< 2 ദിനവൃത്താന്തം 34 >
1 ൧ യോശീയാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് എട്ട് വയസ്സായിരുന്നു; അവൻ മുപ്പത്തൊന്ന് സംവത്സരം യെരൂശലേമിൽ വാണു.
2 ൨ അവൻ യഹോവയ്ക്ക് പ്രസാദമായത് ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴികളിൽ, വലത്തോട്ടോ ഇടത്തോട്ടോ മാറാതെ നടന്നു.
3 ൩ അവന്റെ വാഴ്ചയുടെ എട്ടാം ആണ്ടിൽ, അവൻ ചെറുപ്പമായിരുന്നപ്പോൾ തന്നേ, അവൻ തന്റെ പിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിച്ചുതുടങ്ങി; പന്ത്രണ്ടാം ആണ്ടിൽ അവൻ പൂജാഗിരികളും അശേരാപ്രതിഷ്ഠകളും വിഗ്രഹങ്ങളും ബിംബങ്ങളും നീക്കി യെഹൂദയും യെരൂശലേമും വെടിപ്പാക്കുവാൻ തുടങ്ങി.
4 ൪ അവൻ കാൺകെ അവർ ബാല് വിഗ്രഹങ്ങളുടെ ബലിപീഠങ്ങൾ ഇടിച്ചുകളഞ്ഞു; അവയ്ക്ക് മീതെയുള്ള ധൂപപീഠങ്ങൾ അവൻ വെട്ടിക്കളഞ്ഞു; അശേരാപ്രതിഷ്ഠകളും വിഗ്രഹങ്ങളും ബിംബങ്ങളും തകർത്ത് പൊടിയാക്കി, അവയ്ക്ക് ബലികഴിച്ചവരുടെ കല്ലറകളിന്മേൽ വിതറിച്ചു.
5 ൫ അവൻ പൂജാരികളുടെ അസ്ഥികൾ അവരുടെ ബലിപീഠങ്ങളിന്മേൽ ദഹിപ്പിക്കയും യെഹൂദയെയും യെരൂശലേമിനെയും വെടിപ്പാക്കുകയും ചെയ്തു.
6 ൬ അങ്ങനെ തന്നെ അവൻ മനശ്ശെയുടെയും എഫ്രയീമിന്റെയും ശിമെയോന്റെയും പട്ടണങ്ങളിൽ നഫ്താലിവരെ ശുദ്ധീകരണ പ്രവർത്തി ചെയ്തു.
7 ൭ അവൻ ബലിപീഠങ്ങൾ ഇടിച്ച് അശേരാപ്രതിഷ്ഠകളും വിഗ്രഹങ്ങളും തകർത്ത് പൊടിയാക്കി, യിസ്രായേൽദേശം മുഴുവൻ സകല ധൂപപീഠങ്ങളും വെട്ടിക്കളഞ്ഞ ശേഷം യെരൂശലേമിലേക്ക് മടങ്ങിപ്പോന്നു.
8 ൮ അവന്റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടിൽ യിസ്രായേൽ ദേശവും ആലയവും വെടിപ്പാക്കിയശേഷം അവൻ അസല്യാവിന്റെ മകൻ ശാഫാനെയും നഗരാധിപതി മയശേയാവെയും യോവാശിന്റെ മകൻ കൊട്ടാരം കാര്യസ്ഥനായ യോവാഹിനെയും തന്റെ ദൈവമായ യഹോവയുടെ ആലയത്തിന്റെ കേടുപാട് തീർപ്പാൻ നിയോഗിച്ചു.
9 ൯ അവർ മഹാപുരോഹിതനായ ഹില്ക്കീയാവിന്റെ അടുക്കൽ ചെന്നപ്പോൾ, വാതിൽകാവല്ക്കാരായ ലേവ്യർ മനശ്ശെയോടും എഫ്രയീമിനോടും ശേഷമുള്ള എല്ലാ യിസ്രായേലിനോടും യെഹൂദയോടും ബെന്യാമീനോടും യെരൂശലേം നിവാസികളോടും പിരിച്ചെടുത്ത് ദൈവാലയത്തിൽ സൂക്ഷിച്ചിരുന്ന പണം അവരെ ഏല്പിച്ചു.
10 ൧൦ അവർ അത് യഹോവയുടെ ആലയത്തിൽ വേലചെയ്യിക്കുന്ന മേൽവിചാരകന്മാരുടെ കയ്യിലും, അവർ ആ പണം യഹോവയുടെ ആലയത്തിന്റെ കേടുപാട് തീർക്കുവാൻ ആലയത്തിൽ പണിചെയ്യുന്ന പണിക്കാർക്കും കൊടുത്തു.
11 ൧൧ ചെത്തിയ കല്ലും തുലാങ്ങൾക്കുള്ള തടിയും വാങ്ങേണ്ടതിനും യെഹൂദാ രാജാക്കന്മാരുടെ അശ്രദ്ധ മൂലം നശിച്ചുപോയിരുന്ന കെട്ടിടങ്ങൾക്ക് തുലാങ്ങൾ വെക്കേണ്ടതിനും കല്പണിക്കാർക്കും ആശാരിമാർക്കും കൂലി കൊടുക്കണ്ടതിനും തന്നേ.
12 ൧൨ ആ പുരുഷന്മാർ വിശ്വസ്തതയോടെ പ്രവർത്തിച്ചു; മെരാര്യരിൽ, യഹത്ത്, ഓബദ്യാവ് എന്നീ ലേവ്യരും, കെഹാത്യരിൽ സെഖര്യാവ് മെശുല്ലാം എന്നിവരും അവരുടെ മേൽവിചാരകന്മാർ ആയിരുന്നു.
13 ൧൩ വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നതിൽ സാമർത്ഥ്യമുള്ള ലേവ്യർ, ചുമട്ടുകാർക്കും പലവിധ വേലചെയ്യുന്ന എല്ലാ പണിക്കാർക്കും മേൽവിചാരകന്മാരായിരുന്നു; ലേവ്യരിൽ ചിലർ രേഖകളുടെ എഴുത്തുകാരും, ഉദ്യോഗസ്ഥന്മാരും വാതിൽകാവല്ക്കാരും, ആയിരുന്നു.
14 ൧൪ അവർ യഹോവയുടെ ആലയത്തിൽ പിരിഞ്ഞുകിട്ടിയ പണം പുറത്ത് എടുത്തപ്പോൾ ഹില്ക്കീയാപുരോഹിതൻ യഹോവ മോശെമുഖാന്തരം കൊടുത്ത ന്യായപ്രമാണപുസ്തകം കണ്ടെത്തി.
15 ൧൫ ഹില്ക്കീയാവ് കൊട്ടാരം കാര്യസ്ഥനായ ശാഫാനോട്: “ഞാൻ യഹോവയുടെ ആലയത്തിൽ ന്യായപ്രമാണപുസ്തകം കണ്ടെത്തിയിരിക്കുന്നു” എന്ന് പറഞ്ഞു. ഹില്ക്കീയാവ് പുസ്തകം ശാഫാന്റെ കയ്യിൽ കൊടുത്തു.
16 ൧൬ ശാഫാൻ പുസ്തകം രാജാവിന്റെ അടുക്കൽ കൊണ്ടുചെന്ന് രാജസന്നിധിയിൽ ബോധിപ്പിച്ചത്: “അടിയങ്ങൾക്ക് കല്പന തന്നതുപോലെ എല്ലാം ചെയ്തിരിക്കുന്നു.
17 ൧൭ യഹോവയുടെ ആലയത്തിൽ സൂക്ഷിച്ചിരുന്ന പണം പുറത്തെടുത്ത് വിചാരകന്മാരുടെ കയ്യിലും പണിക്കാരുടെ കയ്യിലും കൊടുത്തിരിക്കുന്നു”.
18 ൧൮ കൊട്ടാരം കാര്യസ്ഥനായ ശാഫാൻ രാജാവിനോട്: “ഹില്ക്കീയാപുരോഹിതൻ ഒരു പുസ്തകം എന്റെ കയ്യിൽ തന്നിരിക്കുന്നു” എന്നും ബോധിപ്പിച്ചു; ശാഫാൻ അതിനെ രാജസന്നിധിയിൽ വായിച്ചു കേൾപ്പിച്ചു.
19 ൧൯ ന്യായപ്രമാണത്തിലെ വചനങ്ങൾ കേട്ട രാജാവ് വസ്ത്രം കീറി.
20 ൨൦ രാജാവ് ഹില്ക്കീയാവിനോടും, ശാഫാന്റെ മകൻ അഹീക്കാമിനോടും, മീഖയുടെ മകൻ അബ്ദോനോടും, കൊട്ടാരം കാര്യസ്ഥനായ ശാഫാനോടും, രാജഭൃത്യനായ അസായാവിനോടും കല്പിച്ചത് എന്തെന്നാൽ:
21 ൨൧ “നിങ്ങൾ ചെന്ന്, കണ്ടുകിട്ടിയിരിക്കുന്ന ഈ പുസ്തകത്തിലെ വചനങ്ങളെക്കുറിച്ച് എനിക്കും, യിസ്രായേലിലും യെഹൂദയിലും ശേഷിച്ചിരിക്കുന്നവർക്കും വേണ്ടി യഹോവയോട് അരുളപ്പാട് ചോദിപ്പിൻ; ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതെല്ലാം അനുസരിച്ച് നമ്മുടെ പിതാക്കന്മാർ യഹോവയുടെ വചനം പ്രമാണിക്കാതെയിരുന്നതുകൊണ്ട് നമ്മുടെമേൽ ചൊരിഞ്ഞിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ”.
22 ൨൨ അങ്ങനെ ഹില്ക്കീയാവും രാജാവ് നിയോഗിച്ചവരും ഹസ്രയുടെ മകനായ തൊക്ഹത്തിന്റെ മകൻ, രാജവസ്ത്രവിചാരകനായ ശല്ലൂമിന്റെ ഭാര്യ ഹുൽദാ എന്ന പ്രവാചകിയുടെ അടുക്കൽ ചെന്ന് - അവൾ യെരൂശലേമിൽ രണ്ടാം ഭാഗത്ത് പാർത്തിരുന്നു അവളോട് ആ സംഗതിയെക്കുറിച്ച് സംസാരിച്ചു.
23 ൨൩ അവൾ അവരോട് ഉത്തരം പറഞ്ഞത്: “നിങ്ങളെ എന്റെ അടുക്കൽ അയച്ച പുരുഷനോട് നിങ്ങൾ പറയേണ്ടത് എന്തെന്നാൽ:
24 ൨൪ ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിനും നിവാസികൾക്കും യെഹൂദാരാജാവിന്റെ മുമ്പാകെ വായിച്ചുകേൾപ്പിച്ച പുസ്തകത്തിൽ എഴുതിയിരിക്കുന്ന സകല ശാപങ്ങളും വരുത്തും.
25 ൨൫ അവർ എന്നെ ഉപേക്ഷിച്ച് തങ്ങളുടെ സകലപ്രവൃത്തികളാലും എനിക്ക് കോപം വരത്തക്കവണ്ണം അന്യദൈവങ്ങൾക്ക് ധൂപം കാട്ടിയതുകൊണ്ട് എന്റെ കോപാഗ്നി ഈ സ്ഥലത്ത് ചൊരിയും; അത് കെട്ടുപോകയും ഇല്ല.’
26 ൨൬ എന്നാൽ യഹോവയോട് ചോദിപ്പാൻ നിങ്ങളെ അയച്ച യെഹൂദാരാജാവിനോട് നിങ്ങൾ പറയേണ്ടത് എന്തെന്നാൽ: ‘നീ കേട്ടിരിക്കുന്ന വചനങ്ങളെക്കുറിച്ച് യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു;
27 ൨൭ ഈ സ്ഥലത്തിനും നിവാസികൾക്കും വിരോധമായുള്ള ദൈവത്തിന്റെ വചനങ്ങൾ നീ കേട്ടപ്പോൾ നിന്റെ ഹൃദയം അലിഞ്ഞ്, അവന്റെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തുകയും, നിന്റെ വസ്ത്രം കീറി എന്റെ മുമ്പാകെ കരയുകയും ചെയ്കകൊണ്ട് ഞാനും നിന്റെ അപേക്ഷ കേട്ടിരിക്കുന്നു.
28 ൨൮ ഞാൻ നിന്നെ നിന്റെ പിതാക്കന്മാരോട് ചേർത്തുകൊള്ളും; നീ സമാധാനത്തോടെ നിന്റെ കല്ലറയിൽ അടക്കപ്പെടും; ഞാൻ ഈ സ്ഥലത്തിനും നിവാസികൾക്കും വരുത്തുവാൻ പോകുന്ന അനർത്ഥമൊന്നും നിന്റെ കണ്ണ് കാണുകയുമില്ല”. അവർ രാജാവിനെ ഈ മറുപടി ബോധിപ്പിച്ചു.
29 ൨൯ അനന്തരം രാജാവ് ആളയച്ച് യെഹൂദയിലും യെരൂശലേമിലും ഉള്ള എല്ലാ മൂപ്പന്മാരെയും കൂട്ടിവരുത്തി.
30 ൩൦ രാജാവും സകലയെഹൂദാ പുരുഷന്മാരും യെരൂശലേം നിവാസികളും പുരോഹിതന്മാരും ലേവ്യരും വലിയവരും ചെറിയവരും ആയ സർവ്വജനവും യഹോവയുടെ ആലയത്തിൽ ചെന്നു; അവൻ യഹോവയുടെ ആലയത്തിൽ കണ്ടുകിട്ടിയ നിയമപുസ്തകത്തിലെ വചനങ്ങളെല്ലാം അവരെ കേൾപ്പിച്ചു.
31 ൩൧ രാജാവ് തന്റെ സ്ഥാനത്ത് എഴുന്നേറ്റ് നിന്ന്, താൻ യഹോവയെ അനുസരിക്കുകയും അവന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ പ്രമാണിച്ചുനടക്കയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിന്റെ വചനങ്ങൾ ആചരിക്കുകയും ചെയ്യുമെന്നും യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു.
32 ൩൨ യെരൂശലേമിലും ബെന്യാമീനിലും ഉണ്ടായിരുന്നവരെ ഒക്കെയും അവൻ ഈ ഉടമ്പടിയിൽ പങ്കാളികളാക്കി. യെരൂശലേം നിവാസികൾ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തിന്റെ നിയമപ്രകാരം എല്ലാം ചെയ്തു.
33 ൩൩ യോശീയാവ് യിസ്രായേൽ മക്കളുടെ സകലദേശങ്ങളിൽനിന്നും സകലമ്ലേച്ഛതകളും നീക്കിക്കളഞ്ഞ്, യിസ്രായേലിൽ ഉള്ളവരെല്ലാം തങ്ങളുടെ ദൈവമായ യഹോവയെ ഉത്സാഹത്തോടെ സേവിക്കുവാൻ സംഗതിവരുത്തി. അവന്റെ കാലത്ത് അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വിട്ടുമാറിയില്ല.