< സങ്കീർത്തനങ്ങൾ 96 >

1 യഹോവെക്കു ഒരു പുതിയ പാട്ടു പാടുവിൻ; സകലഭൂവാസികളുമായുള്ളോരേ, യഹോവെക്കു പാടുവിൻ.
യഹോവയ്ക്ക് ഒരു പുതിയ പാട്ട് പാടുവിൻ; സകലഭൂവാസികളുമേ, യഹോവയ്ക്ക് പാടുവിൻ.
2 യഹോവെക്കു പാടി അവന്റെ നാമത്തെ വാഴ്ത്തുവിൻ; നാൾതോറും അവന്റെ രക്ഷയെ പ്രസിദ്ധമാക്കുവിൻ.
യഹോവയ്ക്കു പാടി അവിടുത്തെ നാമത്തെ വാഴ്ത്തുവിൻ; നാൾതോറും അവിടുത്തെ രക്ഷ പ്രസിദ്ധമാക്കുവിൻ.
3 ജാതികളുടെ ഇടയിൽ അവന്റെ മഹത്വവും സകലവംശങ്ങളുടെയും ഇടയിൽ അവന്റെ അത്ഭുതങ്ങളും വിവരിപ്പിൻ.
ജനതതികളുടെ ഇടയിൽ ദൈവത്തിന്റെ മഹത്വവും സകലവംശങ്ങളുടെയും ഇടയിൽ ദൈവത്തിന്റെ അത്ഭുതങ്ങളും വിളംബരം ചെയ്യുവിൻ.
4 യഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു; അവൻ സകലദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ.
യഹോവ വലിയവനും സ്തുതികൾക്ക് ഏറ്റവും യോഗ്യനും ആകുന്നു; അവിടുന്ന് സകലദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ.
5 ജാതികളുടെ ദേവന്മാരൊക്കെയും മിത്ഥ്യാമൂൎത്തികളത്രേ; യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു.
ജനതകളുടെ ദേവന്മാരൊക്കെയും മിഥ്യാമൂർത്തികളത്രേ; യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു.
6 ബഹുമാനവും തേജസ്സും അവന്റെ മുമ്പിലും ബലവും ശോഭയും അവന്റെ വിശുദ്ധമന്ദിരത്തിലും ഉണ്ടു.
ബഹുമാനവും തേജസ്സും അവിടുത്തെ മുമ്പിലും ബലവും ശോഭയും അവിടുത്തെ വിശുദ്ധമന്ദിരത്തിലും ഉണ്ട്.
7 ജാതികളുടെ കുലങ്ങളേ, യഹോവെക്കു കൊടുപ്പിൻ; മഹത്വവും ബലവും യഹോവെക്കു കൊടുപ്പിൻ.
ജനതകളുടെ കുലങ്ങളേ, യഹോവയ്ക്ക് കൊടുക്കുവിൻ; മഹത്വവും ബലവും യഹോവയ്ക്ക് കൊടുക്കുവിൻ.
8 യഹോവെക്കു അവന്റെ നാമത്തിന്നു തക്കമഹത്വം കൊടുപ്പിൻ; തിരുമുൽകാഴ്ചയുമായി അവന്റെ പ്രാകാരങ്ങളിൽ ചെല്ലുവിൻ.
യഹോവയ്ക്ക് അവിടുത്തെ നാമത്തിന് തക്കതായ മഹത്വം കൊടുക്കുവിൻ; തിരുമുൽകാഴ്ചയുമായി അവിടുത്തെ പ്രാകാരങ്ങളിൽ ചെല്ലുവിൻ.
9 വിശുദ്ധ വസ്ത്രാലങ്കാരത്തോടെ യഹോവയെ നമസ്കരിപ്പിൻ; സകല ഭൂവാസികളുമായുള്ളോരേ, അവന്റെ മുമ്പിൽ നടുങ്ങുവിൻ.
വിശുദ്ധിയുടെ അലങ്കാരത്തോടെ യഹോവയെ നമസ്കരിക്കുവിൻ; സകലഭൂവാസികളുമേ, അവിടുത്തെ മുമ്പിൽ നടുങ്ങുവിൻ.
10 യഹോവ വാഴുന്നു എന്നു ജാതികളുടെ ഇടയിൽ പറവിൻ; ഭൂലോകവും ഇളകാതെ ഉറെച്ചുനില്ക്കുന്നു; അവൻ ജാതികളെ നേരോടെ വിധിക്കും.
൧൦“യഹോവ വാഴുന്നു; ഭൂലോകവും ഇളകാതെ ഉറച്ചുനില്ക്കുന്നു; അവിടുന്ന് ജനതകളെ നേരോടെ വിധിക്കും” എന്ന് ജനതകളുടെ ഇടയിൽ പറയുവിൻ.
11 ആകാശം സന്തോഷിക്കയും ഭൂമി ആനന്ദിക്കയും സമുദ്രവും അതിന്റെ നിറെവും മുഴങ്ങുകയും ചെയ്യട്ടെ.
൧൧ആകാശം സന്തോഷിക്കുകയും ഭൂമി ആനന്ദിക്കുകയും സമുദ്രവും അതിലുള്ളതും ആർത്തു ഘോഷിക്കുകയും ചെയ്യട്ടെ.
12 വയലും അതിലുള്ളതൊക്കെയും ആഹ്ലാദിക്കട്ടെ; അപ്പോൾ കാട്ടിലെ സകലവൃക്ഷങ്ങളും ഉല്ലസിച്ചുഘോഷിക്കും.
൧൨വയലും അതിലുള്ള സകലവും ആഹ്ലാദിക്കട്ടെ; അപ്പോൾ കാട്ടിലെ സകലവൃക്ഷങ്ങളും യഹോവയുടെ സന്നിധിയിൽ ഉല്ലസിച്ചു ഘോഷിക്കും.
13 യഹോവയുടെ സന്നിധിയിൽ തന്നേ; അവൻ വരുന്നുവല്ലോ; അവൻ ഭൂമിയെ വിധിപ്പാൻ വരുന്നു; അവൻ ഭൂലോകത്തെ നീതിയോടും ജാതികളെ വിശ്വസ്തതയോടുംകൂടെ വിധിക്കും.
൧൩യഹോവയുടെ സന്നിധിയിൽ തന്നെ; ദൈവം വരുന്നുവല്ലോ; ദൈവം ഭൂമിയെ വിധിക്കുവാൻ വരുന്നു; കർത്താവ് ഭൂലോകത്തെ നീതിയോടും ജനതതികളെ വിശ്വസ്തതയോടും കൂടി വിധിക്കും.

< സങ്കീർത്തനങ്ങൾ 96 >