< സങ്കീർത്തനങ്ങൾ 141 >
1 യഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്റെ അടുക്കലേക്കു വേഗം വരേണമേ; ഞാൻ നിന്നോടു അപേക്ഷിക്കുമ്പോൾ എന്റെ അപേക്ഷ കേൾക്കേണമേ.
ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു, എന്റെ അടുത്തേക്കു വേഗം വരണമേ. ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ എന്റെ ശബ്ദം കേൾക്കണമേ.
2 എന്റെ പ്രാൎത്ഥന തിരുസന്നിധിയിൽ ധൂപമായും എന്റെ കൈകളെ മലൎത്തുന്നതു സന്ധ്യായാഗമായും തീരട്ടെ.
എന്റെ പ്രാർഥന തിരുമുമ്പിൽ സുഗന്ധധൂപംപോലെ സ്വീകരിക്കണമേ; ഉയർത്തപ്പെട്ട കൈകൾ സന്ധ്യായാഗംപോലെയും ആയിരിക്കട്ടെ.
3 യഹോവേ, എന്റെ വായ്ക്കു ഒരു കാവൽ നിൎത്തി, എന്റെ അധരദ്വാരം കാക്കേണമേ.
യഹോവേ, എന്റെ വായ്ക്ക് ഒരു കാവൽ ഏർപ്പെടുത്തി, എന്റെ അധരകവാടം കാക്കണമേ.
4 ദുഷ്പ്രവൃത്തിക്കാരോടുകൂടെ ദുഷ്പ്രവൃത്തികളിൽ ഇടപെടുവാൻ എന്റെ ഹൃദയത്തെ ദുഷ്കാൎയ്യത്തിന്നു ചായ്ക്കരുതേ; അവരുടെ സ്വാദുഭോജനം ഞാൻ കഴിക്കയുമരുതേ.
അധർമം പ്രവർത്തിക്കുന്നവരോടുചേർന്ന് അവരുടെ മൃഷ്ടാന്നഭോജനം ഭക്ഷിക്കാൻ എന്നെ അനുവദിക്കരുതേ. എന്റെ ഹൃദയം തിന്മയിലേക്ക് ആകൃഷ്ടമായി, ഞാൻ ദുഷ്‌പ്രവൃത്തികളിൽ പങ്കുപറ്റുന്നതിന് ഇടയാക്കരുതേ.
5 നീതിമാൻ എന്നെ അടിക്കുന്നതു ദയ; അവൻ എന്നെ ശാസിക്കുന്നതു തലെക്കു എണ്ണ; എന്റെ തല അതിനെ വിലക്കാതിരിക്കട്ടെ; ഇനി അവർ ചെയ്യുന്ന ദോഷങ്ങൾക്കെതിരെ എനിക്കു പ്രാൎത്ഥനയേയുള്ളു.
നീതിനിഷ്ഠർ എന്നെ അടിക്കട്ടെ—അത് എന്നോടു കാട്ടുന്ന കരുണയാണ്; അവർ എന്നെ ശാസിക്കട്ടെ—അത് എന്റെ ശിരസ്സിലെ തൈലലേപനംപോലെയാണ്. എന്റെ ശിരസ്സ് അത് നിരസിക്കുകയില്ല, കാരണം എന്റെ പ്രാർഥന എപ്പോഴും അധർമികളുടെ ചെയ്തികൾക്കെതിരേ ആയിരിക്കും.
6 അവരുടെ ന്യായാധിപന്മാരെ പാറമേൽ നിന്നു തള്ളിയിടും; എന്റെ വാക്കുകൾ ഇമ്പമുള്ളവയാകയാൽ അവർ അവയെ കേൾക്കും.
അവരുടെ ന്യായപാലകർ കിഴുക്കാംതൂക്കായ മലഞ്ചെരിവിൽനിന്ന് തൂക്കിയെറിയപ്പെടുമ്പോൾ, എന്റെ വാക്കുകൾ വ്യർഥമല്ലായിരുന്നെന്ന് ദുഷ്ടർ മനസ്സിലാക്കും.
7 നിലം ഉഴുതു മറിച്ചിട്ടിരിക്കുന്നതുപോലെ ഞങ്ങളുടെ അസ്ഥികൾ പാതാളത്തിന്റെ വാതില്ക്കൽ ചിതറിക്കിടക്കുന്നു. (Sheol )
അപ്പോൾ അവർ പറയും: “ഉഴവുചാലുകളിൽനിന്നു പാറക്കഷണങ്ങൾ പൊന്തിവരുന്നതുപോലെ, ദുഷ്ടരുടെ അസ്ഥികൾ പാതാളകവാടത്തിൽ ചിതറിക്കിടക്കുന്നു.” (Sheol )
8 കൎത്താവായ യഹോവേ, എന്റെ കണ്ണു നിങ്കലേക്കു ആകുന്നു; ഞാൻ നിന്നെ ശരണമാക്കുന്നു; എന്റെ പ്രാണനെ തൂകിക്കളയരുതേ.
എന്നാൽ കർത്താവായ യഹോവേ, എന്റെ ദൃഷ്ടികൾ അങ്ങയുടെമേൽ ഉറച്ചിരിക്കുന്നു; ഞാൻ അങ്ങയിൽ അഭയംതേടുന്നു—എന്നെ മരണത്തിന് ഏൽപ്പിച്ചുകൊടുക്കരുതേ.
9 അവർ എനിക്കു വെച്ചിരിക്കുന്ന കണിയിലും ദുഷ്പ്രവൃത്തിക്കാരുടെ കുടുക്കുകളിലും അകപ്പെടാതവണ്ണം എന്നെ കാക്കേണമേ.
അധർമികൾ എനിക്കായി ഒരുക്കിവെച്ചിരിക്കുന്ന കെണികളിൽനിന്നും അവർ എന്റെമുമ്പിൽ വിരിച്ചിരിക്കുന്ന കുടുക്കുകളിൽനിന്നും എന്നെ സംരക്ഷിക്കണമേ.
10 ഞാൻ ഒഴിഞ്ഞുപോകുമ്പോഴേക്കു ദുഷ്ടന്മാർ സ്വന്തവലകളിൽ അകപ്പെടട്ടെ.
ഞാൻ സുരക്ഷിതമായി ഒഴിഞ്ഞുപോകുമ്പോൾ, ദുഷ്ടർ, തങ്ങൾ വിരിച്ച വലകളിൽത്തന്നെ വീണുപോകട്ടെ.