ-സെഖീമും രബ്-സാരീസും നേർഗ്ഗൽ-ശരേസരും രബ്-മാഗും ബാബേൽരാജാവിന്റെ മറ്റ് എല്ലാ പ്രഭുക്കന്മാരും തന്നെ.
4 ൪ യെഹൂദാ രാജാവായ സിദെക്കീയാവും എല്ലാ പടയാളികളും അവരെ കണ്ടപ്പോൾ ഓടിപ്പോയി; അവർ രാത്രിയിൽ രാജാവിന്റെ തോട്ടം വഴിയായി രണ്ടു മതിലുകൾക്കും നടുവിലുള്ള വാതില്ക്കൽകൂടി നഗരത്തിൽനിന്നു പുറപ്പെട്ട് അരാബവഴിയായി പോയി.
5 ൫ കല്ദയരുടെ സൈന്യം അവരെ പിന്തുടർന്ന്, യെരിഹോ സമഭൂമിയിൽവച്ച് സിദെക്കീയാവിനോടൊപ്പം എത്തി, അവനെ പിടിച്ചു; ഹമാത്ത് ദേശത്തിലെ രിബ്ളയിൽ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ അടുക്കൽ കൊണ്ടുചെന്നു; അവൻ അവന് വിധി കല്പിച്ചു.
6 ൬ ബാബേൽരാജാവ് രിബ്ളയിൽവച്ച് സിദെക്കീയാവിന്റെ പുത്രന്മാരെ അവന്റെ കണ്മുമ്പിൽ വച്ചു കൊന്നു; യെഹൂദാകുലീനന്മാരെ എല്ലാം ബാബേൽരാജാവ് കൊന്നുകളഞ്ഞു.
7 ൭ അവൻ സിദെക്കീയാവിന്റെ കണ്ണ് പൊട്ടിച്ച്, അവനെ ബാബേലിലേക്കു കൊണ്ടുപോകേണ്ടതിന് ചങ്ങലയിൽ ബന്ധിച്ചു.
8 ൮ കല്ദയർ രാജഗൃഹവും ജനത്തിന്റെ വീടുകളും തീവച്ചു ചുട്ട്, യെരൂശലേമിന്റെ മതിലുകൾ ഇടിച്ചുകളഞ്ഞു.
9 ൯ നഗരത്തിൽ ശേഷിച്ച ജനത്തെയും തന്റെ പക്ഷം ചേരുവാൻ ഓടിവന്നവരെയും ശേഷിച്ചിരുന്ന ജനത്തെയും അകമ്പടിനായകനായ നെബൂസർ-അദാൻ ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയി.
10 ൧൦ ജനത്തിൽ ഒന്നുമില്ലാത്ത എളിയവരെ അകമ്പടി നായകനായ നെബൂസർ-അദാൻ യെഹൂദാദേശത്തു പാർപ്പിച്ച്, അവർക്ക് അന്ന് മുന്തിരിത്തോട്ടങ്ങളും നിലങ്ങളും കൊടുത്തു.
11 ൧൧ യിരെമ്യാവിനെക്കുറിച്ച് ബാബേൽരാജാവായ നെബൂഖദ്നേസർ അകമ്പടിനായകനായ നെബൂസർ-അദാനോട്:
12 ൧൨ “നീ അവനെ വരുത്തി, അവനെ സംരക്ഷിക്കണം; അവനോട് ഒരു ദോഷവും ചെയ്യാതെ അവൻ നിന്നോട് ആവശ്യപ്പെടുന്നതെല്ലാം ചെയ്തുകൊടുക്കുക” എന്നു കല്പിച്ചിരുന്നു.
13 ൧൩ അങ്ങനെ അകമ്പടിനായകനായ നെബൂസർ-അദാനും നെബൂശസ്ബാനും രബ്-സാരീസും നേർഗ്ഗൽ-ശരേസരും രബ്-മാഗും ബാബേൽരാജാവിന്റെ സകലപ്രഭുക്കന്മാരുംകൂടി ആളയച്ച്,
14 ൧൪ യിരെമ്യാവിനെ കാവൽപ്പുരമുറ്റത്തുനിന്നു വരുത്തി അവനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകേണ്ടതിന് ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ ഏല്പിച്ചു; അങ്ങനെ അവൻ ജനത്തിന്റെ ഇടയിൽ താമസിച്ചു.
15 ൧൫ യിരെമ്യാവ് കാവൽപുരമുറ്റത്ത് തടവിലാക്കപ്പെട്ടിരുന്ന കാലത്ത് യഹോവയുടെ അരുളപ്പാട് അവനുണ്ടായതെന്തെന്നാൽ:
16 ൧൬ “നീ ചെന്ന് കൂശ്യനായ ഏബെദ്-മേലെക്കിനോടു പറയേണ്ടത്: “യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ എന്റെ വചനങ്ങൾ ഈ നഗരത്തിന്മേൽ നന്മയ്ക്കല്ല, തിന്മയ്ക്കായി നിവർത്തിക്കും; അന്ന് നിന്റെ കണ്മുമ്പിൽ അവ നിവൃത്തിയാകും.
17 ൧൭ അന്ന് ഞാൻ നിന്നെ വിടുവിക്കും; നീ ഭയപ്പെടുന്ന മനുഷ്യരുടെ കയ്യിൽ നീ ഏല്പിക്കപ്പെടുകയുമില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
18 ൧൮ “ഞാൻ നിന്നെ വിടുവിക്കും; നീ വാളാൽ വീഴുകയില്ല; നിന്റെ ജീവൻ നിനക്ക് കൊള്ള കിട്ടിയതുപോലെ ഇരിക്കും; നീ എന്നിൽ ആശ്രയിച്ചിരിക്കുന്നുവല്ലോ” എന്ന് യഹോവയുടെ അരുളപ്പാട്.