< സങ്കീർത്തനങ്ങൾ 109 >
1 എന്റെ പുകഴ്ചയായ ദൈവമേ, മൌനമായിരിക്കരുതേ.
2 ദുഷ്ടന്റെ വായും വഞ്ചകന്റെ വായും എന്റെ നേരെ തുറന്നിരിക്കുന്നു; ഭോഷ്കുള്ള നാവുകൊണ്ടു അവർ എന്നോടു സംസാരിച്ചിരിക്കുന്നു.
3 അവർ ദ്വേഷവാക്കുകൾകൊണ്ടു എന്നെ വളഞ്ഞു കാരണംകൂടാതെ എന്നോടു പൊരുതിയിരിക്കുന്നു.
4 എന്റെ സ്നേഹത്തിന്നു പകരം അവർ വൈരം കാണിക്കുന്നു; ഞാനോ പ്രാൎത്ഥന ചെയ്തുകൊണ്ടിരിക്കുന്നു.
5 നന്മെക്കു പകരം തിന്മയും സ്നേഹത്തിന്നു പകരം ദ്വേഷവും അവർ എന്നോടു കാണിച്ചിരിക്കുന്നു.
6 നീ അവന്റെമേൽ ഒരു ദുഷ്ടനെ നിയമിക്കേണമേ; എതിരാളി അവന്റെ വലത്തുഭാഗത്തു നില്ക്കട്ടെ.
7 അവനെ വിസ്തരിക്കുമ്പോൾ അവൻ കുറ്റക്കാരനെന്നു തെളിയട്ടെ; അവന്റെ പ്രാൎത്ഥന പാപമായി തീരട്ടെ.
8 അവന്റെ നാളുകൾ ചുരുങ്ങിപ്പോകട്ടെ; അവന്റെ സ്ഥാനം മറ്റൊരുത്തൻ ഏല്ക്കട്ടെ.
9 അവന്റെ മക്കൾ അനാഥരും അവന്റെ ഭാൎയ്യ വിധവയും ആയി തീരട്ടെ.
10 അവന്റെ മക്കൾ അലഞ്ഞു തെണ്ടിനടക്കട്ടെ; തങ്ങളുടെ ശൂന്യഭവനങ്ങളെ വിട്ടു ഇരന്നു നടക്കട്ടെ;
11 കടക്കാരൻ അവന്നുള്ളതൊക്കെയും കൊണ്ടു പോകട്ടെ; അന്യജാതിക്കാർ അവന്റെ പ്രയത്നഫലം കൊള്ളയിടട്ടെ.
12 അവന്നു ദയ കാണിപ്പാൻ ആരും ഉണ്ടാകരുതേ; അവന്റെ അനാഥരോടു ആൎക്കും കൃപ തോന്നരുതേ.
13 അവന്റെ സന്തതി മുടിഞ്ഞുപോകട്ടെ; അടുത്ത തലമുറയിൽ തന്നേ അവരുടെ പേർ മാഞ്ഞു പോകട്ടെ;
14 അവന്റെ പിതാക്കന്മാരുടെ അകൃത്യം യഹോവ ഓൎക്കുമാറാകട്ടെ; അവന്റെ അമ്മയുടെ പാപം മാഞ്ഞുപോകയുമരുതേ.
15 അവ എല്ലായ്പോഴും യഹോവയുടെ മുമ്പാകെ ഇരിക്കട്ടെ; അവരുടെ ഓൎമ്മ അവൻ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിന്നു തന്നേ.
16 അവൻ ദയ കാണിപ്പാൻ മറന്നുകളഞ്ഞുവല്ലോ; എളിയവനെയും ദരിദ്രനെയും മനംതകൎന്നവനെയും മരണപൎയ്യന്തം ഉപദ്രവിച്ചു.
17 ശാപം അവന്നു പ്രിയമായിരുന്നു; അതു അവന്നു ഭവിച്ചു; അനുഗ്രഹം അവന്നു അപ്രിയമായിരുന്നു; അതു അവനെ വിട്ടകന്നു പോയി.
18 അവൻ വസ്ത്രംപോലെ ശാപം ധരിച്ചു; അതു വെള്ളംപോലെ അവന്റെ ഉള്ളിലും എണ്ണപോലെ അവന്റെ അസ്ഥികളിലും ചെന്നു.
19 അതു അവന്നു പുതെക്കുന്ന വസ്ത്രംപോലെയും നിത്യം അരെക്കു കെട്ടുന്ന കച്ചപോലെയും ഇരിക്കട്ടെ.
20 ഇതു എന്റെ എതിരാളികൾക്കും എനിക്കു വിരോധമായി ദോഷം പറയുന്നവൎക്കും യഹോവ കൊടുക്കുന്ന പ്രതിഫലം ആകുന്നു.
21 നീയോ കൎത്താവായ യഹോവേ, നിന്റെ നാമത്തിന്നടുത്തവണ്ണം എന്നോടു ചെയ്യേണമേ; നിന്റെ ദയ നല്ലതാകകൊണ്ടു എന്നെ വിടുവിക്കേണമേ.
22 ഞാൻ അരിഷ്ടനും ദരിദ്രനും ആകുന്നു; എന്റെ ഹൃദയം എന്റെ ഉള്ളിൽ മുറിഞ്ഞിരിക്കുന്നു.
23 ചാഞ്ഞുപോകുന്ന നിഴൽപോലെ ഞാൻ കടന്നുപോകുന്നു; ഒരു വെട്ടുക്കിളിയെപ്പോലെ എന്നെ ചാടിക്കുന്നു.
24 എന്റെ മുഴങ്കാലുകൾ ഉപവാസംകൊണ്ടു വിറെക്കുന്നു. എന്റെ ദേഹം പുഷ്ടിവിട്ടു ക്ഷയിച്ചിരിക്കുന്നു.
25 ഞാൻ അവൎക്കു ഒരു നിന്ദയായ്തീൎന്നിരിക്കുന്നു; എന്നെ കാണുമ്പോൾ അവർ തല കുലുക്കുന്നു.
26 എന്റെ ദൈവമായ യഹോവേ, എന്നെ സഹായിക്കേണമേ; നിന്റെ ദയെക്കു തക്കവണ്ണം എന്നെ രക്ഷിക്കേണമേ.
27 യഹോവേ, ഇതു നിന്റെ കൈ എന്നും നീ ഇതു ചെയ്തു എന്നും അവർ അറിയേണ്ടതിന്നു തന്നേ.
28 അവർ ശപിക്കട്ടെ; നീയോ അനുഗ്രഹിക്കേണമേ; അവർ എതിൎക്കുമ്പോൾ ലജ്ജിച്ചുപോകട്ടെ; അടിയനോ സന്തോഷിക്കും;
29 എന്റെ എതിരാളികൾ നിന്ദ ധരിക്കും; പുതെപ്പു പുതെക്കുംപോലെ അവർ ലജ്ജ പുതെക്കും.
30 ഞാൻ എന്റെ വായ്കൊണ്ടു യഹോവയെ അത്യന്തം സ്തുതിക്കും; അതേ, ഞാൻ പുരുഷാരത്തിന്റെ നടുവിൽ അവനെ പുകഴ്ത്തും.
31 അവൻ എളിയവനെ ശിക്ഷെക്കു വിധിക്കുന്നവരുടെ കയ്യിൽനിന്നു രക്ഷിപ്പാൻ അവന്റെ വലത്തുഭാഗത്തു നില്ക്കുന്നു.