< ഉല്പത്തി 11 >
1 ൧ ഭൂമിയിലൊക്കെയും ഒരു ഭാഷയും അതേ വാക്കുകളുമാണ് ഉണ്ടായിരുന്നത്.
2 ൨ എന്നാൽ അവർ കിഴക്കോട്ടു യാത്ര ചെയ്ത്, ശിനാർദേശത്ത് ഒരു സമതലഭൂമി കണ്ടെത്തി, അവിടെ പാർത്തു.
3 ൩ അവർ തമ്മിൽ: “വരുവിൻ, നമുക്ക് ഇഷ്ടിക ഉണ്ടാക്കി നന്നായി ചുട്ടെടുക്കാം” എന്നു പറഞ്ഞു. അങ്ങനെ അവർ കല്ലിനു പകരം ഇഷ്ടികയും കുമ്മായത്തിനു പകരം പശമണ്ണും ഉപയോഗിച്ചു.
4 ൪ “വരുവിൻ; നാം ഭൂതലത്തിൽ ഒക്കെയും ചിതറിപ്പോകാതിരിക്കുവാൻ നമുക്കായി ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിയുക; നമുക്കുവേണ്ടി ഒരു പേരുമുണ്ടാക്കുക” എന്ന് അവർ പറഞ്ഞു.
5 ൫ മനുഷ്യന്റെ പുത്രന്മാർ പണിത പട്ടണവും ഗോപുരവും കാണേണ്ടതിന് യഹോവ ഇറങ്ങിവന്നു.
6 ൬ അപ്പോൾ യഹോവ: “ഇതാ, ജനം ഒന്ന്, അവർക്കെല്ലാവർക്കും ഭാഷയും ഒന്ന്; അവർ ചെയ്യുവാൻ പോകുന്നതിന്റെ തുടക്കം മാത്രമാണ് ഇത്; അവർ ചെയ്യുവാൻ ഉദ്ദേശിക്കുന്നതൊന്നും അവർക്ക് അസാദ്ധ്യമാവുകയില്ല.
7 ൭ വരുവിൻ; നമുക്ക് ഇറങ്ങിച്ചെന്ന്, അവർ തമ്മിൽ സംസാരിക്കുന്നത് പരസ്പരം ഗ്രഹിക്കാനാവാത്തവിധം അവരുടെ ഭാഷ കലക്കിക്കളയുക” എന്നു അരുളിച്ചെയ്തു.
8 ൮ അങ്ങനെ യഹോവ അവരെ അവിടെനിന്ന് ഭൂതലത്തിലെങ്ങും ചിതറിച്ചു; അവർ പട്ടണം പണിയുന്നത് വിട്ടുകളഞ്ഞു.
9 ൯ സർവ്വഭൂമിയിലെയും ഭാഷ യഹോവ അവിടെവച്ചു കലക്കിക്കളഞ്ഞതുകൊണ്ട് അതിന് ബാബേൽ എന്നു പേരുവിളിച്ചു; യഹോവ അവരെ അവിടെനിന്ന് ഭൂതലത്തിൽ എങ്ങും ചിതറിച്ചുകളഞ്ഞു.
10 ൧൦ ശേമിന്റെ വംശപാരമ്പര്യം ഇതാണ്: ശേമിന് നൂറു വയസ്സായപ്പോൾ ജലപ്രളയത്തിനുശേഷം രണ്ട് വർഷം കഴിഞ്ഞ് അർപ്പക്ഷാദിനു ജന്മം നൽകി.
11 ൧൧ അതിനുശേഷം ശേം അഞ്ഞൂറ് വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
12 ൧൨ അർപ്പക്ഷാദിന് മുപ്പത്തഞ്ച് വയസ്സായപ്പോൾ അവൻ ശാലഹിന് ജൻമം നൽകി.
13 ൧൩ ശാലഹിനെ ജനിപ്പിച്ച ശേഷം അർപ്പക്ഷാദ് നാനൂറ്റിമൂന്ന് വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി.
14 ൧൪ ശാലഹിന് മുപ്പത് വയസ്സായപ്പോൾ അവൻ ഏബെരിനു ജന്മം നൽകി.
15 ൧൫ ഏബെരിനെ ജനിപ്പിച്ച ശേഷം ശാലഹ് നാനൂറ്റി മൂന്നു വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി.
16 ൧൬ ഏബെരിന് മുപ്പത്തിനാല് വയസ്സായപ്പോൾ അവൻ പേലെഗിനു ജന്മം നൽകി.
17 ൧൭ പേലെഗിനു ജന്മം നൽകിയശേഷം ഏബെർ നാനൂറ്റിമുപ്പത് വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി.
18 ൧൮ പേലെഗിന് മുപ്പതു വയസ് ആയപ്പോൾ അവൻ രെയൂവിന് ജന്മം നൽകി.
19 ൧൯ രെയൂവിന് ജന്മം നൽകിയശേഷം പേലെഗ് ഇരുനൂറ്റി ഒമ്പത് വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി.
20 ൨൦ രെയൂവിന് മുപ്പത്തിരണ്ട് വയസ്സായപ്പോൾ അവൻ ശെരൂഗിനു ജന്മം നൽകി.
21 ൨൧ ശെരൂഗിനെ ജനിപ്പിച്ച ശേഷം രെയൂ ഇരുനൂറ്റിഏഴ് വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി.
22 ൨൨ ശെരൂഗിന് മുപ്പതു വയസ്സായപ്പോൾ അവൻ നാഹോരിനു ജന്മം നൽകി.
23 ൨൩ നാഹോരിനെ ജനിപ്പിച്ച ശേഷം ശെരൂഗ് ഇരുനൂറ് വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി.
24 ൨൪ നാഹോരിന് ഇരുപത്തൊമ്പതു വയസ്സായപ്പോൾ അവൻ തേരഹിനു ജന്മം നൽകി.
25 ൨൫ തേരഹിനു ജന്മം നൽകിയശേഷം നാഹോർ നൂറ്റിപ്പത്തൊമ്പതു വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി.
26 ൨൬ തേരഹിന് എഴുപത് വയസ്സായപ്പോൾ അവൻ അബ്രാം, നാഹോർ, ഹാരാൻ എന്നിവർക്കു ജന്മം നൽകി.
27 ൨൭ തേരഹിന്റെ വംശപാരമ്പര്യം ഇതാണ്: തേരഹ് അബ്രാമിനെയും നാഹോരിനെയും ഹാരാനും ജന്മം നൽകി; ഹാരാൻ ലോത്തിനു ജന്മം നൽകി.
28 ൨൮ എന്നാൽ ഹാരാൻ തന്റെ ജന്മദേശത്തു വച്ച് കൽദയരുടെ ഊരിൽവച്ചു തന്നെ, തന്റെ അപ്പനായ തേരഹിനു മുമ്പെ മരിച്ചുപോയി.
29 ൨൯ അബ്രാമും നാഹോരും വിവാഹം കഴിച്ചു; അബ്രാമിന്റെ ഭാര്യക്കു സാറായി എന്നും നാഹോരിന്റെ ഭാര്യക്കു മിൽക്കാ എന്നും പേര്. മിൽക്കയുടെയും യിസ്കയുടെയും അപ്പനായ ഹാരാന്റെ മകളാണ് മിൽക്ക.
30 ൩൦ സാറായി മച്ചിയായിരുന്നു; അവൾക്കു കുട്ടികൾ ഉണ്ടായിരുന്നില്ല.
31 ൩൧ തേരഹ് തന്റെ മകനായ അബ്രാമിനെയും ഹാരാന്റെ മകനായ തന്റെ കൊച്ചുമകൻ ലോത്തിനെയും തന്റെ മകനായ അബ്രാമിന്റെ ഭാര്യയായ, മരുമകൾ സാറായിയെയും കൂട്ടി കൽദയരുടെ ഊരിൽനിന്നു കനാൻദേശത്തേക്കു പോകുവാൻ പുറപ്പെട്ടു; അവർ ഹാരാൻ വരെ വന്ന് അവിടെ പാർത്തു.
32 ൩൨ തേരഹിന്റെ ആയുഷ്കാലം ഇരുനൂറ്റിയഞ്ച് വർഷം ആയിരുന്നു; തേരഹ് ഹാരാനിൽവച്ചു മരിച്ചു.