< യെശയ്യാവ് 40 >
1 ൧ എന്റെ ജനത്തെ ആശ്വസിപ്പിക്കുവിൻ, ആശ്വസിപ്പിക്കുവിൻ എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു.
2 ൨ യെരൂശലേമിനോട് ആദരവോടെ സംസാരിച്ചു: അവളുടെ യുദ്ധസേവ കഴിഞ്ഞും അവളുടെ അകൃത്യം മോചിക്കപ്പെട്ടും അവൾ തന്റെ സകലപാപങ്ങൾക്കും പകരം യഹോവയുടെ കൈയിൽനിന്ന് ഇരട്ടിയായി പ്രാപിച്ചുമിരിക്കുന്നു എന്ന് അവളോടു വിളിച്ചുപറയുവിൻ.
3 ൩ കേട്ടോ ഒരുവൻ വിളിച്ചു പറയുന്നത്: “മരുഭൂമിയിൽ യഹോവയ്ക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന് ഒരു പ്രധാനപാത നിരപ്പാക്കുവിൻ.
4 ൪ എല്ലാ താഴ്വരയും നികന്നും എല്ലാ മലയും കുന്നും താണും വരണം; വളഞ്ഞതു ചൊവ്വായും ദുർഘടങ്ങൾ സമതലമായും തീരണം.
5 ൫ യഹോവയുടെ മഹത്ത്വം വെളിപ്പെടും, സകലമനുഷ്യരും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലയോ അരുളിച്ചെയ്തിരിക്കുന്നത്”.
6 ൬ കേട്ടോ, “വിളിച്ചുപറയുക” എന്ന് ഒരുവൻ പറയുന്നു; “എന്ത് വിളിച്ചുപറയേണ്ടു?” എന്നു ഞാൻ ചോദിച്ചു; “സകലമനുഷ്യരും പുല്ലുപോലെയും അവരുടെ ഭംഗിയെല്ലാം വയലിലെ പൂപോലെയും ആകുന്നു.
7 ൭ യഹോവയുടെ ശ്വാസം അതിന്മേൽ ഊതുകയാൽ പുല്ലുണങ്ങുന്നു. പൂവ് വാടുന്നു; അതേ ജനം പുല്ലുതന്നെ.
8 ൮ പുല്ലുണങ്ങുന്നു, പൂവ് വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും”.
9 ൯ സുവാർത്താദൂതിയായ യെരൂശലേമേ, നീ ഉയർന്നപർവ്വതത്തിലേക്കു കയറിച്ചെല്ലുക; സുവാർത്താദൂതിയായ യെരൂശലേമേ, നിന്റെ ശബ്ദം ശക്തിയോടെ ഉയർത്തുക; ഭയപ്പെടാതെ ഉയർത്തുക; യെഹൂദാനഗരങ്ങളോട്: “ഇതാ, നിങ്ങളുടെ ദൈവം” എന്നു പറയുക.
10 ൧൦ ഇതാ, യഹോവയായ കർത്താവ് ബലശാലിയായി വരുന്നു; യഹോവയുടെ ഭുജം അവനുവേണ്ടി ഭരണം ചെയ്യുന്നു; ഇതാ, കൂലി യഹോവയുടെ പക്കലും പ്രതിഫലം അവിടുത്തെ കൈയിലും ഉണ്ട്.
11 ൧൧ ഒരു ഇടയനെപ്പോലെ അവിടുന്ന് തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുകയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാർവ്വിടത്തിൽ ചേർത്തു വഹിക്കുകയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും.
12 ൧൨ തന്റെ ഉള്ളംകൈകൊണ്ടു വെള്ളം അളക്കുകയും ചാണുകൊണ്ട് ആകാശത്തിന്റെ പരിമാണമെടുക്കുകയും ഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കുകയും പർവ്വതങ്ങൾ വെള്ളിക്കോൽകൊണ്ടും കുന്നുകൾ തുലാസിലും തൂക്കുകയും ചെയ്തവൻ ആര്?
13 ൧൩ യഹോവയുടെ ആത്മാവിനെ നിയന്ത്രിക്കുകയോ അവിടുത്തെ മന്ത്രിയായി അങ്ങയെ ഗ്രഹിപ്പിക്കുകയോ ചെയ്തവനാര്?
14 ൧൪ യഹോവയെ ഉപദേശിച്ചു ന്യായത്തിന്റെ പാതയെ പഠിപ്പിക്കുകയും യഹോവയെ പരിജ്ഞാനം പഠിപ്പിച്ചു വിവേകത്തിന്റെ മാർഗ്ഗം കാണിക്കുകയും ചെയ്തുകൊടുക്കേണ്ടതിനു യഹോവ ആരോടാകുന്നു ആലോചന കഴിച്ചതു?
15 ൧൫ ഇതാ ജനതകൾ തൊട്ടിയിലെ ഒരു തുള്ളിപോലെയും, തുലാസിലെ ഒരു പൊടിപോലെയും യാഹോവയ്ക്ക് തോന്നുന്നു; ഇതാ, യഹോവ ദ്വീപുകളെ ഒരു മണൽതരിയെപ്പോലെ എടുത്തു പൊക്കുന്നു.
16 ൧൬ ലെബാനോൻ വിറകിനു പോരാ; അതിലെ മൃഗങ്ങൾ ഹോമയാഗത്തിനു മതിയാകുന്നില്ല.
17 ൧൭ സകലജനതകളും യാഹോവയ്ക്ക് ഏതുമില്ലാത്തതുപോലെ ഇരിക്കുന്നു; യഹോവ അവരെ ഒന്നുമില്ലായ്മയ്ക്കും ശൂന്യതയ്ക്കും താഴെയായി എണ്ണിയിരിക്കുന്നു.
18 ൧൮ ആകയാൽ നിങ്ങൾ ദൈവത്തെ ആരോട് ഉപമിക്കും? ഏതു പ്രതിമയെ നിങ്ങൾ അവനോട് സദൃശമാക്കും?
19 ൧൯ മൂശാരി വിഗ്രഹം വാർക്കുന്നു; തട്ടാൻ പൊന്നുകൊണ്ടു പൊതിയുകയും അതിന് വെള്ളിച്ചങ്ങല തീർക്കുകയും ചെയ്യുന്നു.
20 ൨൦ ഇങ്ങിനെയുള്ള പ്രതിഷ്ഠയ്ക്കു വകയില്ലാത്തവൻ ദ്രവിച്ചുപോകാത്ത ഒരു തടിക്കഷണം തിരഞ്ഞെടുക്കുകയും ഇളകാത്ത വിഗ്രഹം കൊത്തിയുണ്ടാക്കി നിർത്തുവാൻ ഒരു ശില്പിയെ അന്വേഷിക്കുകയും ചെയ്യുന്നു.
21 ൨൧ നിങ്ങൾക്ക് അറിഞ്ഞുകൂടായോ? നിങ്ങൾ കേട്ടിട്ടില്ലയോ? ആദിമുതൽ നിങ്ങളോട് അറിയിച്ചിട്ടില്ലയോ? ഭൂമിയുടെ അടിസ്ഥാനങ്ങളാൽ നിങ്ങൾ ഗ്രഹിച്ചിട്ടില്ലയോ?
22 ൨൨ അവിടുന്ന് ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുന്നു; അതിലെ നിവാസികൾ വെട്ടുക്കിളികളെപ്പോലെ ഇരിക്കുന്നു; അവിടുന്ന് ആകാശത്തെ ഒരു തിരശ്ശീലപോലെ നിവർത്തുകയും താമസിക്കുവാനുള്ള ഒരു കൂടാരത്തെപ്പോലെ വിരിക്കുകയും
23 ൨൩ പ്രഭുക്കന്മാരെ ഇല്ലാതെയാക്കുകയും ഭൂമിയിലെ ന്യായാധിപന്മാരെ ശൂന്യമാക്കുകയും ചെയ്യുന്നു.
24 ൨൪ അവരെ നട്ട ഉടനെ, അവരെ വിതച്ച ഉടനെ അവർ നിലത്തു വേരൂന്നിത്തുടങ്ങിയ ഉടനെ അവിടുന്ന് അവരുടെ മേൽ ഊതി അവർ വാടിപ്പോവുകയും ചുഴലിക്കാറ്റുകൊണ്ടു വൈക്കോൽകുറ്റിപോലെ പാറിപ്പോവുകയും ചെയ്യുന്നു.
25 ൨൫ “അതിനാൽ നിങ്ങൾ എന്നെ ആരോട് സദൃശമാക്കും? ഞാൻ ആരോട് തുല്യനാകും” എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു.
26 ൨൬ നിങ്ങൾ കണ്ണ് മേലോട്ട് ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാര്? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കുകയും അവയെ എല്ലാം പേർചൊല്ലി വിളിക്കുകയും ചെയ്യുന്നു; അവന്റെ വീര്യമാഹാത്മ്യംനിമിത്തവും അവന്റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല.
27 ൨൭ എന്നാൽ “എന്റെ വഴി യഹോവയ്ക്കു മറഞ്ഞിരിക്കുന്നു; എന്റെ ന്യായം എന്റെ ദൈവം കാണാതെ കടന്നുപോയിരിക്കുന്നു” എന്ന്, യാക്കോബേ, നീ പറയുകയും യിസ്രായേലേ, നീ സംസാരിക്കുകയും ചെയ്യുന്നതെന്ത്?
28 ൨൮ നിനക്കറിഞ്ഞുകൂടായോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നെ; അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല; അവന്റെ ബുദ്ധി അപ്രമേയമത്രേ.
29 ൨൯ അവൻ ക്ഷീണിച്ചിരിക്കുന്നവനു ശക്തി നല്കുന്നു; ബലമില്ലാത്തവനു ബലം വർദ്ധിപ്പിക്കുന്നു.
30 ൩൦ ബാല്യക്കാർ ക്ഷീണിച്ച് തളർന്നുപോകും; യൗവനക്കാരും ഇടറിവീഴും.
31 ൩൧ എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.