< യെശയ്യാവ് 33 >
1 ൧ സാഹസം അനുഭവിക്കാതെ സാഹസം ചെയ്യുകയും നിന്നോട് ആരും ദ്രോഹം പ്രവർത്തിക്കാതെ ദ്രോഹം പ്രവർത്തിക്കുകയും ചെയ്യുന്നവനേ, നിനക്ക് അയ്യോ കഷ്ടം! നീ സാഹസം ചെയ്യുന്നതു നിർത്തുമ്പോൾ നിന്നെയും സാഹസം ചെയ്യും; നീ ദ്രോഹം പ്രവർത്തിക്കുന്നതു മതിയാക്കുമ്പോൾ നിന്നോടും ദ്രോഹം പ്രവർത്തിക്കും.
2 ൨ യഹോവേ, ഞങ്ങളോടു കൃപയുണ്ടാകണമേ; ഞങ്ങൾ അങ്ങയെ കാത്തിരിക്കുന്നു; രാവിലെതോറും അങ്ങ് അവർക്ക് ഭുജവും കഷ്ടകാലത്തു ഞങ്ങൾക്കു രക്ഷയും ആയിരിക്കണമേ.
3 ൩ കോലാഹലം ഹേതുവായി വംശങ്ങൾ ഓടിപ്പോയി; അങ്ങ് എഴുന്നേറ്റപ്പോൾ ജനതകൾ ചിതറിപ്പോയി.
4 ൪ തുള്ളനെ ശേഖരിക്കുന്നതുപോലെ നിങ്ങളുടെ കവർച്ച ശേഖരിക്കപ്പെടും; വെട്ടുക്കിളി ചാടി വീഴുന്നതുപോലെ അവർ അതിന്മേൽ ചാടിവീഴും.
5 ൫ യഹോവ ഉന്നതനായിരിക്കുന്നു; ഉയരത്തിലല്ലയോ അവിടുന്ന് വസിക്കുന്നത്; അവിടുന്ന് സീയോനെ ന്യായവും നീതിയുംകൊണ്ടു നിറച്ചിരിക്കുന്നു.
6 ൬ നിന്റെ കാലത്ത് സ്ഥിരതയും രക്ഷാസമൃദ്ധിയും ജ്ഞാനവും പരിജ്ഞാനവും ഉണ്ടാകും; യഹോവാഭക്തി നിങ്ങളുടെ നിക്ഷേപം ആയിരിക്കും.
7 ൭ ഇതാ അവരുടെ ശൗര്യവാന്മാർ പുറത്തു നിലവിളിക്കുന്നു; സമാധാനത്തിന്റെ ദൂതന്മാർ അതിദുഃഖത്തോടെ കരയുന്നു.
8 ൮ പ്രധാനപാതകൾ ശൂന്യമായിക്കിടക്കുന്നു; വഴിപോക്കർ ഇല്ലാതെയായിരിക്കുന്നു; അവൻ ഉടമ്പടി ലംഘിച്ചു, പട്ടണങ്ങളെ നിന്ദിച്ചു: ഒരു മനുഷ്യനെയും അവിടുന്ന് ആദരിക്കുന്നില്ല.
9 ൯ ദേശം ദുഃഖിച്ചു ക്ഷയിക്കുന്നു; ലെബാനോൻ ലജ്ജിച്ചു വാടിപ്പോകുന്നു; ശാരോൻ മരുഭൂമിപോലെ ആയിരിക്കുന്നു; ബാശാനും കർമ്മേലും ഇലപൊഴിക്കുന്നു.
10 ൧൦ “ഇപ്പോൾ ഞാൻ എഴുന്നേല്ക്കും; ഇപ്പോൾ ഞാൻ എന്നെത്തന്നെ ഉയർത്തും; ഇപ്പോൾ ഞാൻ ഉന്നതനായിരിക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു.
11 ൧൧ “നിങ്ങൾ കച്ചിയെ ഗർഭംധരിച്ചു കച്ചികുറ്റിയെ പ്രസവിക്കും; നിങ്ങളുടെ ശ്വാസം തീയായി നിങ്ങളെ ദഹിപ്പിച്ചുകളയും.
12 ൧൨ വംശങ്ങൾ കുമ്മായം ചുടുന്നതുപോലെ ആകും; വെട്ടിക്കളഞ്ഞ മുള്ളുപോലെ അവരെ തീയിൽ ഇട്ടു ചുട്ടുകളയും”.
13 ൧൩ ദൂരസ്ഥന്മാരേ, ഞാൻ ചെയ്തതു കേൾക്കുവിൻ; സമീപസ്ഥന്മാരേ, എന്റെ വീര്യപ്രവൃത്തികൾ ഗ്രഹിക്കുവിൻ.
14 ൧൪ സീയോനിലെ പാപികൾ പേടിക്കുന്നു; വഷളന്മാരായവർക്കു നടുക്കം പിടിച്ചിരിക്കുന്നു; “നമ്മിൽ ആര് ദഹിപ്പിക്കുന്ന തീയുടെ അടുക്കൽ വസിക്കും? നമ്മിൽ ആര് നിത്യദഹനങ്ങളുടെ അടുക്കൽ വസിക്കും?”
15 ൧൫ നീതിയായി നടന്നു നേര് പറയുകയും പീഡനത്താൽ ഉള്ള ആദായം വെറുക്കുകയും കൈക്കൂലിവാങ്ങാതെ കൈ കുടഞ്ഞുകളയുകയും രക്ത പാതകത്തെക്കുറിച്ചു കേൾക്കാത്തവിധം ചെവി പൊത്തുകയും ദോഷത്തെ കണ്ടു രസിക്കാത്തവിധം കണ്ണ് അടച്ചുകളയുകയും ചെയ്യുന്നവൻ;
16 ൧൬ ഇങ്ങനെയുള്ളവൻ ഉയരത്തിൽ വസിക്കും; പാറക്കോട്ടകൾ അവന്റെ അഭയസ്ഥാനമായിരിക്കും; അവന്റെ അപ്പം അവനു കിട്ടും; അവനു വെള്ളം മുട്ടിപ്പോകുകയുമില്ല.
17 ൧൭ നിന്റെ കണ്ണ് രാജാവിനെ അവന്റെ സൗന്ദര്യത്തോടെ ദർശിക്കും; വിശാലമായ ഒരു ദേശം കാണും.
18 ൧൮ “പണം എണ്ണുന്നവൻ എവിടെ? തൂക്കിനോക്കുന്നവൻ എവിടെ? ഗോപുരങ്ങളെ എണ്ണുന്നവൻ എവിടെ?” എന്നിങ്ങനെ നിന്റെ ഹൃദയം ഭീതിയെക്കുറിച്ചു ധ്യാനിക്കും.
19 ൧൯ നീ തിരിച്ചറിയാത്ത പ്രയാസമുള്ള വാക്കും നിനക്ക് ഗ്രഹിച്ചുകൂടാത്ത അന്യഭാഷയും ഉള്ള ഉഗ്രജനതയെ നീ കാണുകയില്ല.
20 ൨൦ നമ്മുടെ ഉത്സവങ്ങളുടെ നഗരമായ സീയോനെ നോക്കുക; നിന്റെ കണ്ണ് യെരൂശലേമിനെ സ്വൈരനിവാസമായും ഒരിക്കലും നീങ്ങിപ്പോകാത്തതും കുറ്റി ഒരുനാളും ഇളകിപ്പോകാത്തതും കയറ് ഒന്നും പൊട്ടിപ്പോകാത്തതുമായ കൂടാരമായും കാണും.
21 ൨൧ അവിടെ മഹിമയുള്ളവനായ യഹോവ നമുക്കു വീതിയുള്ള നദികൾക്കും തോടുകൾക്കും പകരമായിരിക്കും; തുഴവച്ച പടക് അതിൽ പോവുകയില്ല; പ്രതാപമുള്ള കപ്പൽ അതിൽകൂടി കടന്നുപോവുകയുമില്ല.
22 ൨൨ യഹോവ നമ്മുടെ ന്യായാധിപൻ; യഹോവ നമ്മുടെ ന്യായദാതാവ്; യഹോവ നമ്മുടെ രാജാവ്; അവിടുന്ന് നമ്മെ രക്ഷിക്കും.
23 ൨൩ നിന്റെ കയറ് അഴിഞ്ഞുകിടക്കുന്നു; അതിനാൽ പാമരത്തെ ചുവട്ടിൽ ഉറപ്പിച്ചുകൂടാ; പായ് നിവിർത്തുകൂടാ. പിടിച്ചുപറിച്ച വലിയ കൊള്ള അന്ന് വിഭാഗിക്കപ്പെടും; മുടന്തരും കൊള്ളയിടും.
24 ൨൪ “ഞാൻ രോഗിയാണ്” എന്നു യാതൊരു നിവാസിയും പറയുകയില്ല; അതിൽ വസിക്കുന്ന ജനത്തിന്റെ അകൃത്യം മോചിക്കപ്പെട്ടിരിക്കും.