< യിരെമ്യാവു 11 >
1 ൧ യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട്:
യഹോവയിങ്കൽനിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു:
2 ൨ “ഈ നിയമത്തിന്റെ വചനങ്ങൾ നിങ്ങൾ കേട്ട് യെഹൂദാപുരുഷന്മാരോടും യെരൂശലേം നിവാസികളോടും പ്രസ്താവിക്കുവിൻ.
ഈ നിയമത്തിന്റെ വചനങ്ങളെ നിങ്ങൾ കേട്ടു യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പ്രസ്താവിപ്പിൻ.
3 ൩ നീ അവരോടു പറയേണ്ടത് എന്തെന്നാൽ: “യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. ഈ നിയമത്തിന്റെ വചനങ്ങൾ കേട്ടനുസരിക്കാത്ത മനുഷ്യൻ ശപിക്കപ്പെട്ടവൻ.
നീ അവരോടു പറയേണ്ടതു എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. ഈ നിയമത്തിൻ വചനങ്ങളെ കേട്ടനുസരിക്കാത്ത മനുഷ്യൻ ശപിക്കപ്പെട്ടവൻ.
4 ൪ നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരെ ഇരിമ്പുചൂളയായ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്ന നാളിൽ ഞാൻ അവയെ അവരോടു കല്പിച്ചു: നിങ്ങൾ എന്റെ വാക്കു കേട്ടനുസരിച്ച് ഞാൻ നിങ്ങളോടു കല്പിച്ചതുപോലെ സകലവും ചെയ്യുവിൻ; എന്നാൽ നിങ്ങൾ എനിക്ക് ജനവും ഞാൻ നിങ്ങൾക്ക് ദൈവവും ആയിരിക്കും” എന്നരുളിച്ചെയ്തു.
അവയെ ഞാൻ നിങ്ങളുടെ പിതാക്കന്മാരോടു അവരെ ഇരിമ്പുചൂളയായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ കല്പിച്ചു: നിങ്ങൾ എന്റെ വാക്കു കേട്ടനുസരിച്ചു ഞാൻ നിങ്ങളോടു കല്പിച്ചതുപോലെ ഒക്കെയും ചെയ്‌വിൻ; എന്നാൽ നിങ്ങൾ എനിക്കു ജനവും ഞാൻ നിങ്ങൾക്കു ദൈവവും ആയിരിക്കും എന്നരുളിച്ചെയ്തു.
5 ൫ ഇന്നുള്ളതുപോലെ ഞാൻ നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർക്ക് പാലും തേനും ഒഴുകുന്ന ദേശം കൊടുക്കും എന്ന് ഞാൻ അവരോടു ചെയ്ത സത്യം നിവർത്തിക്കേണ്ടതിനു തന്നെ”. അതിന് ഞാൻ: “ആമേൻ, യഹോവേ,” എന്ന് ഉത്തരം പറഞ്ഞു.
ഇന്നുള്ളതുപോലെ ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു പാലും തേനും ഒഴുകുന്ന ദേശം കൊടുക്കും എന്നിങ്ങനെ ഞാൻ അവരോടു ചെയ്ത സത്യം നിവർത്തിക്കേണ്ടതിന്നു തന്നേ. അതിന്നു ഞാൻ: ആമേൻ, യഹോവേ, എന്നു ഉത്തരം പറഞ്ഞു.
6 ൬ അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തത്: “നീ യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ വീഥികളിലും ഈ വചനങ്ങളെല്ലാം വിളിച്ചുപറയുക: ‘ഈ നിയമത്തിന്റെ വചനങ്ങൾ കേട്ട് ചെയ്തുകൊള്ളുവിൻ.’
അപ്പോൾ യഹോവ എന്നോടു അരുളിച്ചെയ്തതു: നീ യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ വീഥികളിലും ഈ വചനങ്ങളെ ഒക്കെയും വിളിച്ചുപറക: ഈ നിയമത്തിന്റെ വചനങ്ങളെ കേട്ടു ചെയ്തുകൊൾവിൻ.
7 ൭ ഞാൻ നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരെ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്ന നാളിലും ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും അവരോട്: “എന്റെ വാക്കു കേൾക്കുവിൻ” എന്നു പറഞ്ഞ് സാക്ഷീകരിച്ചിരിക്കുന്നു.
ഞാൻ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നാളിലും ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും അവരോടു: എന്റെ വാക്കു കേൾപ്പിൻ എന്നു പറഞ്ഞു സാക്ഷീകരിച്ചിരിക്കുന്നു.
8 ൮ എന്നാൽ അവർ അനുസരിക്കുകയും ചെവി ചായിക്കുകയും ചെയ്യാതെ ഓരോരുത്തൻ അവനവന്റെ ദുഷ്ടഹൃദയത്തിന്റെ ശാഠ്യപ്രകാരം നടന്നു; അതുകൊണ്ട് ഞാൻ അവരോടു ചെയ്യുവാൻ കല്പിച്ചതും അവർ ചെയ്യാതെയിരുന്നതുമായ ഈ നിയമത്തിന്റെ വചനങ്ങളെപ്പോലെ എല്ലാം ഞാൻ അവരുടെ മേൽ വരുത്തിയിരിക്കുന്നു”.
അവരോ അനുസരിക്കയും ചെവി ചായ്ക്കയും ചെയ്യാതെ ഓരോരുത്തൻ താന്താന്റെ ദുഷ്ടഹൃദയത്തിന്റെ ശാഠ്യപ്രകാരം നടന്നു; ആകയാൽ ഞാൻ അവരോടു ചെയ്‌വാൻ കല്പിച്ചതും അവർ ചെയ്യാതെയിരുന്നതുമായ ഈ നിയമത്തിന്റെ വചനങ്ങളെപ്പോലെ ഒക്കെയും ഞാൻ അവരുടെമേൽ വരുത്തിയിരിക്കുന്നു.
9 ൯ യഹോവ പിന്നെയും എന്നോട് അരുളിച്ചെയ്തത്: “യെഹൂദാപുരുഷന്മാരുടെ ഇടയിലും യെരൂശലേംനിവാസികളുടെ ഇടയിലും ഒരു കൂട്ടുകെട്ടു കണ്ടിരിക്കുന്നു.
യഹോവ പിന്നെയും എന്നോടു അരുളിച്ചെയ്തതു: യെഹൂദാപുരുഷന്മാരുടെ ഇടയിലും യെരൂശലേംനിവാസികളുടെ ഇടയിലും ഒരു കൂട്ടുകെട്ടു കണ്ടിരിക്കുന്നു.
10 ൧൦ അവർ എന്റെ വചനങ്ങൾ കേട്ടനുസരിക്കാത്ത പൂർവ്വ പിതാക്കന്മാരുടെ അകൃത്യങ്ങളിലേക്കു തിരിഞ്ഞ്, അന്യദേവന്മാരെ സേവിക്കുവാൻ അവരോടു ചേർന്നിരിക്കുന്നു; ഞാൻ അവരുടെ പൂര്‍വ്വ പിതാക്കന്മാരോട് ചെയ്ത നിയമം യിസ്രായേൽ ഗൃഹവും യെഹൂദാഗൃഹവും ലംഘിച്ചിരിക്കുന്നു”.
അവർ എന്റെ വചനങ്ങളെ കേട്ടനുസരിക്കാത്ത പൂർവ്വപിതാക്കന്മാരുടെ അകൃത്യങ്ങളിലേക്കു തിരിഞ്ഞു, അന്യദേവന്മാരെ സേവിപ്പാൻ അവരോടു ചേർന്നിരിക്കുന്നു; ഞാൻ അവരുടെ പിതാക്കന്മാരോടു ചെയ്ത നിയമം യിസ്രായേൽഗൃഹവും യെഹൂദാഗൃഹവും ലംഘിച്ചിരിക്കുന്നു.
11 ൧൧ അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “രക്ഷപെടുവാൻ കഴിയാത്ത ഒരനർത്ഥം ഞാൻ അവർക്ക് വരുത്തും; അവർ എന്നോട് നിലവിളിച്ചാലും ഞാൻ കേൾക്കുകയില്ല.
അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒഴിഞ്ഞുപോകുവാൻ കഴിയാത്ത ഒരനർത്ഥം ഞാൻ അവർക്കു വരുത്തും; അവർ എന്നോടു നിലവിളിച്ചാലും ഞാൻ കേൾക്കയില്ല.
12 ൧൨ അപ്പോൾ യെഹൂദാപട്ടണങ്ങളും യെരൂശലേം നിവാസികളും ചെന്ന്, അവർ ധൂപം കാട്ടിവന്ന ദേവന്മാരോടു നിലവിളിക്കും; എങ്കിലും അവർ അവരെ അനർത്ഥകാലത്തു രക്ഷിക്കുകയില്ല.
അപ്പോൾ യെഹൂദാപട്ടണങ്ങളും യെരൂശലേംനിവാസികളും ചെന്നു, തങ്ങൾ ധൂപം കാട്ടിവന്ന ദേവന്മാരോടു നിലവിളിക്കും; എങ്കിലും അവർ അവരെ അനർത്ഥകാലത്തു രക്ഷിക്കയില്ല.
13 ൧൩ യെഹൂദയേ, നിന്റെ പട്ടണങ്ങളുടെ എണ്ണത്തോളം നിനക്ക് ദേവന്മാരുണ്ട്; യെരൂശലേമിലെ വീഥികളുടെ എണ്ണത്തോളം നിങ്ങൾ ആ ലജ്ജാവിഗ്രഹത്തിനു ബലിപീഠങ്ങളെ, ബാലിനു ധൂപം കാട്ടുവാനുള്ള പീഠങ്ങളെ തന്നെ തീർത്തിരിക്കുന്നു.
യെഹൂദയേ, നിന്റെ പട്ടണങ്ങളുടെ എണ്ണത്തോളം നിനക്കു ദേവന്മാരുണ്ടു; യെരൂശലേമിലെ വീഥികളുടെ എണ്ണത്തോളം നിങ്ങൾ ആ ലജ്ജാവിഗ്രഹത്തിന്നു ബലിപീഠങ്ങളെ, ബാലിന്നു ധൂപം കാട്ടുവാനുള്ള പീഠങ്ങളെ തന്നേ തീർത്തിരിക്കുന്നു.
14 ൧൪ അതിനാൽ നീ ഈ ജനത്തിനുവേണ്ടി പ്രാർത്ഥിക്കരുത്; അവർക്ക് വേണ്ടി യാചനയോ പക്ഷവാദമോ കഴിക്കുകയുമരുത്; അവർ അനർത്ഥംനിമിത്തം എന്നോട് നിലവിളിക്കുമ്പോൾ ഞാൻ കേൾക്കുകയില്ല.
ആകയാൽ നീ ഈ ജനത്തിന്നു വേണ്ടി പ്രാർത്ഥിക്കരുതു; അവർക്കു വേണ്ടി യാചനയോ പക്ഷവാദമോ കഴിക്കയുമരുതു; അവർ അനർത്ഥംനിമിത്തം എന്നോടു നിലവിളിക്കുമ്പോൾ ഞാൻ കേൾക്കയില്ല.
15 ൧൫ എന്റെ പ്രിയക്ക് എന്റെ ആലയത്തിൽ എന്ത് കാര്യം? അവൾ പലരോടുംകൂടി ദുഷ്കർമ്മം ചെയ്തുവല്ലോ; വിശുദ്ധമാംസം നിന്നെ വിട്ടു പോയിരിക്കുന്നു; ദോഷം ചെയ്യുമ്പോൾ നീ ഉല്ലസിക്കുന്നു.
എന്റെ പ്രിയെക്കു എന്റെ ആലയത്തിൽ എന്തു കാര്യം? അവൾ പലരോടുംകൂടെ ദുഷ്കർമ്മം ചെയ്തുവല്ലോ; വിശുദ്ധമാംസം നിന്നെ വിട്ടുപോയിരിക്കുന്നു; ദോഷം ചെയ്യുമ്പോൾ നീ ഉല്ലസിക്കുന്നു.
16 ൧൬ ‘മനോഹര ഫലങ്ങളാൽ ശോഭിതമായ പച്ച ഒലിവുവൃക്ഷം’ എന്ന് യഹോവ നിനക്ക് പേർ വിളിച്ചിരുന്നു; എന്നാൽ മഹാകോലാഹലത്തോടെ അവൻ അതിന് തീ വച്ചുകളഞ്ഞു; അതിന്റെ കൊമ്പുകളും ഒടിഞ്ഞു കിടക്കുന്നു.
മനോഹര ഫലങ്ങളാൽ ശോഭിതമായ പച്ച ഒലിവുവൃക്ഷം എന്നു യഹോവ നിനക്കു പേർവിളിച്ചിരുന്നു; എന്നാൽ മഹാകോലാഹലത്തോടെ അവൻ അതിന്നു തീ വെച്ചുകളഞ്ഞു; അതിന്റെ കൊമ്പുകളും ഒടിഞ്ഞു കിടക്കുന്നു.
17 ൧൭ യിസ്രായേൽ ഗൃഹവും യെഹൂദാഗൃഹവും ബാലിനു ധൂപം കാട്ടി എന്നെ കോപിപ്പിച്ചതിനാൽ ദോഷം പ്രവർത്തിച്ചിരിക്കുന്നു. അതിനാൽ നിന്നെ നട്ടിരിക്കുന്ന സൈന്യങ്ങളുടെ യഹോവ നിനക്ക് അനർത്ഥം വിധിച്ചിരിക്കുന്നു.
യിസ്രായേൽഗൃഹവും യെഹൂദാഗൃഹവും ബാലിന്നു ധൂപം കാട്ടി എന്നെ കോപിപ്പിച്ചതിൽ ദോഷം പ്രവർത്തിച്ചിരിക്കയാൽ നിന്നെ നട്ടിരിക്കുന്ന സൈന്യങ്ങളുടെ യഹോവ നിനക്കു അനർത്ഥം വിധിച്ചിരിക്കുന്നു.
18 ൧൮ യഹോവ എനിക്ക് വെളിപ്പെടുത്തിയതിനാൽ ഞാൻ അത് അറിഞ്ഞ്; അങ്ങ് അവരുടെ പ്രവൃത്തികൾ അന്നെനിക്കു കാണിച്ചുതന്നു.
യഹോവ എനിക്കു വെളിപ്പെടുത്തിയതിനാൽ ഞാൻ അതു അറിഞ്ഞു; അന്നു നീ അവരുടെ പ്രവൃത്തികളെ എനിക്കു കാണിച്ചുതന്നു.
19 ൧൯ ഞാനോ അറുക്കുവാൻ കൊണ്ടുപോകുന്ന ഇണക്കമുള്ള കുഞ്ഞാടുപോലെ ആയിരുന്നു; ‘അവന്റെ പേർ ആരും ഓർക്കാതെ ഇരിക്കേണ്ടതിന് നാം വൃക്ഷത്തെ ഫലത്തോടുകൂടി നശിപ്പിച്ച് ജീവനുള്ളവരുടെ ദേശത്തുനിന്ന് ഛേദിച്ചുകളയുക’ എന്ന് അവർ എന്റെ നേരെ ഉപായം നിരൂപിച്ചത് ഞാൻ അറിഞ്ഞതുമില്ല.
ഞാനോ അറുപ്പാൻ കൊണ്ടുപോകുന്ന മരുക്കമുള്ള കുഞ്ഞാടുപോലെ ആയിരുന്നു; അവന്റെ പേർ ആരും ഓർക്കാതെ ഇരിക്കേണ്ടതിന്നു നാം വൃക്ഷത്തെ ഫലത്തോടുകൂടെ നശിപ്പിച്ചു ജീവനുള്ളവരുടെ ദേശത്തുനിന്നു ഛേദിച്ചുകളക എന്നിങ്ങനെ അവർ എന്റെ നേരെ ഉപായം നിരൂപിച്ചതു ഞാൻ അറിഞ്ഞതുമില്ല.
20 ൨൦ നീതിയോടെ ന്യായം വിധിക്കുകയും അന്തരംഗവും ഹൃദയവും ശോധനകഴിക്കുകയും ചെയ്യുന്ന സൈന്യങ്ങളുടെ യഹോവേ, അവിടുന്ന് അവരോടു ചെയ്യുന്ന പ്രതികാരം ഞാൻ കാണുമാറാകട്ടെ; ഞാൻ എന്റെ വ്യവഹാരം അങ്ങയെ ബോധിപ്പിച്ചിരിക്കുന്നുവല്ലോ.
നീതിയോടെ ന്യായംവിധിക്കയും അന്തരംഗവും ഹൃദയവും ശോധനകഴിക്കയും ചെയ്യുന്ന സൈന്യങ്ങളുടെ യഹോവേ, നീ അവരോടു ചെയ്യുന്ന പ്രതികാരം ഞാൻ കാണുമാറാകട്ടെ; ഞാൻ എന്റെ വ്യവഹാരം നിന്നെ ബോധിപ്പിച്ചിരിക്കുന്നുവല്ലോ.
21 ൨൧ അതുകൊണ്ട്: “നീ ഞങ്ങളുടെ കയ്യാൽ മരിക്കാതെയിരിക്കേണ്ടതിന് യഹോവയുടെ നാമത്തിൽ പ്രവചിക്കരുത്” എന്നു പറഞ്ഞ് നിനക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്ന അനാഥോത്തുകാരെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
അതുകൊണ്ടു: നീ ഞങ്ങളുടെ കയ്യാൽ മരിക്കാതെയിരിക്കേണ്ടതിന്നു യഹോവയുടെ നാമത്തിൽ പ്രവചിക്കരുതു എന്നു പറഞ്ഞു നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്ന അനാഥോത്തുകാരെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
22 ൨൨ “ഞാൻ അവരെ സന്ദർശിക്കും; യൗവനക്കാർ വാൾകൊണ്ടു മരിക്കും; അവരുടെ പുത്രന്മാരും പുത്രിമാരും ക്ഷാമംകൊണ്ടു മരിക്കും.
ഞാൻ അവരെ സന്ദർശിക്കും; യൗവനക്കാർ വാൾകൊണ്ടു മരിക്കും; അവരുടെ പുത്രന്മാരും പുത്രിമാരും ക്ഷാമംകൊണ്ടു മരിക്കും.
23 ൨൩ ഞാൻ അനാഥോത്തുകാരെ സന്ദർശിക്കുന്ന കാലത്ത് അവർക്ക് അനർത്ഥം വരുത്തുന്നതുകൊണ്ട് അവരിൽ ഒരു ശേഷിപ്പും ഉണ്ടാകുകയില്ല” എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
ഞാൻ അനാഥോത്തുകാരെ സന്ദർശിക്കുന്ന കാലത്തു അവർക്കു അനർത്ഥം വരുത്തുന്നതുകൊണ്ടു അവരിൽ ഒരു ശേഷിപ്പും ഉണ്ടാകയില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.