< 2 രാജാക്കന്മാർ 15 >
1 ൧ യിസ്രായേൽ രാജാവായ യൊരോബെയാമിന്റെ ഇരുപത്തേഴാം ആണ്ടിൽ യെഹൂദാ രാജാവായ അമസ്യാവിന്റെ മകൻ അസര്യാവ് രാജാവായി.
ഇസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപത്തിയേഴാമാണ്ടിൽ യെഹൂദാരാജാവായ അമസ്യാവിന്റെ മകൻ അസര്യാവ് രാജാവായി.
2 ൨ അവൻ വാഴ്ച തുടങ്ങിയപ്പോൾ അവന് പതിനാറ് വയസ്സായിരുന്നു; അവൻ അമ്പത്തിരണ്ടു സംവത്സരം യെരൂശലേമിൽ വാണു; യെരൂശലേംകാരിയായ അവന്റെ അമ്മയ്ക്ക് യെഖോല്യാ എന്ന് പേരായിരുന്നു.
രാജാവാകുമ്പോൾ അദ്ദേഹത്തിനു പതിനാറുവയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ അൻപത്തിരണ്ടു വർഷം വാണു. അദ്ദേഹത്തിന്റെ അമ്മയ്ക്ക് യെഖൊല്യാ എന്നു പേരായിരുന്നു; അവൾ ജെറുശലേംകാരിയായിരുന്നു.
3 ൩ അവൻ തന്റെ അപ്പനായ അമസ്യാവിനെപ്പോലെ യഹോവയ്ക്ക് പ്രസാദമുള്ളത് ചെയ്തു.
തന്റെ പിതാവായ അമസ്യാവു ചെയ്തതുപോലെ അദ്ദേഹവും യഹോവയുടെ ദൃഷ്ടിയിൽ നീതിയായതു പ്രവർത്തിച്ചു.
4 ൪ എങ്കിലും പൂജാഗിരികൾക്ക് നീക്കംവന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു.
എന്നിരുന്നാലും ക്ഷേത്രങ്ങൾ നീക്കംചെയ്യപ്പെട്ടിരുന്നില്ല; ജനങ്ങൾ അവിടെ ബലി അർപ്പിക്കുന്നതും ധൂപാർച്ചന നടത്തുന്നതും തുടർന്നുപോന്നു.
5 ൫ എന്നാൽ യഹോവ കുഷ്ഠരോഗത്താൽ ഈ രാജാവിനെ ബാധിച്ചു. അവൻ ജീവപര്യന്തം കുഷ്ഠരോഗിയായി ജീവിച്ചതിനാൽ ഒരു പ്രത്യേകശാലയിൽ പാർപ്പിച്ചിരുന്നു; രാജകുമാരനായ യോഥാം രാജധാനിക്ക് വിചാരകനായി ദേശത്തെ ജനത്തിന് ന്യായപാലനം ചെയ്തു.
എന്നാൽ യഹോവ ഈ രാജാവിനെ മരണപര്യന്തം കുഷ്ഠരോഗത്താൽ പീഡിപ്പിച്ചു. അദ്ദേഹം മറ്റുള്ളവരിൽനിന്നകന്ന് തനിയേ ഒരു പ്രത്യേക ഭവനത്തിൽ താമസിച്ചു. രാജകുമാരനായ യോഥാം കൊട്ടാരത്തിന്റെ ചുമതലയേറ്റു; അദ്ദേഹമായിരുന്നു ദേശത്തു ഭരണംനടത്തിയിരുന്നത്.
6 ൬ അസര്യാവിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
അസര്യാവിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ, അദ്ദേഹം ചെയ്ത പ്രവൃത്തികൾ, ഇവയെല്ലാം യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
7 ൭ അസര്യാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവർ അവനെ ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അടക്കം ചെയ്തു; അവന്റെ മകനായ യോഥാം അവന് പകരം രാജാവായി.
അസര്യാവ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; ദാവീദിന്റെ നഗരത്തിൽ പിതാക്കന്മാരുടെ കല്ലറകൾക്കരികെ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മകനായ യോഥാം അദ്ദേഹത്തിനുശേഷം രാജാവായി.
8 ൮ യെഹൂദാ രാജാവായ അസര്യാവിന്റെ മുപ്പത്തെട്ടാം ആണ്ടിൽ യൊരോബെയാമിന്റെ മകനായ സെഖര്യാവ് യിസ്രായേലിന് രാജാവായി ശമര്യയിൽ ആറ് മാസം വാണു.
യെഹൂദാരാജാവായ അസര്യാവിന്റെ മുപ്പത്തിയെട്ടാമാണ്ടിൽ ഇസ്രായേൽരാജാവായ യൊരോബെയാമിന്റെ മകനായ സെഖര്യാവ് ശമര്യയിൽ ഇസ്രായേൽരാജാവായി. അദ്ദേഹം ആറുമാസം വാണു.
9 ൯ അവൻ തന്റെ പിതാക്കന്മാരെപ്പോലെ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയില്ല.
അദ്ദേഹം തന്റെ പിതാക്കന്മാർ ചെയ്തിരുന്നതുപോലെ യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു. നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിൽനിന്ന് അദ്ദേഹം വിട്ടുമാറിയില്ല.
10 ൧൦ യാബേശിന്റെ മകനായ ശല്ലൂം അവനെതിരെ കൂട്ടുകെട്ടുണ്ടാക്കി ജനത്തിന്റെ മുമ്പിൽവെച്ച് അവനെ വെട്ടിക്കൊന്ന് അവനു പകരം രാജാവായി.
യാബേശിന്റെ മകനായ ശല്ലൂം സെഖര്യാവിന് എതിരായി ഗൂഢാലോചന നടത്തി. അയാൾ ജനങ്ങളുടെ മുൻപിൽവെച്ച് സെഖര്യാവിനെ ആക്രമിച്ച് ചതിവിൽ കൊലപ്പെടുത്തി. അതിനുശേഷം ശല്ലൂം അദ്ദേഹത്തിനു പിന്നാലെ രാജാവായി.
11 ൧൧ സെഖര്യാവിന്റെ മറ്റ് വൃത്താന്തങ്ങൾ യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
സെഖര്യാവിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
12 ൧൨ യഹോവ യേഹൂവിനോട്: “നിന്റെ പുത്രന്മാർ നാലാം തലമുറവരെ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കും” എന്ന് അരുളിച്ചെയ്ത വചനം ഇതാകുന്നു; അങ്ങനെ തന്നേ സംഭവിച്ചു.
“നിന്റെ സന്തതികൾ നാലാംതലമുറവരെ ഇസ്രായേലിന്റെ രാജസിംഹാസനത്തിൽ വാഴും,” എന്ന് യഹോവ യേഹുവിനോട് അരുളിച്ചെയ്ത വാക്കുകൾ അങ്ങനെ നിറവേറി.
13 ൧൩ യെഹൂദാ രാജാവായ ഉസ്സീയാവിന്റെ മുപ്പത്തൊമ്പതാം ആണ്ടിൽ യാബേശിന്റെ മകനായ ശല്ലൂം രാജാവായി; ശമര്യയിൽ ഒരു മാസം വാണു.
യെഹൂദാരാജാവായ ഉസ്സീയാവിന്റെ മുപ്പത്തിയൊൻപതാമാണ്ടിൽ യാബേശിന്റെ മകനായ ശല്ലൂം ഇസ്രായേൽരാജാവായി. അദ്ദേഹം ശമര്യയിൽ ഒരുമാസം വാണു.
14 ൧൪ എന്നാൽ ഗാദിയുടെ മകനായ മെനഹേം തിർസയിൽനിന്നു പുറപ്പെട്ട് ശമര്യയിൽ വന്നു, യാബേശിന്റെ മകനായ ശല്ലൂമിനെ ശമര്യയിൽവെച്ച് വെട്ടിക്കൊന്ന് അവന് പകരം രാജാവായി.
പിന്നെ ഗാദിയുടെ മകനായ മെനഹേം തിർസയിൽനിന്നും ശമര്യയിലേക്കു വന്നു. അയാൾ യാബേശിന്റെ മകനായ ശല്ലൂമിനെ ആക്രമിച്ച് ചതിവിൽ കൊലപ്പെടുത്തി അയാൾക്കുശേഷം രാജാവായി.
15 ൧൫ ശല്ലൂമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ഉണ്ടാക്കിയ കൂട്ടുകെട്ടും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
ശല്ലൂമിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹം നടത്തിയ ഗൂഢാലോചനയും ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
16 ൧൬ മെനഹേം, തിപ്സഹും അതിലുള്ള സകലവും, തിർസ്സാതൊട്ട് അതിനോട് ചേർന്ന പ്രദേശങ്ങളും ശൂന്യമാക്കി; അവർ പട്ടണവാതിൽ തുറന്നു കൊടുക്കായ്കയാൽ അവൻ അതിനെ ശൂന്യമാക്കുകയും അതിലെ ഗർഭിണികളുടെ ഉദരം പിളർന്നുകളകയും ചെയ്തു.
അക്കാലത്ത് മെനഹേം തിർസയിൽനിന്നു പുറപ്പെട്ട് തിപ്സഹിനെയും ആ നഗരത്തിലുള്ള സകലരെയും അതിന്റെ പ്രാന്തപ്രദേശങ്ങളെയും ആക്രമിച്ചു. ആ നഗരവാസികൾ അദ്ദേഹത്തിനുവേണ്ടി നഗരകവാടം തുറന്നു കൊടുക്കാതിരുന്നതിനാൽ അദ്ദേഹം തിപ്സഹുനഗരത്തെ കൊള്ളചെയ്തു നശിപ്പിക്കുകയും അതിലെ ഗർഭിണികളെ കീറിക്കളയുകയും ചെയ്തു.
17 ൧൭ യെഹൂദാ രാജാവായ അസര്യാവിന്റെ വാഴ്ചയുടെ മുപ്പത്തൊമ്പതാം ആണ്ടിൽ ഗാദിയുടെ മകൻ മെനഹേം യിസ്രായേലിന് രാജാവായി; ശമര്യയിൽ പത്തു സംവത്സരം വാണു.
യെഹൂദാരാജാവായ അസര്യാവിന്റെ മുപ്പത്തിയൊൻപതാമാണ്ടിൽ ഗാദിയുടെ മകനായ മെനഹേം ഇസ്രായേലിനു രാജാവായി; അദ്ദേഹം ശമര്യയിൽ പത്തുവർഷം വാണു.
18 ൧൮ അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങൾ ജീവപര്യന്തം വിട്ടുമാറിയതുമില്ല.
അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ തിന്മയായതു പ്രവർത്തിച്ചു. നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപങ്ങളിൽനിന്ന് അയാൾ തന്റെ ഭരണകാലത്ത് ഒരിക്കലും വിട്ടകന്നില്ല.
19 ൧൯ അശ്ശൂർ രാജാവായ പൂൽ ദേശത്തെ ആക്രമിച്ചു; പൂൽ, തന്നെ സഹായിക്കേണ്ടതിനും രാജത്വം തനിക്ക് ഉറപ്പിക്കേണ്ടതിനുമായി, മെനഹേം അവന് ഏകദേശം 34,000 കിലോഗ്രാം വെള്ളി കൊടുത്തു.
അശ്ശൂർരാജാവായ പൂൽ ദേശത്തെ ആക്രമിച്ചു. അദ്ദേഹത്തിന്റെ സഹായം നേടുന്നതിനും തന്റെ രാജാധികാരം ഉറപ്പിക്കുന്നതിനുമായി മെനഹേം അദ്ദേഹത്തിന് ആയിരംതാലന്തു വെള്ളി സമ്മാനമായിക്കൊടുത്തു.
20 ൨൦ അശ്ശൂർ രാജാവിന് കൊടുക്കുവാൻ മെനഹേം ഈ പണം യിസ്രായേലിലെ ധനവാന്മാരോട് ഏകദേശം 570 ഗ്രാം വെള്ളിവീതം പിരിച്ചെടുത്തു; അങ്ങനെ അശ്ശൂർ രാജാവ് ദേശത്ത് താമസം ഉറപ്പിക്കാതെ മടങ്ങിപ്പോയി.
ഈ വെള്ളി മെനഹേം ഇസ്രായേലിൽനിന്നു നിർബന്ധപൂർവം പിരിച്ചെടുത്തു. ഓരോ സമ്പന്നവ്യക്തിയും അശ്ശൂർരാജാവിനു കൊടുക്കുന്നതിന് അൻപതുശേക്കേൽ വെള്ളിവീതം കൊടുക്കണമായിരുന്നു. അങ്ങനെ അശ്ശൂർരാജാവ് ദേശത്തെ ആക്രമിച്ചുകൊണ്ട് അധികനാൾ തങ്ങാതെ പിൻവാങ്ങി.
21 ൨൧ മെനഹേമിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
മെനഹേമിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ, അദ്ദേഹം ചെയ്ത പ്രവൃത്തികൾ ഇവയെക്കുറിച്ചെല്ലാം ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
22 ൨൨ മെനഹേം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ പെക്കഹ്യാവ് അവന് പകരം രാജാവായി.
മെനഹേം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തിന്റെ മകനായ പെക്കഹ്യാവ് അടുത്ത രാജാവായി സ്ഥാനമേറ്റു.
23 ൨൩ യെഹൂദാ രാജാവായ ഉസ്സീയാവിന്റെ അമ്പതാം ആണ്ടിൽ മെനഹേമിന്റെ മകനായ പെക്കഹ്യാവ് യിസ്രായേലിന് രാജാവായി; ശമര്യയിൽ രണ്ട് സംവത്സരം വാണു.
യെഹൂദാരാജാവായ അസര്യാവിന്റെ അൻപതാമാണ്ടിൽ മെനഹേമിന്റെ മകനായ പെക്കഹ്യാവ് ശമര്യയിൽ ഇസ്രായേലിനു രാജാവായി; അദ്ദേഹം രണ്ടുവർഷം വാണു.
24 ൨൪ അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങൾ വിട്ടുമാറിയതുമില്ല.
പെക്കഹ്യാവ് യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു. നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിൽനിന്ന് അദ്ദേഹം വിട്ടുമാറിയില്ല.
25 ൨൫ എന്നാൽ അവന്റെ അകമ്പടിനായകനായ രെമല്യാവിന്റെ മകൻ പേക്കഹ്, അവന് വിരോധമായി കൂട്ടുകെട്ടുണ്ടാക്കി. അവൻ ഗിലെയാദ്യരിൽ അമ്പതുപേരുടെ സഹായത്തോടുകൂടി ശമര്യാരാജധാനിയുടെ കോട്ടയിൽവെച്ച് അവനെ അർഗ്ഗോബിനോടും അര്യേയോടുംകൂടെ വെട്ടിക്കൊന്ന് അവന് പകരം രാജാവായി.
അദ്ദേഹത്തിന്റെ പ്രധാനഉദ്യോഗസ്ഥന്മാരിൽ ഒരുവനും രെമല്യാവിന്റെ മകനുമായ പേക്കഹ് അദ്ദേഹത്തിനെതിരേ ഗൂഢാലോചന നടത്തി. അദ്ദേഹം അൻപതു ഗിലെയാദ്യരെ തന്നോടൊപ്പംചേർത്തു ശമര്യയിലെ രാജകൊട്ടാരത്തിന്റെ ഉൾമുറിയിൽവെച്ച് പേക്കഹ്യാവിനെയും അദ്ദേഹത്തോടൊപ്പം അർഗോബിനെയും അർയയെയും ചതിച്ചു കൊലപ്പെടുത്തി.
26 ൨൬ പെക്കഹ്യാവിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
പെക്കഹ്യാവിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹത്തിന്റെ സകലപ്രവൃത്തികളും ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
27 ൨൭ യെഹൂദാ രാജാവായ അസര്യാവിന്റെ അമ്പത്തിരണ്ടാം ആണ്ടിൽ രെമല്യാവിന്റെ മകനായ പേക്കഹ് യിസ്രായേലിന് രാജാവായി ശമര്യയിൽ ഇരുപത് സംവത്സരം വാണു.
യെഹൂദാരാജാവായ അസര്യാവിന്റെ അൻപത്തിരണ്ടാമാണ്ടിൽ രെമല്യാവിന്റെ മകനായ പേക്കഹ് ശമര്യയിൽ ഇസ്രായേലിനു രാജാവായി. അദ്ദേഹം ഇരുപതുവർഷം വാണു.
28 ൨൮ അവൻ യഹോവക്കു അനിഷ്ടമായത് ചെയ്തു, യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങൾ വിട്ടുമാറിയതുമില്ല.
അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു. നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിൽനിന്ന് അദ്ദേഹം പിന്തിരിഞ്ഞില്ല.
29 ൨൯ യിസ്രായേൽ രാജാവായ പേക്കഹിന്റെ കാലത്ത് അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസർ വന്ന് ഈയോനും ആബേൽ-ബേത്ത്-മയഖയും യാനോവഹും കാദേശും ഹാസോരും ഗിലെയാദും ഗലീലയും നഫ്താലിദേശം മുഴുവനും പിടിച്ചടക്കി നിവാസികളെ ബദ്ധരാക്കി അശ്ശൂരിലേക്ക് കൊണ്ടുപോയി.
ഇസ്രായേൽരാജാവായ പേക്കഹിന്റെകാലത്ത് അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ വന്ന് ഈയോനും ആബേൽ-ബേത്ത്-മാക്കായും യാനോഹും കേദേശും ഹാസോരും ഗിലെയാദും ഗലീലായും നഫ്താലിദേശം മുഴുവനും കൈവശപ്പെടുത്തി. അദ്ദേഹം അവിടങ്ങളിലെ നിവാസികളെ അശ്ശൂരിലേക്കു കടത്തിക്കൊണ്ടുപോയി.
30 ൩൦ എന്നാൽ ഏലാവിന്റെ മകനായ ഹോശേയ, രെമല്യാവിന്റെ മകനായ പേക്കഹിന് വിരോധമായി കൂട്ടുകെട്ടുണ്ടാക്കി, അവനെ ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ ഇരുപതാം ആണ്ടിൽ വെട്ടിക്കൊന്ന് അവന് പകരം രാജാവായി.
പിന്നെ ഏലാവിന്റെ മകനായ ഹോശേയ, രെമല്യാവിന്റെ മകനായ പേക്കഹിനെതിരേ ഗൂഢാലോചന നടത്തി. അദ്ദേഹം പേക്കഹിനെ ആക്രമിച്ച് ചതിവിൽ കൊലപ്പെടുത്തി. അങ്ങനെ ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ ഇരുപതാമാണ്ടിൽ ഹോശേയ പേക്കഹിന്റെ അനന്തരാവകാശി എന്നനിലയിൽ രാജാവായി.
31 ൩൧ പേക്കഹിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്ത സകലതും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
പേക്കഹിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ, അയാൾ ചെയ്ത പ്രവൃത്തികൾ, ഇവയെല്ലാം ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
32 ൩൨ യിസ്രായേൽ രാജാവായ രെമല്യാവിന്റെ മകനായ പേക്കഹിന്റെ രണ്ടാം ആണ്ടിൽ യെഹൂദാ രാജാവായ ഉസ്സീയാവിന്റെ മകൻ യോഥാം രാജാവായി.
ഇസ്രായേൽരാജാവും രെമല്യാവിന്റെ മകനുമായ പേക്കഹിന്റെ രണ്ടാമാണ്ടിൽ യെഹൂദാരാജാവായ ഉസ്സീയാവിന്റെ മകനായ യോഥാം ഭരണം തുടങ്ങി.
33 ൩൩ അവൻ വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തഞ്ച് വയസ്സായിരുന്നു; അവൻ യെരൂശലേമിൽ പതിനാറ് സംവത്സരം വാണു; അവന്റെ അമ്മക്ക് യെരൂശാ എന്ന് പേരായിരുന്നു; അവൾ സാദോക്കിന്റെ മകൾ ആയിരുന്നു.
രാജാവാകുമ്പോൾ അദ്ദേഹത്തിന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അദ്ദേഹം പതിനാറുവർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മ സാദോക്കിന്റെ മകളായ യെരൂശാ ആയിരുന്നു.
34 ൩൪ അവൻ യഹോവയ്ക്ക് പ്രസാദമായത് ചെയ്തു; തന്റെ അപ്പനായ ഉസ്സീയാവ് ചെയ്തതുപോലെ ഒക്കെയും ചെയ്തു.
തന്റെ പിതാവായ ഉസ്സീയാവു ചെയ്തിരുന്നതുപോലെ അദ്ദേഹവും യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു.
35 ൩൫ എങ്കിലും പൂജാഗിരികൾക്ക് നീക്കംവന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു; അവൻ യഹോവയുടെ ആലയത്തിന്റെ മുകളിലുള്ള വാതിൽ പണിതു.
എന്നിരുന്നാലും ക്ഷേത്രങ്ങൾ നീക്കംചെയ്യപ്പെട്ടിരുന്നില്ല; ജനങ്ങൾ അവിടെ ബലി അർപ്പിക്കുന്നതും ധൂപാർച്ചന നടത്തുന്നതും തുടർന്നുപോന്നു. യഹോവയുടെ ആലയത്തിലേക്കുള്ള മുകളിലത്തെ കവാടം യോഥാം പുതുക്കിപ്പണിതു.
36 ൩൬ യോഥാമിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
യോഥാമിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹം ചെയ്ത പ്രവൃത്തികളുമെല്ലാം യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
37 ൩൭ ആ കാലത്ത് യഹോവ അരാം രാജാവായ രെസീനെയും രെമല്യാവിന്റെ മകനായ പേക്കഹിനെയും യെഹൂദക്കുനേരെ അയച്ചു തുടങ്ങി.
(ആ കാലത്ത് അരാംരാജാവായ രെസീനെയും രെമല്യാവിന്റെ മകനായ പേക്കഹിനെയും യഹോവ യെഹൂദയ്ക്കെതിരേ അയച്ചുതുടങ്ങി.)
38 ൩൮ യോഥാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ ആഹാസ് അവന് പകരം രാജാവായി.
യോഥാം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു. തന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ അദ്ദേഹവും അവരോടുകൂടി അടക്കപ്പെട്ടു. അദ്ദേഹത്തിന്റെ മകനായ ആഹാസ് തുടർന്നു രാജാവായി.