< 2 ദിനവൃത്താന്തം 19 >

1 യെഹൂദാ രാജാവായ യെഹോശാഫാത്ത് യെരൂശലേമിൽ തന്റെ അരമനയിലേക്ക് സമാധാനത്തോടെ മടങ്ങിവന്നപ്പോൾ
യെഹൂദാരാജാവായ യെഹോശാഫാത്ത് യെരൂശലേമിൽ തന്റെ അരമനയിലേക്കു സമാധാനത്തോടെ മടങ്ങിവന്നപ്പോൾ
2 ഹനാനിയുടെ മകനായ യേഹൂദർശകൻ അവനെ എതിരേറ്റുചെന്ന് യെഹോശാഫാത്ത് രാജാവിനോട്: “ദുഷ്ടന് സഹായം ചെയ്യുന്നതും, യഹോവയെ പകെക്കുന്നവരോട് സ്നേഹം കാണിക്കുന്നതും ശരിയോ? അതുകൊണ്ട് യഹോവയുടെ കോപം നിന്റെമേൽ വന്നിരിക്കുന്നു.
ഹനാനിയുടെ മകനായ യേഹൂദർശകൻ അവനെ എതിരേറ്റുചെന്നു യെഹോശാഫാത്ത് രാജാവിനോടു: ദുഷ്ടന്നു സഹായം ചെയ്യുന്നതു വിഹിതമോ? യഹോവയെ പകെക്കുന്നവരോടു നീ സ്നേഹം കാണിക്കുന്നുവോ അതുകൊണ്ടു യഹോവയിങ്കൽനിന്നു കോപം നിന്റെമേൽ വന്നിരിക്കുന്നു.
3 എങ്കിലും നീ അശേരാപ്രതിഷ്ഠകളെ നീക്കിക്കളകയും ദൈവത്തെ അന്വേഷിപ്പാൻ മനസ്സുവെക്കയും ചെയ്തതിനാൽ നിന്നിൽ നന്മയും കണ്ടിരിക്കുന്നു” എന്ന് പറഞ്ഞു.
എങ്കിലും നീ അശേരാപ്രതിഷ്ഠകളെ നീക്കിക്കളകയും ദൈവത്തെ അന്വേഷിപ്പാൻ മനസ്സുവെക്കയും ചെയ്തതിനാൽ നന്മയും നിന്നിൽ കണ്ടിരിക്കുന്നു എന്നു പറഞ്ഞു.
4 യെഹോശാഫാത്ത് യെരൂശലേമിൽ പാർത്തു, ബേർ-ശേബമുതൽ എഫ്രയീംമലനാടുവരെ ജനത്തിന്റെ ഇടയിൽ വീണ്ടും സഞ്ചരിച്ച് അവരെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിലേക്ക് തിരിച്ചുവരുത്തി.
യെഹോശാഫാത്ത് യെരൂശലേമിൽ പാർത്തു, ബേർ-ശേബമുതൽ എഫ്രയീംമലനാടുവരെ ജനത്തിന്റെ ഇടയിൽ വീണ്ടും സഞ്ചരിച്ചു അവരെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിങ്കലേക്കു തിരിച്ചുവരുത്തി.
5 അവൻ ദേശത്ത്, യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളിലെല്ലാം ന്യായാധിപന്മാരെ നിയമിച്ചു. അവരോട് പറഞ്ഞത്:
അവൻ ദേശത്തു പട്ടണംതോറും യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളിലൊക്കെയും ന്യായാധിപന്മാരെ നിയമിച്ചു:
6 “നിങ്ങൾ ചെയ്യുന്നത് സൂക്ഷിച്ചുകൊള്ളുവിൻ; നിങ്ങൾ മനുഷ്യർക്കല്ല, യഹോവക്കു വേണ്ടിയത്രേ ന്യായപാലനം ചെയ്യുന്നത്; ന്യായപാലനത്തിൽ അവൻ നിങ്ങളോടുകൂടെ ഇരിക്കുന്നു.
നിങ്ങൾ ചെയ്യുന്നതു സൂക്ഷിച്ചുകൊൾവിൻ; നിങ്ങൾ മനുഷ്യർക്കല്ല, യഹോവെക്കു വേണ്ടിയത്രേ ന്യായപാലനം ചെയ്യുന്നതു; ന്യായപാലനത്തിൽ അവൻ നിങ്ങളോടുകൂടെ ഇരിക്കുന്നു.
7 ആകയാൽ ദൈവഭയം നിങ്ങളിൽ ഉണ്ടായിരിക്കട്ടെ; സൂക്ഷിച്ച് പ്രവർത്തിച്ചുകൊൾവിൻ; നമ്മുടെ ദൈവമായ യഹോവയുടെ പക്കൽ അന്യായവും മുഖപക്ഷവും കൈക്കൂലി വാങ്ങലും ഇല്ലല്ലോ”.
ആകയാൽ യഹോവാഭയം നിങ്ങളിൽ ഇരിക്കട്ടെ; സൂക്ഷിച്ചു പ്രവർത്തിച്ചുകൊൾവിൻ; നമ്മുടെ ദൈവമായ യഹോവയുടെ പക്കൽ അന്യായവും മുഖപക്ഷവും കൈക്കൂലി വാങ്ങുന്നതും ഇല്ലല്ലോ.
8 കൂടാതെ യെരൂശലേമിലും, യെഹോശാഫാത്ത്, ലേവ്യരിലും പുരോഹിതന്മാരിലും യിസ്രായേലിന്റെ പിതൃഭവനത്തലവന്മാരിലും ചിലരെ യഹോവയുടെ ന്യായപാലനത്തിനായും വ്യവഹാരം തീർക്കേണ്ടതിനായും നിയമിച്ചു;
യെരൂശലേമിലും യെഹോശാഫാത്ത് ലേവ്യരിലും പുരോഹിതന്മാരിലും യിസ്രായേലിന്റെ പിതൃഭവനത്തലവന്മാരിലും ചിലരെ യഹോവയുടെ ന്യായപാലനത്തിന്നായിട്ടും വ്യവഹാരം തീക്കേണ്ടതിന്നായിട്ടും നിയമിച്ചു;
9 അവർ യെരൂശലേമിൽ മടങ്ങിവന്നു. അവൻ അവരോട് കല്പിച്ചതെന്തെന്നാൽ: “നിങ്ങൾ ദൈവ ഭയത്തോടും, വിശ്വസ്തതയോടും, ഏകാഗ്രഹൃദയത്തോടുംകൂടെ പ്രവർത്തിച്ചുകൊള്ളേണം”.
അവർ യെരൂശലേമിൽ മടങ്ങിവന്നു. അവൻ അവരോടു കല്പിച്ചതു എന്തെന്നാൽ: നിങ്ങൾ യഹോവാഭയത്തോടും വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും കൂടെ ഇങ്ങനെ പ്രവർത്തിച്ചുകൊള്ളേണം.
10 ൧൦ ഓരോ പട്ടണത്തിലും പാർക്കുന്ന നിങ്ങളുടെ സഹോദരന്മാർ രക്തപാതകം, ന്യായപ്രമാണം, കല്പനകൾ, ചട്ടങ്ങൾ, വിധികൾ എന്നിവയെ സംബന്ധിച്ചുള്ള ഏതൊരു വ്യവഹാരവുമായി നിങ്ങളുടെ മുമ്പാകെ വന്നാൽ, അവർ യഹോവയോട് അകൃത്യം ചെയ്തിട്ട് നിങ്ങളുടെമേലും നിങ്ങളുടെ സഹോദരന്മാരുടെമേലും ക്രോധം വരാതിരിക്കേണ്ടതിന് നിങ്ങൾ അവർക്ക് ബുദ്ധി ഉപദേശിച്ചു കൊടുക്കണം; നിങ്ങൾ കുറ്റക്കാരാകാതിരിക്കേണ്ടതിന് അങ്ങനെ ചെയ്തുകൊൾവിൻ.
അതതു പട്ടണത്തിൽ പാർക്കുന്ന നിങ്ങളുടെ സഹോദരന്മാർ വിവിധരക്തപാതകങ്ങളെയും ന്യായപ്രമാണത്തെയും കല്പനയെയും ചട്ടങ്ങളെയും വിധികളെയും സംബന്ധിച്ചു ഏതൊരു വ്യവഹാരവും നിങ്ങളുടെ മുമ്പാകെ കൊണ്ടുവന്നാൽ, അവർ യഹോവയോടു അകൃത്യം ചെയ്തിട്ടു നിങ്ങളുടെമേലും നിങ്ങളുടെ സഹോദരന്മാരുടെമേലും ക്രോധം വരാതിരിക്കേണ്ടതിന്നു നിങ്ങൾ അവർക്കു ബുദ്ധിയുപദേശിച്ചുകൊടുക്കേണം; നിങ്ങൾ കുറ്റക്കാരാകാതിരിക്കേണ്ടതിന്നു അങ്ങനെ ചെയ്തുകൊൾവിൻ.
11 ൧൧ ഇതാ, മഹാപുരോഹിതനായ അമര്യാവ് യഹോവയുടെ എല്ലാകാര്യത്തിലും, യെഹൂദാഗൃഹത്തിന്റെ പ്രഭുവായ യിശ്മായേലിന്റെ മകൻ സെബദ്യാവ് രാജാവിന്റെ എല്ലാകാര്യത്തിലും നിങ്ങൾക്ക് തലവന്മാരായിരിക്കുന്നു; ലേവ്യരും ഉദ്യോഗസ്ഥന്മാരായി നിങ്ങൾക്കുണ്ട്. ധൈര്യപ്പെട്ട് പ്രവർത്തിച്ചുകൊൾവീൻ; യഹോവ നല്ലവരോടുകൂടെ ഇരിക്കും”.
ഇതാ, മഹാപുരോഹിതനായ അമര്യാവു യഹോവയുടെ എല്ലാകാര്യത്തിലും യെഹൂദാഗൃഹത്തിന്റെ പ്രഭുവായ യിശ്മായേലിന്റെ മകൻ സെബദ്യാവു രാജാവിന്റെ എല്ലാകാര്യത്തിലും നിങ്ങൾക്കു തലവന്മാരായിരിക്കുന്നു; ലേവ്യരും ഉദ്യോഗസ്ഥന്മാരായി നിങ്ങൾക്കു ഉണ്ടു. ധൈര്യപ്പെട്ടു പ്രവർത്തിച്ചുകൊൾവിൻ; യഹോവ നല്ലവരോടുകൂടെ ഇരിക്കും.

< 2 ദിനവൃത്താന്തം 19 >