< സങ്കീർത്തനങ്ങൾ 86 >
1 യഹോവേ, ചെവി ചായിക്കേണമേ; എനിക്കുത്തരമരുളേണമേ; ഞാൻ എളിയവനും ദരിദ്രനും ആകുന്നു.
ദാവീദിന്റെ ഒരു പ്രാർഥന. യഹോവേ, ചെവിചായ്ച്ച് എനിക്ക് ഉത്തരമരുളണമേ, കാരണം ഞാൻ ദരിദ്രനും നിസ്സഹായനുമാണ്.
2 എന്റെ പ്രാണനെ കാക്കേണമേ; ഞാൻ നിന്റെ ഭക്തനാകുന്നു; എന്റെ ദൈവമേ, നിന്നിൽ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കേണമേ.
എന്റെ ജീവനെ സംരക്ഷിക്കണമേ, ഞാൻ അവിടത്തെ ഭക്തനല്ലോ; അങ്ങയിൽ ആശ്രയിക്കുന്ന ഈ ദാസനെ രക്ഷിക്കണമേ. എന്റെ ദൈവം അവിടന്ന് ആകുന്നു;
3 കൎത്താവേ, എന്നോടു കൃപയുണ്ടാകേണമേ; ഇടവിടാതെ ഞാൻ നിന്നോടു നിലവിളിക്കുന്നു.
കർത്താവേ, എന്നോട് കരുണയുണ്ടാകണമേ, ദിവസംമുഴുവനും ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നല്ലോ.
4 അടിയന്റെ ഉള്ളത്തെ സന്തോഷിപ്പിക്കേണമേ; യഹോവേ, നിങ്കലേക്കു ഞാൻ എന്റെ ഉള്ളം ഉയൎത്തുന്നു.
കർത്താവേ, അങ്ങയുടെ ദാസന് ആനന്ദം പകരണമേ, എന്റെ ആശ്രയം ഞാൻ അങ്ങയിൽ അർപ്പിക്കുന്നു.
5 കൎത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും നിന്നോടു അപേക്ഷിക്കുന്നവരോടൊക്കെയും മഹാദയാലുവും ആകുന്നു.
കർത്താവേ, അവിടന്ന് നല്ലവനും ക്ഷമാശീലനും ആകുന്നു, അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരെയെല്ലാം അചഞ്ചലമായി സ്നേഹിക്കുന്നവനും ആകുന്നു.
6 യഹോവേ, എന്റെ പ്രാൎത്ഥനയെ ചെവിക്കൊള്ളേണമേ; എന്റെ യാചനകളെ ശ്രദ്ധിക്കേണമേ.
യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ; കരുണയ്ക്കായുള്ള എന്റെ നിലവിളി കേൾക്കണമേ.
7 നീ എനിക്കുത്തരമരുളുകയാൽ എന്റെ കഷ്ടദിവസത്തിൽ ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു.
എന്റെ ദുരിതദിനങ്ങളിൽ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു, അവിടന്ന് എനിക്ക് ഉത്തരമരുളുമല്ലോ.
8 കൎത്താവേ, ദേവന്മാരിൽ നിനക്കു തുല്യനായവനില്ല; നിന്റെ പ്രവൃത്തികൾക്കു തുല്യമായ ഒരു പ്രവൃത്തിയുമില്ല.
കർത്താവേ, ദേവന്മാരിൽ അങ്ങേക്കുതുല്യൻ ആരുമില്ലല്ലോ; അങ്ങയുടെ പ്രവൃത്തികളോടു തുലനംചെയ്യാൻ കഴിയുന്ന യാതൊന്നുമില്ല.
9 കൎത്താവേ, നീ ഉണ്ടാക്കിയ സകലജാതികളും തിരുമുമ്പിൽ വന്നു നമസ്കരിക്കും; അവർ നിന്റെ നാമത്തെ മഹത്വപ്പെടുത്തും.
കർത്താവേ, അവിടന്ന് നിർമിച്ച സകലരാഷ്ട്രങ്ങളും തിരുമുമ്പിൽവന്ന് അങ്ങയെ നമസ്കരിക്കും; അവർ തിരുനാമത്തെ മഹത്ത്വപ്പെടുത്തും.
10 നീ വലിയവനും അത്ഭുതങ്ങളെ പ്രവൎത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു.
കാരണം അവിടന്ന് വലിയവനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനുമാണ്; അങ്ങുമാത്രമാണ് ദൈവം.
11 യഹോവേ, നിന്റെ വഴി എനിക്കു കാണിച്ചുതരേണമേ; എന്നാൽ ഞാൻ നിന്റെ സത്യത്തിൽ നടക്കും; നിന്റെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ.
യഹോവേ, അവിടത്തെ വഴി എന്നെ പഠിപ്പിക്കണമേ; അപ്പോൾ ഞാൻ അങ്ങയുടെ സത്യത്തിന് അനുസൃതമായി ജീവിക്കും; തിരുനാമം ഭയപ്പെടാൻ തക്കവിധം ഏകാഗ്രമായ ഒരു ഹൃദയം എനിക്കു നൽകണമേ.
12 എന്റെ ദൈവമായ കൎത്താവേ, ഞാൻ പൂൎണ്ണഹൃദയത്തോടെ നിന്നെ സ്തുതിക്കും; നിന്റെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും.
എന്റെ കർത്താവായ ദൈവമേ, ഞാൻ പൂർണഹൃദയത്തോടെ അങ്ങയെ സ്തുതിക്കും; തിരുനാമത്തെ ഞാൻ എന്നേക്കും മഹത്ത്വപ്പെടുത്തും.
13 എന്നോടുള്ള നിന്റെ ദയ വലിയതല്ലോ; നീ എന്റെ പ്രാണനെ അധമപാതാളത്തിൽ നിന്നു രക്ഷിച്ചിരിക്കുന്നു. (Sheol )
എന്നോടുള്ള അങ്ങയുടെ അചഞ്ചലസ്നേഹം അതിവിപുലമാണ്; ആഴത്തിൽനിന്ന് എന്റെ ജീവനെ അവിടന്ന് വിടുവിച്ചിരിക്കുന്നു, അധമപാതാളത്തിൽനിന്നുതന്നെ. (Sheol )
14 ദൈവമേ, അഹങ്കാരികൾ എന്നോടു എതിൎത്തിരിക്കുന്നു. ഘോരന്മാരുടെ കൂട്ടം എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു. അവർ നിന്നെ ലക്ഷ്യമാക്കുന്നതുമില്ല.
ദൈവമേ, അഹങ്കാരികൾ എനിക്കെതിരേ എഴുന്നേറ്റിരിക്കുന്നു; അനുകമ്പയില്ലാത്തവർ എന്നെ വധിക്കാൻ ശ്രമിക്കുന്നു— അവർ അങ്ങയെ ഗണ്യമാക്കുന്നില്ല.
15 നീയോ കൎത്താവേ, കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു; ദീൎഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ തന്നേ.
എന്നാൽ കർത്താവേ, അങ്ങ് കരുണാമയനും ആർദ്രഹൃദയനുമായ ദൈവം ആകുന്നു, അവിടന്ന് ക്ഷമാശീലനും സ്നേഹസമ്പന്നനും വിശ്വസ്തതയുള്ളവനും ആകുന്നു.
16 എങ്കലേക്കു തിരിഞ്ഞു എന്നോടു കൃപയുണ്ടാകേണമേ; നിന്റെ ദാസന്നു നിന്റെ ശക്തി തന്നു, നിന്റെ ദാസിയുടെ പുത്രനെ രക്ഷിക്കേണമേ.
എന്നിലേക്കുതിരിഞ്ഞ് എന്നോടു കരുണ കാണിക്കണമേ; അവിടത്തെ ദാസന് അങ്ങയുടെ ശക്തി നൽകണമേ; അവിടത്തെ ദാസിയുടെ പുത്രനെ രക്ഷിക്കുകയും ചെയ്യണമേ.
17 എന്നെ പകെക്കുന്നവർ കണ്ടു ലജ്ജിക്കേണ്ടതിന്നു നന്മെക്കായി ഒരു അടയാളം എനിക്കു തരേണമേ; യഹോവേ, നീ എന്നെ സഹായിച്ചു ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ.
എന്റെ ശത്രുക്കൾ കണ്ട് ലജ്ജിക്കേണ്ടതിന്, അവിടത്തെ കാരുണ്യത്തിന്റെ തെളിവിനായി ഒരു ചിഹ്നം നൽകണമേ, യഹോവേ, അവിടന്ന് എന്നെ സഹായിച്ച് എന്നെ ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ.