< 2 രാജാക്കന്മാർ 3 >
1 ൧ യെഹൂദാ രാജാവായ യെഹോശാഫാത്തിന്റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടിൽ ആഹാബിന്റെ മകനായ യെഹോരാം ശമര്യയിൽ യിസ്രായേലിന് രാജാവായി; അവൻ പന്ത്രണ്ട് സംവത്സരം വാണു.
യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനെട്ടാം ആണ്ടിൽ ആഹാബിന്റെ മകനായ യെഹോരാം ശമര്യയിൽ യിസ്രായേലിന്നു രാജാവായി; അവൻ പന്ത്രണ്ടു സംവത്സരം വാണു.
2 ൨ തന്റെ അപ്പനെയും അമ്മയേയും പോലെ തിന്മ പ്രവർത്തിച്ചില്ലെങ്കിലും, അവനും യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; തന്റെ അപ്പൻ ഉണ്ടാക്കിയ ബാല്‍ വിഗ്രഹം അവൻ നീക്കിക്കളഞ്ഞു.
അവൻ യഹോവെക്കു അനിഷ്ടമായതു ചെയ്തു; തന്റെ അപ്പനെയും അമ്മയേയും പോലെ അല്ലതാനും; തന്റെ അപ്പൻ ഉണ്ടാക്കിയ ബാൽവിഗ്രഹം അവൻ നീക്കിക്കളഞ്ഞു.
3 ൩ എങ്കിലും യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളിൽ നിന്നു വിട്ടുമാറാതെ അവയിൽ തുടർന്ന്.
എന്നാലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ അവൻ വിട്ടുമാറാതെ മുറുകെ പിടിച്ചു.
4 ൪ മോവാബ്‌രാജാവായ മേശെക്ക് നിരവധി ആട്ടിൻകൂട്ടങ്ങൾ ഉണ്ടായിരുന്നു; അവൻ യിസ്രായേൽരാജാവിന് ഒരു ലക്ഷം കുഞ്ഞാടുകളുടെയും ഒരു ലക്ഷം ആട്ടുകൊറ്റന്മാരുടെയും രോമം കൊടുത്തുവന്നിരുന്നു.
മോവാബ് രാജാവായ മേശെക്കു അനവധി ആടുണ്ടായിരുന്നു; അവൻ യിസ്രായേൽരാജാവിന്നു ഒരു ലക്ഷം കുഞ്ഞാടുകളുടെയും ഒരു ലക്ഷം ആട്ടുകൊറ്റന്മാരുടെയും രോമം കൊടുത്തുവന്നു.
5 ൫ എന്നാൽ ആഹാബ് മരിച്ചശേഷം മോവാബ്‌രാജാവ് യിസ്രായേൽ രാജാവിനോട് മത്സരിച്ചു.
എന്നാൽ ആഹാബ് മരിച്ചശേഷം മോവാബ് രാജാവു യിസ്രായേൽരാജാവിനോടു മത്സരിച്ചു.
6 ൬ ആ കാലത്ത് യെഹോരാംരാജാവ് ശമര്യയിൽനിന്ന് പുറപ്പെട്ട് യിസ്രായേൽ ജനത്തിന്റെ എണ്ണം എടുത്തു.
ആ കാലത്തു യെഹോരാംരാജാവു ശമര്യയിൽനിന്നു പുറപ്പെട്ടു യിസ്രായേലിനെ ഒക്കെയും എണ്ണിനോക്കി.
7 ൭ പിന്നെ അവൻ: “മോവാബ്‌രാജാവ് എന്നോട് മത്സരിച്ചിരിക്കുന്നു; മോവാബ്യരോട് യുദ്ധത്തിന് നീ എന്നോടൊപ്പം പോരുമോ?” എന്ന് യെഹൂദാ രാജാവായ യെഹോശാഫാത്തിനോട് ആളയച്ച് ചോദിച്ചു. അതിന് അവൻ: “ഞാൻ പോരാം; നീയും ഞാനും എന്റെ ജനവും നിന്റെ ജനവും എന്റെ കുതിരകളും നിന്റെ കുതിരകളും ഒരുപോലെയല്ലോ” എന്ന് പറഞ്ഞു.
പിന്നെ അവൻ: മോവാബ്‌രാജാവു എന്നോടു മത്സരിച്ചിരിക്കുന്നു; മോവാബ്യരോടു യുദ്ധത്തിന്നു നീ കൂടെ പോരുമോ എന്നു യെഹൂദാരാജാവായ യെഹോശാഫാത്തിനോടു ആളയച്ചു ചോദിപ്പിച്ചു. അതിന്നു അവൻ: ഞാൻ പോരാം; നീയും ഞാനും എന്റെ ജനവും നിന്റെ ജനവും എന്റെ കുതിരകളും നിന്റെ കുതിരകളും ഒരുപോലെയല്ലോ എന്നു പറഞ്ഞു.
8 ൮ നാം ഏതു വഴിക്ക് പോകണം എന്ന് അവൻ ചോദിച്ചതിന്: “ഏദോംമരുഭൂമി വഴിയായി തന്നേ” എന്ന് അവൻ പറഞ്ഞു.
നാം ഏതു വഴിയായി പോകേണം എന്നു അവൻ ചോദിച്ചതിന്നു: എദോംമരുഭൂമിവഴിയായി തന്നേ എന്നു അവൻ പറഞ്ഞു.
9 ൯ അങ്ങനെ യിസ്രായേൽ രാജാവ് യെഹൂദാരാജാവിനോടും ഏദോംരാജാവിനോടും ഒപ്പം പുറപ്പെട്ടു; അവർ ഏഴു ദിവസം ചുറ്റിത്തിരിഞ്ഞശേഷം, സൈന്യത്തിനും മൃഗങ്ങൾക്കും വെള്ളം കിട്ടാതെയായി.
അങ്ങനെ യിസ്രായേൽരാജാവു യെഹൂദാരാജാവും എദോംരാജാവുമായി പുറപ്പെട്ടു; അവർ ഏഴു ദിവസത്തെ വഴി ചുറ്റിനടന്നശേഷം അവരോടുകൂടെയുള്ള സൈന്യത്തിന്നും മൃഗങ്ങൾക്കും വെള്ളം കിട്ടാതെയായി.
10 ൧൦ അപ്പോൾ യിസ്രായേൽ രാജാവ്: “അയ്യോ, ഈ മൂന്നു രാജാക്കന്മാരെയും യഹോവ വിളിച്ചുവരുത്തിയത് അവരെ മോവാബ്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിനോ?” എന്ന് പറഞ്ഞു.
അപ്പോൾ യിസ്രായേൽരാജാവു: അയ്യോ, ഈ മൂന്നു രാജാക്കന്മാരെയും യഹോവ വിളിച്ചുവരുത്തിയതു അവരെ മോവാബ്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിന്നോ എന്നു പറഞ്ഞു.
11 ൧൧ എന്നാൽ യെഹോശാഫാത്ത്: “നാം യഹോവയോട് അരുളപ്പാട് ചോദിക്കുവാൻ ഇവിടെ യഹോവയുടെ പ്രവാചകനായി ആരുമില്ലയോ?” എന്ന് ചോദിച്ചു. അപ്പോൾ യിസ്രായേൽ രാജാവിന്റെ ഭൃത്യന്മാരിൽ ഒരുവൻ: “ഏലീയാവിന് ശുശ്രൂഷ ചെയ്തിരുന്ന ശാഫാത്തിന്റെ മകൻ എലീശാ ഇവിടെ ഉണ്ട്” എന്ന് പറഞ്ഞു.
എന്നാൽ യഹോശാഫാത്ത്: നാം യഹോവയോടു അരുളപ്പാടു ചോദിക്കേണ്ടതിന്നു ഇവിടെ യഹോവയുടെ പ്രവാചകൻ ആരുമില്ലയോ എന്നു ചോദിച്ചതിന്നു യിസ്രായേൽരാജാവിന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: ഏലീയാവിന്റെ കൈക്കു വെള്ളം ഒഴിച്ച ശാഫാത്തിന്റെ മകൻ എലീശാ ഇവിടെ ഉണ്ടു എന്നു പറഞ്ഞു.
12 ൧൨ “അവൻ യഹോവയുടെ അരുളപ്പാട് ഉള്ളവൻ” എന്ന് യെഹോശാഫാത്ത് പറഞ്ഞു. അങ്ങനെ യിസ്രായേൽ രാജാവും യെഹോശാഫാത്തും ഏദോംരാജാവും ഒരുമിച്ച് അവന്റെ അടുക്കൽ ചെന്നു.
അവന്റെ പക്കൽ യഹോവയുടെ അരുളപ്പാടു ഉണ്ടു എന്നു യെഹോശാഫാത്ത് പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവും യെഹോശാഫാത്തും എദോംരാജാവും കൂടെ അവന്റെ അടുക്കൽ ചെന്നു.
13 ൧൩ എലീശാ യിസ്രായേൽ രാജാവിനോട്: “എന്റെ അടുക്കൽ വരുവാൻ നിനക്കെന്തു കാര്യം? നീ നിന്റെ അപ്പന്റെയും അമ്മയുടെയും പ്രവാചകന്മാരുടെ അടുക്കൽ ചെല്ലുക” എന്ന് പറഞ്ഞു. അതിന് യിസ്രായേൽ രാജാവ് അവനോട്: “അങ്ങനെയല്ല; ഈ മൂന്നു രാജാക്കന്മാരെയും മോവാബ്യരുടെ കയ്യിൽ ഏല്പിക്കുവാൻ യഹോവ അവരെ വിളിച്ചുവരുത്തിയിരിക്കുന്നു” എന്ന് പറഞ്ഞു.
എലീശാ യിസ്രായേൽ രാജാവിനോടു: എനിക്കും നിനക്കും തമ്മിൽ എന്തു? നീ നിന്റെ അപ്പന്റെ പ്രവാചകന്മാരുടെ അടുക്കലും നിന്റെ അമ്മയുടെ പ്രവാചകന്മാരുടെ അടുക്കലും ചെല്ലുക എന്നു പറഞ്ഞു. അതിന്നു യിസ്രായേൽരാജാവു അവനോടു: അങ്ങനെയല്ല; ഈ മൂന്നു രാജാക്കന്മാരെയും മോവാബ്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിന്നു യഹോവ അവരെ വിളിച്ചുവരുത്തിയിരിക്കുന്നു എന്നു പറഞ്ഞു.
14 ൧൪ അതിന്ന് എലീശാ: “ഞാൻ സേവിച്ചുനില്ക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, യെഹൂദാ രാജാവായ യെഹോശാഫാത്ത് നിന്നോടൊപ്പം ഇല്ലായിരുന്നില്ലെങ്കിൽ ഞാൻ നിന്നെ നോക്കുകയോ ശ്രദ്ധിക്കയോ ഇല്ലായിരുന്നു;
അതിന്നു എലീശാ: ഞാൻ സേവിച്ചുനില്ക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മുഖം ഞാൻ ആദരിച്ചില്ല എങ്കിൽ ഞാൻ നിന്നെ നോക്കുകയോ കടാക്ഷിക്കയോ ഇല്ലായിരുന്നു;
15 ൧൫ എന്നാൽ ഇപ്പോൾ ഒരു വീണവാദ്യക്കാരനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ” എന്ന് പറഞ്ഞു. വീണവാദ്യക്കാരൻ വായിക്കുമ്പോൾ യഹോവയുടെ കൈ എലീശയുടെമേൽ വന്നു.
എന്നാൽ ഇപ്പോൾ ഒരു വീണക്കാരനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു പറഞ്ഞു. വീണക്കാരൻ വായിക്കുമ്പോൾ യഹോവയുടെ കൈ അവന്റെമേൽ വന്നു.
16 ൧൬ അവൻ പറഞ്ഞത് എന്തെന്നാൽ: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ താഴ്വരയിൽ അനേകം കുഴികൾ വെട്ടുവിൻ.
അവൻ പറഞ്ഞതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ താഴ്വരയിൽ അനേകം കുഴികൾ വെട്ടുവിൻ.
17 ൧൭ നിങ്ങൾ കാറ്റും, മഴയും കാണുകയില്ല; എന്നാൽ നിങ്ങളും, നിങ്ങളുടെ ആടുമാടുകളും, വാഹനമൃഗങ്ങളും കുടിക്കത്തക്കവണ്ണം ഈ താഴ്വര വെള്ളംകൊണ്ട് നിറയും.
നിങ്ങൾ കാറ്റു കാണുകയില്ല, മഴയും കാണുകയില്ല; എന്നാൽ നിങ്ങളും നിങ്ങളുടെ ആടുമാടുകളും നിങ്ങളുടെ മൃഗവാഹനങ്ങളും കുടിക്കത്തക്കവണ്ണം ഈ താഴ്‌വര വെള്ളംകൊണ്ടു നിറയും.
18 ൧൮ ഇത് യഹോവയ്ക്ക് നിസ്സാര കാര്യം അത്രേ. കൂടാതെ അവൻ മോവാബ്യരെയും നിങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും.
ഇതു പോരാ എന്നു യഹോവെക്കു തോന്നീട്ടു അവൻ മോവാബ്യരെയും നിങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും.
19 ൧൯ നിങ്ങൾ ഉറപ്പുള്ള പട്ടണങ്ങളും ശ്രേഷ്ഠനഗരങ്ങളും ജയിച്ചടക്കുകയും നല്ലവൃക്ഷങ്ങളെല്ലാം മുറിക്കയും നീരുറവുകളെല്ലാം അടെച്ചുകളകയും നല്ല നിലങ്ങളെല്ലാം കല്ല് വാരിയിട്ടു നശിപ്പിക്കയും ചെയ്യും”.
നിങ്ങൾ ഉറപ്പുള്ള പട്ടണങ്ങളും ശ്രേഷ്ഠനഗരങ്ങളുമെല്ലാം ജയിച്ചടക്കുകയും നല്ലവൃക്ഷങ്ങളെല്ലാം മുറിക്കയും നീരുറവുകളെല്ലാം അടെച്ചുകളകയും നല്ല നിലങ്ങളെല്ലാം കല്ലു വാരിയിട്ടു ചീത്തയാക്കുകയും ചെയ്യും.
20 ൨൦ പിറ്റെന്ന് രാവിലെ ഭോജനയാഗത്തിന്റെ സമയത്ത് വെള്ളം പെട്ടെന്ന് ഏദോംവഴിയായി വരികയും; ദേശം വെള്ളംകൊണ്ട് നിറഞ്ഞു.
പിറ്റെന്നാൾ രാവിലെ ഭോജനയാഗത്തിന്റെ സമയത്തു വെള്ളം എദോംവഴിയായി വരുന്നതു കണ്ടു; ദേശം വെള്ളംകൊണ്ടു നിറഞ്ഞു.
21 ൨൧ എന്നാൽ ഈ രാജാക്കന്മാർ തങ്ങളോട് യുദ്ധം ചെയ്‌വാൻ വന്നിരിക്കുന്നു എന്ന് മോവാബ്യർ കേട്ടപ്പോൾ, അവർ ആയുധം എടുക്കാൻ പ്രായമായ എല്ലാവരേയും വിളിച്ചുകൂട്ടി ദേശത്തിന്റെ അതിർത്തിയിൽ ചെന്നുനിന്നു.
എന്നാൽ ഈ രാജാക്കന്മാർ തങ്ങളോടു യുദ്ധം ചെയ്‌വാൻ പുറപ്പെട്ടുവന്നു എന്നു മോവാബ്യരൊക്കെയും കേട്ടപ്പോൾ അവർ ആയുധം ധരിപ്പാൻ തക്ക പ്രായത്തിലും മേലോട്ടുമുള്ളവരെ വിളിച്ചുകൂട്ടി അതിരിങ്കൽ ചെന്നുനിന്നു.
22 ൨൨ രാവിലെ അവർ എഴുന്നേറ്റ് നോക്കിയപ്പോൾ സൂര്യപ്രകാശത്താൽ അവരുടെ മുൻപിലുള്ള വെള്ളം രക്തംപോലെ ചുവപ്പായി തോന്നി:
രാവിലെ അവർ എഴുന്നേറ്റപ്പോൾ സൂര്യൻ വെള്ളത്തിന്മേൽ ഉദിച്ചിട്ടു മോവാബ്യർക്കു തങ്ങളുടെ നേരെയുള്ള വെള്ളം രക്തംപോലെ ചുവപ്പായി തോന്നി:
23 ൨൩ “അത് രക്തമാകുന്നു; ആ രാജാക്കന്മാർ തമ്മിൽ പൊരുതി നശിച്ചിരിക്കുന്നു; ആകയാൽ മോവാബ്യരേ, കൊള്ളയിടുവാൻ വരുവിൻ” എന്ന് അവർ പറഞ്ഞു.
അതു രക്തമാകുന്നു; ആ രാജാക്കന്മാർ തമ്മിൽ പൊരുതു അന്യോന്യം സംഹരിച്ചുകളഞ്ഞു; ആകയാൽ മോവാബ്യരേ, കൊള്ളെക്കു വരുവിൻ എന്നു അവർ പറഞ്ഞു.
24 ൨൪ അങ്ങനെ അവർ യിസ്രായേൽപാളയത്തിൽ എത്തിയപ്പോൾ യിസ്രായേല്യർ മോവാബ്യരെ തോല്പിച്ച് ഓടിച്ചു. അവർ മോവാബ്യദേശത്ത് കടന്ന് മോവാബ്യരിൽ അനേകം പേരെ കൊന്നുകളഞ്ഞു.
അവർ യിസ്രായേൽപാളയത്തിങ്കൽ എത്തിയപ്പോൾ യിസ്രായേല്യർ എഴുന്നേറ്റു മോവാബ്യരെ തോല്പിച്ചോടിച്ചു; അവർ ദേശത്തിൽ കടന്നുചെന്നു മോവാബ്യരെ പിന്നെയും തോല്പിച്ചുകളഞ്ഞു.
25 ൨൫ അവർ പട്ടണങ്ങൾ ഇടിച്ചുകളഞ്ഞു; നല്ല നിലമെല്ലാം കല്ലുകൾ ഇട്ട് നശിപ്പിച്ചു; നീരുറവുകൾ അടച്ചുകളഞ്ഞു; നല്ലവൃക്ഷങ്ങളെല്ലാം മുറിച്ചു; കീർഹരേശെത്ത് പട്ടണം മാത്രം അവർ കല്ലുകൾ ഇട്ട് നശിപ്പിച്ചില്ല. എന്നാൽ കവിണക്കാർ അതിനെ വളഞ്ഞ് നശിപ്പിച്ചുകളഞ്ഞു.
പട്ടണങ്ങളെ അവർ ഇടിച്ചു നല്ലനിലമൊക്കെയും ഓരോരുത്തൻ ഓരോ കല്ലു ഇട്ടു നികത്തി നീരുറവുകളെല്ലാം അടെച്ചു നല്ലവൃക്ഷങ്ങളെല്ലാം മുറിച്ചുകളഞ്ഞു; കീർഹരേശെത്തിൽ മാത്രം അവർ അതിന്റെ കല്ലു അങ്ങനെ തന്നേ വിട്ടേച്ചു. എന്നാൽ കവിണക്കാർ അതിനെ വളഞ്ഞു നശിപ്പിച്ചുകളഞ്ഞു.
26 ൨൬ മോവാബ്‌രാജാവ് യുദ്ധം അതികഠിനമായി എന്ന് കണ്ടപ്പോൾ ഏദോംരാജാവിനെ അണിമുറിച്ചാക്രമിക്കേണ്ടതിന് എഴുനൂറ് ആയുധധാരികളെ കൂട്ടിക്കൊണ്ട് ചെന്നു; എങ്കിലും അവൻ അതിൽ വിജയിച്ചില്ല.
മോവാബ്‌രാജാവു പട തനിക്കു അതിവിഷമമായി എന്നു കണ്ടപ്പോൾ എദോംരാജാവിനെ അണിമുറിച്ചാക്രമിക്കേണ്ടതിന്നു എഴുനൂറു ആയുധപാണികളെ കൂട്ടിക്കൊണ്ടു ചെന്നു; എങ്കിലും സാധിച്ചില്ല.
27 ൨൭ ആകയാൽ അവൻ തന്റെശേഷം വാഴുവാനുള്ള ആദ്യജാതനെ മതിലിന്മേൽ ദഹനയാഗം കഴിച്ചു. അപ്പോൾ യിസ്രായേല്യർക്കു നേരെ മോവാബ്യരുടെ മഹാകോപം ജ്വലിച്ചതുകൊണ്ട് അവർ അവനെ വിട്ട് സ്വദേശത്തേക്ക് മടങ്ങിപ്പോന്നു.
ആകയാൽ അവൻ തന്റെശേഷം വാഴുവാനുള്ള ആദ്യജാതനെ പിടിച്ചു മതിലിന്മേൽ ദഹനയാഗം കഴിച്ചു. അപ്പോൾ യിസ്രായേല്യരുടെമേൽ മഹാകോപം വന്നതുകൊണ്ടു അവർ അവനെ വിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോന്നു.