< പുറപ്പാട് 8 >
1 ൧ മോശെയോട് കല്പിച്ചത്: “നീ ഫറവോന്റെ അടുക്കൽ ചെന്ന് പറയേണ്ടത് എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിക്കുവാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക.
2 ൨ നീ അവരെ വിട്ടയയ്ക്കുവാൻ സമ്മതിക്കുകയില്ലെങ്കിൽ ഞാൻ നിന്റെ രാജ്യത്തെ ഒക്കെയും തവളയെക്കൊണ്ട് ബാധിക്കും.
3 ൩ നദിയിൽ തവള അത്യധികമായി പെരുകും; അത് കയറി നിന്റെ അരമനയിലും കിടപ്പുമുറിയിലും കട്ടിലിന്മേലും നിന്റെ ഭൃത്യന്മാരുടെ വീടുകളിലും നിന്റെ ജനത്തിന്മേലും അപ്പം ചുടുന്ന അടുപ്പുകളിലും മാവു കുഴയ്ക്കുന്ന തൊട്ടികളിലും വരും.
4 ൪ തവള നിന്റെമേലും നിന്റെ ജനത്തിന്മേലും നിന്റെ സകലഭൃത്യന്മാരുടെ മേലും കയറും”.
5 ൫ യഹോവ പിന്നെയും മോശെയോട്: “ഈജിപ്റ്റിൽ തവള കയറുവാൻ നദികളിൻമേലും പുഴകളിൻമേലും കുളങ്ങളിൻമേലും വടിയോടുകൂടി കൈ നീട്ടുക എന്ന് നീ അഹരോനോട് പറയണം” എന്ന് കല്പിച്ചു.
6 ൬ അങ്ങനെ അഹരോൻ ഈജിപ്റ്റിലെ എല്ലാ വെള്ളത്തിൻമേലും കൈ നീട്ടി, തവള കയറി ഈജിപ്റ്റ് ദേശം മൂടി.
7 ൭ മന്ത്രവാദികളും അവരുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു, ഈജിപ്റ്റിൽ തവള കയറുമാറാക്കി.
8 ൮ അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വിളിപ്പിച്ചു: “തവള എന്നെയും എന്റെ ജനത്തെയും വിട്ട് നീങ്ങേണ്ടതിന് യഹോവയോട് പ്രാർത്ഥിക്കുവിൻ. എന്നാൽ യഹോവയ്ക്ക് യാഗം അർപ്പിക്കുവാൻ ഞാൻ ജനത്തെ വിട്ടയയ്ക്കാം” എന്ന് പറഞ്ഞു.
9 ൯ മോശെ ഫറവോനോട്: “തവള നിന്നെയും നിന്റെ ഗൃഹങ്ങളെയും വിട്ട് നീങ്ങി നദിയിൽ മാത്രം ഇരിക്കേണ്ടതിന് ഞാൻ നിനക്കും നിന്റെ ഭൃത്യന്മാർക്കും നിന്റെ ജനത്തിനുംവേണ്ടി എപ്പോൾ പ്രാർത്ഥിക്കണം എന്ന് എനിക്ക് സമയം നിശ്ചയിച്ചാലും” എന്ന് പറഞ്ഞു.
10 ൧൦ “നാളെ” എന്ന് അവൻ പറഞ്ഞു; “ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്ന് നീ അറിയേണ്ടതിന് നിന്റെ വാക്കുപോലെ ആകട്ടെ;
11 ൧൧ തവള നിന്നെയും നിന്റെ ഗൃഹങ്ങളെയും നിന്റെ ഭൃത്യന്മാരെയും ജനത്തെയും വിട്ടുമാറി നദിയിൽ മാത്രം ഇരിക്കും” എന്ന് അവൻ പറഞ്ഞു.
12 ൧൨ അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽനിന്ന് ഇറങ്ങി. ഫറവോന്റെ മേൽ വരുത്തിയ തവള നിമിത്തം മോശെ യഹോവയോട് പ്രാർത്ഥിച്ചു.
13 ൧൩ മോശെയുടെ പ്രാർത്ഥനപ്രകാരം യഹോവ ചെയ്തു; ഗൃഹങ്ങളിലും മുറ്റങ്ങളിലും പറമ്പുകളിലും ഉള്ള തവള ചത്തുപോയി.
14 ൧൪ അവർ അതിനെ കൂമ്പാരങ്ങളായി കൂട്ടി; ദേശം നാറുകയും ചെയ്തു.
15 ൧൫ എന്നാൽ ആശ്വാസം വന്നു എന്ന് ഫറവോൻ കണ്ടപ്പോൾ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവൻ തന്റെ ഹൃദയത്തെ കഠിനമാക്കി; അവരെ ശ്രദ്ധിച്ചതുമില്ല.
16 ൧൬ അപ്പോൾ യഹോവ മോശെയോട്: “നിന്റെ വടി നീട്ടി നിലത്തിലെ പൊടിയെ അടിക്കുക” എന്ന് അഹരോനോട് പറയുക. “അത് ഈജിപ്റ്റിൽ എല്ലായിടത്തും പേൻ ആയിത്തീരും” എന്ന് കല്പിച്ചു.
17 ൧൭ അവർ അങ്ങനെ ചെയ്തു; അഹരോൻ വടിയോടുകൂടി കൈ നീട്ടി നിലത്തിലെ പൊടിയെ അടിച്ചു; അത് മനുഷ്യരുടെമേലും മൃഗങ്ങളിൻമേലും പേൻ ആയിത്തീർന്നു; ഈജിപ്റ്റിൽ എല്ലായിടത്തും നിലത്തിലെ പൊടിയെല്ലാം പേൻ ആയിത്തീർന്നു.
18 ൧൮ മന്ത്രവാദികളും അവരുടെ മന്ത്രവാദത്താൽ പേൻ ഉണ്ടാക്കുവാൻ അതുപോലെ ചെയ്തു; അവർക്ക് കഴിഞ്ഞില്ല. മനുഷ്യരുടെയും മൃഗങ്ങളുടെയും മേൽ പേൻ ഉണ്ടായതുകൊണ്ട് മന്ത്രവാദികൾ ഫറവോനോട്:
19 ൧൯ “ഇത് ദൈവത്തിന്റെ വിരൽ ആകുന്നു” എന്ന് പറഞ്ഞു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു. അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
20 ൨൦ പിന്നെ യഹോവ മോശെയോട് കല്പിച്ചത്: “നീ നാളെ അതിരാവിലെ എഴുന്നേറ്റ് ഫറവോന്റെ മുമ്പാകെ നില്ക്കുക; അവൻ വെള്ളത്തിന്റെ അടുക്കൽ വരും. നീ അവനോട് പറയേണ്ടത് എന്തെന്നാൽ: ‘യഹോവ ഇപ്രകാരം കല്പിക്കുന്നു: എന്നെ ആരാധിക്കുവാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക.
21 ൨൧ നീ എന്റെ ജനത്തെ വിട്ടയയ്ക്കുകയില്ല എങ്കിൽ ഞാൻ നിന്റെമേലും നിന്റെ ഭൃത്യന്മാരുടെമേലും നിന്റെ ജനത്തിൻമേലും നിന്റെ ഗൃഹങ്ങളിലും നായീച്ചയെ അയയ്ക്കും. ഈജിപ്റ്റുകാരുടെ വീടുകളും അവർ പാർക്കുന്ന ദേശവും നായീച്ചകൊണ്ട് നിറയും.
22 ൨൨ ഭൂമിയിൽ ഞാൻ തന്നെ യഹോവ എന്ന് നീ അറിയേണ്ടതിന് എന്റെ ജനം പാർക്കുന്ന ഗോശെൻദേശത്തെ അന്ന് ഞാൻ നായീച്ച വരാതെ വേർതിരിക്കും.
23 ൨൩ എന്റെ ജനത്തിനും നിന്റെ ജനത്തിനും മദ്ധ്യേ ഞാൻ ഒരു വ്യത്യാസം വയ്ക്കും; നാളെ ഈ അടയാളം ഉണ്ടാകും”.
24 ൨൪ യഹോവ അങ്ങനെ തന്നെ ചെയ്തു. ധാരാളം നായീച്ച ഫറവോന്റെ അരമനയിലും അവന്റെ ഭൃത്യന്മാരുടെ വീടുകളിലും ഈജിപ്റ്റിൽ എല്ലായിടത്തും വന്നു; നായീച്ചയാൽ ദേശം നശിച്ചു.
25 ൨൫ അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വിളിച്ചു. “നിങ്ങൾ പോയി നിങ്ങൾ പാർക്കുന്ന ദേശത്തുവച്ച് തന്നെ നിങ്ങളുടെ ദൈവത്തിന് യാഗം കഴിക്കുവിൻ” എന്ന് പറഞ്ഞു.
26 ൨൬ അതിന് മോശെ: “അങ്ങനെ ചെയ്തുകൂടാ; ഈജിപ്റ്റുകാർക്ക് വെറുപ്പായുള്ളത് ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കേണ്ടിവരുമല്ലോ; ഈജിപ്റ്റുകാർക്ക് വെറുപ്പായുള്ളത് അവർ കാൺകെ ഞങ്ങൾ യാഗം കഴിച്ചാൽ അവർ ഞങ്ങളെ കല്ലെറിയുകയില്ലേ?
27 ൨൭ ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളോട് കല്പിച്ചതുപോലെ ഞങ്ങൾ മൂന്ന് ദിവസത്തെ യാത്രാദൂരം മരുഭൂമിയിൽ പോയി അവന് യാഗം കഴിക്കണം” എന്ന് പറഞ്ഞു.
28 ൨൮ അപ്പോൾ ഫറവോൻ: “നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് മരുഭൂമിയിൽവച്ച് യാഗം കഴിക്കേണ്ടതിന് നിങ്ങളെ വിട്ടയയ്ക്കാം; പക്ഷേ, വളരെ ദൂരെ പോകരുത്; എനിക്കുവേണ്ടി പ്രാർത്ഥിക്കുവിൻ” എന്ന് പറഞ്ഞു.
29 ൨൯ അതിന് മോശെ: “ഞാൻ നിന്റെ അടുക്കൽനിന്ന് പോയിട്ട് യഹോവയോട് പ്രാർത്ഥിക്കും; നാളെ നായീച്ച ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ട് മാറിപ്പോകും. പക്ഷേ യഹോവയ്ക്ക് യാഗം കഴിക്കുവാൻ ജനത്തെ വിട്ടയയ്ക്കാതെ ഫറവോൻ ഇനി വഞ്ചിക്കരുത്” എന്ന് പറഞ്ഞു.
30 ൩൦ അങ്ങനെ മോശെ ഫറവോന്റെ അടുക്കൽനിന്ന് പോയി യഹോവയോട് പ്രാർത്ഥിച്ചു.
31 ൩൧ യഹോവ മോശെയുടെ പ്രാർത്ഥനപോലെ ചെയ്തു: നായീച്ച ഒന്നുപോലും ഇല്ലാതെ ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ട് മാറിപ്പോയി.
32 ൩൨ എന്നാൽ ഫറവോൻ ഈ പ്രാവശ്യവും തന്റെ ഹൃദയം കഠിനമാക്കി; ജനത്തെ വിട്ടയച്ചതുമില്ല.