< പുറപ്പാട് 10 >
1 ൧ യഹോവ പിന്നെയും മോശെയോട്: “നീ ഫറവോന്റെ അടുക്കൽ ചെല്ലുക. ഞാൻ അവന്റെ മുമ്പിൽ എന്റെ അടയാളങ്ങൾ ചെയ്യേണ്ടതിനും,
2 ൨ ഞാൻ ഈജിപ്റ്റിൽ പ്രവർത്തിച്ച കാര്യങ്ങളും അവരുടെ മദ്ധ്യത്തിൽ ചെയ്ത അടയാളങ്ങളും നീ നിന്റെ പുത്രന്മാരോടും പൌത്രന്മാരോടും വിവരിക്കേണ്ടതിനും ഞാൻ യഹോവ ആകുന്നു എന്ന് നിങ്ങൾ അറിയേണ്ടതിനും ഞാൻ അവന്റെയും ഭൃത്യന്മാരുടെയും ഹൃദയം കഠിനമാക്കിയിരിക്കുന്നു” എന്ന് കല്പിച്ചു.
3 ൩ അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്ന് അവനോട് പറഞ്ഞതെന്തെന്നാൽ: “എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ സന്നിധിയിൽ തന്നെത്താൻ താഴ്ത്തുവാൻ എത്രത്തോളം നിനക്ക് മനസ്സില്ലാതിരിക്കും? എന്നെ ആരാധിക്കുവാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക.
4 ൪ എന്റെ ജനത്തെ വിട്ടയയ്ക്കുവാൻ നിനക്ക് മനസ്സില്ലെങ്കിൽ ഞാൻ നാളെ നിന്റെ രാജ്യത്ത് വെട്ടുക്കിളിയെ വരുത്തും.
5 ൫ നിലം കാണുവാൻ കഴിയാത്തവിധം അവ ഭൂതലത്തെ മൂടും. കല്മഴയിൽ നശിക്കാതെ ശേഷിച്ചിരിക്കുന്നതും പറമ്പിൽ തളിർത്ത് വളരുന്നതുമായ എല്ലാ വൃക്ഷവും തിന്നുകളയുകയും ചെയ്യും.
6 ൬ നിന്റെ ഗൃഹങ്ങളും നിന്റെ സകലഭൃത്യന്മാരുടെയും സകല ഈജിപ്റ്റുകാരുടെയും വീടുകളും അവയെക്കൊണ്ട് നിറയും; നിന്റെ പിതാക്കന്മാരുടെയോ പിതാമഹന്മാരുടെയോ കാലം മുതൽ ഇന്നുവരെ അങ്ങനെയുള്ള കാര്യം കണ്ടിട്ടില്ല” പിന്നെ അവൻ ഫറവോന്റെ അടുക്കൽനിന്ന് മടങ്ങിപ്പോയി.
7 ൭ അപ്പോൾ ഭൃത്യന്മാർ ഫറവോനോട്: “എത്ര നാൾ ഇവൻ നമുക്ക് ഉപദ്രവകാരിയായിരിക്കും? ആ മനുഷ്യരെ അവരുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന് വിട്ടയയ്ക്കണം; ഈജിപ്റ്റ് നശിച്ചു എന്ന് ഇപ്പോഴും നീ അറിയുന്നില്ലയോ” എന്ന് പറഞ്ഞു.
8 ൮ അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വീണ്ടും വരുത്തി അവരോട്: “നിങ്ങൾ പോയി നിങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കുവിൻ.
9 ൯ എന്നാൽ നിങ്ങൾ ആരെല്ലമാണ് പോകുന്നത്?” എന്ന് ചോദിച്ചു അതിന് മോശെ “ഞങ്ങൾക്ക് യഹോവയുടെ ഉത്സവമുള്ളതുകൊണ്ട് ഞങ്ങളുടെ ബാലന്മാരും വൃദ്ധന്മാരും പുത്രന്മാരും പുത്രിമാരുമായി ഞങ്ങൾ പോകും; ഞങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോകും” എന്ന് പറഞ്ഞു.
10 ൧൦ അവൻ അവരോട്: “ഞാൻ നിങ്ങളെയും നിങ്ങളുടെ കുട്ടികളെയും വിട്ടയച്ചാൽ യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ; നോക്കുവിൻ; നിങ്ങളുടെ മനസ്സിൽ ദോഷമാകുന്നു നിങ്ങളുടെ അന്തരം.
11 ൧൧ അങ്ങനെയല്ല, നിങ്ങൾ പുരുഷന്മാർ പോയി യഹോവയെ ആരാധിച്ചുകൊൾവിൻ; ഇതാണല്ലോ നിങ്ങൾ അപേക്ഷിച്ചത്” എന്ന് പറഞ്ഞ് അവരെ ഫറവോന്റെ സന്നിധിയിൽനിന്ന് ഓടിച്ചുകളഞ്ഞു.
12 ൧൨ അപ്പോൾ യഹോവ മോശെയോട്: “നിലത്തിലെ സകലസസ്യങ്ങളും കല്മഴയിൽ ശേഷിച്ചത് ഒക്കെയും തിന്നുകളയേണ്ടതിന് വെട്ടുക്കിളി ഈജിപ്റ്റിൽ വരുവാൻ നിന്റെ കൈ ദേശത്തിന്മേൽ നീട്ടുക” എന്ന് പറഞ്ഞു.
13 ൧൩ അങ്ങനെ മോശെ തന്റെ വടി ഈജിപ്റ്റിന്മേൽ നീട്ടി; യഹോവ അന്ന് പകലും രാത്രിയും മുഴുവൻ ദേശത്തിന്മേൽ കിഴക്കൻകാറ്റ് അടിപ്പിച്ചു; പ്രഭാതം ആയപ്പോൾ കിഴക്കൻകാറ്റ് വെട്ടുക്കിളിയെ കൊണ്ടുവന്നു.
14 ൧൪ വെട്ടുക്കിളി ഈജിപ്റ്റിന്റെ അതിർക്കകത്ത് മുഴുവനും വ്യാപിച്ചു; അത്രയും വെട്ടുക്കിളി ഇതുവരെ ഉണ്ടായിട്ടില്ല, ഇനി അതുപോലെ ഉണ്ടാവുകയുമില്ല.
15 ൧൫ അത് ഭൂതലത്തെ മുഴുവനും മൂടി. ദേശം അതിനാൽ ഇരുണ്ടുപോയി; കല്മഴയിൽ ശേഷിച്ച നിലത്തിലെ സകലസസ്യവും വൃക്ഷങ്ങളുടെ സകലഫലവും അത് തിന്നുത്തീർത്തു; ഈജിപ്റ്റിൽ എങ്ങും വൃക്ഷങ്ങളിലോ നിലത്തിലെ സസ്യങ്ങളിലോ പച്ചയായ യാതൊന്നും ശേഷിച്ചില്ല.
16 ൧൬ ഫറവോൻ മോശെയെയും അഹരോനെയും വേഗത്തിൽ വിളിപ്പിച്ചു: “നിങ്ങളുടെ ദൈവമായ യഹോവയോടും നിങ്ങളോടും ഞാൻ പാപം ചെയ്തിരിക്കുന്നു.
17 ൧൭ അതുകൊണ്ട് ഈ പ്രാവശ്യം മാത്രം നീ എന്റെ പാപം ക്ഷമിച്ച് ഈ മരണം എന്നെവിട്ടു നീങ്ങുവാൻ നിങ്ങളുടെ ദൈവമായ യഹോവയോട് പ്രാർത്ഥിക്കുവിൻ” എന്ന് പറഞ്ഞു.
18 ൧൮ മോശെ ഫറവോന്റെ അടുക്കൽനിന്ന് പോയി യഹോവയോട് പ്രാർത്ഥിച്ചു.
19 ൧൯ യഹോവ മഹാശക്തിയുള്ള ഒരു പടിഞ്ഞാറൻ കാറ്റ് അടിപ്പിച്ചു; അത് വെട്ടുക്കിളിയെ എടുത്ത് ചെങ്കടലിൽ ഇട്ടുകളഞ്ഞു. ഈജിപ്റ്റിൽ എങ്ങും ഒരു വെട്ടുക്കിളിപോലും ശേഷിച്ചില്ല.
20 ൨൦ എന്നാൽ യഹോവ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവൻ യിസ്രായേൽ മക്കളെ വിട്ടയച്ചതുമില്ല.
21 ൨൧ അപ്പോൾ യഹോവ മോശെയോട്: “ഈജിപ്റ്റിനെ സ്പർശിക്കുന്ന വിധം ഇരുൾ ഉണ്ടാകേണ്ടതിന് നിന്റെ കൈ ആകാശത്തേക്ക് നീട്ടുക” എന്ന് കല്പിച്ചു.
22 ൨൨ മോശെ തന്റെ കൈ ആകാശത്തേക്ക് നീട്ടി, ഈജിപ്റ്റിൽ എല്ലാം മൂന്ന് ദിവസത്തേക്ക് കൂരിരുട്ടുണ്ടായി.
23 ൨൩ മൂന്ന് ദിവസത്തേക്ക് ആരും അന്യോന്യം കണ്ടില്ല; ആരും തന്റെ സ്ഥലം വിട്ട് എഴുന്നേറ്റതുമില്ല. എന്നാൽ യിസ്രായേൽ മക്കൾക്ക് എല്ലാവർക്കും അവരുടെ വാസസ്ഥലങ്ങളിൽ വെളിച്ചം ഉണ്ടായിരുന്നു.
24 ൨൪ അപ്പോൾ ഫറവോൻ മോശെയെ വിളിപ്പിച്ചു. “നിങ്ങൾ പോയി യഹോവയെ ആരാധിക്കുവിൻ; നിങ്ങളുടെ ആടുകളും കന്നുകാലികളും മാത്രം ഇവിടെ നില്ക്കട്ടെ; നിങ്ങളുടെ കുഞ്ഞുകുട്ടികളും നിങ്ങളോടുകൂടി പോരട്ടെ” എന്ന് പറഞ്ഞു.
25 ൨൫ അതിന് മോശെ പറഞ്ഞത്: “ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് അർപ്പിക്കേണ്ടതിന് യാഗങ്ങൾക്കും സർവ്വാംഗഹോമങ്ങൾക്കും വേണ്ടി മൃഗങ്ങളെയും നീ ഞങ്ങൾക്ക് തരണം.
26 ൨൬ ഞങ്ങളുടെ മൃഗങ്ങളും ഞങ്ങളോടുകൂടെ പോരണം; ഒരു കുളമ്പുപോലും ഇവിടെ ശേഷിക്കരുത്; ഞങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കണ്ടതിന് അവയിൽനിന്നല്ലോ ഞങ്ങൾ എടുക്കേണ്ടത്; ഏതിനെ അർപ്പിച്ച് യഹോവയെ ആരാധിക്കേണമെന്ന് അവിടെ എത്തുന്നതുവരെ ഞങ്ങൾ അറിയുന്നില്ല.
27 ൨൭ എന്നാൽ യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി; അവരെ വിട്ടയയ്ക്കുവാൻ അവന് മനസ്സായില്ല.
28 ൨൮ ഫറവോൻ അവനോട്: “എന്റെ അടുക്കൽനിന്ന് പോകുക. ഇനി എന്റെ മുഖം കാണാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക. എന്റെ മുഖം കാണുന്ന നാളിൽ നീ മരിക്കും” എന്ന് പറഞ്ഞതിന് മോശെ:
29 ൨൯ “നീ പറഞ്ഞതുപോലെ ആകട്ടെ; ഞാൻ ഇനി നിന്റെ മുഖം കാണുകയില്ല” എന്ന് പറഞ്ഞു.