< യെഹെസ്കേൽ 45 >

1 “ദേശത്തെ അവകാശമായി ചീട്ടിട്ടു വിഭാഗിക്കുമ്പോൾ, നിങ്ങൾ ദേശത്തിന്റെ ഒരു വിശുദ്ധാംശം യഹോവയ്ക്കു വഴിപാടായി അർപ്പിക്കണം; അത് ഇരുപത്തയ്യായിരം മുഴം നീളവും ഇരുപതിനായിരം മുഴം വീതിയും ഉള്ളതായിരിക്കണം; അതിന്റെ ചുറ്റുമുള്ള എല്ലാ അതിരുകളും വിശുദ്ധമായിരിക്കണം.
“‘നിങ്ങൾ ദേശം ഓഹരിയായി വിഭജിക്കുമ്പോൾ 25,000 മുഴം നീളവും 20,000 മുഴം വീതിയുമുള്ള ഒരു സ്ഥലം വിശുദ്ധഭൂമിയായി യഹോവയ്ക്ക് വേർതിരിക്കണം. ആ സ്ഥലം മുഴുവൻ വിശുദ്ധമായിരിക്കും.
2 അതിൽ അഞ്ഞൂറ് മുഴം നീളവും അഞ്ഞൂറ് മുഴം വീതിയും ആയി സമചതുരമായ ഒരു ഭാഗം വിശുദ്ധസ്ഥലത്തിന് ആയിരിക്കണം; അതിന് ചുറ്റും അമ്പത് മുഴം സ്ഥലം വെളിമ്പ്രദേശം ആയി കിടക്കണം.
ഇതിൽ 500 മുഴം സമചതുരമുള്ള ഒരുഭാഗം വിശുദ്ധമന്ദിരത്തിനുവേണ്ടി ആയിരിക്കണം, അതിനുചുറ്റും 50 മുഴം തുറസ്സായസ്ഥലമായി കിടക്കണം.
3 ആ അളവിൽ നിന്ന് ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും നീ അളക്കണം; അതിൽ അതിവിശുദ്ധമായ വിശുദ്ധമന്ദിരം ഉണ്ടായിരിക്കണം;
ആ വിശുദ്ധഭൂമിയിൽനിന്ന് 25,000 മുഴം നീളവും 10,000 മുഴം വീതിയുമുള്ള സ്ഥലം അളന്നു വേർതിരിക്കണം; അതിവിശുദ്ധസ്ഥലമായ വിശുദ്ധമന്ദിരം അതിൽ ആയിരിക്കണം.
4 അത് ദേശത്തിന്റെ വിശുദ്ധാംശമാകുന്നു; അത് യഹോവയ്ക്കു ശുശ്രൂഷ ചെയ്യുവാൻ അടുത്തു വരുന്നവരായി, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർക്കുള്ളതായിരിക്കണം; അത് അവരുടെ വീടുകൾക്കുള്ള സ്ഥലവും വിശുദ്ധമന്ദിരത്തിനുള്ള വിശുദ്ധസ്ഥലവുമായിരിക്കണം.
അതു വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷിക്കുന്നവരും യഹോവയുടെമുമ്പാകെ ശുശ്രൂഷയ്ക്കായി അടുത്തുവരുന്നവരുമായ പുരോഹിതന്മാർക്കായുള്ള വിശുദ്ധ ഓഹരി ആയിരിക്കും. അത് അവരുടെ ഭവനങ്ങൾക്കായുള്ള സ്ഥലവും വിശുദ്ധമന്ദിരത്തിനായുള്ള വിശുദ്ധസ്ഥലവുമായിരിക്കണം,
5 പിന്നെ ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ഉള്ള ഭാഗം, ആലയത്തിന്റെ ശുശ്രൂഷകന്മാരായ ലേവ്യർക്കു വസിക്കുവാനുള്ള ഗ്രാമത്തിനു വേണ്ട സ്വത്തായിരിക്കണം.
25,000 മുഴം നീളവും 10,000 മുഴം വീതിയുമുള്ള ഒരുഭാഗം ആലയത്തിൽ ശുശ്രൂഷിക്കുന്ന ലേവ്യർക്ക് അവകാശമാക്കി വസിക്കാനുള്ള പട്ടണങ്ങൾക്കുള്ള സ്ഥലമായിരിക്കും.
6 വിശുദ്ധാംശമായ വഴിപാടിനോടു ചേർന്ന് നഗരസ്വത്തായി അയ്യായിരം മുഴം വീതിയിലും ഇരുപത്തയ്യായിരം മുഴം നീളത്തിലും ഒരു സ്ഥലം നിയമിക്കണം; അത് യിസ്രായേൽ ഗൃഹത്തിനു മുഴുവനും ഉള്ളതായിരിക്കണം.
“‘വിശുദ്ധ ഓഹരിയായ ഈ സ്ഥലത്തോടു ചേർന്ന് 5,000 മുഴം വീതിയും 25,000 മുഴം നീളവുമുള്ള ഒരു സ്ഥലം നഗരസ്വത്തായി വിഭാഗിക്കണം. അത് ഇസ്രായേൽഗൃഹത്തിനു മുഴുവൻ ഉള്ളതായിരിക്കണം.
7 പ്രഭുവിനുള്ളത്, വിശുദ്ധവഴിപാടായ സ്ഥലത്തിനും നഗരസ്വത്തിനും ഇരുവശത്തും വിശുദ്ധവഴിപാടായ സ്ഥലത്തിനും നഗരസ്വത്തിനും മുമ്പിൽ പടിഞ്ഞാറുവശത്ത് പടിഞ്ഞാറോട്ടും കിഴക്കുവശത്ത് കിഴക്കോട്ടും ആയിരിക്കണം; അതിന്റെ നീളം ദേശത്തിന്റെ പടിഞ്ഞാറെ അതിരുമുതൽ കിഴക്കെ അതിരുവരെയുള്ള അംശങ്ങളിൽ ഒന്നിനോട് ഒത്തിരിക്കണം.
“‘പ്രഭുവിന്റെ സ്ഥലത്തിന്ന്, വിശുദ്ധ ഓഹരിയായ സ്ഥലവും നഗരത്തിനായി വേർതിരിച്ച സ്ഥലവും ഇരുവശങ്ങളിലും അതിരുകളായിരിക്കും. പടിഞ്ഞാറുവശത്ത് പടിഞ്ഞാറോട്ടും കിഴക്കുവശത്ത് കിഴക്കോട്ടും നീണ്ടുകിടക്കുന്നതായിരിക്കും; അത് ഗോത്രങ്ങളുടെ അവകാശങ്ങളിൽ ഒന്നിനോടു ചേർന്നു പടിഞ്ഞാറേ അതിരിനും കിഴക്കേ അതിരിനും സമാന്തരമായിരിക്കും.
8 അത് യിസ്രായേലിൽ അവനുള്ള സ്വത്തായിരിക്കണം; എന്റെ പ്രഭുക്കന്മാർ ഇനി എന്റെ ജനത്തെ പീഡിപ്പിക്കാതെ, യിസ്രായേൽ ഗൃഹത്തിലെ അതത് ഗോത്രത്തിനു ദേശം കൊടുക്കണം”.
ഈ ഭൂമി ഇസ്രായേലിൽ അവന്റെ അവകാശമായിരിക്കണം. എന്റെ പ്രഭുക്കന്മാർ ഇനിയൊരിക്കലും എന്റെ ജനത്തെ പീഡിപ്പിക്കരുത്. എന്നാൽ അവർ ഇസ്രായേൽജനത്തെ അവരവരുടെ ഗോത്രങ്ങൾക്കുള്ള ഭൂപ്രദേശം അവകാശമാക്കാൻ അനുവദിക്കണം.
9 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽപ്രഭുക്കന്മാരേ, മതിയാക്കുവിൻ! സാഹസവും കവർച്ചയും അകറ്റി നീതിയും ന്യായവും നടത്തുവിൻ; എന്റെ ജനത്തോടു പിടിച്ചുപറിക്കുന്നത് നിർത്തുവിൻ” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
“‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേൽ പ്രഭുക്കന്മാരേ, നിങ്ങൾ പരിധി ലംഘിച്ചിരിക്കുന്നു. നിങ്ങളുടെ അതിക്രമവും പീഡനവും ഉപേക്ഷിച്ച് ന്യായമായതും നീതിയുള്ളതും പ്രവർത്തിക്കുക. എന്റെ ജനത്തെ കവർച്ചചെയ്യുന്നത് മതിയാക്കുക, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
10 ൧൦ ഒത്ത തുലാസ്സും ഒത്ത ഏഫയും ഒത്ത ബത്തും നിങ്ങൾക്കുണ്ടായിരിക്കണം.
നിങ്ങൾ കൃത്യതയുള്ള തുലാസ്, കൃത്യതയുള്ള ഏഫാ, കൃത്യതയുള്ള ബത്ത് എന്നിവ ഉപയോഗിക്കണം.
11 ൧൧ ഏഫയും ബത്തും ഒരേ അളവായിരിക്കണം; ബത്ത് ഹോമെരിന്റെ പത്തിൽ ഒന്നും ഏഫാ ഹോമെരിന്റെ പത്തിൽ ഒന്നും ആയിരിക്കണം; അതിന്റെ അളവ് ഹോമെരിനൊത്തതായിരിക്കണം.
ഏഫായും ബത്തും ഒരേ അളവിലുള്ളവ ആയിരിക്കണം. ബത്ത് ഹോമറിന്റെ പത്തിലൊന്നും ഏഫാ ഹോമറിന്റെ പത്തിലൊന്നും തന്നെയായിരിക്കണം. രണ്ട് അളവുകളുടെയും മാനദണ്ഡം ഹോമറായിരിക്കണം.
12 ൧൨ ഒരു ശേക്കെൽ ഇരുപതു ഗേരാ ആയിരിക്കണം; ഇരുപത് ശേക്കെൽ, ഇരുപത്തഞ്ച് ശേക്കെൽ, പതിനഞ്ച് ശേക്കെൽ ഇവ കൂടുമ്പോൾ ഒരു മാനേ ആയിരിക്കണം;
ഇരുപതു ഗേരാ ആയിരിക്കണം ഒരു ശേക്കേൽ. ഇരുപതുശേക്കേൽ ഇരുപത്തിയഞ്ചു ശേക്കേൽ, പതിനഞ്ചുശേക്കേൽ എന്നിവയുടെ ആകത്തുകയായിരിക്കണം ഒരു മിന്നാ.
13 ൧൩ നിങ്ങൾ വഴിപാട് കഴിക്കേണ്ടത് എങ്ങനെ എന്നാൽ: ഒരു ഹോമെർ ഗോതമ്പിൽനിന്ന് ഏഫയുടെ ആറിലൊന്നും ഒരു ഹോമെർ യവത്തിൽനിന്ന് ഏഫയുടെ ആറിലൊന്നും കൊടുക്കണം.
“‘നിങ്ങൾ വഴിപാടുകൾ അർപ്പിക്കേണ്ടത് ഈ വിധത്തിലാണ്: ഓരോ ഹോമർ ഗോതമ്പിൽനിന്നും ഒരു ഏഫായുടെ ആറിലൊന്ന്; ഓരോ ഹോമർ യവത്തിൽനിന്നും ഒരു ഏഫായുടെ ആറിലൊന്ന്.
14 ൧൪ എണ്ണയ്ക്കുള്ള പ്രമാണം: പത്തു ബത്ത് കൊള്ളുന്ന ഹോമെർ ഒരു കോർ; അതിൽനിന്ന് ബത്തിന്റെ പത്തിലൊന്ന് കൊടുക്കണം; പത്തു ബത്ത് ഒരു ഹോമെർ.
ഓരോ കോറിൽനിന്നും ഒരു ബത്തിന്റെ പത്തിലൊന്നു ഭാഗം ഒലിവെണ്ണയ്ക്കുള്ള പ്രമാണമാണ്. (ഒരു കോർ എന്നത്, പത്തുബത്ത് അഥവാ ഒരു ഹോമറിനു തുല്യമാണ്.
15 ൧൫ പ്രായശ്ചിത്തം വരുത്തേണ്ടതിന് ഭോജനയാഗമായും ഹോമയാഗമായും സമാധാനയാഗങ്ങളായും യിസ്രായേലിന്റെ പുഷ്ടിയുള്ള മേച്ചിൽപുറങ്ങളിലെ ഇരുനൂറ് ആടുള്ള ഒരു കൂട്ടത്തിൽനിന്ന് ഒരു കുഞ്ഞാടിനെ കൊടുക്കണം” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
ഇസ്രായേലിന്റെ പുഷ്ടിയുള്ള മേച്ചിൽപ്പുറങ്ങളിലെ ഇരുനൂറ് ആടുള്ള ഒരു കൂട്ടത്തിൽനിന്ന് ഒരാടിനെ കൊടുക്കണം. ഇവ ജനങ്ങൾക്കുവേണ്ടി പാപപരിഹാരം വരുത്താൻ ഭോജനയാഗവും ഹനനയാഗവും സമാധാനയാഗവുമായി ഉപയോഗിക്കപ്പെടണം, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
16 ൧൬ ദേശത്തെ സകലജനവും യിസ്രായേലിന്റെ പ്രഭുവിനു വേണ്ടിയുള്ള ഈ വഴിപാടിനായി കൊടുക്കണം.
ദേശത്തുള്ള സകലജനവും ഇസ്രായേലിന്റെ പ്രഭുവിനുവേണ്ടിയുള്ള ഈ വഴിപാടിനായി കൊടുക്കണം.
17 ൧൭ ഉത്സവങ്ങളിലും അമാവാസികളിലും ശബ്ബത്തുകളിലും യിസ്രായേൽ ഗൃഹത്തിന്റെ ഉത്സവസമയങ്ങളിൽ എല്ലാം ഹോമയാഗങ്ങളും ഭോജനയാഗങ്ങളും പാനീയയാഗങ്ങളും കഴിക്കുവാൻ പ്രഭു ബാദ്ധ്യസ്ഥനാകുന്നു; യിസ്രായേൽ ഗൃഹത്തിനു പ്രായശ്ചിത്തം വരുത്തേണ്ടതിന് അവൻ പാപയാഗവും ഭോജനയാഗവും ഹോമയാഗവും സമാധാനയാഗങ്ങളും അർപ്പിക്കണം.
ഉത്സവങ്ങളിലും അമാവാസികളിലും ശബ്ബത്തുകളിലും—ഇസ്രായേൽഗൃഹത്തിന്റെ എല്ലാ പെരുന്നാളുകളിലും, ഹോമയാഗങ്ങളും ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കുക എന്നത് പ്രഭുവിന്റെ കർത്തവ്യമാണ്. ഇസ്രായേൽജനത്തിന് പാപപരിഹാരം വരുത്തുന്നതിന് അദ്ദേഹം പാപശുദ്ധീകരണയാഗവും ഭോജനയാഗവും ഹോമയാഗവും സമാധാനയാഗവും അർപ്പിക്കണം.
18 ൧൮ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒന്നാം മാസം ഒന്നാം തീയതി നീ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെ എടുത്ത് വിശുദ്ധമന്ദിരത്തിനു പാപപരിഹാരം വരുത്തണം.
“‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒന്നാംമാസം ഒന്നാംതീയതി വിശുദ്ധമന്ദിരത്തെ ശുദ്ധീകരിക്കാൻ നീ ഊനമില്ലാത്ത ഒരു കാളക്കിടാവിനെ എടുക്കണം.
19 ൧൯ പുരോഹിതൻ പാപയാഗത്തിന്റെ രക്തത്തിൽ കുറെ എടുത്ത് ആലയത്തിന്റെ വാതിൽപ്പടികളിലും യാഗപീഠത്തിന്റെ തട്ടിന്റെ നാല് കോണിലും അകത്തെ പ്രാകാരത്തിന്റെ ഗോപുരത്തിന്റെ വാതിൽപ്പടികളിലും പുരട്ടണം.
പുരോഹിതൻ പാപശുദ്ധീകരണയാഗത്തിന്റെ കുറെ രക്തമെടുത്ത് ആലയത്തിന്റെ കട്ടിളക്കാലുകളിലും യാഗപീഠത്തിന്റെ മുകൾത്തട്ടിന്റെ നാലു കോണുകളിലും അകത്തെ അങ്കണത്തിന്റെ ഗോപുരത്തിന്റെ കവാടത്തൂണുകളിലും പുരട്ടണം.
20 ൨൦ അങ്ങനെ തന്നെ നീ ഏഴാം മാസം ഒന്നാം തീയതിയും, അബദ്ധത്താലോ ബുദ്ധിഹീനതയാലോ പിഴച്ചു പോയവനു വേണ്ടി ചെയ്യണം; ഇങ്ങനെ നിങ്ങൾ ആലയത്തിന് പ്രായശ്ചിത്തം വരുത്തണം.
മനഃപൂർവമല്ലാതെയോ അജ്ഞതയാലോ പാപംചെയ്യുന്ന ഏതൊരാൾക്കുവേണ്ടിയും ഇത് മാസത്തിന്റെ ഏഴാംദിവസംതന്നെ നിങ്ങൾ ചെയ്യണം. അങ്ങനെ നിങ്ങൾ ദൈവാലയത്തിന് പ്രായശ്ചിത്തം വരുത്തണം.
21 ൨൧ ഒന്നാം മാസം പതിനാലാം തീയതിമുതൽ നിങ്ങൾ ഏഴു ദിവസത്തേക്ക് പെസഹപെരുനാൾ ആചരിച്ച് പുളിപ്പില്ലാത്ത അപ്പം തിന്നണം.
“‘ഒന്നാംമാസം പതിന്നാലാംതീയതി നിങ്ങൾ പെസഹാ ആചരിക്കണം, ഏഴുദിവസത്തേക്കു പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം.
22 ൨൨ അന്ന് പ്രഭു തനിക്കുവേണ്ടിയും ദേശത്തിലെ സകലജനത്തിനു വേണ്ടിയും പാപയാഗമായി ഒരു കാളയെ അർപ്പിക്കണം.
ആ ദിവസത്തിൽ പ്രഭു തനിക്കുവേണ്ടിയും ദേശത്തെ എല്ലാ ജനങ്ങൾക്കുവേണ്ടിയും പാപശുദ്ധീകരണയാഗമായി ഒരു കാളയെ അർപ്പിക്കണം.
23 ൨൩ ഉത്സവത്തിന്റെ ഏഴു ദിവസവും അവൻ യഹോവയ്ക്ക് ഹോമയാഗമായി ഊനമില്ലാത്ത ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ആ ഏഴു ദിവസവും ദിനംപ്രതി അർപ്പിക്കണം; പാപയാഗമായി ദിനംപ്രതി ഓരോ കോലാട്ടിൻകുട്ടിയെയും അർപ്പിക്കണം.
ആ ഏഴുദിവസങ്ങളിൽ ഓരോ ദിവസവും അവർ ഊനമില്ലാത്ത ഏഴു കാളയെയും ഏഴ് ആട്ടുകൊറ്റനെയും യഹോവയ്ക്ക് ഹോമയാഗമായി അർപ്പിക്കണം; പാപശുദ്ധീകരണയാഗമായി ദിനംപ്രതി ഓരോ കോലാട്ടിൻകുട്ടിയെയും അർപ്പിക്കണം.
24 ൨൪ കാള ഒന്നിന് ഒരു ഏഫയും ആട്ടുകൊറ്റൻ ഒന്നിന് ഒരു ഏഫയും ഏഫ ഒന്നിന് ഒരു ഹീൻ എണ്ണയും വീതം അവൻ ഭോജനയാഗം അർപ്പിക്കണം.
അവൻ കാളയൊന്നിന് ഒരു ഏഫായും ആട്ടുകൊറ്റനൊന്നിന് ഒരു ഏഫായും ഏഫായൊന്നിന് ഒരു ഹീൻ ഒലിവെണ്ണയും ഭോജനയാഗമായി അർപ്പിക്കണം.
25 ൨൫ ഏഴാം മാസം പതിനഞ്ചാം തീയതിയിലുള്ള ഉത്സവത്തിൽ അവൻ ഈ ഏഴു ദിവസം എന്നപോലെ, പാപയാഗത്തിനും ഹോമയാഗത്തിനും ഭോജനയാഗത്തിനും എണ്ണയ്ക്കും തക്കവണ്ണം അർപ്പിക്കണം.
“‘ഏഴാംമാസം പതിനഞ്ചാംതീയതി ആരംഭിക്കുന്ന ഉത്സവത്തിൽ ഈ ഏഴുദിവസവും അദ്ദേഹം പാപശുദ്ധീകരണയാഗത്തിനും ഹോമയാഗത്തിനും ഭോജനയാഗത്തിനും ഒലിവെണ്ണയ്ക്കും ഇതേരീതിയിലാണ് ക്രമീകരണം ചെയ്യേണ്ടത്.

< യെഹെസ്കേൽ 45 >