< എബ്രായർ 9 >
1 ൧ എന്നാൽ ആദ്യ ഉടമ്പടിക്കു പോലും ഭൂമിയിൽ ആരാധനയ്ക്കായുള്ള സ്ഥലങ്ങളും ക്രമങ്ങളും ഉണ്ടായിരുന്നു.
2 ൨ സമാഗമനകൂടാരത്തിനുള്ളിൽ ആദ്യഭാഗത്ത് നിലവിളക്കും മേശയും കാഴ്ചയപ്പവും ഉണ്ടായിരുന്നു. അതിന് വിശുദ്ധസ്ഥലം എന്നു പേർ.
3 ൩ രണ്ടാം തിരശ്ശീലയ്ക്ക് പിന്നിലോ അതിവിശുദ്ധം എന്ന ഭാഗം.
4 ൪ അതിൽ പൊന്നുകൊണ്ടുള്ള ധൂപപീഠവും മുഴുവനും പൊന്നു പൊതിഞ്ഞ നിയമപെട്ടകവും അതിനകത്ത് മന്ന ഇട്ട് വെച്ച പൊൻപാത്രവും അഹരോന്റെ തളിർത്തവടിയും നിയമത്തിന്റെ കല്പലകകളും
5 ൫ അതിന് മീതെ കൃപാസനത്തെ മൂടുന്ന തേജസ്സിന്റെ കെരൂബുകളും ഉണ്ടായിരുന്നു. അത് ഇപ്പോൾ ഓരോന്നായി വിവരിപ്പാൻ കഴിയുന്നില്ല.
6 ൬ ഇവ ഇങ്ങനെ തീർന്നശേഷം പുരോഹിതന്മാർ നിത്യം മുൻകൂടാരത്തിൽ ചെന്ന് ശുശ്രൂഷ കഴിക്കും.
7 ൭ രണ്ടാമത്തേതിലോ ആണ്ടിൽ ഒരിക്കൽ മഹാപുരോഹിതൻ മാത്രം ചെല്ലും; രക്തം കൂടാതെ അല്ല; അത് അവൻ തനിക്കുവേണ്ടിയും ജനത്തിന്റെ മന: പൂർവ്വമല്ലാത്ത തെറ്റുകൾക്കുവേണ്ടിയും അർപ്പിക്കും.
8 ൮ ഈ മുൻകൂടാരം നില്ക്കുന്നേടത്തോളം കാലം വിശുദ്ധമന്ദിരത്തിലേക്കുള്ള വഴി വെളിപ്പെട്ടില്ല എന്ന് പരിശുദ്ധാത്മാവ് ഇതിനാൽ വെളിപ്പെടുത്തുന്നു.
9 ൯ ആ സമാഗമനകൂടാരം ഈ കാലത്തേക്ക് ഒരു സാദൃശ്യമത്രേ. ആരാധകന്റെ മനസ്സാക്ഷിയിൽ പൂർണ്ണ സമാധാനം വരുത്തുവാൻ പര്യാപ്തമല്ലാത്ത വഴിപാടും യാഗവുമാണ് അന്ന് അർപ്പിച്ചുപോന്നത്.
10 ൧൦ അവ ഭക്ഷണങ്ങൾ, പാനീയങ്ങൾ, ആചാരസംബന്ധമായ ശുദ്ധീകരണങ്ങൾ, എന്നിവയോട് കൂടിയ ആ ബാഹ്യാചാരങ്ങൾ, ദൈവം പുതിയ വ്യവസ്ഥിതികൾ ഏർപ്പെടുത്തുന്നത് വരെ അനുഷ്ഠിക്കുവാനുള്ളതായിരുന്നു.
11 ൧൧ ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ട്, കൈപ്പണിയല്ലാത്തതായി, എന്നുവച്ചാൽ ഈ ലോക സൃഷ്ടിയിൽ ഉൾപ്പെടാത്തതായി മഹത്വവും പൂർണ്ണവുമായ ഒരു കൂടാരത്തിൽ കൂടി
12 ൧൨ ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്തരക്തത്താൽ തന്നേ ഒരിക്കലായിട്ട് വിശുദ്ധമന്ദിരത്തിൽ പ്രവേശിച്ച് എന്നേക്കുമുള്ളൊരു വീണ്ടെടുപ്പ് ഉറപ്പാക്കി. (aiōnios )
13 ൧൩ ആചാരപ്രകാരം ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും പശുഭസ്മവും മലിനപ്പെട്ടവരുടെ മേൽ തളിക്കുന്നതു നിമിത്തം അവർക്ക് ശാരീരികശുദ്ധി വരുത്തുന്നു എങ്കിൽ,
14 ൧൪ നിത്യദൈവാത്മാവിനാൽ ദൈവത്തിന് തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം, നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവ അനുഷ്ഠാനങ്ങളിൽ നിന്നും മോചിപ്പിച്ച്, ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ എത്ര അധികമായി ശുദ്ധീകരിക്കും? (aiōnios )
15 ൧൫ അത് നിമിത്തം ആദ്യ ഉടമ്പടിയിൻ കീഴിലുള്ളവരുടെ ലംഘനങ്ങൾക്കുള്ള ശിക്ഷയായ മരണത്തിൽ നിന്നുള്ള വീണ്ടെടുപ്പിനായി ഒരു മരണം ഉണ്ടാകയും, അതിലൂടെ നിത്യാവകാശത്തിന്റെ വാഗ്ദത്തം ദൈവത്താൽ വിളിക്കപ്പെട്ടവർക്കു ലഭിക്കേണ്ടതിന് ക്രിസ്തു പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥൻ ആകുകയും ചെയ്തു. (aiōnios )
16 ൧൬ വിൽപത്രം ഉള്ള ഇടത്ത് അത് എഴുതിയ ആളിന്റെ മരണം തെളിയിക്കപ്പെടേണ്ടത് ആവശ്യം.
17 ൧൭ വിൽപത്രം തയ്യാറാക്കിയ ആളിന്റെ ജീവകാലത്തോളം അതിന് ഉറപ്പില്ല; മരണശേഷമാണ് അത് പ്രാബല്യത്തിൽ വരുന്നത്.
18 ൧൮ അതുകൊണ്ട് ആദ്യഉടമ്പടിയും രക്തം കൂടാതെ പ്രതിഷ്ഠിച്ചതല്ല.
19 ൧൯ മോശെ ന്യായപ്രമാണത്തിലെ സകല കല്പനയും ജനത്തോടു പ്രസ്താവിച്ച ശേഷം പശുക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തെ വെള്ളവും ചുവന്ന ആട്ടുരോമവും ഈസോപ്പുമായി എടുത്തു പുസ്തക ചുരുളുകളിന്മേലും സകല ജനത്തിന്മേലും തളിച്ചു:
20 ൨൦ “ഇതു ദൈവം നിങ്ങളോടു കല്പിച്ച ഉടമ്പടിയുടെ രക്തം” എന്നു പറഞ്ഞു.
21 ൨൧ അങ്ങനെ തന്നെ അവൻ കൂടാരത്തിന്മേലും ആരാധനയ്ക്കുള്ള ഉപകരണങ്ങളിന്മേലും എല്ലാം രക്തം തളിച്ചു.
22 ൨൨ ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു: രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.
23 ൨൩ ആകയാൽ സ്വർഗ്ഗത്തിലുള്ളവയുടെ പ്രതിബിംബങ്ങളെ ഈവകയാൽ ശുദ്ധമാക്കുന്നത് ആവശ്യം എങ്കിൽ, സ്വർഗ്ഗീയമായവയ്ക്കോ ഇവയേക്കാൾ നല്ല യാഗങ്ങൾ ആവശ്യം.
24 ൨൪ ക്രിസ്തു വാസ്തവമായതിന്റെ പ്രതിബിംബമായി മനുഷ്യനിർമ്മിതമായ ഒരു വിശുദ്ധ മന്ദിരത്തിലേക്കല്ല, ഇപ്പോൾ നമുക്കുവേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാകുവാൻ സ്വർഗ്ഗത്തിലേക്കത്രേ പ്രവേശിച്ചത്.
25 ൨൫ മഹാപുരോഹിതൻ ആണ്ടുതോറും തന്റേതല്ലാത്ത രക്തത്തോടുകൂടെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുന്നതുപോലെ, ക്രിസ്തു തന്നെത്താൻ വീണ്ടുംവീണ്ടും അർപ്പിക്കേണ്ടിയ ആവശ്യമില്ല.
26 ൨൬ അങ്ങനെയായാൽ ലോകസ്ഥാപനം മുതൽ അവൻ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാൽ അവൻ കാലസമ്പൂർണതയിൽ സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ മാത്രം പ്രത്യക്ഷനായി. (aiōn )
27 ൨൭ മനുഷ്യരെല്ലാം ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയുണ്ടാകുകയും ചെയ്യുന്നു.
28 ൨൮ ക്രിസ്തുവും അങ്ങനെ തന്നെ അനേകരുടെ പാപങ്ങളെ നീക്കുവാൻ ഒരിക്കൽ യാഗമായി അർപ്പിക്കപ്പെട്ടു. ഇനിയും വരുന്നത് പാപത്തിന് പരിഹാരം വരുത്തുവാനല്ല, പ്രത്യുത തനിക്കായി ക്ഷമയോടെ കാത്തുനില്ക്കുന്നവരുടെ രക്ഷക്കായി രണ്ടാമത് പ്രത്യക്ഷനാകും.