< 1 കൊരിന്ത്യർ 16 >
1 ൧ വിശുദ്ധന്മാർക്ക് വേണ്ടിയുള്ള ധനശേഖരണത്തിന്റെ കാര്യത്തിലോ ഞാൻ ഗലാത്യസഭകളോട് ആജ്ഞാപിച്ചതുപോലെ നിങ്ങളും ചെയ്യുവിൻ.
2 ൨ ഞാൻ വരുമ്പോൾ ശേഖരണം നടത്താതിരിക്കേണ്ടതിന്, എല്ലാ ആഴ്ചയുടെ ഒന്നാം ദിവസംതോറും നിങ്ങളിൽ ഓരോരുത്തൻ തന്റെ കഴിവിനനുസരിച്ച് മാറ്റി വച്ചു സൂക്ഷിക്കണം.
3 ൩ ഞാൻ എത്തിയശേഷം നിങ്ങളുടെ ദാനം യെരൂശലേമിലേക്ക് കൊണ്ടുപോകുവാൻ നിങ്ങൾ അംഗീകരിക്കുന്നവരെ ഞാൻ എഴുത്തോടുകൂടെ അയയ്ക്കും.
4 ൪ ഞാനും പോകണമെന്നത് യോഗ്യമായിരുന്നാൽ അവർക്ക് എന്നോടുകൂടെ പോരാം.
5 ൫ മക്കെദോന്യയിൽകൂടി കടന്നശേഷം ഞാൻ നിങ്ങളുടെ അടുക്കൽ വരും; മക്കെദോന്യയിൽകൂടി ആകുന്നു ഞാൻ വരുന്നത്.
6 ൬ ഞാൻ പോകുന്നിടത്തേക്ക് നിങ്ങൾ എന്നെ യാത്ര അയക്കുവാൻ തക്കവണ്ണം ഒരുപക്ഷേ നിങ്ങളോടുകൂടെ പാർക്കും; തണുപ്പുകാലംകൂടെ കഴിക്കുമായിരിക്കും.
7 ൭ കർത്താവ് അനുവദിച്ചാൽ കുറേക്കാലം നിങ്ങളോടുകൂടെ പാർക്കുവാൻ ആശിക്കുന്നതുകൊണ്ട് ഞാൻ ഈ പ്രാവശ്യം കടന്നുപോകുംവഴിയിൽ അല്ല നിങ്ങളെ കാണുവാൻ ഇച്ഛിക്കുന്നത്.
8 ൮ എന്നാൽ എഫെസൊസിൽ ഞാൻ പെന്തെക്കൊസ്ത് വരെ പാർക്കും.
9 ൯ എന്തെന്നാൽ എനിക്ക് വലിയതും സഫലവുമായൊരു വാതിൽ തുറന്നിരിക്കുന്നു; എതിരാളികളും പലർ ഉണ്ട്.
10 ൧൦ തിമൊഥെയൊസ് വന്നാൽ അവൻ നിങ്ങളുടെ ഇടയിൽ നിർഭയനായിരിക്കുവാൻ നോക്കുവിൻ; എന്നെപ്പോലെ തന്നെ അവൻ കർത്താവിന്റെ വേല ചെയ്യുന്നുവല്ലോ.
11 ൧൧ അതുകൊണ്ട്, ആരും അവനെ തുച്ഛീകരിക്കരുത്; ഞാൻ സഹോദരന്മാരുമായി അവനെ കാത്തിരിക്കുകകൊണ്ട് എന്റെ അടുക്കൽ വരുവാൻ അവനെ സമാധാനത്തോടെ യാത്ര അയക്കുവിൻ.
12 ൧൨ സഹോദരനായ അപ്പൊല്ലോസിന്റെ കാര്യമോ, അവൻ സഹോദരന്മാരോടുകൂടെ നിങ്ങളുടെ അടുക്കൽ വരേണം എന്ന് ഞാൻ അവനോട് വളരെ അപേക്ഷിച്ചു എങ്കിലും ഇപ്പോൾ വരുവാൻ അവന് ഒട്ടും താല്പര്യമില്ല; അവസരം കിട്ടിയാൽ അവൻ വരും.
13 ൧൩ ഉണർന്നിരിക്കുവിൻ; വിശ്വാസത്തിൽ നിലനിൽക്കുവിൻ; പുരുഷത്വം കാണിക്കുവിൻ; ശക്തിപ്പെടുവിൻ.
14 ൧൪ നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്യുവിൻ.
15 ൧൫ സഹോദരന്മാരേ, സ്തെഫാനാസിന്റെ കുടുംബം അഖായയിലെ ആദ്യഫലം എന്നും അവർ വിശുദ്ധന്മാരുടെ ശുശ്രൂഷയ്ക്ക് തങ്ങളെത്തന്നെ ഏല്പിച്ചിരിക്കുന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ.
16 ൧൬ ഇങ്ങനെയുള്ളവർക്കും അവരോടുകൂടെ പ്രവർത്തിക്കുകയും അദ്ധ്വാനിക്കുകയും ചെയ്യുന്ന ഏവനും നിങ്ങളും കീഴ്പെട്ടിരിക്കണം എന്ന് ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.
17 ൧൭ സ്തെഫാനാസും ഫൊർത്തുനാതൊസും അഖായിക്കൊസും വന്നത് എനിക്ക് സന്തോഷമായി. നിങ്ങളുടെ ഭാഗത്ത് കുറവായിരുന്നത് അവർ നികത്തിയിരിക്കുന്നു.
18 ൧൮ എന്തെന്നാൽ അവർ എന്റെ മനസ്സിലും നിങ്ങളുടെ മനസ്സിലും ഉന്മേഷം പകർന്നതുകൊണ്ട് ഇങ്ങനെയുള്ളവരെ മാനിച്ചുകൊള്ളുവിൻ.
19 ൧൯ ആസ്യയിലെ സഭകൾ നിങ്ങളെ വന്ദനം ചെയ്യുന്നു; അക്വിലാവും പ്രിസ്കയും അവരുടെ ഭവനത്തിലെ സഭയോടുകൂടെ കർത്താവിൽ നിങ്ങളെ ഹൃദ്യമായി വന്ദനം ചെയ്യുന്നു.
20 ൨൦ സകലസഹോദരന്മാരും നിങ്ങളെ വന്ദനം ചെയ്യുന്നു; വിശുദ്ധചുംബനത്താൽ അന്യോന്യം വന്ദനം ചെയ്യുവിൻ.
21 ൨൧ പൗലൊസ് എന്ന ഞാൻ എന്റെ സ്വന്തകയ്യാൽ വന്ദനം ചെയ്യുന്നു.
22 ൨൨ കർത്താവിനെ സ്നേഹിക്കാത്തവൻ ഏവനും ശപിക്കപ്പെട്ടവൻ! നമ്മുടെ കർത്താവ് വരുന്നു.
23 ൨൩ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
24 ൨൪ ക്രിസ്തുയേശുവിൽ എന്റെ സ്നേഹം നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.