< 2 ദിനവൃത്താന്തം 15 >
1 ൧ അനന്തരം ഓദേദിന്റെ മകനായ അസര്യാവിന്റെ മേൽ ദൈവത്തിന്റെ ആത്മാവ് വന്നു.
2 ൨ അവൻ ആസയെ എതിരേറ്റ് അവനോട് പറഞ്ഞതെന്തെന്നാൽ: “ആസ രാജാവേ, യെഹൂദ്യരും ബെന്യാമീന്യരും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പീൻ; നിങ്ങൾ യഹോവയോടുകൂടെ ആയിരിക്കുന്നേടത്തോളം അവൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും; അവനെ അന്വേഷിക്കുന്നു എങ്കിൽ നിങ്ങൾ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിങ്ങളെയും ഉപേക്ഷിക്കും.
3 ൩ യിസ്രായേൽ ദീർഘകാലമായി സത്യദൈവവും ഉപദേശിക്കുന്ന പുരോഹിതനും ന്യായപ്രമാണവും ഇല്ലാതിരിക്കുന്നു;
4 ൪ എന്നാൽ അവർ തങ്ങളുടെ ഞെരുക്കത്തിൽ യിസ്രായേലിന്റെ ദൈവമായ യഹോവയിലേക്ക് തിരിഞ്ഞ് അവനെ അന്വേഷിച്ചപ്പോൾ, അവർ അവനെ കണ്ടെത്തി.
5 ൫ ആ കാലത്ത് ദേശനിവാസികൾക്ക് മഹാകലാപങ്ങൾ മൂലം സമാധാനം നഷ്ടമാകയും പോക്കുവരവ് സുരക്ഷിതമല്ലാതാകയും ചെയ്തു.
6 ൬ ദൈവം അവരെ സകലവിധ കഷ്ടങ്ങളാലും പീഡിപ്പിച്ചതുകൊണ്ട് ജനത ജനതയേയും പട്ടണം പട്ടണത്തെയും നശിപ്പിച്ചു.
7 ൭ എന്നാൽ നിങ്ങൾ ധൈര്യമായിരിപ്പിൻ; നിങ്ങളുടെ കൈകൾ തളർന്നുപോകരുത്; നിങ്ങളുടെ പ്രവൃത്തിക്ക് പ്രതിഫലം ഉണ്ടാകും”.
8 ൮ ആസാ ഈ വാക്കുകളും ഓദേദ് പ്രവാചകന്റെ പ്രവചനവും കേട്ടപ്പോൾ ധൈര്യപ്പെട്ട്, യെഹൂദയുടെയും ബെന്യാമീന്റെയും ദേശത്തുനിന്നും, എഫ്രയീംമലനാട്ടിൽ അവൻ പിടിച്ചിരുന്ന പട്ടണങ്ങളിൽനിന്നും മ്ലേച്ഛവിഗ്രഹങ്ങളെ നീക്കിക്കളകയും യഹോവയുടെ മണ്ഡപത്തിൻമുമ്പിലുള്ള യഹോവയുടെ യാഗപീഠം പുതുക്കുകയും ചെയ്തു.
9 ൯ പിന്നെ അവൻ യെഹൂദ്യരെയും, ബെന്യാമീന്യരെയും, എഫ്രയീമിൽനിന്നും മനശ്ശെയിൽനിന്നും ശിമെയോനിൽ നിന്നും അവരുടെ അടുക്കൽ വന്നുപാർക്കുന്നവരെയും കൂട്ടിവരുത്തി; ദൈവമായ യഹോവ അവനോടുകൂടെയുണ്ട് എന്ന് കണ്ടിട്ട് യിസ്രായേലിൽനിന്ന് അനേകർ വന്ന് അവനോട് ചേർന്നു.
10 ൧൦ ഇങ്ങനെ അവർ ആസയുടെ വാഴ്ചയുടെ പതിനേഴാം ആണ്ടിന്റെ മൂന്നാം മാസത്തിൽ യെരൂശലേമിൽ വന്നുകൂടി.
11 ൧൧ തങ്ങൾ കൊണ്ടുവന്ന കൊള്ളയിൽനിന്ന് അവർ എഴുനൂറ് കാളകളെയും ഏഴായിരം ആടുകളെയും അന്ന് യഹോവയ്ക്ക് യാഗം കഴിച്ചു.
12 ൧൨ പിന്നെ അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടെ അന്വേഷിച്ചുകൊള്ളാമെന്നും
13 ൧൩ ചെറിയവനോ വലിയവനോ പുരുഷനോ സ്ത്രീയോ ആരായാലും യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കാത്തവർ മരണശിക്ഷ അനുഭവിക്കേണമെന്നും ഒരു നിയമം ചെയ്തു.
14 ൧൪ അവർ മഹാഘോഷത്തോടും ആർപ്പോടും കാഹളങ്ങളോടും കുഴലുകളോടും കൂടെ യഹോവയുടെ മുമ്പാകെ സത്യംചെയ്തു.
15 ൧൫ എല്ലായെഹൂദ്യരും സത്യംനിമിത്തം സന്തോഷിച്ചു; അവർ പൂർണ്ണഹൃദയത്തോടെ സത്യംചെയ്ത് പൂർണ്ണതാല്പര്യത്തോടുകൂടെ അവനെ അന്വേഷിച്ചതുകൊണ്ട് അവർ അവനെ കണ്ടെത്തുകയും യഹോവ അവർക്ക് എല്ലായിടത്തും സ്വസ്ഥത നല്കുകയും ചെയ്തു.
16 ൧൬ ആസാ രാജാവ് തന്റെ അമ്മയായ മയഖയെ അവൾ അശേരക്ക് ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതുകൊണ്ട് രാജ്ഞിസ്ഥാനത്തുനിന്ന് നീക്കിക്കളഞ്ഞു; അവളുടെ മ്ലേച്ഛവിഗ്രഹം ആസാ വെട്ടിനുറുക്കി കിദ്രോൻ തോട്ടിനരികെ വെച്ച് ചുട്ടുകളഞ്ഞു.
17 ൧൭ എന്നാൽ പൂജാഗിരികൾക്ക് യിസ്രായേലിൽ നീക്കംവന്നില്ല; എങ്കിലും ആസയുടെ ഹൃദയം അവന്റെ ജീവകാലമൊക്കെയും ഏകാഗ്രമായിരുന്നു.
18 ൧൮ വെള്ളി, പൊന്ന്, ഉപകരണങ്ങൾ എന്നിങ്ങനെ തന്റെ അപ്പനും താനും നിവേദിച്ച വസ്തുക്കൾ അവൻ ദൈവാലയത്തിലേക്ക് കൊണ്ടുവന്നു.
19 ൧൯ ആസയുടെ വാഴ്ചയുടെ മുപ്പത്തഞ്ചാം സംവത്സരംവരെ വീണ്ടും യുദ്ധം ഉണ്ടായില്ല.