< ദാനീയേൽ 2 >
1 ൧ തന്റെ വാഴ്ചയുടെ രണ്ടാം ആണ്ടിൽ നെബൂഖദ്-നേസർ ഒരു സ്വപ്നം കണ്ടു; അവന്റെ മനസ്സ് വ്യാകുലപ്പെട്ടു; അവന് ഉറക്കമില്ലാതെയായി.
നെബൂഖദ്-നേസരിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടിൽ നെബൂഖദ്-നേസർ സ്വപ്നം കണ്ടു; അവന്റെ മനസ്സു വ്യാകുലപ്പെട്ടു; അവന്നു ഉറക്കമില്ലാതെയായി.
2 ൨ രാജാവിനോട് സ്വപ്നം അറിയിക്കുവാൻ മന്ത്രവാദികളെയും ആഭിചാരകന്മാരെയും ക്ഷുദ്രക്കാരെയും കല്ദയരെയും വിളിക്കുവാൻ രാജാവ് കല്പിച്ചു; അവർ വന്ന് രാജസന്നിധിയിൽ നിന്നു.
രാജാവിനോടു സ്വപ്നം അറിയിപ്പാൻ മന്ത്രവാദികളെയും ആഭിചാരകന്മാരെയും ക്ഷുദ്രക്കാരെയും കല്ദയരെയും വിളിപ്പാൻ രാജാവു കല്പിച്ചു; അവർ വന്നു രാജസന്നിധിയിൽ നിന്നു.
3 ൩ രാജാവ് അവരോട്: “ഞാൻ ഒരു സ്വപ്നം കണ്ടു; സ്വപ്നം ഓർക്കുവാൻ കഴിയാതെ എന്റെ മനസ്സ് വ്യാകുലപ്പെട്ടിരിക്കുന്നു” എന്ന് പറഞ്ഞു.
രാജാവു അവരോടു: ഞാൻ ഒരു സ്വപ്നംകണ്ടു; സ്വപ്നം ഓൎക്കാഞ്ഞിട്ടു എന്റെ മനസ്സു വ്യാകുലപ്പെട്ടിരിക്കുന്നു എന്നു കല്പിച്ചു.
4 ൪ അതിന് കല്ദയർ അരാമ്യഭാഷയിൽ രാജാവിനോട്: “രാജാവ് ദീർഘായുസ്സായിരിക്കട്ടെ; സ്വപ്നം അടിയങ്ങളോടു അറിയിച്ചാലും; അർത്ഥം ബോധിപ്പിക്കാം” എന്നുണർത്തിച്ചു.
അതിന്നു കല്ദയർ അരാമ്യഭാഷയിൽ രാജാവിനോടു: രാജാവു ദീൎഘായുസ്സായിരിക്കട്ടെ; സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അൎത്ഥം ബോധിപ്പിക്കാം എന്നുണൎത്തിച്ചു.
5 ൫ രാജാവ് കല്ദയരോട് ഉത്തരം അരുളിയത്: “വിധി കല്പിച്ചുപോയി; സ്വപ്നവും അർത്ഥവും അറിയിക്കാഞ്ഞാൽ നിങ്ങളെ കഷണംകഷണമായി നുറുക്കുകയും നിങ്ങളുടെ വീടുകൾ കുപ്പക്കുന്നാക്കുകയും ചെയ്യും;
രാജാവു കല്ദയരോടു ഉത്തരം അരുളിയതു: വിധി കല്പിച്ചു പോയി; സ്വപ്നവും അൎത്ഥവും അറിയിക്കാഞ്ഞാൽ നിങ്ങളെ കഷണംകഷണമായി ശകലിക്കയും വീടുകളെ കുപ്പക്കുന്നാക്കുകയും ചെയ്യും,
6 ൬ സ്വപ്നവും അർത്ഥവും അറിയിച്ചാൽ നിങ്ങൾക്ക് സമ്മാനവും പ്രതിഫലവും ബഹുമാനവും ലഭിക്കും; അതുകൊണ്ട് സ്വപ്നവും അർത്ഥവും അറിയിക്കുവിൻ”.
സ്വപ്നവും അൎത്ഥവും അറിയിച്ചാലോ നിങ്ങൾക്കു സമ്മാനവും പ്രതിഫലവും ബഹുമാനവും ലഭിക്കും; അതുകൊണ്ടു സ്വപ്നവും അൎത്ഥവും അറിയിപ്പിൻ.
7 ൭ അവർ പിന്നെയും: “രാജാവ് സ്വപ്നം അടിയങ്ങളോട് അറിയിച്ചാലും; അർത്ഥം ബോധിപ്പിക്കാം” എന്ന് ഉണർത്തിച്ചു.
അവർ പിന്നെയും: രാജാവു സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അൎത്ഥം ബോധിപ്പിക്കാം എന്നു ഉണൎത്തിച്ചു.
8 ൮ അതിന് രാജാവ് മറുപടി കല്പിച്ചത്: “വിധി കല്പിച്ചുപോയി എന്ന് നിങ്ങൾ മനസ്സിലാക്കി കാലതാമസം വരുത്തുവാൻ നോക്കുന്നു എന്ന് ഞാൻ അറിയുന്നു.
അതിന്നു രാജാവു മറുപടി കല്പിച്ചതു: വിധി കല്പിച്ചുപോയി എന്നു കണ്ടിട്ടു നിങ്ങൾ കാലതാമസം വരുത്തുവാൻ നോക്കുന്നു എന്നു എനിക്കു മനസ്സിലായി.
9 ൯ നിങ്ങൾ സ്വപ്നം അറിയിക്കാതിരുന്നാൽ നിങ്ങൾക്ക് ഒരു വിധി മാത്രമേയുള്ളു; സാഹചര്യം മാറുന്നതുവരെ എന്റെ മുമ്പിൽ വ്യാജവും പൊളിവാക്കും പറയുവാൻ നിങ്ങൾ യോജിച്ചിരിക്കുന്നു; സ്വപ്നം പറയുവിൻ; എന്നാൽ അർത്ഥവും അറിയിക്കുവാൻ നിങ്ങൾക്ക് കഴിയും എന്ന് എനിക്ക് ബോധ്യമാകും”.
നിങ്ങൾ സ്വപ്നം അറിയിക്കാഞ്ഞാൽ നിങ്ങൾക്കു ഒരു വിധി മാത്രമേയുള്ളു; സമയം മാറുവോളം എന്റെ മുമ്പിൽ വ്യാജവും പൊളിവാക്കും പറവാൻ നിങ്ങൾ യോജിച്ചിരിക്കുന്നു; സ്വപ്നം പറവിൻ; എന്നാൽ അൎത്ഥവും അറിയിപ്പാൻ നിങ്ങൾക്കു കഴിയും എന്നു എനിക്കു ബോധ്യമാകും.
10 ൧൦ കല്ദയർ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചത്: “രാജാവിന്റെ കാര്യം അറിയിക്കുവാൻ കഴിയുന്ന ഒരു മനുഷ്യനും ഭൂമിയിൽ ഇല്ല; എത്രയും മഹാനും ബലവാനുമായ ഒരു രാജാവും ഇതുപോലെ ഒരു കാര്യം ഒരു മന്ത്രവാദിയോടോ ആഭിചാരകനോടോ കല്ദയനോടോ ഒരിക്കലും ചോദിച്ചിട്ടില്ല.
കല്ദയർ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചതു: രാജാവിന്റെ കാൎയ്യം അറിയിപ്പാൻ കഴിയുന്ന ഒരു മനുഷ്യനും ഭൂമിയിൽ ഇല്ല; എത്രയും മഹാനും ബലവാനുമായ ഏതൊരു രാജാവും ഇങ്ങിനെയുള്ള കാൎയ്യം ഒരു മന്ത്രവാദിയോടോ ആഭിചാരകനോടോ കല്ദയനോടോ ഒരിക്കലും ചോദിച്ചിട്ടില്ല.
11 ൧൧ രാജാവ് ചോദിക്കുന്ന കാര്യം പ്രയാസമുള്ളതാകുന്നു; തിരുമുമ്പിൽ അത് അറിയിക്കുവാൻ ജഡവാസമില്ലാത്ത ദേവന്മാർക്കല്ലാതെ മറ്റാർക്കും കഴിയുകയില്ല”.
രാജാവു ചോദിക്കുന്ന കാൎയ്യം പ്രയാസമുള്ളതാകുന്നു; തിരുമുമ്പിൽ അതു അറിയിപ്പാൻ ജഡവാസമില്ലാത്ത ദേവന്മാൎക്കല്ലാതെ മറ്റാൎക്കും കഴികയില്ല.
12 ൧൨ ഇതു മൂലം രാജാവ് കോപിച്ച് അത്യന്തം ക്രുദ്ധിച്ചു: ബാബേലിലെ സകലവിദ്വാന്മാരെയും നശിപ്പിക്കുവാൻ കല്പന കൊടുത്തു.
ഇതു ഹേതുവായിട്ടു രാജാവു കോപിച്ചു അത്യന്തം ക്രുദ്ധിച്ചു ബാബേലിലെ സകല വിദ്വാന്മരെയും നശിപ്പിപ്പാൻ കല്പന കൊടുത്തു.
13 ൧൩ അങ്ങനെ വിദ്വാന്മാരെ കൊല്ലുവാനുള്ള തീർപ്പ് പുറപ്പെട്ടതിനാൽ, അവർ ദാനീയേലിനെയും കൂട്ടുകാരെയും കൂടി കൊല്ലുവാൻ അന്വേഷിച്ചു.
അങ്ങനെ വിദ്വാന്മാരെ കൊല്ലുവാനുള്ള തീൎപ്പു പുറപ്പെട്ടു; അവർ ദാനീയേലിനെയും കൂട്ടുകാരെയും കൂടെ കൊല്ലുവാൻ അന്വേഷിച്ചു.
14 ൧൪ എന്നാൽ ബാബേലിലെ വിദ്വാന്മാരെ കൊന്നുകളയുവാൻ പുറപ്പെട്ട രാജാവിന്റെ അകമ്പടിനായകനായ അര്യോക്കിനോട് ദാനീയേൽ ബുദ്ധിയോടും വിവേകത്തോടും കൂടി സംസാരിച്ചു.
എന്നാൽ രാജാവിന്റെ അകമ്പടിനായകനായി ബാബേലിലെ വിദ്വാന്മാരെ കൊന്നുകളവാൻ പുറപ്പെട്ടു അൎയ്യോക്കിനോടു ദാനീയേൽ ബുദ്ധിയോടും വിവേകത്തോടും കൂടെ ഉത്തരം പറഞ്ഞു.
15 ൧൫ “രാജസന്നിധിയിൽനിന്ന് ഇത്ര കഠിനകല്പന പുറപ്പെടുവാൻ സംഗതി എന്ത്” എന്ന് അവൻ രാജാവിന്റെ സേനാപതിയായ അര്യോക്കിനോട് ചോദിച്ചു; അര്യോക്ക് ദാനീയേലിനോട് കാര്യം അറിയിച്ചു;
രാജസന്നിധിയിൽനിന്നു ഇത്ര കഠിനകല്പന പുറപ്പെടുവാൻ സംഗതി എന്തു എന്നു അവൻ രാജാവിന്റെ സേനാപതിയായ അൎയ്യോക്കിനോടു ചോദിച്ചു; അൎയ്യോക്ക് ദാനീയേലിനോടു കാൎയ്യം അറിയിച്ചു;
16 ൧൬ ദാനീയേൽ അകത്ത് ചെന്ന് രാജാവിനോട് തനിക്കു സമയം നൽകണം എന്നും താൻ രാജാവിനോട് അർത്ഥം അറിയിക്കാമെന്നും ബോധിപ്പിച്ചു.
ദാനീയേൽ അകത്തു ചെന്നു രാജാവിനോടു തനിക്കു സമയം തരേണം എന്നും താൻ രാജാവിനോടു അൎത്ഥം അറിയിക്കാമെന്നും ബോധിപ്പിച്ചു.
17 ൧൭ പിന്നെ ദാനീയേൽ വീട്ടിൽ ചെന്നു; താനും കൂട്ടുകാരും ബാബേലിലെ ശേഷം വിദ്വാന്മാരോടുകൂടി നശിച്ചുപോകാതിരിക്കേണ്ടതിന്,
പിന്നെ ദാനീയേൽ വീട്ടിൽ ചെന്നു, താനും കൂട്ടുകാരും ബാബേലിലെ ശേഷം വിദ്വാന്മാരോടുകൂടെ നശിച്ചുപോകാതിരിക്കേണ്ടതിന്നു
18 ൧൮ ഈ രഹസ്യത്തെക്കുറിച്ച് സ്വർഗ്ഗസ്ഥനായ ദൈവത്തിന്റെ കരുണ അപേക്ഷിക്കുവാൻ തക്കവിധം കൂട്ടുകാരായ ഹനന്യാവിനോടും മീശായേലിനോടും അസര്യാവിനോടും കാര്യം അറിയിച്ചു.
ഈ രഹസ്യത്തെക്കുറിച്ചു സ്വൎഗ്ഗസ്ഥനായ ദൈവത്തിന്റെ കരുണ അപേക്ഷിപ്പാൻ തക്കവണ്ണം കൂട്ടുകാരായ ഹനന്യാവോടും മീശായേലിനോടും അസൎയ്യാവോടും കാൎയ്യം അറിയിച്ചു.
19 ൧൯ അങ്ങനെ ആ രഹസ്യം ദാനീയേലിന് രാത്രിദർശനത്തിൽ വെളിപ്പെട്ടു; ദാനീയേൽ സ്വർഗ്ഗസ്ഥനായ ദൈവത്തെ സ്തുതിച്ച് പറഞ്ഞത്:
അങ്ങനെ ആ രഹസ്യം ദാനീയേലിന്നു രാത്രിദൎശനത്തിൽ വെളിപ്പെട്ടു; ദാനീയേൽ സ്വൎഗ്ഗസ്ഥനായ ദൈവത്തെ സ്തുതിച്ചുപറഞ്ഞതു:
20 ൨൦ “ദൈവത്തിന്റെ നാമം എന്നും എന്നേക്കും സ്തുതിക്കപ്പെടുമാറാകട്ടെ; ജ്ഞാനവും ബലവും അവനുള്ളതല്ലയോ.
ദൈവത്തിന്റെ നാമം എന്നും എന്നേക്കും സ്തുതിക്കപ്പെടുമാറാകട്ടെ; ജ്ഞാനവും ബലവും അവന്നുള്ളതല്ലോ.
21 ൨൧ അവൻ കാലങ്ങളും സമയങ്ങളും മാറ്റുന്നു; അവൻ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കുകയും ചെയ്യുന്നു; അവൻ ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്കു ബുദ്ധിയും കൊടുക്കുന്നു.
അവൻ കാലങ്ങളെയും സമയങ്ങളെയും മാറ്റുന്നു; അവൻ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കയും ചെയ്യുന്നു; അവൻ ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്കു ബുദ്ധിയും കൊടുക്കുന്നു.
22 ൨൨ അവൻ അഗാധവും ഗൂഢവും ആയ കാര്യങ്ങൾ വെളിപ്പെടുത്തുന്നു; അവൻ ഇരുട്ടിൽ ഉള്ളത് അറിയുന്നു; വെളിച്ചം അവനോടുകൂടി വസിക്കുന്നു.
അവൻ അഗാധവും ഗൂഢവുമായതു വെളിപ്പെടുത്തുന്നു; അവൻ ഇരുട്ടിൽ ഉള്ളതു അറിയുന്നു; വെളിച്ചം അവനോടുകൂടെ വസിക്കുന്നു.
23 ൨൩ എന്റെ പിതാക്കന്മാരുടെ ദൈവമേ, നീ എനിക്ക് ജ്ഞാനവും ബലവും തന്നു, ഞങ്ങൾ നിന്നോട് അപേക്ഷിച്ചത് ഇപ്പോൾ എന്നെ അറിയിച്ച് രാജാവിന്റെ കാര്യം ഞങ്ങൾക്ക് വെളിപ്പെടുത്തിത്തന്നിരിക്കുകയാൽ ഞാൻ നിന്നെ വാഴ്ത്തിസ്തുതിക്കുന്നു”.
എന്റെ പിതാക്കന്മാരുടെ ദൈവമായുള്ളോവേ, നീ എനിക്കു ജ്ഞാനവും ബലവും തന്നു, ഞങ്ങൾ നിന്നോടു അപേക്ഷിച്ചതു ഇപ്പോൾ എന്നെ അറിയിച്ചു രാജാവിന്റെ കാൎയ്യം ഞങ്ങൾക്കു വെളിപ്പെടുത്തിത്തന്നിരിക്കകൊണ്ടു ഞാൻ നിന്നെ വാഴ്ത്തിസ്തുതിക്കുന്നു.
24 ൨൪ അതുകൊണ്ട് ദാനീയേൽ, ബാബേലിലെ വിദ്വാന്മാരെ നശിപ്പിക്കുവാൻ രാജാവ് നിയോഗിച്ചിരുന്ന അര്യോക്കിന്റെ അടുക്കൽ ചെന്ന് അവനോട്: “ബാബേലിലെ വിദ്വാന്മാരെ നശിപ്പിക്കരുത്; എന്നെ രാജസന്നിധിയിൽ കൊണ്ടുപോകണം; ഞാൻ രാജാവിനെ അർത്ഥം ബോധിപ്പിക്കാം” എന്ന് പറഞ്ഞു.
അതുകൊണ്ടു ദാനീയേൽ, ബാബേലിലെ വിദ്വാന്മാരെ നിശിപ്പിപ്പാൻ രാജാവു നിയോഗിച്ചിരുന്ന അൎയ്യോക്കിന്റെ അടുക്കൽ ചെന്നു അവനോടു: ബാബേലിലെ വിദ്വാന്മാരെ നശിപ്പിക്കരുതു; എന്നെ രാജസന്നിധിയിൽ കൊണ്ടുപോകേണം; ഞാൻ രാജാവിനെ അൎത്ഥം ബോധിപ്പിക്കാം എന്നു പറഞ്ഞു.
25 ൨൫ അര്യോക്ക് ദാനീയേലിനെ വേഗം രാജസന്നിധിയിൽ കൊണ്ടുചെന്നു: “രാജാവിനെ അർത്ഥം ബോധിപ്പിക്കേണ്ടതിന് യെഹൂദാപ്രവാസികളിൽ ഒരുവനെ ഞാൻ കണ്ടെത്തിയിരിക്കുന്നു” എന്ന് ഉണർത്തിച്ചു.
അൎയ്യോക്ക് ദാനീയേലിനെ വേഗം രാജസന്നിധിയിൽ കൊണ്ടുചെന്നു: രാജാവിനെ അൎത്ഥം ബോധിപ്പിക്കേണ്ടതിന്നു യെഹൂദാപ്രവാസികളിൽ ഒരുത്തനെ ഞാൻ കണ്ടെത്തിയിരിക്കുന്നു എന്നു ഉണൎത്തിച്ചു.
26 ൨൬ ബേല്‍ത്ത്ശസ്സർ എന്നും പേരുള്ള ദാനീയേലിനോട് രാജാവ്: “ഞാൻ കണ്ട സ്വപ്നവും അർത്ഥവും അറിയിക്കുവാൻ നിനക്ക് കഴിയുമോ?” എന്ന് ചോദിച്ചു.
ബേല്ത്ത് ശസ്സർ എന്നും പേരുള്ള ദാനീയേലിനോടു രാജാവു: ഞാൻ കണ്ട സ്വപ്നവും അൎത്ഥവും അറിയിപ്പാൻ നിനക്കു കഴിയുമോ എന്നു ചോദിച്ചു.
27 ൨൭ ദാനീയേൽ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചത്: “രാജാവു ചോദിച്ച രഹസ്യകാര്യം വിദ്വാന്മാർക്കും ആഭിചാരകന്മാർക്കും മന്ത്രവാദികൾക്കും ശകുനവാദികൾക്കും രാജാവിനെ അറിയിക്കുവാൻ കഴിയുന്നതല്ല.
ദാനീയേൽ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചതു: രാജാവു ചോദിച്ച ഗുപ്തകാൎയ്യം വിദ്വാന്മാൎക്കും ആഭിചാരകന്മാൎക്കും മന്ത്രവാദികൾക്കും ശകുനവാദികൾക്കും രാജാവിനെ അറിയിപ്പാൻ കഴിയുന്നതല്ല.
28 ൨൮ എങ്കിലും രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്; അവൻ ഭാവികാലത്ത് സംഭവിക്കുവാനിരിക്കുന്നത് നെബൂഖദ്നേസർരാജാവിനെ അറിയിച്ചിരിക്കുന്നു. സ്വപ്നവും പള്ളിമെത്തയിൽവച്ച് തിരുമനസ്സിൽ ഉണ്ടായ ദർശനങ്ങളും ഇവയാകുന്നു:
എങ്കിലും രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വൎഗ്ഗത്തിൽ ഉണ്ടു; അവൻ ഭാവികാലത്തു സംഭവിപ്പാനിരിക്കുന്നതു നെബൂഖദ്നേസർരാജാവിനെ അറിയിച്ചിരിക്കുന്നു. സ്വപ്നവും പള്ളിമെത്തയിൽവെച്ചു തിരുമനസ്സിൽ ഉണ്ടായ ദൎശനങ്ങളും ആവിതു:
29 ൨൯ “രാജാവേ, ഇനി മേൽ സംഭവിക്കുവാനിരിക്കുന്നത് എന്തെന്നുള്ള വിചാരം പള്ളിമെത്തയിൽവച്ച് തിരുമനസ്സിൽ ഉണ്ടായി; രഹസ്യങ്ങൾ വെളിപ്പെടുത്തുന്നവൻ സംഭവിക്കുവാനിരിക്കുന്നത് അറിയിച്ചുമിരിക്കുന്നു.
രാജാവേ, ഇനിമേൽ സംഭവിപ്പാനിരിക്കുന്നതു എന്തെന്നുള്ള വിചാരം പള്ളിമെത്തയിൽവെച്ചു തിരുമനസ്സിൽ ഉണ്ടായി; രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവൻ സംഭവിപ്പാനിരിക്കുന്നതു അറിയിച്ചുമിരിക്കുന്നു.
30 ൩൦ എനിക്ക് ജീവനോടിരിക്കുന്ന ആരേക്കാളും അധിക ജ്ഞാനം ഉണ്ടായിട്ടല്ല, പ്രത്യുത, രാജാവിനോട് അർത്ഥം ബോധിപ്പിക്കേണ്ടതിനും തിരുമനസ്സിലെ വിചാരം അങ്ങ് അറിയേണ്ടതിനും ആകുന്നു ഈ രഹസ്യം എനിക്ക് വെളിപ്പെട്ടിരിക്കുന്നത്.
എനിക്കോ ജീവനോടിരിക്കുന്ന യാതൊരുത്തനെക്കാളും അധികമായ ജ്ഞാനം ഒന്നും ഉണ്ടായിട്ടല്ല, രാജാവിനോടു അൎത്ഥം ബോധിപ്പിക്കേണ്ടതിന്നും തിരുമനസ്സിലെ വിചാരം തിരുമനസ്സുകൊണ്ടു അറിയേണ്ടതിന്നും അത്രേ ഈ രഹസ്യം എനിക്കു വെളിപ്പെട്ടിരിക്കുന്നതു.
31 ൩൧ രാജാവു കണ്ട ദർശനം: വലിയ ഒരു ബിംബം; വലിപ്പമേറിയതും വിശേഷശോഭയുള്ളതുമായ ആ ബിംബം തിരുമുമ്പിൽ നിന്നു; അതിന്റെ രൂപം ഭയങ്കരമായിരുന്നു.
രാജാവു കണ്ട ദൎശനമോ: വലിയൊരു ബിംബം; വലിപ്പമേറിയതും വിശേഷശോഭയുള്ളതുമായ ആ ബിംബം തിരുമുമ്പിൽ നിന്നു; അതിന്റെ രൂപം ഭയങ്കരമായിരുന്നു.
32 ൩൨ ബിംബത്തിന്റെ തല തങ്കംകൊണ്ടും നെഞ്ചും കൈകളും വെള്ളികൊണ്ടും വയറും അരയും താമ്രംകൊണ്ടും തുട ഇരിമ്പുകൊണ്ടും
ബിംബത്തിന്റെ തല തങ്കംകൊണ്ടും നെഞ്ചും കയ്യും വെള്ളികൊണ്ടും വയറും അരയും താമ്രംകൊണ്ടും തുട ഇരിമ്പു കൊണ്ടും
33 ൩൩ കാൽ പകുതി ഇരിമ്പുകൊണ്ടും പകുതി കളിമണ്ണുകൊണ്ടും ആയിരുന്നു.
കാൽ പാതി ഇരിമ്പുകൊണ്ടും പാതി കളിമണ്ണുകൊണ്ടും ആയിരുന്നു.
34 ൩൪ തിരുമനസ്സുകൊണ്ട് നോക്കിക്കൊണ്ടിരിക്കുമ്പോൾ കൈ തൊടാതെ ഒരു കല്ല് പറിഞ്ഞുവന്ന് ബിംബത്തെ ഇരിമ്പും കളിമണ്ണുംകൊണ്ടുള്ള കാലിൽ അടിച്ച് തകർത്തുകളഞ്ഞു.
തിരുമനസ്സുകൊണ്ടു നോക്കിക്കൊണ്ടിരിക്കുമ്പോൾ കൈ തൊടാതെ ഒരു കല്ലു പറിഞ്ഞുവന്നു ബിംബത്തെ ഇരിമ്പും കളിമണ്ണുംകൊണ്ടുള്ള കാലിൽ അടിച്ചു തകൎത്തുകളഞ്ഞു.
35 ൩൫ ഇരിമ്പും കളിമണ്ണും താമ്രവും വെള്ളിയും പൊന്നും ഒരുപോലെ തകർന്ന് വേനല്ക്കാലത്ത് കളത്തിലെ പതിർപോലെ ആയിത്തീർന്നു; ഒരിടത്തും തങ്ങാതെ കാറ്റ് അവയെ പറപ്പിച്ചു കൊണ്ടുപോയി; ബിംബത്തെ അടിച്ച കല്ല് ഒരു മഹാപർവ്വതമായിത്തീർന്ന് ഭൂമിയിൽ എല്ലാം നിറഞ്ഞു.
ഇരിമ്പും കളിമണ്ണും താമ്രവും വെള്ളിയും പൊന്നും ഒരുപോലെ തകൎന്നു വേനല്ക്കാലത്തു കളത്തിലെ പതിർപോലെ ആയിത്തീൎന്നു; ഒരിടത്തും തങ്ങാതവണ്ണം കാറ്റു അവയെ പറപ്പിച്ചു കൊണ്ടുപോയി; ബിംബത്തെ അടിച്ച കല്ലു ഒരു മഹാപൎവ്വതമായിത്തീൎന്നു ഭൂമിയിൽ ഒക്കെയും നിറഞ്ഞു.
36 ൩൬ ഇതത്രെ സ്വപ്നം; അർത്ഥവും അടിയങ്ങൾ തിരുമുമ്പാകെ അറിയിക്കാം.
ഇതത്രേ സ്വപ്നം; അൎത്ഥവും അടിയങ്ങൾ തിരുമനസ്സു അറിയിക്കാം.
37 ൩൭ രാജാവേ, തിരുമനസ്സുകൊണ്ട് രാജാധിരാജാവാകുന്നു; സ്വർഗ്ഗസ്ഥനായ ദൈവം തിരുമനസ്സിലേക്ക് രാജത്വവും ഐശ്വര്യവും ശക്തിയും മഹത്വവും നല്കിയിരിക്കുന്നു.
രാജാവേ, തിരുമനസ്സുകൊണ്ടു രാജാധിരാജാവാകുന്നു; സ്വൎഗ്ഗസ്ഥനായ ദൈവം തിരുമനസ്സിലേക്കു രാജത്വവും ഐശ്വൎയ്യവും ശക്തിയും മഹത്വവും നല്കിയിരിക്കുന്നു.
38 ൩൮ മനുഷ്യവാസം ഉള്ളിടത്തൊക്കെ അവരെയും കാട്ടിലെ മൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും അവൻ തൃക്കൈയിൽ തന്നു, എല്ലാറ്റിനും അങ്ങയെ അധിപതി ആക്കിയിരിക്കുന്നു; പൊന്നുകൊണ്ടുള്ള തല തിരുമനസ്സു തന്നെ.
മനുഷ്യർ പാൎക്കുന്നേടത്തൊക്കെയും അവരെയും കാട്ടിലെ മൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും അവൻ തൃക്കയ്യിൽ തന്നു, എല്ലാറ്റിന്നും തിരുമനസ്സിലെ അധിപതി ആക്കിയിരിക്കുന്നു; പൊന്നുകൊണ്ടുള്ള തല തിരുമനസ്സുകൊണ്ടു തന്നേ.
39 ൩൯ തിരുമനസ്സിനു ശേഷം തിരുമേനിയേക്കാൾ താഴ്ന്ന മറ്റൊരു രാജത്വവും സർവ്വഭൂമിയിലും വാഴുവാനിരിക്കുന്ന താമ്രംകൊണ്ടുള്ള മൂന്നാമതൊരു രാജത്വവും ഉത്ഭവിക്കും.
തിരുമനസ്സിലെ ശേഷം തിരുമേനിയെക്കാൾ താണതായ മറ്റൊരു രാജത്വവും സൎവ്വഭൂമിയിലും വാഴുവാനിരിക്കുന്നതായി താമ്രംകൊണ്ടുള്ള മൂന്നാമതൊരു രാജത്വവും ഉത്ഭവിക്കും.
40 ൪൦ നാലാമത്തെ രാജത്വം ഇരിമ്പുപോലെ ബലമുള്ളതായിരിക്കും; ഇരിമ്പ് സകലത്തെയും തകർത്ത് കീഴടക്കുന്നുവല്ലോ. തകർക്കുന്ന ഇരിമ്പുപോലെ അത് മറ്റു രാജത്വങ്ങളെയെല്ലാം ഇടിച്ച് തകർത്തുകളയും.
നാലാമത്തെ രാജത്വം ഇരിമ്പുപോലെ ബലമുള്ളതായിരിക്കും; ഇരിമ്പു സകലത്തെയും തകൎത്തു കീഴടക്കുന്നുവല്ലോ. തകൎക്കുന്ന ഇരിമ്പുപോലെ അതു അവയെ ഒക്കെയും ഇടിച്ചു തകൎത്തുകളയും.
41 ൪൧ കാലും കാൽ വിരലും പകുതി കളിമണ്ണും പാതി ഇരുമ്പും കൊണ്ടുള്ളതായി കണ്ടതിന്റെ അർത്ഥമോ: അത് ഒരു ഭിന്നരാജത്വം ആയിരിക്കും; എങ്കിലും ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതുപോലെ അതിൽ ഇരിമ്പിനുള്ള ബലം കുറെ ഉണ്ടായിരിക്കും.
കാലും കാൽ വിരലും പാതി കളിമണ്ണും പാതി ഇരുമ്പുംകൊണ്ടുള്ളതായി കണ്ടതിന്റെ താല്പൎയ്യമോ: അതു ഒരു ഭിന്നരാജത്വം ആയിരിക്കും; എങ്കിലും ഇരിമ്പും കളിമണ്ണും ഇടകലൎന്നതായി കണ്ടതുപോലെ അതിൽ ഇരിമ്പിന്നുള്ള ബലം കുറെ ഉണ്ടായിരിക്കും.
42 ൪൨ കാൽവിരൽ പകുതി ഇരിമ്പും പാതി കളിമണ്ണുംകൊണ്ട് ആയിരുന്നതുപോലെ രാജത്വം കുറെ ബലമുള്ളതും കുറെ ഉടഞ്ഞുപോകുന്നതും ആയിരിക്കും.
കാൽവിരൽ പാതി ഇരിമ്പും പാതി കളിമണ്ണുംകൊണ്ടു ആയിരുന്നതുപോലെ രാജത്വം ഒട്ടു ബലമുള്ളതും ഒട്ടു ഉടഞ്ഞുപോകുന്നതും ആയിരിക്കും.
43 ൪൩ ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതിന്റെ അർത്ഥമോ: മനുഷ്യബീജത്താൽ തമ്മിൽ ഇടകലരുമെങ്കിലും ഇരിമ്പും കളിമണ്ണും തമ്മിൽ ചേരാതിരിക്കുന്നതുപോലെ അവർ തമ്മിൽ ചേരുകയില്ല.
ഇരിമ്പും കളിമണ്ണും ഇടകലൎന്നതായി കണ്ടതിന്റെ താല്പൎയ്യമോ: അവർ മനുഷ്യബീജത്താൽ തമ്മിൽ ഇടകലരുമെങ്കിലും ഇരിമ്പും കളിമണ്ണും തമ്മിൽ ചേരാതിരിക്കുന്നതുപോലെ അവർ തമ്മിൽ ചേരുകയില്ല.
44 ൪൪ ഈ രാജാക്കന്മാരുടെ കാലത്ത് സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജനതക്കും ഏല്പിക്കപ്പെടുകയില്ല; അത് മറ്റ് രാജത്വങ്ങളെ എല്ലാം തകർത്ത് നശിപ്പിക്കുകയും എന്നേക്കും നിലനില്‍ക്കുകയും ചെയ്യും.
ഈ രാജാക്കന്മാരുടെ കാലത്തു സ്വൎഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകൎത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.
45 ൪൫ കൈ തൊടാതെ ഒരു കല്ല് പർവ്വതത്തിൽനിന്ന് പറിഞ്ഞുവന്ന് ഇരിമ്പും താമ്രവും കളിമണ്ണും വെള്ളിയും പൊന്നും തകർത്തുകളഞ്ഞതായി കണ്ടതിന്റെ അർത്ഥമോ: മഹാദൈവം മേലാൽ സംഭവിക്കുവാനുള്ളത് രാജാവിനെ അറിയിച്ചിരിക്കുന്നു; സ്വപ്നം നിശ്ചയവും അർത്ഥം സത്യവും ആകുന്നു”.
കൈ തൊടാതെ ഒരു കല്ലു പൎവ്വതത്തിൽനിന്നു പറിഞ്ഞുവന്നു ഇരിമ്പും താമ്രവും കളിമണ്ണും വെള്ളിയും പൊന്നും തകൎത്തുകളഞ്ഞതായി കണ്ടതിന്റെ താല്പൎയ്യമോ: മഹാദൈവം മേലാൽ സംഭവിപ്പാനുള്ളതു രാജാവിനെ അറിയിച്ചിരിക്കുന്നു; സ്വപ്നം നിശ്ചയവും അൎത്ഥം സത്യവും ആകുന്നു.
46 ൪൬ അപ്പോൾ നെബൂഖദ്നേസർ രാജാവ് സാഷ്ടാംഗം വീണ് ദാനീയേലിനെ നമസ്കരിച്ചു; അവന് ഒരു വഴിപാടും സൗരഭ്യവാസനയും അർപ്പിക്കണമെന്ന് കല്പിച്ചു. രാജാവ് ദാനീയേലിനോട്:
അപ്പോൾ നെബൂഖദ്നേസർരാജാവു സാഷ്ടാംഗം വീണു ദാനീയേലിനെ നമസ്കരിച്ചു, അവന്നു ഒരു വഴിപാടും സൌരഭ്യവാസനയും അൎപ്പിക്കേണമെന്നു കല്പിച്ചു. രാജാവു ദാനീയേലിനോടു:
47 ൪൭ “നീ ഈ രഹസ്യം വെളിപ്പെടുത്തുവാൻ പ്രാപ്തനായതുകൊണ്ട് നിങ്ങളുടെ ദൈവം ദൈവാധിദൈവവും രാജാധികർത്താവും രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനും ആകുന്നു സത്യം” എന്ന് കല്പിച്ചു.
നീ ഈ രഹസ്യം വെളിപ്പെടുത്തുവാൻ പ്രാപ്തനായതുകൊണ്ടു നിങ്ങളുടെ ദൈവം ദൈവാധി ദൈവവും രാജാധികൎത്താവും രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനും ആകുന്നു സത്യം എന്നു കല്പിച്ചു.
48 ൪൮ രാജാവ് ദാനീയേലിന് ബഹുമതികളും അനേകം വലിയ സമ്മാനങ്ങളും കൊടുത്തു; അവനെ ബാബേൽസംസ്ഥാനത്തിന് അധിപതിയും ബാബേലിലെ സകലവിദ്വാന്മാർക്കും പ്രധാനവിചാരകനും ആക്കി.
രാജാവു ദാനീയേലിനെ മഹാനാക്കി, അവന്നു അനേകം വലിയ സമ്മാനങ്ങളും കൊടുത്തു, അവനെ ബാബേൽസംസ്ഥാനത്തിന്നൊക്കെയും അധിപതിയും ബാബേലിലെ സകലവിദ്വാന്മാൎക്കും പ്രധാനവിചാരകനും ആക്കിവെച്ചു.
49 ൪൯ ദാനീയേലിന്റെ അപേക്ഷ പ്രകാരം രാജാവ് ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും ബാബേൽ സംസ്ഥാനത്തിലെ കാര്യാദികൾക്ക് മേൽവിചാരകന്മാരാക്കി; ദാനീയേൽ രാജാവിന്റെ അരമനക്കുള്ളിൽ വസിച്ചു.
ദാനീയേലിന്റെ അപേക്ഷപ്രകാരം രാജാവു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും ബാബേൽ സംസ്ഥാനത്തിലെ കാൎയ്യാദികൾക്കു മേൽവിചാരകരാക്കി; ദാനീയേലോ രാജാവിന്റെ കോവിലകത്തു പാൎത്തു.