< യെഹെസ്കേൽ 6 >
1 ൧ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
2 ൨ “മനുഷ്യപുത്രാ, നീ യിസ്രായേൽപർവ്വതങ്ങളുടെ നേരെ മുഖംതിരിച്ച് അവർക്ക് വിരോധമായി പ്രവചിച്ചു പറയേണ്ടത്:
3 ൩ “യിസ്രായേൽപർവ്വതങ്ങളേ, യഹോവയായ കർത്താവിന്റെ വചനം കേൾക്കുവിൻ! മലകളോടും കുന്നുകളോടും നീരൊഴുക്കുകളോടും താഴ്വരകളോടും യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിങ്ങളുടെനേരെ വാൾ വരുത്തും: ഞാൻ നിങ്ങളുടെ പൂജാഗിരികൾ നശിപ്പിക്കും.
4 ൪ നിങ്ങളുടെ ബലിപീഠങ്ങൾ ശൂന്യമാകും; നിങ്ങളുടെ സൂര്യസ്തംഭങ്ങൾ തകർന്നുപോകും; നിങ്ങളുടെ നിഹതന്മാരെ ഞാൻ നിങ്ങളുടെ വിഗ്രഹങ്ങളുടെ മുമ്പിൽ വീഴിക്കും.
5 ൫ ഞാൻ യിസ്രായേൽ മക്കളുടെ ശവങ്ങൾ അവരുടെ വിഗ്രഹങ്ങളുടെ മുമ്പിൽ ഇടും; ഞാൻ നിങ്ങളുടെ അസ്ഥികൾ നിങ്ങളുടെ ബലിപീഠങ്ങൾക്കു ചുറ്റും ചിതറിക്കും.
6 ൬ നിങ്ങളുടെ ബലിപീഠങ്ങൾ ഇടിഞ്ഞ് ശൂന്യമാകുകയും നിങ്ങളുടെ വിഗ്രഹങ്ങൾ തകർന്നു മുടിഞ്ഞുപോകുകയും നിങ്ങളുടെ സൂര്യസ്തംഭങ്ങൾ വെട്ടിക്കളയുകയും നിങ്ങളുടെ പണികൾ നശിച്ചുപോകുകയും ചെയ്യുവാൻ തക്കവിധം നിങ്ങളുടെ വാസസ്ഥലങ്ങളിലെല്ലാം പട്ടണങ്ങൾ പാഴായും പൂജാഗിരികൾ ശൂന്യമായും തീരും.
7 ൭ നിഹതന്മാർ നിങ്ങളുടെ നടുവിൽ വീഴും; ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും.
8 ൮ എങ്കിലും നിങ്ങൾ ദേശങ്ങളിൽ ചിതറിപ്പോകുമ്പോൾ വാളിനു തെറ്റിപ്പോയവർ ജനതകളുടെ ഇടയിൽ നിങ്ങൾക്ക് ഉണ്ടാകേണ്ടതിന് ഞാൻ ഒരു ശേഷിപ്പിനെ വച്ചേക്കും.
9 ൯ എന്നെ വിട്ടകന്ന് പരസംഗം ചെയ്യുന്ന അവരുടെ ഹൃദയത്തെയും വിഗ്രഹങ്ങളോടു ചേർന്നു പരസംഗം ചെയ്യുന്ന അവരുടെ കണ്ണുകളെയും ഞാൻ തകർത്തുകളഞ്ഞശേഷം, നിങ്ങളിൽ ചാടിപ്പോയവർ, അവരെ പിടിച്ചു കൊണ്ടുപോയ ജനതകളുടെ ഇടയിൽവച്ച് എന്നെ ഓർക്കും; അവരുടെ സകലമ്ലേച്ഛതകളാലും ചെയ്ത ദോഷങ്ങളാലും അവർക്ക് അവരോടു തന്നെ വെറുപ്പുതോന്നും.
10 ൧൦ ഞാൻ യഹോവ എന്ന് അവർ അറിയും; ഈ അനർത്ഥം അവർക്ക് വരുത്തുമെന്ന് വെറുതെയല്ല ഞാൻ അരുളിച്ചെയ്തിരിക്കുന്നത്”.
11 ൧൧ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽ ഗൃഹത്തിന്റെ ദോഷകരമായ സകലമ്ലേച്ഛതകളും നിമിത്തം നീ കൈകൊണ്ടടിച്ച്, കാൽ കൊണ്ട് ചവിട്ടി, ‘അയ്യോ കഷ്ടം!’ എന്ന് പറയുക; അവർ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും വീഴും;
12 ൧൨ ദൂരത്തുള്ളവൻ മഹാമാരിയാൽ മരിക്കും; സമീപത്തുള്ളവൻ വാളാൽ വീഴും; ശേഷിച്ചിരിക്കുന്നവനും രക്ഷപെട്ടവനും ക്ഷാമത്താൽ മരിക്കും; ഇങ്ങനെ ഞാൻ എന്റെ ക്രോധം അവരിൽ നിവർത്തിക്കും.
13 ൧൩ അവർ അവരുടെ സകലവിഗ്രഹങ്ങൾക്കും സൗരഭ്യവാസന അർപ്പിച്ച, ഉയരമുള്ള എല്ലാ കുന്നിന്മേലും സകല പർവ്വതശിഖരങ്ങളിലും എല്ലാ പച്ചമരത്തിൻകീഴിലും തഴച്ചിരിക്കുന്ന എല്ലാ കരുവേലകത്തിൻകീഴിലും അവരുടെ നിഹതന്മാർ അവരുടെ ബലിപീഠങ്ങളുടെ ചുറ്റും അവരുടെ വിഗ്രഹങ്ങളുടെ ഇടയിൽ വീണുകിടക്കുമ്പോൾ, ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും.
14 ൧൪ ഞാൻ അവരുടെ നേരെ കൈ നീട്ടി, അവരുടെ സകലവാസസ്ഥലങ്ങളിലും ദേശത്തെ രിബ്ളാമരുഭൂമിയെക്കാൾ അധികം നിർജ്ജനവും ശൂന്യവുമാക്കും; അപ്പോൾ ഞാൻ യഹോവയെന്ന് അവർ അറിയും”.