< യെഹെസ്കേൽ 42 >

1 അനന്തരം ആ മനുഷ്യന്‍ എന്നെ വടക്കോട്ടുള്ള വഴിയായി പുറത്തെ പ്രാകാരത്തിലേക്ക് കൊണ്ടുപോയി; മുറ്റത്തിനു നേരെയും വടക്കോട്ടുള്ള കെട്ടിടത്തിനെതിരെയും ഉണ്ടായിരുന്ന മണ്ഡപത്തിലേക്ക് എന്നെ കൊണ്ടുചെന്നു.
അനന്തരം അവൻ എന്നെ വടക്കോട്ടുള്ള വഴിയായി പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി; മുറ്റത്തിന്നു നേരെയും വടക്കോട്ടുള്ള കെട്ടിടത്തിന്നെതിരെയും ഉണ്ടായിരുന്ന മണ്ഡപത്തിലേക്കു എന്നെ കൊണ്ടുചെന്നു.
2 അതിന്റെ മുൻഭാഗത്തിന് നൂറുമുഴം നീളവും, വടക്കോട്ടു വാതിലും ഉണ്ടായിരുന്നു; വീതി അമ്പത് മുഴം.
അതിന്റെ മുൻഭാഗത്തിന്നു നൂറു മുഴം നീളവും വടക്കോട്ടു വാതിലും ഉണ്ടായിരുന്നു; വീതി അമ്പതു മുഴം.
3 അകത്തെ പ്രാകാരത്തിനുള്ള ഇരുപതു മുഴത്തിനെതിരെയും പുറത്തെ പ്രാകാരത്തിനുള്ള കല്ത്തളത്തിനെതിരെയും മൂന്നു നിലയായി നടപ്പുരയ്ക്കു നേരെ നടപ്പുര ഉണ്ടായിരുന്നു.
അകത്തെ പ്രാകാരത്തിന്നുള്ള ഇരുപതു മുഴത്തിന്നെതിരെയും പുറത്തെ പ്രാകാരത്തിന്നുള്ള കല്ത്തളത്തിന്നെതിരെയും മൂന്നു നിലയായി നടപ്പുരെക്കു നേരെ നടപ്പുര ഉണ്ടായിരുന്നു.
4 മണ്ഡപങ്ങളുടെ മുമ്പിൽ അകത്തോട്ടു പത്തുമുഴം വീതിയും നൂറുമുഴം നീളവുമുള്ള ഒരു നടപ്പുര ഉണ്ടായിരുന്നു. അവയുടെ വാതിലുകൾ വടക്കോട്ടായിരുന്നു.
മണ്ഡപങ്ങളുടെ മുമ്പിൽ അകത്തോട്ടു പത്തു മുഴം വീതിയും നൂറു മുഴം നീളവുമുള്ളോരു നടപ്പുര ഉണ്ടായിരുന്നു. അവയുടെ വാതിലുകൾ വടക്കോട്ടായിരുന്നു.
5 കെട്ടിടത്തിന്റെ താഴത്തെ മണ്ഡപങ്ങളിൽനിന്നും മദ്ധ്യത്തേതിൽനിന്നും എടുത്തതിനെക്കാൾ അധികം സ്ഥലം മുകളിലത്തെ മണ്ഡപങ്ങളിൽനിന്ന് നടപ്പുരകൾക്ക് എടുത്തിരുന്നതിനാൽ അവ നീളം കുറഞ്ഞവ ആയിരുന്നു.
കെട്ടിടത്തിന്റെ താഴത്തെ മണ്ഡപങ്ങളിൽനിന്നും നടുവിലത്തേവയിൽനിന്നും എടുത്തതിനെക്കാൾ അധികം സ്ഥലം മുകളിലത്തെ മണ്ഡപങ്ങളിൽനിന്നു നടപ്പുരകൾക്കു എടുത്തുപോയിരുന്നതുകൊണ്ടു അവ നീളം കുറഞ്ഞവ ആയിരുന്നു.
6 അവ മൂന്നു നിലയായിരുന്നു; എന്നാൽ അവയ്ക്കു പ്രാകാരങ്ങളുടെ തൂണുകൾപോലെ തൂണുകൾ ഇല്ലാതിരുന്നതിനാൽ, താഴത്തേതിനെക്കാളും മദ്ധ്യത്തേതിനെക്കാളും മുകളിലത്തേതിന്റെ തറയുടെ വിസ്താരം കുറവായിരുന്നു.
അവ മൂന്നു നിലയായിരുന്നു; എന്നാൽ അവെക്കു പ്രാകാരങ്ങളുടെ തൂണുകൾപോലെ തൂണുകൾ ഇല്ലായ്കകൊണ്ടു താഴത്തേതിനെക്കാളും നടുവിലത്തേതിനെക്കാളും മേലത്തേതിന്റെ നിലം ചുരുങ്ങിയിരുന്നു.
7 പുറമെ മണ്ഡപങ്ങളുടെ നീളത്തിൽ പുറത്തെ പ്രാകാരത്തിന്റെ നേരെ മണ്ഡപങ്ങളുടെ മുൻവശത്തെ മതിലിന്റെ നീളം അമ്പത് മുഴം ആയിരുന്നു.
പുറമെ മണ്ഡപങ്ങളുടെ നീളത്തിൽ പുറത്തെ പ്രാകാരത്തിന്റെ നേരെ മണ്ഡപങ്ങളുടെ മുൻവശത്തെ മതിലിന്റെ നീളം അമ്പതു മുഴം ആയിരുന്നു.
8 പുറത്തെ പ്രാകാരത്തിലേക്കു ദർശനമുള്ള മണ്ഡപങ്ങളുടെ നീളം അമ്പത് മുഴമായിരുന്നു; എന്നാൽ മന്ദിരത്തിനെതിരെയുള്ള നീളം നൂറുമുഴമായിരുന്നു;
പുറത്തെ പ്രാകാരത്തിലേക്കു ദർശനമുള്ള മണ്ഡപങ്ങളുടെ നീളം അമ്പതു മുഴമായിരുന്നു; എന്നാൽ മന്ദിരത്തിന്നെതിരെയുള്ള നീളം നൂറു മുഴമായിരുന്നു;
9 പുറത്തെ പ്രാകാരത്തിൽനിന്ന് ഇവയിലേക്കു കടന്നാൽ കിഴക്കോട്ട് ഈ മണ്ഡപങ്ങൾക്കു താഴെ ഒരു പ്രവേശനം ഉണ്ടായിരുന്നു.
പുറത്തെ പ്രാകാരത്തിൽനിന്നു ഇവയിലേക്കു കടന്നാൽ കിഴക്കോട്ടു ഈ മണ്ഡപങ്ങൾക്കു താഴെ ഒരു പ്രവേശനം ഉണ്ടായിരുന്നു.
10 ൧൦ കിഴക്കോട്ടുള്ള പ്രാകാരത്തിന്റെ മതിലിന്റെ ഘനത്തിനൊത്ത് മുറ്റത്തിനും കെട്ടിടത്തിനുമെതിരായി മണ്ഡപങ്ങൾ ഉണ്ടായിരുന്നു.
കിഴക്കോട്ടുള്ള പ്രാകാരത്തിന്റെ മതിലിന്റെ തലെക്കൽ മുറ്റത്തിന്നെതിരായും കെട്ടിടത്തിന്നെതിരായും മണ്ഡപങ്ങൾ ഉണ്ടായിരുന്നു.
11 ൧൧ അവയുടെ മുമ്പിലുള്ള വഴി വടക്കോട്ടുള്ള മണ്ഡപങ്ങളുടെ അളവുപോലെ ആയിരുന്നു; അവയ്ക്ക് തുല്യമായ നീളവും വീതിയും ഉണ്ടായിരുന്നു; അവയുടെ അകത്തേക്കും പുറത്തേക്കുമുള്ള വഴികളും മറ്റു സംവിധാനങ്ങളും ഒരുപോലെ തന്നെ.
അവയുടെ മുമ്പിലുള്ള വഴി വടക്കോട്ടുള്ള മണ്ഡപങ്ങളുടെ അളവുപോലെ ആയിരുന്നു; അവയുടെ നീളത്തിന്നൊത്ത നീളവും വീതിക്കൊത്ത വീതിയും ഉണ്ടായിരുന്നു; അവയുടെ എല്ലാപുറപ്പാടുകളും വിധാനങ്ങളും അവയുടെ പ്രവേശനങ്ങളും ഒരുപോലെ തന്നേ.
12 ൧൨ തെക്കോട്ടുള്ള മണ്ഡപങ്ങളുടെ പ്രവേശനങ്ങൾ പോലെ ഒരു പ്രവേശനം വഴിയുടെ മുൻഭാഗത്ത് ഉണ്ടായിരുന്നു; അവയിലേക്കു കടന്നാൽ, കിഴക്കോട്ടുള്ള മതിലിനു നേരെ മുമ്പിലുള്ള വഴിയുടെ മുമ്പിൽ പ്രവേശിക്കാം.
തെക്കോട്ടുള്ള മണ്ഡപങ്ങളുടെ പ്രവേശനങ്ങൾ പോലെ ഒരു പ്രവേശനം വഴിയുടെ തലെക്കൽ ഉണ്ടായിരുന്നു; അവയിലേക്കു കടന്നാൽ കിഴക്കോട്ടുള്ള മതിലിന്നു നേരെ മുമ്പിലുള്ള വഴിയുടെ തലെക്കൽ തന്നേ.
13 ൧൩ പിന്നെ അവൻ എന്നോട് കല്പിച്ചത്: “മുറ്റത്തിന്റെ മുമ്പിലുള്ള വടക്കെ മണ്ഡപങ്ങളും തെക്കെ മണ്ഡപങ്ങളും യഹോവയോട് അടുത്തുചെല്ലുന്ന പുരോഹിതന്മാർ അതിവിശുദ്ധവസ്തുക്കൾ ഭക്ഷിക്കുവാനുള്ള വിശുദ്ധമണ്ഡപങ്ങളാകുന്നു; അവിടെ അവർ അതിവിശുദ്ധവസ്തുക്കളും ഭോജനയാഗവും പാപയാഗവും അകൃത്യയാഗവും വെക്കണം. ആ സ്ഥലം വിശുദ്ധമാണല്ലോ.
പിന്നെ അവൻ എന്നോടു കല്പിച്ചതു: മുറ്റത്തിന്റെ മുമ്പിലുള്ള വടക്കെ മണ്ഡപങ്ങളും തെക്കെ മണ്ഡപങ്ങളും യഹോവയോടു അടുത്തുചെല്ലുന്ന പുരോഹിതന്മാർ അതിവിശുദ്ധവസ്തുക്കളെ തിന്നുവാനുള്ള വിശുദ്ധമണ്ഡപങ്ങളാകുന്നു; അവിടെ അവർ അതിവിശുദ്ധവസ്തുക്കളും ഭോജനയാഗവും പാപയാഗവും അകൃത്യയാഗവും വെക്കേണം. ആ സ്ഥലം വിശുദ്ധമല്ലോ.
14 ൧൪ പുരോഹിതന്മാർ വിശുദ്ധമന്ദിരത്തിൽനിന്ന് പുറത്തെ പ്രാകാരത്തിലേക്കു കടക്കാതെ വേണം അതിൽ പ്രവേശിക്കുവാൻ; ശുശ്രൂഷയ്ക്കുള്ള അവരുടെ വസ്ത്രം അവർ അവിടെ വച്ചേക്കണം; അവ വിശുദ്ധമാണല്ലോ; വേറെ വസ്ത്രം ധരിച്ച ശേഷം മാത്രമേ അവർ ജനത്തിനുള്ള സ്ഥലത്ത് പോകാവു.
പുരോഹിതന്മാർ വിശുദ്ധമന്ദിരത്തുനിന്നു പുറത്തെ പ്രാകാരത്തിലേക്കു ചെല്ലാതെ വേണം അതിൽ പ്രവേശിപ്പാൻ; ശുശ്രൂഷെക്കുള്ള തങ്ങളുടെ വസ്ത്രം അവർ അവിടെ വെച്ചേക്കേണം; അവ വിശുദ്ധമല്ലോ; വേറെ വസ്ത്രം ധരിച്ചിട്ടേ അവർ ജനത്തിന്നുള്ള സ്ഥലത്തു ചെല്ലാവു.
15 ൧൫ അവൻ അകത്തെ ആലയം അളന്നു തീർന്നശേഷം, കിഴക്കോട്ടു ദർശനമുള്ള വാതില്ക്കൽകൂടി എന്നെ കൊണ്ട് ചെന്ന് അവിടം ചുറ്റും അളന്നു.
അവൻ അകത്തെ ആലയം അളന്നു തീർന്നശേഷം, കിഴക്കോട്ടു ദർശനമുള്ള വാതില്ക്കൽ കൂടി എന്നെ കൊണ്ടു ചെന്നു അവിടം ചുറ്റും അളന്നു.
16 ൧൬ അവൻ കിഴക്കുഭാഗം ദണ്ഡുകൊണ്ട് അളന്നു; ആകെ അഞ്ഞൂറ് മുഴം.
അവൻ കിഴക്കുഭാഗം ദണ്ഡുകൊണ്ടു അളന്നു; ആകെ അഞ്ഞൂറു മുഴം.
17 ൧൭ അവൻ വടക്കുഭാഗം ദണ്ഡുകൊണ്ട് അളന്നു; ആകെ അഞ്ഞൂറ് മുഴം.
അവൻ വടക്കുഭാഗം ദണ്ഡുകൊണ്ടു അളന്നു; ആകെ അഞ്ഞൂറു മുഴം.
18 ൧൮ അവൻ തെക്കുഭാഗം ദണ്ഡുകൊണ്ട് അളന്നു; ആകെ അഞ്ഞൂറ് മുഴം.
അവൻ തെക്കുഭാഗം ദണ്ഡുകൊണ്ടു അളന്നു; ആകെ അഞ്ഞൂറു മുഴം.
19 ൧൯ അവൻ പടിഞ്ഞാറോട്ടു തിരിഞ്ഞ് ദണ്ഡുകൊണ്ട് അളന്നു; അഞ്ഞൂറ് മുഴം.
അവൻ പടിഞ്ഞാറോട്ടു തിരിഞ്ഞു ദണ്ഡുകൊണ്ടു അളന്നു; അഞ്ഞൂറു മുഴം.
20 ൨൦ ഇങ്ങനെ അവൻ നാലുവശവും അളന്നു; വിശുദ്ധമായതും സാമാന്യമായതും തമ്മിൽ വേർതിരിക്കുവാൻ തക്കവണ്ണം അഞ്ഞൂറ് മുഴം നീളത്തിലും അഞ്ഞൂറുമുഴം വീതിയിലും ഒരു മതിൽ അതിന് ചുറ്റും ഉണ്ടായിരുന്നു.
ഇങ്ങനെ അവൻ നാലുപുറവും അളന്നു; വിശുദ്ധമായതും സാമാന്യമായതും തമ്മിൽ വേറുതിരിപ്പാൻ തവക്കവണ്ണം അഞ്ഞൂറു മുഴം നീളത്തിലും അഞ്ഞൂറുമുഴം വീതിയിലും ഒരു മതിൽ അതിന്നു ചുറ്റും ഉണ്ടായിരുന്നു.

< യെഹെസ്കേൽ 42 >