< സെഫന്യാവു 2 >
1 നാണമില്ലാത്ത ജാതിയേ, നിൎണ്ണയം ഫലിക്കുന്നതിന്നു മുമ്പെ - ദിവസം പതിർപോലെ പാറിപ്പോകുന്നു - യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ വരുന്നതിന്നു മുമ്പെ,
നാണംകെട്ട ജനതയേ, കൂട്ടിവരുത്തുക, നിങ്ങൾ നിങ്ങളെത്തന്നെ കൂട്ടിവരുത്തുക.
2 യഹോവയുടെ കോപദിവസം നിങ്ങളുടെ മേൽ വരുന്നതിന്നു മുമ്പെ, കൂടിവരുവിൻ; അതേ, കൂടിവരുവിൻ!
നിശ്ചയിക്കപ്പെട്ട സമയം വന്നെത്തുന്നതിനും ആ ദിവസം പതിരുപോലെ വീശിക്കളയുന്നതിനുംമുമ്പേ, യഹോവയുടെ ഭയങ്കരകോപം നിന്റെമേൽ വരുന്നതിനുംമുമ്പേ, യഹോവയുടെ ക്രോധദിവസം നിന്റെമേൽ വരുന്നതിനുംമുമ്പേതന്നെ കൂടിവരിക.
3 യഹോവയുടെ ന്യായം പ്രവൎത്തിക്കുന്നവരായി ഭൂമിയിലെ സകലസൌമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൌമ്യത അന്വേഷിപ്പിൻ; പക്ഷെ നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം.
ദേശത്തിലെ എളിയവരേ, അവിടത്തെ കൽപ്പനകൾ അനുസരിക്കുന്നവരേ, യഹോവയെ അന്വേഷിക്കുക. നീതിയെ അന്വേഷിക്കുക, താഴ്മയെ അന്വേഷിക്കുക; പക്ഷേ, യഹോവയുടെ കോപദിവസത്തിൽ നിങ്ങൾക്ക് സംരക്ഷണം ലഭിക്കും.
4 ഗസ്സാ നിൎജ്ജനമാകും; അസ്കലോൻ ശൂന്യമായ്തീരും; അസ്തോദിനെ അവർ മദ്ധ്യാഹ്നത്തിങ്കൽ നീക്കിക്കളയും; എക്രോന്നു നിൎമ്മൂലനാശം വരും.
ഗസ്സാ ഉപേക്ഷിക്കപ്പെടും അസ്കലോൻ ഉന്മൂലനംചെയ്യപ്പെടും. നട്ടുച്ചയ്ക്ക് അശ്ദോദ് ശൂന്യമാകും എക്രോൻ തകർന്നുപോകും.
5 സമുദ്രതീരനിവാസികളായ ക്രേത്യജാതിക്കു അയ്യോ കഷ്ടം! ഫെലിസ്ത്യദേശമായ കനാനേ, യഹോവയുടെ വചനം നിങ്ങൾക്കു വിരോധമായിരിക്കുന്നു; നിനക്കു നിവാസികൾ ഇല്ലാതാകുംവണ്ണം ഞാൻ നിന്നെ നശിപ്പിക്കും.
സമുദ്രതീരവാസികളേ, കെരീത്യരേ, നിങ്ങൾക്കു ഹാ കഷ്ടം! ഫെലിസ്ത്യരുടെ ദേശമായ കനാനേ, യഹോവയുടെ വചനം നിങ്ങൾക്കു വിരോധമായിരിക്കുന്നു: “ഞാൻ നിന്നെ നശിപ്പിക്കും. ആരും ശേഷിക്കുകയില്ല.”
6 സമുദ്രതീരം ഇടയന്മാൎക്കു കുടിലുകളും ആട്ടിൻകൂട്ടങ്ങൾക്കു തൊഴുത്തുകളും ഉള്ള പുല്പുറങ്ങളായ്തീരും.
ക്രേത്യർ വസിക്കുന്ന സമുദ്രതീരം ഇടയന്മാർക്കു കുടിലുകളും ആട്ടിൻകൂട്ടത്തിനു തൊഴുത്തുകളുമുള്ള പുൽപ്പുറമായിത്തീരും.
7 തീരപ്രദേശം യെഹൂദാഗൃഹത്തിന്റെ ശേഷിപ്പിന്നു ആകും; അവർ അവിടെ മേയ്ക്കും; അസ്കലോൻവീടുകളിൽ അവർ വൈകുന്നേരത്തു കിടന്നുറങ്ങും; അവരുടെ ദൈവമായ യഹോവ അവരെ സന്ദൎശിച്ചു അവരുടെ സ്ഥിതി മാറ്റുമല്ലോ.
ആ ദേശം യെഹൂദാഗൃഹത്തിന്റെ ശേഷിപ്പിന് അവകാശമാകും; അവർ അവിടെ മേച്ചിൽപ്പുറം കണ്ടെത്തും. സായാഹ്നത്തിൽ അവർ അസ്കലോൻവീടുകളിൽ കിടക്കും. അവരുടെ ദൈവമായ യഹോവ അവർക്കുവേണ്ടി കരുതും; അവിടന്ന് അവരെ സന്ദർശിച്ച് അവരുടെ സൗഭാഗ്യം പുനഃസ്ഥാപിക്കും.
8 മോവാബിന്റെ ധിക്കാരവും അമ്മോന്യർ എന്റെ ജനത്തെ നിന്ദിച്ചു അവരുടെ ദേശത്തിന്നു വിരോധമായി വമ്പു പറഞ്ഞ ശകാരങ്ങളും ഞാൻ കേട്ടിരിക്കുന്നു.
“എന്റെ ജനതയെ അപമാനിച്ചവരും അവരുടെ ദേശത്തെ ഭീഷണിപ്പെടുത്തിയവരുമായ മോവാബിന്റെ അപമാനവും അമ്മോന്യരുടെ ധിക്കാരവും ഞാൻ കേട്ടിരിക്കുന്നു.
9 അതുകൊണ്ടു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടാവിതു: എന്നാണ, മോവാബ് സൊദോമെപ്പോലെയും അമ്മോന്യർ ഗൊമോറയെപ്പോലെയും തൂവക്കാടും ഉപ്പുപടനയും ശാശ്വതശൂന്യവും ആയ്തീരും; എന്റെ ജനത്തിൽ ശേഷിപ്പുള്ളവർ അവരെ കവൎച്ച ചെയ്യും; എന്റെ ജാതിയിൽ ശേഷിച്ചിരിക്കുന്നവർ അവരുടെ ദേശത്തെ അവകാശമായി പ്രാപിക്കും.
അതുകൊണ്ട്, മോവാബ് നിശ്ചയമായും സൊദോമിനെപ്പോലെയും അമ്മോന്യർ ഗൊമോറായെപ്പോലെയും— പൊന്തക്കാടും ഉപ്പുകുഴികളും നിറഞ്ഞ് എന്നേക്കും ശൂന്യമായിത്തീരും, എന്ന് ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ, ജീവനുള്ള ഞാൻ ശപഥംചെയ്തിരിക്കുന്നു. എന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്നവർ അവരെ കൊള്ളയിടും എന്റെ രാജ്യത്തിൽ ജീവനോടിരിക്കുന്നവർ അവരുടെ ദേശം അവകാശമാക്കും.”
10 ഇതു അവരുടെ അഹങ്കാരംനിമിത്തം അവൎക്കു ഭവിക്കും; അവർ സൈന്യങ്ങളുടെ യഹോവയുടെ ജനത്തോടു നിന്ദയും വമ്പും കാട്ടിയിരിക്കുന്നുവല്ലോ.
അവരുടെ നിഗളത്തിന്റെ പ്രതിഫലമായി അവർക്കു ലഭിക്കുന്നത് ഇതുതന്നെ, കാരണം, സൈന്യങ്ങളുടെ യഹോവയുടെ ജനത്തെ അവർ അപമാനിക്കുകയും പരിഹസിക്കുകയുംചെയ്തല്ലോ.
11 യഹോവ അവരോടു ഭയങ്കരനായിരിക്കും; അവൻ ഭൂമിയിലെ സകലദേവന്മാരെയും ക്ഷയിപ്പിക്കും; ജാതികളുടെ സകലദ്വീപുകളും അതതു സ്ഥലത്തുനിന്നു അവനെ നമസ്കരിക്കും;
യഹോവ ഭൂമിയിലെ സകലദേവതകളെയും നശിപ്പിക്കുമ്പോൾ അവിടന്ന് അവർക്കെതിരേ ഭയങ്കരനായിരിക്കും. വിദൂരങ്ങളിലുള്ള സകലരാഷ്ട്രങ്ങളും യഹോവയെ നമസ്കരിക്കും, അവരെല്ലാവരും അവരവരുടെ ദേശത്തുവെച്ചുതന്നെ.
12 നിങ്ങളോ കൂശ്യരേ, എന്റെ വാളിനാൽ നിഹതന്മാർ!
“കൂശ്യരേ, നിങ്ങളും എന്റെ വാളിനാൽ വധിക്കപ്പെടും.”
13 അവൻ വടക്കോട്ടു കൈ നീട്ടി അശ്ശൂരിനെ നശിപ്പിക്കും; നീനെവേയെ ശൂന്യവും മരുഭൂമിയിലെ വരണ്ട നിലവും ആക്കും.
അവിടന്ന് തന്റെ കരം വടക്ക് അശ്ശൂരിനെതിരേ നീട്ടി അതിനെ നശിപ്പിക്കും. നിനവേ അശേഷം ശൂന്യമാകും; മരുഭൂമിപോലെ വരണ്ടുണങ്ങിപ്പോകും.
14 അതിന്റെ നടുവിൽ ആട്ടിൻ കൂട്ടങ്ങളും നാനാജാതി മൃഗങ്ങളും കിടക്കും; അതിന്റെ പോതികകളുടെ ഇടയിൽ വേഴാമ്പലും മുള്ളനും രാപാൎക്കും; കിളിവാതിൽക്കൽ പാട്ടു പാടുന്നതു കേട്ടോ! ദേവദാരുപ്പണി പറിച്ചുകളഞ്ഞിരിക്കയാൽ ഉമ്മരപ്പടിക്കൽ ശൂന്യതയുണ്ടു.
ആട്ടിൻപറ്റങ്ങളും സകലതരം ജന്തുക്കളും അവിടെക്കിടക്കും. അതിന്റെ തൂണുകൾക്കു മധ്യത്തിൽ മൂങ്ങയും നത്തും രാപാർക്കും. അവയുടെ ശബ്ദം ജനാലകളിൽ പ്രതിധ്വനിക്കും വാതിലിനുമുമ്പിൽ ചണ്ടിക്കൂമ്പാരങ്ങൾ നിറഞ്ഞുകിടക്കും ദേവദാരുകൊണ്ടുള്ള ഉത്തരങ്ങൾ വെയിലുംമഴയും ഏറ്റുകിടക്കും.
15 ഞാനേയുള്ളു; ഞാനല്ലാതെ മറ്റാരുമില്ല എന്നു ഹൃദയത്തിൽ പറഞ്ഞു നിൎഭയം വസിച്ചിരുന്ന ഉല്ലസിതനഗരം ഇതു തന്നേ; അതു ശൂന്യവും മൃഗങ്ങൾക്കു കിടപ്പിടവുമായ്തീൎന്നതെങ്ങനെ; അതിന്നരികെ കൂടിപോകുന്ന ഏവനും ചൂളകുത്തി കൈ കുലുക്കും.
ഇതാ, ആഹ്ലാദത്തിമിർപ്പിന്റെ പട്ടണം; സുരക്ഷിതമായി പാർത്തിരുന്ന ഇടംതന്നെ. അവൾ സ്വയം പറഞ്ഞു; “ഞാൻ അല്ലാതെ എന്നെപ്പോലെ മറ്റാരുമില്ല.” അവൾ എത്ര വലിയ നാശത്തിന് ഇരയായി, വന്യമൃഗങ്ങളുടെ ആവാസസ്ഥാനമായി! കടന്നുപോകുന്നവർ പരിഹസിക്കുകയും മുഷ്ടി കുലുക്കുകയും ചെയ്യുന്നു.