< ആവർത്തനപുസ്തകം 26 >
1 ൧ നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ദേശത്തു നീ ചെന്ന് അത് കൈവശമാക്കി അവിടെ പാർക്കുമ്പോൾ
നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു നീ ചെന്നു അതു കൈവശമാക്കി അവിടെ പാർക്കുമ്പോൾ
2 ൨ നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശത്ത് നിന്റെ നിലത്തിൽ വിളയുന്ന എല്ലാ കൃഷിയുടെയും ആദ്യഫലം കുറെ ഒരു കൊട്ടയിൽ എടുത്തുകൊണ്ട് നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കുവാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്ക് പോകണം.
നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിന്റെ നിലത്തിൽനിന്നു ഉണ്ടാകുന്നതായി നിലത്തിലെ എല്ലാവക കൃഷിയുടെയും ആദ്യഫലം കുറെശ്ശ എടുത്തു ഒരു കൊട്ടയിൽ വെച്ചുകൊണ്ടു നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു പോകേണം.
3 ൩ അന്ന് ശുശ്രൂഷചെയ്യുന്ന പുരോഹിതന്റെ അടുക്കൽ ചെന്ന് നീ അവനോട്: “നമുക്കു തരുമെന്ന് യഹോവ നമ്മുടെ പിതാക്കന്മാരോട് സത്യംചെയ്ത ദേശത്ത് ഞാൻ വന്നിരിക്കുന്നു എന്ന് നിന്റെ ദൈവമായ യഹോവയോട് ഞാൻ ഇന്ന് ഏറ്റുപറയുന്നു” എന്നു പറയണം.
അന്നുള്ള പുരോഹിതന്റെ അടുക്കൽ നീ ചെന്നു അവനോടു: നമുക്കു തരുമെന്നു യഹോവ നമ്മുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തു ഞാൻ വന്നിരിക്കുന്നു എന്നു നിന്റെ ദൈവമായ യഹോവയോടു ഞാൻ ഇന്നു ഏറ്റുപറയുന്നു എന്നു പറയേണം.
4 ൪ പുരോഹിതൻ ആ കൊട്ട നിന്റെ കയ്യിൽനിന്ന് വാങ്ങി നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്റെ മുമ്പിൽ വെക്കണം.
പുരോഹിതൻ ആ കൊട്ട നിന്റെ കയ്യിൽനിന്നു വാങ്ങി നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്റെ മുമ്പിൽ വെക്കേണം.
5 ൫ പിന്നെ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നീ പ്രസ്താവിക്കേണ്ടത് എന്തെന്നാൽ: “എന്റെ പിതാവ് ദേശാന്തരിയായ ഒരു അരാമ്യനായിരുന്നു; ചുരുക്കംപേരോടു കൂടി അവൻ ഈജിപ്റ്റിലേക്ക് ഇറങ്ങിച്ചെന്ന് പരദേശിയായി പാർത്തു; അവിടെ വലിപ്പവും ബലവും പെരുപ്പവുമുള്ള ജനമായിത്തീർന്നു.
പിന്നെ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നീ പ്രസ്താവിക്കേണ്ടതു എന്തെന്നാൽ: എന്റെ പിതാവു ദേശാന്തരിയായോരു അരാമ്യനായിരുന്നു; ചുരുക്കംപേരോടു കൂടി അവൻ മിസ്രയീമിലേക്കു ഇറങ്ങിച്ചെന്നു പരദേശിയായി പാർത്തു; അവിടെ വലിപ്പവും ബലവും പെരുപ്പവുമുള്ള ജനമായിത്തീർന്നു.
6 ൬ എന്നാൽ ഈജിപ്റ്റുകാർ ഞങ്ങളോടു തിന്മചെയ്ത്, ഞങ്ങളെ പീഡിപ്പിച്ച്, ഞങ്ങളെക്കൊണ്ട് കഠിനവേല ചെയ്യിച്ചു.
എന്നാൽ മിസ്രയീമ്യർ ഞങ്ങളോടു തിന്മചെയ്തു ഞങ്ങളെ പീഡിപ്പിച്ചു ഞങ്ങളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു.
7 ൭ അപ്പോൾ ഞങ്ങൾ, ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോട് നിലവിളിച്ചു; യഹോവ ഞങ്ങളുടെ നിലവിളികേട്ട് ഞങ്ങളുടെ കഷ്ടതയും പ്രയാസവും ഞെരുക്കവും കണ്ടു.
അപ്പോൾ ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു നിലവിളിച്ചു; യഹോവ ഞങ്ങളുടെ നിലവിളി കേട്ടു ഞങ്ങളുടെ കഷ്ടതയും പ്രയാസവും ഞെരുക്കവും കണ്ടു.
8 ൮ യഹോവ ബലമുള്ള കയ്യാലും നീട്ടിയ ഭുജത്താലും മഹാഭയങ്കരപ്രവൃത്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടുംകൂടി ഞങ്ങളെ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിച്ച്
യഹോവ ബലമുള്ള കയ്യാലും നീട്ടിയ ഭുജത്താലും മഹാഭയങ്കരപ്രവൃത്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടുംകൂടെ ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു
9 ൯ ഈ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവന്നു; പാലും തേനും ഒഴുകുന്ന ഈ ദേശം ഞങ്ങൾക്കു തന്നുമിരിക്കുന്നു.
ഞങ്ങളെ ഈ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുവന്നു; പാലും തേനും ഒഴുകുന്ന ഈ ദേശം ഞങ്ങൾക്കു തന്നുമിരിക്കുന്നു.
10 ൧൦ ഇതാ, യഹോവേ, നീ എനിക്ക് തന്നിട്ടുള്ള നിലത്തിലെ ആദ്യഫലം ഞാൻ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നു”. പിന്നെ നീ അത് നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ അർപ്പിക്കുകയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നമസ്കരിക്കുകയും വേണം.
ഇതാ, യഹോവേ, നീ എനിക്കു തന്നിട്ടുള്ള നിലത്തിലെ ആദ്യഫലം ഞാൻ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നു. പിന്നെ നീ അതു നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നമസ്കരിക്കേണം.
11 ൧൧ നിന്റെ ദൈവമായ യഹോവ നിനക്കും നിന്റെ കുടുംബത്തിനും തന്നിട്ടുള്ള എല്ലാനന്മയിലും നീയും ലേവ്യനും നിങ്ങളുടെ മദ്ധ്യേയുള്ള പരദേശിയും സന്തോഷിക്കണം.
നിന്റെ ദൈവമായ യഹോവ നിനക്കും നിന്റെ കുടുംബത്തിന്നും തന്നിട്ടുള്ള എല്ലാനന്മയിലും നീയും ലേവ്യനും നിങ്ങളുടെ മദ്ധ്യേയുള്ള പരദേശിയും സന്തോഷിക്കേണം.
12 ൧൨ ദശാംശം എടുക്കുന്ന കാലമായ മൂന്നാം സംവത്സരത്തിൽ നിന്റെ നിലത്തിലെ എല്ലാ അനുഭവത്തിന്റെയും ദശാംശം എടുത്ത് ലേവ്യനും പരദേശിക്കും അനാഥനും വിധവയ്ക്കും നിന്റെ പട്ടണങ്ങളിൽവച്ച് തൃപ്തിയാകുംവണ്ണം തിന്നുവാൻ കൊടുക്കണം.
ദശാംശം എടുക്കുന്ന കാലമായ മൂന്നാം സംവത്സരത്തിൽ നിന്റെ അനുഭവത്തിലൊക്കെയും ദശാംശം എടുത്തു ലേവ്യനും പരദേശിയും അനാഥനും വിധവയും നിന്റെ പട്ടണങ്ങളിൽവെച്ചു തൃപ്തിയാംവണ്ണം തിന്മാൻ കൊടുത്തുതീർന്നശേഷം
13 ൧൩ അതിനുശേഷം നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നീ പറയേണ്ടത്: “നീ എന്നോട് കല്പിച്ചിരുന്ന കല്പനപ്രകാരം ഞാൻ വിശുദ്ധമായത് എന്റെ വീട്ടിൽനിന്നു കൊണ്ടുവന്ന് ലേവ്യനും പരദേശിക്കും അനാഥനും വിധവയ്ക്കും കൊടുത്തിരിക്കുന്നു; ഞാൻ നിന്റെ കല്പന ലംഘിക്കുകയോ മറന്നുകളയുകയോ ചെയ്തിട്ടില്ല.
നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നീ പറയേണ്ടതു എന്തെന്നാൽ: നീ എന്നോടു കല്പിച്ചിരുന്ന കല്പനപ്രകാരമൊക്കെയും ഞാൻ വിശുദ്ധമായതു എന്റെ വീട്ടിൽനിന്നു കൊണ്ടുവന്നു ലേവ്യന്നും പരദേശിക്കും അനാഥന്നും വിധവെക്കും കൊടുത്തിരിക്കുന്നു; ഞാൻ നിന്റെ കല്പന ലംഘിക്കയോ മറന്നുകളകയോ ചെയ്തിട്ടില്ല.
14 ൧൪ എന്റെ ദുഃഖത്തിൽ ഞാൻ അതിൽ നിന്നു തിന്നിട്ടില്ല; അശുദ്ധനായിരുന്നപ്പോൾ ഞാൻ അതിൽ ഒന്നും നീക്കിവെച്ചിട്ടില്ല; മരിച്ചവന് അതിൽനിന്ന് ഒന്നും കൊടുത്തിട്ടുമില്ല; ഞാൻ എന്റെ ദൈവമായ യഹോവയുടെ വാക്കുകേട്ട് നീ എന്നോട് കല്പിച്ചതുപോലെ ഒക്കെയും ചെയ്തിരിക്കുന്നു.
എന്റെ ദുഃഖത്തിൽ ഞാൻ അതിൽ നിന്നു തിന്നിട്ടില്ല; അശുദ്ധനായിരുന്നപ്പോൾ ഞാൻ അതിൽ ഒന്നും നീക്കിവെച്ചിട്ടില്ല; മരിച്ചവന്നു അതിൽനിന്നു ഒന്നും കൊടുത്തിട്ടുമില്ല; ഞാൻ എന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു നീ എന്നോടു കല്പിച്ചതുപോലെ ഒക്കെയും ചെയ്തിരിക്കുന്നു.
15 ൧൫ നിന്റെ വിശുദ്ധവാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു നോക്കി നിന്റെ ജനമായ യിസ്രായേലിനെയും നീ ഞങ്ങളുടെ പിതാക്കന്മാരോട് സത്യം ചെയ്തതുപോലെ ഞങ്ങൾക്കുതന്ന ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തെയും അനുഗ്രഹിക്കണമേ”.
നിന്റെ വിശുദ്ധവാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു നോക്കി നിന്റെ ജനമായ യിസ്രായേലിനെയും നീ ഞങ്ങളുടെ പിതാക്കന്മാരോടു സത്യംചെയ്തതുപോലെ ഞങ്ങൾക്കു തന്ന ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തെയും അനുഗ്രഹിക്കേണമേ.
16 ൧൬ ഈ ചട്ടങ്ങളും വിധികളും ആചരിക്കുവാൻ നിന്റെ ദൈവമായ യഹോവ ഇന്ന് നിന്നോട് കല്പിക്കുന്നു; നീ അവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടി പ്രമാണിച്ചു നടക്കണം.
ഈ ചട്ടങ്ങളും വിധികളും ആചരിപ്പാൻ നിന്റെ ദൈവമായ യഹോവ ഇന്നു നിന്നോടു കല്പിക്കുന്നു; നീ അവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ പ്രമാണിച്ചു നടക്കേണം.
17 ൧൭ യഹോവ നിനക്ക് ദൈവമായിരിക്കുമെന്നും നീ അവന്റെ വഴികളിൽ നടന്ന് അവന്റെ ചട്ടങ്ങളും കല്പനകളും വിധികളും പ്രമാണിച്ച് അവന്റെ വചനം അനുസരിക്കണമെന്നും നീ ഇന്ന് അരുളപ്പാട് കേട്ടിരിക്കുന്നു.
യഹോവ നിനക്കു ദൈവമായിരിക്കുമെന്നും നീ അവന്റെ വഴികളിൽ നടന്നു അവന്റെ ചട്ടങ്ങളും കല്പനകളും വിധികളും പ്രമാണിച്ചു അവന്റെ വചനം അനുസരിക്കേണമെന്നും നീ ഇന്നു അരുളപ്പാടു കേട്ടിരിക്കുന്നു.
18 ൧൮ യഹോവ അരുളിച്ചെയ്തതുപോലെ നീ അവന് സ്വന്തജനമായി അവന്റെ സകല കല്പനകളും പ്രമാണിച്ചു നടക്കുമെന്നും
യഹോവ അരുളിച്ചെയ്തതുപോലെ നീ അവന്നു സ്വന്തജനമായി അവന്റെ സകലകല്പനകളും പ്രമാണിച്ചു നടക്കുമെന്നും
19 ൧൯ താൻ ഉണ്ടാക്കിയ സകലജനതകൾക്കും മീതെ നിന്നെ പുകഴ്ചയ്ക്കും കീർത്തിക്കും മാനത്തിനുമായി ഉയർത്തേണ്ടതിന് താൻ കല്പിച്ചതുപോലെ നിന്റെ ദൈവമായ യഹോവയ്ക്ക് വിശുദ്ധജനം ആയിരിക്കുമെന്നും ഇന്ന് നിന്റെ സമ്മതം വാങ്ങിയിരിക്കുന്നു.
താൻ ഉണ്ടാക്കിയ സകലജാതികൾക്കും മീതെ നിന്നെ പുകഴ്ചെക്കും കീർത്തിക്കും മാനത്തിന്നുമായി ഉന്നതമാക്കേണ്ടതിന്നു താൻ കല്പിച്ചതുപോലെ നിന്റെ ദൈവമായ യഹോവെക്കു വിശുദ്ധജനമായിരിക്കുമെന്നും ഇന്നു നിന്റെ വാമൊഴി വാങ്ങിയിരിക്കുന്നു.