< എസ്ഥേർ 1 >
1 ൧ അഹശ്വേരോശിന്റെ ഭരണകാലത്ത് ഹിന്ദുദേശം മുതൽ കൂശ്‌വരെ നൂറ്റിരുപത്തേഴ് (127) സംസ്ഥാനങ്ങൾ വാണിരുന്നു
ഇന്ത്യമുതൽ കൂശ് വരെയുള്ള നൂറ്റിയിരുപത്തിയേഴു പ്രവിശ്യകളും ഭരിച്ചിരുന്ന അഹശ്വേരോശിന്റെ കാലത്ത് ഇപ്രകാരം സംഭവിച്ചു:
2 ൨ ആ കാലത്ത് അഹശ്വേരോശ് രാജാവ് ശൂശൻ രാജധാനിയിൽ തന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ
ആ കാലത്ത് ശൂശൻ രാജധാനിയിലെ സിംഹാസനത്തിലിരുന്നു ഭരിച്ചിരുന്ന അഹശ്വേരോശ്
3 ൩ ഭരണത്തിന്റെ മൂന്നാം വർഷം തന്റെ സകലപ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും ഒരു വിരുന്ന് കൊടുത്തു; പാർസ്യയിലെയും മേദ്യയിലെയും സേനാധിപന്മാരും പ്രഭുക്കന്മാരും സംസ്ഥാനാധിപന്മാരും അവന്റെ സന്നിധിയിൽ ഉണ്ടായിരുന്നു.
തന്റെ ഭരണത്തിന്റെ മൂന്നാംവർഷത്തിൽ, തന്റെ എല്ലാ പ്രഭുക്കന്മാർക്കും ഉദ്യോഗസ്ഥന്മാർക്കും ഒരു വിരുന്നു നൽകി. പാർസ്യയിലെയും മേദ്യയിലെയും സൈന്യാധിപന്മാരും പ്രവിശ്യയുടെ അധിപന്മാരും പ്രഭുക്കന്മാരും സന്നിഹിതരായിരുന്നു.
4 ൪ അങ്ങനെ അവൻ തന്റെ രാജകീയമഹത്വത്തിന്റെ ഐശ്വര്യവും, തന്റെ മഹിമാധിക്യത്തിന്റെ പ്രതാപവും കുറേനാൾ, നൂറ്റെൺപത് (180) ദിവസം പ്രദർശിപ്പിച്ചു.
അദ്ദേഹം തന്റെ രാജ്യത്തിന്റെ സമ്പത്തും തന്റെ പ്രതാപത്തിന്റെയും മഹത്ത്വത്തിന്റെയും ഗാംഭീര്യവും നൂറ്റിയെൺപതു ദിവസംമുഴുവനും പ്രദർശിപ്പിച്ചു.
5 ൫ ആ നാളുകൾ കഴിഞ്ഞശേഷം, രാജാവ് ശൂശൻ രാജധാനിയിൽ കൂടിയിരുന്ന വലിയവരും ചെറിയവരുമായ സകലജനത്തിനും രാജധാനിയുടെ ഉദ്യാനപ്രാകാരത്തിൽ വച്ച് ഏഴു ദിവസം വിരുന്ന് നൽകി.
ഈ ദിവസങ്ങൾക്കുശേഷം, ശൂശൻ രാജധാനിയിലുണ്ടായിരുന്ന ചെറിയവർമുതൽ വലിയവർവരെയുള്ള എല്ലാ ജനങ്ങൾക്കും രാജകൊട്ടാരത്തിലെ ഉദ്യാനത്തിൽ ഏഴുദിവസം നീണ്ടുനിന്ന ഒരു വിരുന്നും നൽകി.
6 ൬ അവിടെ വെൺകൽ തൂണുകളിന്മേൽ, ശണനൂലും ധൂമ്രനൂലുംകൊണ്ടുള്ള ചരടുകൾകൊണ്ട്, വെള്ളയും പച്ചയും നീലയുമായ തിരശ്ശീലകൾ, വെള്ളിവളയങ്ങളിൽ തൂക്കിയിരുന്നു; ചുവന്നതും വെളുത്തതും മഞ്ഞയും കറുത്തതുമായ മർമ്മരക്കല്ല് പാകിയിരുന്ന തളത്തിൽ പൊൻകസവും വെള്ളിക്കസവുമുള്ള മെത്തകൾ ഉണ്ടായിരുന്നു.
ഉദ്യാനത്തിൽ വെള്ള, നീല എന്നീ വർണങ്ങളിൽ ചണംകൊണ്ടുള്ള തുണികൾ തൂക്കിയിരുന്നു. വെള്ളയും ഊതനിറത്തിലുമുള്ള ചണനൂലുകൾ മാർബിൾത്തൂണുകളിലുള്ള വെള്ളിവളയങ്ങളിൽ ബന്ധിച്ചിരുന്നു. അമൃതശില, മാർബിൾ, മുത്തുച്ചിപ്പി, മറ്റു വിലപിടിപ്പുള്ള കല്ലുകൾ എന്നിവ പതിച്ച തളത്തിൽ സ്വർണക്കസവും വെള്ളിക്കസവും ഉള്ള കിടക്കകൾ വിരിച്ചിരുന്നു.
7 ൭ വിവിധ ആകൃതിയിലുള്ള സ്വർണ്ണ പാത്രങ്ങളിലായിരുന്നു അവർക്ക് കുടിക്കുവാൻ കൊടുത്തത്; രാജപദവിക്ക് യോജിച്ചവിധം രാജവീഞ്ഞ് ധാരാളം ഉണ്ടായിരുന്നു.
വിവിധ ആകൃതിയിലുള്ള സ്വർണച്ചഷകങ്ങളിലാണ് വീഞ്ഞു വിളമ്പിയത്. രാജകീയ വീഞ്ഞ് ധാരാളമുണ്ടായിരുന്നു. അത് രാജാവിന്റെ ഔദാര്യമനുസരിച്ച് വിളമ്പി.
8 ൮ എന്നാൽ രാജാവ് തന്റെ രാജധാനിവിചാരകന്മാരോട്: “ആരെയും നിർബ്ബന്ധിക്കരുത്; ഓരോരുത്തരും അവരവരുടെ മനസ്സുപോലെ ചെയ്തുകൊള്ളട്ടെ” എന്ന് കല്പിച്ചിരുന്നതിനാൽ എല്ലാവരും ഇഷ്ടംപോലെ കുടിച്ചു.
രാജകൽപ്പനപ്രകാരം, അതിഥികൾക്ക് അവരവരുടെ ഇഷ്ടംപോലെ കുടിക്കാൻ അനുവാദമുണ്ടായിരുന്നു. ഓരോരുത്തരുടെയും ഇഷ്ടമനുസരിച്ചു വിളമ്പുന്നതിനു രാജാവ് വീഞ്ഞു വിളമ്പുന്ന കാര്യസ്ഥർക്കു നിർദേശം കൊടുക്കുകയും ചെയ്തിരുന്നു.
9 ൯ രാജ്ഞിയായ വസ്ഥിയും അഹശ്വേരോശ്‌രാജാവിന്റെ രാജധാനിയിൽ വച്ച് സ്ത്രീകൾക്ക് ഒരു വിരുന്ന് നൽകി.
അഹശ്വേരോശ് രാജാവിന്റെ കൊട്ടാരത്തിലെ സ്ത്രീകൾക്ക് വസ്ഥിരാജ്ഞിയും ഒരു വിരുന്നു നൽകി.
10 ൧൦ ഏഴാം ദിവസം വീഞ്ഞ് കുടിച്ച് സന്തുഷ്ടനായപ്പോൾ അഹശ്വേരോശ് രാജാവ്: മെഹൂമാൻ, ബിസ്ഥാ, ഹർബ്ബോനാ, ബിഗ്ദ്ധാ, അബഗ്ദ്ധാ, സേഥർ, കർക്കസ് എന്നിങ്ങനെ രാജധാനിയിൽ സേവിച്ചുനില്ക്കുന്ന
ഏഴാംദിവസം അഹശ്വേരോശ് രാജാവ് വീഞ്ഞുകുടിച്ച് മത്തുപിടിച്ചപ്പോൾ, തന്നെ സേവിച്ച ഏഴു ഷണ്ഡന്മാരായ മെഹൂമാൻ, ബിസ്ഥാ, ഹർബോനാ, ബിഗ്ദ്ധാ, അബഗ്ദ്ധാ, സേഥർ, കർക്കസ് എന്നിവരെ വിളിച്ച്,
11 ൧൧ ഏഴ് ഷണ്ഡന്മാരോട് ജനങ്ങൾക്കും പ്രഭുക്കന്മാർക്കും വസ്ഥിരാജ്ഞിയുടെ സൗന്ദര്യം കാണിക്കേണ്ടതിന് അവളെ രാജകിരീടം ധരിപ്പിച്ച് രാജസന്നിധിയിൽ കൊണ്ടുവരുവാൻ കല്പിച്ചു; അവൾ സുന്ദരിയായിരുന്നു.
“വസ്ഥിരാജ്ഞിയെ കിരീടം ധരിപ്പിച്ച്, ജനങ്ങളും പ്രഭുക്കന്മാരും അവരെ കാണേണ്ടതിന് ഇവിടേക്ക് ആനയിക്കുക” എന്ന് ആജ്ഞാപിച്ചു. അവർ കാഴ്ചയ്ക്ക് അതിസുന്ദരിയായിരുന്നു.
12 ൧൨ എന്നാൽ ഷണ്ഡന്മാർ മുഖേന അയച്ച രാജകല്പന എതിർത്ത് വസ്ഥിരാജ്ഞി ചെല്ലാതിരുന്നു. അതുകൊണ്ട് രാജാവ് ഏറ്റവും കോപിച്ചു; അവന്റെ കോപം അവന്റെ ഉള്ളിൽ ജ്വലിച്ചു.
എന്നാൽ ഷണ്ഡന്മാർ അറിയിച്ച കൽപ്പനപ്രകാരം വരുന്നതിന് വസ്ഥിരാജ്ഞി വിസമ്മതിച്ചു. അപ്പോൾ രാജാവ് രോഷാകുലനായി, കോപംകൊണ്ടു വിറച്ചു.
13 ൧൩ ആ സമയത്ത് രാജമുഖം കാണുന്നവരും രാജ്യത്ത് പ്രധാനസ്ഥാനങ്ങളിൽ ഇരിക്കുന്നവരുമായ കെർശനാ, ശേഥാർ, അദ്മാഥാ, തർശീശ്, മേരെസ്, മർസെനാ, മെമൂഖാൻ എന്നിങ്ങനെ പാർസ്യയിലെയും മേദ്യയിലെയും ഏഴ് പ്രഭുക്കന്മാർ അവനോട് അടുത്ത് ഇരിക്കയായിരുന്നു.
നീതിന്യായകാര്യങ്ങൾ രാജാവ് വിദഗ്ദ്ധരുമായി കൂടിയാലോചിക്കുക പതിവായിരുന്നു, അതുകൊണ്ട് കാലഗതികളെക്കുറിച്ച് നിശ്ചയമുള്ള ജ്ഞാനികളും
14 ൧൪ രാജ്യധർമ്മത്തിലും ന്യായത്തിലും പരിജ്ഞാനികളായ എല്ലാവരോടും ആലോചിക്കുക പതിവായിരുന്നതിനാൽ കാലജ്ഞന്മാരായ ആ വിദ്വാന്മാരോട് രാജാവ്:
രാജാവിനോട് ഏറ്റവും അടുപ്പമുള്ളവരും ആ രാജ്യത്തിൽ പ്രധാന സ്ഥാനം വഹിക്കുന്നവരും രാജസന്നിധിയിലേക്കു പ്രത്യേക പ്രവേശനാനുമതിയുള്ളവരും പാർസ്യയിലും മേദ്യയിലും ഉള്ള ഏഴു പ്രഭുക്കന്മാരുമായ കെർശനാ, ശേഥാർ, അദ്മാഥാ, തർശീശ്, മേരെസ്, മർസെനാ, മെമൂഖാൻ എന്നിവരോട് രാജാവ് സംസാരിച്ചു.
15 ൧൫ “ഷണ്ഡന്മാർമുഖാന്തരം അഹശ്വേരോശ് രാജാവ് അയച്ച കല്പന വസ്ഥിരാജ്ഞി അനുസരിക്കാതിരുന്നതിനാൽ രാജ്യധർമ്മപ്രകാരം അവളോട് ചെയ്യേണ്ടത് എന്ത്” എന്ന് ചോദിച്ചു.
“നിയമാനുസരണം വസ്ഥിരാജ്ഞിയോട് എന്താണു ചെയ്യേണ്ടത്?” രാജാവു ചോദിച്ചു; “ഷണ്ഡന്മാർ മുഖേന അറിയിച്ച അഹശ്വേരോശിന്റെ കൽപ്പന അവർ അനുസരിച്ചില്ല.”
16 ൧൬ അതിന് മെമൂഖാൻ രാജാവിനോടും പ്രഭുക്കന്മാരോടും ഉത്തരം പറഞ്ഞത്: “വസ്ഥിരാജ്ഞി രാജാവിനോടുമാത്രമല്ല, അഹശ്വേരോശ്‌രാജാവിന്റെ സർവ്വസംസ്ഥാനങ്ങളിലുള്ള സകലപ്രഭുക്കന്മാരോടും ജാതികളോടും അന്യായം ചെയ്തിരിക്കുന്നു.
അപ്പോൾ മെമൂഖാൻ രാജാവിന്റെയും പ്രഭുക്കന്മാരുടെയും സന്നിധിയിൽ ഉത്തരം പറഞ്ഞു: “വസ്ഥിരാജ്ഞി രാജാവിനോടുമാത്രമല്ല, അഹശ്വേരോശ് രാജാവിന്റെ പ്രവിശ്യകളിലുള്ള സകലജനങ്ങളോടും പ്രഭുക്കന്മാരോടും തെറ്റുചെയ്തിരിക്കുന്നു.
17 ൧൭ രാജ്ഞിയുടെ ഈ പ്രവൃത്തി സകലസ്ത്രീകളും അറിയും; അഹശ്വേരോശ് രാജാവ് വസ്ഥിരാജ്ഞിയെ തന്റെ മുമ്പാകെ കൊണ്ടുവരുവാൻ കല്പിച്ചപ്പോൾ അവൾ ചെന്നില്ലല്ലോ എന്ന് പറഞ്ഞ് അവർ തങ്ങളുടെ ഭർത്താക്കന്മാരെ നിന്ദിക്കും.
രാജ്ഞിയുടെ ഈ പ്രവൃത്തി സകലസ്ത്രീകളും അറിയും. അങ്ങനെ അവർ ഭർത്താക്കന്മാരെ നിന്ദിച്ച്, ‘അഹശ്വേരോശ് രാജാവ് വസ്ഥിരാജ്ഞിയെ മുമ്പിൽ കൊണ്ടുവരാൻ ആജ്ഞാപിച്ചു. എന്നാൽ അവർ അനുസരിച്ചില്ല’ എന്നു പറയും.
18 ൧൮ ഇന്ന് തന്നേ രാജ്ഞിയുടെ പ്രവൃത്തി കേട്ട പാർസ്യയിലെയും മേദ്യയിലെയും പ്രഭുപത്നിമാർ രാജാവിന്റെ സകലപ്രഭുക്കന്മാരോടും അങ്ങനെ തന്നേ പറയും; ഇങ്ങനെ നിന്ദയും നീരസവും വർദ്ധിക്കും.
ഈ ദിവസംതന്നെ രാജ്ഞിയുടെ പ്രവൃത്തി കേട്ടറിയുന്ന പാർസ്യയിലെയും മേദ്യയിലെയും പ്രഭുക്കന്മാരുടെ പത്നികളും രാജാവിന്റെ എല്ലാ പ്രഭുക്കന്മാരോടും ഇങ്ങനെതന്നെ ചെയ്യും. അനാദരവിനും അപസ്വരത്തിനും അന്തമില്ലാതാകും.
19 ൧൯ രാജാവിന് സമ്മതമെങ്കിൽ വസ്ഥി ഇനി അഹശ്വേരോശ്‌രാജാവിന്റെ സന്നിധിയിൽ വരരുത് എന്ന് തിരുമുമ്പിൽനിന്ന് ഒരു രാജകല്പന പുറപ്പെടുവിക്കയും അതിന് മാറ്റം വരാതിരിക്കുവാൻ പാർസ്യരുടെയും മേദ്യരുടെയും രാജ്യധർമ്മത്തിൽ എഴുതിക്കയും രാജാവ് അവളുടെ രാജ്ഞിസ്ഥാനം അവളെക്കാൾ നല്ലവളായ മറ്റൊരുവൾക്ക് കൊടുക്കുകയും വേണം.
“അതിനാൽ രാജാവിനു ഹിതമെങ്കിൽ, വസ്ഥിരാജ്ഞി ഇനിമേലിൽ അഹശ്വേരോശ് രാജാവിന്റെ മുമ്പിൽ പ്രവേശിക്കരുതെന്ന് ഒരു രാജകൽപ്പന പുറപ്പെടുവിക്കട്ടെ, അത് പാർസ്യയിലെയും മേദ്യയിലെയും നിയമങ്ങളിൽ മാറ്റപ്പെടാത്തവിധം എഴുതിച്ചേർക്കപ്പെടട്ടെ. കൂടാതെ രാജാവ് അവളുടെ രാജ്ഞിസ്ഥാനം അവളെക്കാൾ ഉത്തമയായ മറ്റാർക്കെങ്കിലും നൽകട്ടെ.
20 ൨൦ രാജാവ് കല്പിക്കുന്ന വിധി രാജ്യത്തെല്ലാടവും (അത് മഹാരാജ്യമല്ലോ) പരസ്യമാകുമ്പോൾ സകലഭാര്യമാരും വലിയവരോ ചെറിയവരോ ആയ തങ്ങളുടെ ഭർത്താക്കന്മാരെ ബഹുമാനിക്കും.
അങ്ങനെ രാജശാസന അതിവിശാലമായ രാജ്യമെമ്പാടും വിളംബരം ചെയ്തുകഴിയുമ്പോൾ ചെറിയവൾമുതൽ വലിയവൾവരെ എല്ലാ സ്ത്രീകളും തങ്ങളുടെ ഭർത്താക്കന്മാരെ ബഹുമാനിക്കും.”
21 ൨൧ ഈ വാക്ക് രാജാവിനും പ്രഭുക്കന്മാർക്കും ഇഷ്ടപ്പെട്ടു; രാജാവ് മെമൂഖാന്റെ വാക്കുപോലെ ചെയ്തു.
രാജാവിനും പ്രഭുക്കന്മാർക്കും ഈ ഉപദേശം ബോധിച്ചു. രാജാവ് മെമൂഖാൻ നിർദേശിച്ചതുപോലെ ചെയ്തു.
22 ൨൨ ഏത് പുരുഷനും തന്റെ വീട്ടിൽ കർത്തവ്യം നടത്തുകയും സ്വഭാഷ സംസാരിക്കയും വേണമെന്ന് രാജാവ് തന്റെ സകലസംസ്ഥാനങ്ങളിലേക്കും ഓരോ സംസ്ഥാനത്തേക്ക് അതിന്റെ അക്ഷരത്തിലും ഓരോ ജാതിക്ക് അവരുടെ ഭാഷയിലും എഴുത്ത് അയച്ചു.
ഓരോ പുരുഷനും സ്വന്തം ഭാഷ സംസാരിച്ച്, തന്റെ ഭവനത്തിൽ നാഥനായിരിക്കണമെന്നു തന്റെ രാജ്യമെമ്പാടും, ഓരോ പ്രവിശ്യയിലും അതതു ദേശത്തെ ലിപിയിലും ഓരോ മനുഷ്യർക്കും അവരവരുടെ ഭാഷയിലും രാജാവ് കൽപ്പന കൊടുത്തയച്ചു.