< ഉല്പത്തി 18 >
1 ൧ അനന്തരം യഹോവ അബ്രാഹാമിന് മമ്രേയുടെ തോപ്പിൽവച്ച് പ്രത്യക്ഷനായി; വെയിലുറച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു.
ഒരു ദിവസം വെയിലുറച്ചപ്പോൾ അബ്രാഹാം തന്റെ കൂടാരവാതിൽക്കൽ ഇരിക്കുകയായിരുന്നു, അപ്പോൾ യഹോവ അബ്രാഹാമിനു മമ്രേയുടെ മഹാവൃക്ഷങ്ങൾക്കരികെ പ്രത്യക്ഷനായി.
2 ൨ അവൻ തല ഉയർത്തിനോക്കിയപ്പോൾ അതാ, മൂന്നു പുരുഷന്മാർ തന്‍റെ നേരെ നില്ക്കുന്നു; അവൻ അവരെ കണ്ടപ്പോൾ കൂടാരവാതിൽക്കൽ നിന്ന് അവരെ എതിരേൽക്കുവാൻ ഓടിച്ചെന്ന് നിലംവരെ കുനിഞ്ഞു:
അദ്ദേഹം തലയുയർത്തിനോക്കിയപ്പോൾ മൂന്നുപുരുഷന്മാർ അടുക്കൽ നിൽക്കുന്നതു കണ്ടു; അവരെ കണ്ടമാത്രയിൽ, അദ്ദേഹം കൂടാരവാതിൽക്കൽനിന്ന് തിടുക്കത്തിൽ ചെന്ന് സാഷ്ടാംഗം വീണുവണങ്ങി അവരെ എതിരേറ്റു.
3 ൩ “യജമാനനേ, എന്നോട് കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ.
“എന്റെ കർത്താവേ, അങ്ങേക്ക് കൃപയുണ്ടെങ്കിൽ അടിയനോടൊപ്പം കുറച്ചു സമയം ചെലവഴിക്കണേ.
4 ൪ കുറച്ചു വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ വിശ്രമിച്ചാലും.
ഞാൻ കുറച്ചുവെള്ളം കൊണ്ടുവരട്ടെ, നിങ്ങൾക്ക് എല്ലാവർക്കും കാലുകഴുകി ഈ മരത്തിന്റെ തണലിൽ വിശ്രമിക്കാമല്ലോ.
5 ൫ ഞാൻ കുറെ അപ്പം കൊണ്ടുവരാം; വിശപ്പ് അടക്കീട്ട് നിങ്ങൾക്ക് പോകാം; ഇതിനായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നത്” എന്നു പറഞ്ഞു.
ഞാൻ നിങ്ങൾക്കു കഴിക്കാൻ എന്തെങ്കിലും കൊണ്ടുവരാം, വിശപ്പടക്കിയശേഷം നിങ്ങൾക്കു യാത്ര തുടരാം. അവിടന്ന് അടിയന്റെ അടുക്കൽ വന്നതാണല്ലോ” എന്ന് അബ്രാഹാം പറഞ്ഞു. അതിനുത്തരമായി അവർ, “വളരെ നന്ന്, നീ പറഞ്ഞതുപോലെ ചെയ്യുക” എന്നു പറഞ്ഞു.
6 ൬ “നീ പറഞ്ഞതുപോലെ ചെയ്യുക” എന്ന് അവർ പറഞ്ഞു. അബ്രാഹാം വേഗത്തിൽ കൂടാരത്തിൽ സാറയുടെ അടുക്കൽ ചെന്നു: “വേഗത്തിൽ ഏകദേശം 21 കിലോഗ്രാം മാവ് എടുത്തു കുഴച്ചു അപ്പമുണ്ടാക്കുക” എന്നു പറഞ്ഞു.
അബ്രാഹാം വേഗത്തിൽ കൂടാരത്തിനുള്ളിൽ സാറായുടെ അടുത്തെത്തി. “നീ പെട്ടെന്ന് മൂന്നു സേയാ നേർത്ത മാവെടുത്തു കുഴച്ച് കുറച്ച് അപ്പം ചുടുക,” എന്നു പറഞ്ഞു.
7 ൭ അബ്രാഹാം പശുക്കൂട്ടത്തിൽ ഓടിച്ചെന്ന് ഇളയതും നല്ലതുമായ ഒരു കാളക്കുട്ടിയെ പിടിച്ച് ഒരു യൗവനക്കാരന്റെ കൈവശം കൊടുത്തു; അവൻ അതിനെ വേഗത്തിൽ പാകം ചെയ്തു.
പിന്നെ അബ്രാഹാം ഓടിച്ചെന്ന് കാലിക്കൂട്ടത്തിൽനിന്ന് ഇളപ്പമായ നല്ലൊരു കാളക്കിടാവിനെ പിടിച്ച് ഒരു ദാസനെ ഏൽപ്പിച്ചു. അവൻ വേഗത്തിൽ അതിനെ പാകംചെയ്തു.
8 ൮ പിന്നെ അവൻ വെണ്ണയും പാലും താൻ പാകം ചെയ്യിച്ച കാളക്കുട്ടിയെയും കൊണ്ടുവന്ന് അവരുടെ മുമ്പിൽവച്ചു. അവർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അബ്രാഹാം അവരുടെ അടുക്കൽ വൃക്ഷത്തിൻ കീഴിൽ ശുശ്രൂഷിച്ചു നിന്നു.
പിന്നെ അബ്രാഹാം കുറെ വെണ്ണയും പാലും പാകംചെയ്ത കാളയിറച്ചിയും കൊണ്ടുവന്ന് അവരുടെമുമ്പിൽ വെച്ചു. അവർ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹം അവർക്കു സമീപം ഒരു മരത്തണലിൽ അവരെ ശുശ്രൂഷിക്കാനായി നിന്നു.
9 ൯ അവർ അവനോട്: “നിന്റെ ഭാര്യ സാറാ എവിടെ? എന്നു ചോദിച്ചതിന്: “ഇവിടെ, കൂടാരത്തിൽ ഉണ്ട്” എന്നു അവൻ പറഞ്ഞു.
“നിന്റെ ഭാര്യയായ സാറാ എവിടെ?” അവർ ചോദിച്ചു. “കൂടാരത്തിലുണ്ട്” അദ്ദേഹം മറുപടി പറഞ്ഞു.
10 ൧൦ “ഒരു വർഷം കഴിഞ്ഞിട്ട് ഞാൻ നിന്റെ അടുക്കൽ തീർച്ചയായും മടങ്ങിവരും; അപ്പോൾ നിന്റെ ഭാര്യ സാറായ്ക്ക് ഒരു മകൻ ഉണ്ടാകും” എന്ന് യഹോവ പറഞ്ഞു. സാറാ കൂടാരവാതിൽക്കൽ അവന്റെ പുറകിൽ കേട്ടുകൊണ്ടു നിന്നു.
അപ്പോൾ അവരിലൊരാൾ, “അടുത്തവർഷം ഇതേസമയം ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും; അപ്പോൾ നിന്റെ ഭാര്യയായ സാറായ്ക്ക് ഒരു മകൻ ഉണ്ടായിരിക്കും” എന്നു പറഞ്ഞു. സാറാ പിന്നിൽ കൂടാരവാതിൽക്കൽനിന്ന് ഇതു ശ്രദ്ധിക്കുകയായിരുന്നു.
11 ൧൧ എന്നാൽ അബ്രാഹാമും സാറായും വയസ്സുചെന്നു വൃദ്ധരായിരുന്നു. സാറായിക്ക് ഗർഭധാരണത്തിനുള്ള പ്രായം കഴിഞ്ഞിരുന്നു.
അബ്രാഹാമും സാറായും വൃദ്ധരും വളരെ പ്രായമായവരും ആയിരുന്നു. സാറായ്ക്കു ഗർഭധാരണത്തിനുള്ള പ്രായവും കഴിഞ്ഞുപോയിരുന്നു.
12 ൧൨ ആകയാൽ സാറാ ഉള്ളിൽ ചിരിച്ചുകൊണ്ട്: “വൃദ്ധയായിരിക്കുന്ന എനിക്ക് സുഖഭോഗമുണ്ടാകുമോ? എന്റെ ഭർത്താവും വൃദ്ധനായിരിക്കുന്നു” എന്നു പറഞ്ഞു.
“ഞാൻ വൃദ്ധയായി, എന്റെ ഭർത്താവും വൃദ്ധനായിരിക്കുന്നു; ഇനി ഈ സൗഭാഗ്യം എനിക്കുണ്ടാകുമോ?” സാറാ ചിരിച്ചുകൊണ്ട് ആത്മഗതംചെയ്തു.
13 ൧൩ യഹോവ അബ്രാഹാമിനോട് “വൃദ്ധയായ ഞാൻ പ്രസവിക്കുന്നത് വാസ്തവംതന്നെയോ’ എന്നു പറഞ്ഞ് സാറാ ചിരിച്ചത് എന്തുകൊണ്ട്?
അപ്പോൾ യഹോവ അബ്രാഹാമിനോട്, “വൃദ്ധയായ എനിക്കു കുട്ടിയുണ്ടാകുമോ എന്നു പറഞ്ഞു സാറാ ചിരിച്ചതെന്ത്?
14 ൧൪ യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ? ഒരു വർഷം കഴിഞ്ഞിട്ട് നിശ്ചയിച്ച സമയത്ത് ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും; സാറായ്ക്ക് ഒരു മകൻ ഉണ്ടാകും” എന്ന് അരുളിച്ചെയ്തു.
യഹോവയ്ക്ക് അസാധ്യമായ കാര്യം ഉണ്ടോ? അടുത്തവർഷം നിശ്ചിതസമയം ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും, അപ്പോൾ സാറായ്ക്ക് ഒരു മകൻ ഉണ്ടായിരിക്കും” എന്നു പറഞ്ഞു.
15 ൧൫ സാറാ ഭയപ്പെട്ടു: “ഞാൻ ചിരിച്ചില്ല” എന്നു നിരസിച്ചു പറഞ്ഞു. “അല്ല, നീ ചിരിച്ചു” എന്ന് അവിടുന്ന് അരുളിച്ചെയ്തു.
സാറാ ഭയന്നുപോയി, അതുകൊണ്ട് അവൾ, “ഞാൻ ചിരിച്ചില്ല” എന്നു മാറ്റിപ്പറഞ്ഞു. എന്നാൽ അവിടന്ന്, “അല്ല, നീ ചിരിച്ചു” എന്ന് അരുളിച്ചെയ്തു.
16 ൧൬ ആ പുരുഷന്മാർ അവിടെനിന്നു എഴുന്നേറ്റ് സൊദോമിനു നേരേ തിരിഞ്ഞു; അബ്രാഹാം അവരെ യാത്ര അയയ്ക്കുവാൻ അവരോടുകൂടെ പോയി.
ആ പുരുഷന്മാർ അവിടെനിന്നു പുറപ്പെട്ടു. അവർ താഴേ സൊദോമിലേക്കു തിരിഞ്ഞു. അബ്രാഹാം അവരെ യാത്രയയയ്ക്കാൻ അവരോടുകൂടെ നടന്നു.
17 ൧൭ അപ്പോൾ യഹോവ അരുളിച്ചെയ്തത്: ഞാൻ ചെയ്യുവാൻ പോകുന്നത് അബ്രാഹാമിനോട് മറച്ചുവയ്ക്കുമോ?
അപ്പോൾ യഹോവ: “ഞാൻ ചെയ്യാൻപോകുന്നത് അബ്രാഹാമിൽനിന്ന് മറച്ചുവെക്കുമോ?
18 ൧൮ “അബ്രാഹാം നിശ്ചയമായി വലിയതും ബലമുള്ളതുമായ ജനതയായി തീരുകയും അവനിൽ ഭൂമിയിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടുകയും ചെയ്യുമെന്നിരിക്കെ
അബ്രാഹാമിന്റെ വംശം നിശ്ചയമായും ശ്രേഷ്ഠവും പ്രബലവുമായ ഒരു രാഷ്ട്രമായിത്തീരും; ഭൂമിയിലെ സകലരാഷ്ട്രങ്ങളും അവനിലൂടെ അനുഗ്രഹിക്കപ്പെടും.
19 ൧൯ യഹോവ അബ്രാഹാമിനെക്കുറിച്ച് അരുളിച്ചെയ്തത് അവന് നിവർത്തിച്ചുകൊടുക്കുവാൻ തക്കവണ്ണം അബ്രാഹാം തന്റെ മക്കളോടും തനിക്കു ശേഷമുള്ള കുടുംബത്തോടും നീതിയും ന്യായവും പ്രവർത്തിച്ചുകൊണ്ട് യഹോവയുടെ വഴിയിൽ നടക്കുവാൻ കല്പിക്കേണ്ടതിന് ഞാൻ അവനെ തിരഞ്ഞെടുത്തിരിക്കുന്നു”.
അബ്രാഹാം നീതിയും ന്യായവും പ്രവർത്തിച്ചുകൊണ്ട്, തന്റെ മക്കളെയും തന്റെ കാലശേഷമുള്ള ഭവനക്കാരെയും ദൈവത്തിന്റെ വഴികളിൽ നടക്കാൻ പ്രേരിപ്പിക്കേണ്ടതിനു ഞാൻ അവനെ തെരഞ്ഞെടുത്തിരിക്കുന്നു. അങ്ങനെ, യഹോവ അബ്രാഹാമിനു നൽകിയ വാഗ്ദാനം അദ്ദേഹത്തിന് നിറവേറ്റിക്കൊടുക്കാൻ സംഗതിയാകും.”
20 ൨൦ പിന്നെ യഹോവ: “സൊദോമിനും ഗൊമോരയ്ക്കുമെതിരെയുള്ള നിലവിളി വലിയതും അവരുടെ പാപം അതികഠിനവും ആകുന്നതുകൊണ്ട്
പിന്നെ യഹോവ അരുളിച്ചെയ്തു: “സൊദോമിന്റെയും ഗൊമോറായുടെയും പാപം ഘോരമായതും അവർക്കു വിരോധമായുള്ള നിലവിളി വലിയതുമാകുന്നു.
21 ൨൧ ഞാൻ ചെന്ന് സൊദോമിനും ഗൊമോരയ്ക്കുമെതിരെ എന്റെ അടുക്കൽ വന്നെത്തിയ നിലവിളിപോലെ അവർ അങ്ങനെ പ്രവർത്തിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് നോക്കി അറിയും” എന്ന് അരുളിച്ചെയ്തു.
എന്റെ അടുക്കൽ എത്തിയിരിക്കുന്ന നിലവിളിക്കു തക്കവണ്ണം അവരുടെ പ്രവൃത്തി ദോഷപൂർണമാണോ എന്നുനോക്കി മനസ്സിലാക്കാൻ ഞാൻ ഇറങ്ങിച്ചെല്ലും.”
22 ൨൨ അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്ക് പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു.
ആ പുരുഷന്മാർ തിരിഞ്ഞ് സൊദോമിലേക്കു പോയി. എന്നാൽ, അബ്രാഹാം യഹോവയുടെ സന്നിധിയിൽത്തന്നെ നിലകൊണ്ടു.
23 ൨൩ അബ്രാഹാം അടുത്തുചെന്ന് പറഞ്ഞത്: “ദുഷ്ടനോടുകൂടെ നീതിമാനെയും അവിടുന്നു സംഹരിക്കുമോ?
പിന്നെ അബ്രാഹാം അടുത്തുചെന്ന്, “അവിടന്നു നീതിമാന്മാരെ ദുഷ്ടന്മാരോടുകൂടെ തുടച്ചുനീക്കുമോ? എന്നു ചോദിച്ചു.
24 ൨൪ പക്ഷേ ആ പട്ടണത്തിൽ അമ്പത് നീതിമാന്മാർ ഉണ്ടെങ്കിൽ അവിടുന്ന് അതിനെ സംഹരിക്കുമോ? അതിലെ അമ്പത് നീതിമാന്മാർ നിമിത്തം ആ സ്ഥലത്തോട് ക്ഷമിക്കയില്ലയോ?
നീതിമാന്മാരായ അൻപതുപേർ നഗരത്തിൽ ഉണ്ടെങ്കിൽ എന്താണു ചെയ്യുക? അങ്ങ് ആ നഗരത്തെ വാസ്തവമായി നശിപ്പിക്കുമോ? അതിലുള്ള അൻപതു നീതിമാന്മാർ നിമിത്തം ആ സ്ഥലത്തെ അങ്ങ് രക്ഷിക്കുകയില്ലയോ?
25 ൨൫ നീതിമാൻ ദുഷ്ടനെപ്പോലെ ആകത്തക്കവണ്ണം ദുഷ്ടനോടുകൂടെ നീതിമാനെയും സംഹരിക്കുന്ന ഇങ്ങനെയുള്ള കാര്യം ചെയ്യുവാൻ അങ്ങയ്ക്ക് ഇടവരാതിരിക്കട്ടെ. സർവ്വഭൂമിക്കും ന്യായാധിപതിയായവൻ നീതി പ്രവർത്തിക്കാതിരിക്കുമോ”
നീതിമാന്മാരെയും ദുഷ്ടന്മാരെയും ഒരുപോലെ കണക്കാക്കുന്നതും ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെ സംഹരിക്കുന്നതും അവിടത്തേക്ക് ഉചിതമല്ലല്ലോ! അങ്ങനെ വരരുതേ. സർവഭൂമിയുടെയും ന്യായാധിപതി നീതി പ്രവർത്തിക്കാതിരിക്കുമോ?”
26 ൨൬ അതിന് യഹോവ: “ഞാൻ സൊദോമിൽ, പട്ടണത്തിനകത്ത്, അമ്പത് നീതിമാന്മാരെ കണ്ടെത്തുന്നു എങ്കിൽ അവരുടെ നിമിത്തം ആ സ്ഥലത്തോടൊക്കെയും ക്ഷമിക്കും” എന്ന് അരുളിച്ചെയ്തു.
അതിനു യഹോവ: “അൻപതു നീതിമാന്മാരെ സൊദോം പട്ടണത്തിനുള്ളിൽ കാണുന്നെങ്കിൽ അവർക്കുവേണ്ടി ഞാൻ ആ സ്ഥലം മുഴുവൻ രക്ഷിക്കും” എന്ന് അരുളിച്ചെയ്തു.
27 ൨൭ “പൊടിയും ചാരവുമായ ഞാൻ കർത്താവിനോട് സംസാരിക്കുവാൻ ശ്രമിച്ചുവല്ലോ.
അബ്രാഹാം വീണ്ടും ചോദിച്ചു: “വെറും പൊടിയും ചാരവും ആയ ഞാൻ കർത്താവിനോട് സംസാരിക്കാൻ തുനിഞ്ഞല്ലോ!
28 ൨൮ അമ്പത് നീതിമാന്മാരിൽ പക്ഷേ അഞ്ചുപേർ കുറഞ്ഞു പോയെങ്കിലോ? അഞ്ചുപേർ കുറഞ്ഞതുകൊണ്ട് അങ്ങ് ആ പട്ടണം മുഴുവനും നശിപ്പിക്കുമോ? എന്ന് അബ്രാഹാം പറഞ്ഞതിന്: “നാല്പത്തഞ്ച് പേരെ ഞാൻ അവിടെ കണ്ടെത്തിയാൽ അതിനെ നശിപ്പിക്കയില്ല” എന്ന് അവൻ അരുളിച്ചെയ്തു.
അൻപതു നീതിമാന്മാരിൽ അഞ്ചുപേർ കുറഞ്ഞാൽ ആ അഞ്ചുപേർ നിമിത്തം അങ്ങു നഗരത്തെ മുഴുവൻ നശിപ്പിക്കുമോ?” “അവിടെ നാൽപ്പത്തിയഞ്ചുപേരെ കാണുന്നെങ്കിൽ, ഞാൻ അതിനെ നശിപ്പിക്കുകയില്ല,” അവിടന്ന് അരുളിച്ചെയ്തു.
29 ൨൯ അവൻ പിന്നെയും യഹോവയോട് സംസാരിച്ചു: “പക്ഷേ നാല്പതുപേരെ അവിടെ കണ്ടെത്തിയാലോ? എന്നു പറഞ്ഞതിന്: “ഞാൻ നാല്പതുപേരുടെ നിമിത്തം നശിപ്പിക്കുകയില്ല” എന്ന് അവൻ അരുളിച്ചെയ്തു.
വീണ്ടും അദ്ദേഹം ദൈവത്തോടു ചോദിച്ചു, “നാൽപ്പതുപേരേ ഉള്ളെങ്കിലോ?” “ആ നാൽപ്പതുപേർക്കുവേണ്ടി ഞാൻ അങ്ങനെ ചെയ്യുകയില്ല,” അവിടന്ന് ഉത്തരം പറഞ്ഞു.
30 ൩൦ അതിന് അവൻ: “ഞാൻ പിന്നെയും സംസാരിക്കുന്നു; കർത്താവ് കോപിക്കരുതേ; പക്ഷേ മുപ്പതുപേരെ അവിടെ കണ്ടെത്തിയാലോ? എന്നു പറഞ്ഞു. “ഞാൻ മുപ്പതുപേരെ അവിടെ കണ്ടെത്തിയാൽ നശിപ്പിക്കയില്ല” എന്ന് അവൻ അരുളിച്ചെയ്തു.
അദ്ദേഹം വീണ്ടും: “കർത്താവു കോപിക്കരുതേ, അടിയൻ സംസാരിക്കട്ടെ; അവിടെ കേവലം മുപ്പതുപേരെ ഉള്ളൂ എന്നുവരികിലോ?” എന്നു ചോദിച്ചു. അതിനു യഹോവ: “മുപ്പതുപേരെ കാണുന്നെങ്കിൽ ഞാൻ അങ്ങനെ പ്രവർത്തിക്കുകയില്ല” എന്നു മറുപടികൊടുത്തു.
31 ൩൧ “ഞാൻ കർത്താവിനോട് സംസാരിക്കുവാൻ ശ്രമിച്ചുവല്ലോ; പക്ഷേ ഇരുപതുപേരെ അവിടെ കണ്ടെത്തിയാലോ? എന്ന് അവൻ പറഞ്ഞതിന്: “ഞാൻ ഇരുപതുപേരുടെ നിമിത്തം അത് നശിപ്പിക്കുകയില്ല” എന്ന് അവൻ അരുളിച്ചെയ്തു.
“കർത്താവിനോടു സംസാരിക്കാൻ എനിക്കു ധൈര്യം ഉണ്ടായിരിക്കുന്ന സ്ഥിതിക്ക്, ഇരുപതുപേർമാത്രമേ അവിടെ ഉള്ളൂ എങ്കിലോ?” അബ്രാഹാം ചോദിച്ചു. “ഇരുപതുപേർക്കുവേണ്ടി, ഞാൻ നശിപ്പിക്കുകയില്ല” അവിടന്ന് ഉത്തരം പറഞ്ഞു.
32 ൩൨ അപ്പോൾ അവൻ: “കർത്താവ് കോപിക്കരുതേ; ഞാൻ ഇനി ഒരു പ്രാവശ്യം മാത്രം സംസാരിക്കും; പക്ഷേ പത്തുപേരെ അവിടെ കണ്ടെത്തിയാലോ? എന്നു പറഞ്ഞു. “ഞാൻ പത്തുപേരുടെ നിമിത്തം അത് നശിപ്പിക്കയില്ല” എന്ന് അവൻ അരുളിച്ചെയ്തു.
അപ്പോൾ അബ്രാഹാം ചോദിച്ചു, “കർത്താവേ, കോപിക്കരുതേ, അടിയൻ ഒരിക്കൽക്കൂടിമാത്രം ചോദിക്കട്ടെ, പത്തുപേരേ അവിടെ ഉള്ളൂ എങ്കിലോ?” “പത്തുപേർക്കുവേണ്ടി ഞാൻ അതിനെ നശിപ്പിക്കാതിരിക്കും,” അവിടന്നു മറുപടി പറഞ്ഞു.
33 ൩൩ യഹോവ അബ്രാഹാമിനോട് അരുളിച്ചെയ്തു തീർന്നശേഷം അവിടെനിന്ന് പോയി. അബ്രാഹാമും തന്റെ സ്ഥലത്തേക്ക് മടങ്ങിപ്പോയി.
യഹോവ അബ്രാഹാമിനോടു സംസാരിച്ചതിനുശേഷം അവിടം വിട്ടുപോയി; അബ്രാഹാമും വീട്ടിലേക്കു മടങ്ങി.